നിങ്ങൾ താമസം മാറുകയാണോ?
ആ ചോദ്യത്തിന്റെ ഉത്തരം ഉവ്വ് എന്നായിരിക്കുമ്പോൾ, നിങ്ങളും മറ്റുള്ളവരും മുൻകൈ എടുത്തു ചെയ്യേണ്ട നിരവധി കാര്യങ്ങളുണ്ട്. താഴെ കൊടുത്തിരിക്കുന്ന അടിസ്ഥാന പടികൾ പിൻപറ്റുകവഴി പുതിയ സഭയുമായി പെട്ടെന്ന് ഇഴുകിച്ചേരാൻ നിങ്ങൾക്കു സാധിക്കും.
(1) നിങ്ങൾ എവിടേക്കാണു താമസം മാറുന്നതെന്ന് അറിഞ്ഞാൽ, നിങ്ങളുടെ ഇപ്പോഴത്തെ സഭയിലെ സെക്രട്ടറിക്ക് പുതിയ സഭയുടെ രാജ്യഹാളിന്റെ മേൽവിലാസം നൽകാൻ സാധിച്ചേക്കും. അവിടെ എത്തിയാലുടൻ ഹാൾ കണ്ടുപിടിക്കുകയും സഭായോഗങ്ങളുടെ സമയം എപ്പോഴെന്നു മനസ്സിലാക്കുകയും ചെയ്യുക. ഒന്നിലധികം സഭകൾ ഒരു രാജ്യഹാൾ ഉപയോഗിക്കുന്നെങ്കിൽ, നിങ്ങൾ ഏതു സഭയുടെ പ്രദേശത്താണു താമസിക്കുന്നതെന്ന് മൂപ്പന്മാരോടു ചോദിച്ചറിയുക. യോഗങ്ങളിൽ സംബന്ധിക്കാനും പ്രാദേശിക മൂപ്പന്മാരുമായി പരിചയപ്പെടാനും അമാന്തിക്കരുത്.
(2) നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും സഭാ പ്രസാധക രേഖാ കാർഡുകൾ കൈമാറുന്നതിൽ നിങ്ങളുടെ ഇപ്പോഴത്തെ സഭയിലെയും പുതിയ സഭയിലെയും സെക്രട്ടറിമാർ സഹകരിക്കും. പുതിയ സഭയിലെ മൂപ്പന്മാർക്ക് നിങ്ങളെ പരിചയപ്പെടുത്തുന്ന ഒരു കത്തും അയയ്ക്കുന്നതാണ്. (നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1991 മാർച്ച് ലക്കത്തിലെ ചോദ്യപ്പെട്ടി കാണുക.) അവിടുത്തെ സേവനക്കമ്മിറ്റി നിങ്ങളുടെ വരവിനെ കുറിച്ച് ബന്ധപ്പെട്ട പുസ്തക അധ്യയന നിർവാഹകനെ അറിയിക്കണം. അപ്പോൾ അദ്ദേഹത്തിനു നിങ്ങളുമായി ബന്ധപ്പെടാനും പുസ്തക അധ്യയന കൂട്ടം കണ്ടെത്താൻ നിങ്ങളെ സഹായിക്കാനും കഴിയും.—റോമ. 15:7.
(3) നിങ്ങളുടെ പുതിയ സഭയിലെ എല്ലാ പ്രസാധകർക്കും നിങ്ങളെ പരിചയപ്പെടുന്നതിലും സ്വാഗതം ചെയ്യുന്നതിലും സന്തോഷകരമായ ഒരു പങ്കുണ്ട്. (3 യോഹന്നാൻ 8 താരതമ്യം ചെയ്യുക.) തീർച്ചയായും, സഹോദരങ്ങളുമായി പ്രോത്സാഹജനകവും കെട്ടുപണി ചെയ്യുന്നതുമായ സഹവാസം ആസ്വദിക്കാൻ കഴിയുമാറ് നിങ്ങൾ യോഗങ്ങളിൽ സംബന്ധിക്കണം എന്നാണ് ഇതിന്റെ അർഥം.
(4) മാറിത്താമസവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും പൂർത്തിയായിട്ട് പുതിയ സഭയുമൊത്ത് വയൽസേവനത്തിൽ പങ്കെടുക്കാം എന്നു കരുതി നിങ്ങൾ കാത്തിരിക്കേണ്ടതില്ല. രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കുമ്പോൾ, നിങ്ങളുടെ മറ്റു കാര്യങ്ങൾ വേണ്ടതുപോലെ നടന്നുകൊള്ളും, പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാനും നിങ്ങൾക്കു കഴിയും. (മത്താ. 6:33) പുതിയ വീട്ടിൽ താമസമുറപ്പിച്ചു കഴിയുമ്പോൾ, മെച്ചമായി പരിചയപ്പെടുന്നതിന് നിങ്ങളുടെ വീട്ടിലേക്കു വരാൻ സഭയിലെ ചിലരെ നിങ്ങൾക്കു ക്ഷണിക്കാവുന്നതാണ്.—റോമ. 12:13ബി.
മാറിത്താമസിക്കൽ ഒരു വലിയ സംരംഭമാണ്. എന്നാൽ, നിർദേശിച്ചിരിക്കുന്ന കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരും ചെയ്യുമ്പോൾ ആത്മീയ നഷ്ടങ്ങൾ ഉണ്ടാകുകയില്ല. പകരം നമ്മുടെ സ്നേഹമസൃണമായ ക്രിസ്തീയ സാഹോദര്യം എല്ലാവരിലും നല്ല മതിപ്പ് ഉളവാക്കും.