പുതിയ ഒരു സഭയിലേക്കു മാറുമ്പോൾ. . .
നിങ്ങൾ എപ്പോഴെങ്കിലും ഒരു പുതിയ സഭയിലേക്കു മാറിയിട്ടുണ്ടോ? എങ്കിൽ ജീൻ ചാൾസ് സഹോദരൻ പറഞ്ഞതു ശരിയാണെന്നു നിങ്ങളും സമ്മതിക്കും. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “പുതിയ ഒരു സഭയിലേക്കു മാറുമ്പോൾ ആ സഭയോടൊത്ത് ചേർന്നുപോകണം, അതേസമയം കുടുംബത്തിന്റെ ആത്മീയക്ഷേമം കാത്തുസൂക്ഷിക്കുകയും വേണം. രണ്ടുംകൂടെ മുന്നോട്ടു കൊണ്ടുപോകുന്നത് ശരിക്കും ബുദ്ധിമുട്ടാണ്.” ജോലി, താമസസ്ഥലം, കുട്ടികളുണ്ടെങ്കിൽ പുതിയ സ്കൂളുകൾ ഒക്കെ കണ്ടുപിടിക്കണം. ഇനി അതും കൂടാതെ കാലാവസ്ഥയിലെ വ്യത്യാസം, വേറൊരു സംസ്കാരം, പുതിയ വയൽസേവനപ്രദേശം, ഇതൊക്കെയായി പരിചയത്തിലുമാകണം.
നിക്കോളാസിന്റെയും സെലിന്റെയും പ്രശ്നം മറ്റൊന്നായിരുന്നു. പുതിയ ഒരു സഭയിലേക്കു മാറാനുള്ള ഫ്രാൻസ് ബ്രാഞ്ചിൽനിന്നുള്ള നിയമനം അവർ സ്വീകരിച്ചു. അവർ പറയുന്നു: “ആദ്യത്തെ കുറച്ച് ദിവസത്തേക്ക് നല്ല ആവേശമൊക്കെ ഉണ്ടായിരുന്നു. പക്ഷേ പിന്നെ ഞങ്ങളുടെ പഴയ കൂട്ടുകാരെയൊക്കെ മിസ്സ് ചെയ്യാൻ തുടങ്ങി. പുതിയ സഭയിലാണെങ്കിൽ സഹോദരങ്ങളുമായി അടുപ്പത്തിൽ വരാനുള്ള സമയം ആയുമില്ല.”a പുതിയ ഒരു സഭയിലേക്കു മാറുമ്പോൾ ഇത്തരം പ്രശ്നങ്ങളെയൊക്കെ നമുക്ക് എങ്ങനെ നേരിടാം? അവരെ മറ്റുള്ളവർക്ക് എങ്ങനെ സഹായിക്കാം? നിങ്ങൾക്ക് എങ്ങനെ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാം? മറ്റുള്ളവരിൽനിന്ന് എങ്ങനെ പ്രോത്സാഹനം സ്വീകരിക്കാം?
നിങ്ങളെ സഹായിക്കുന്ന നാലു കാര്യങ്ങൾ
യഹോവയിൽ ആശ്രയിക്കുക
1. യഹോവയിൽ ആശ്രയിക്കുക. (സങ്കീ. 37:5) ജപ്പാനിലെ കസൂമിക്ക് 20 വർഷമായി പ്രവർത്തിച്ചുകൊണ്ടിരുന്ന സഭയിൽനിന്ന് മാറേണ്ടിവന്നു. ഭർത്താവിന്റെ ജോലിമാറ്റമായിരുന്നു കാരണം. ആ സഹോദരി എങ്ങനെയാണ് തന്റെ ‘വഴികൾ യഹോവയെ ഏൽപ്പിച്ചത്?’ സഹോദരി പറയുന്നു: “ഞാൻ എല്ലാ കാര്യങ്ങളും യഹോവയോടു പറഞ്ഞു. എന്റെ പേടിയും പരിഭ്രമവും ഒറ്റയ്ക്കാണെന്നുള്ള തോന്നലും ഉത്കണ്ഠയും എല്ലാം. അങ്ങനെ പറഞ്ഞ ഓരോ പ്രാവശ്യവും എനിക്കു വേണ്ട ശക്തി യഹോവ തന്നു.”
നിങ്ങൾക്ക് എങ്ങനെ യഹോവയിലുള്ള ആശ്രയം വർധിപ്പിക്കാം? ഒരു ചെടി വളരാൻ വെള്ളവും പോഷകങ്ങളും ആവശ്യമുള്ളതുപോലെ വിശ്വാസം വളരണമെങ്കിലും അതിനെ പോഷിപ്പിക്കണം. മുമ്പ് കണ്ട നിക്കോളാസ് സഹോദരൻ പറയുന്നത്, യഹോവയുടെ ഇഷ്ടം ചെയ്യാൻവേണ്ടി ത്യാഗങ്ങൾ ചെയ്ത അബ്രാഹാമിനെയും യേശുവിനെയും പൗലോസിനെയും പോലുള്ളവരുടെ മാതൃകകളെക്കുറിച്ച് ധ്യാനിച്ചത് യഹോവ സഹായിക്കുമെന്ന വിശ്വാസം വർധിക്കാൻ സഹായിച്ചു എന്നാണ്. പതിവായി ബൈബിൾ പഠിക്കുന്ന ഒരു ശീലം നിങ്ങൾക്കുണ്ടെങ്കിൽ ജീവിതത്തിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ അതു നിങ്ങളെ സഹായിക്കും. മാത്രമല്ല പുതിയ സഭയിലെ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പുതിയ പാഠങ്ങളും നിങ്ങൾക്കു ലഭിക്കും.
താരതമ്യം ചെയ്യരുത്
2. താരതമ്യം ചെയ്യാതിരിക്കുക. (സഭാ. 7:10) ബെനിനിൽനിന്ന് ഐക്യനാടുകളിലേക്കു മാറിയ ജൂൾ സഹോദരന് സംസ്കാരത്തിലെ മാറ്റവുമായാണ് പൊരുത്തപ്പെടേണ്ടിവന്നത്. “കാണുന്ന ഓരോരുത്തരോടും എന്റെ ജീവചരിത്രം മുഴുവൻ പറഞ്ഞുപറഞ്ഞ് ഞാൻ മടുത്തു.” അദ്ദേഹത്തിന്റെ സ്വന്തം നാട്ടിൽ അങ്ങനെയായിരുന്നില്ല. അതുകൊണ്ട് പുതിയ സഭയിലെ സഹോദരങ്ങളിൽനിന്നൊക്കെ സഹോദരൻ മാറിനിൽക്കാൻ തുടങ്ങി. എന്നാൽ സഹോദരങ്ങളെ കൂടുതൽക്കൂടുതൽ അടുത്തറിയാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ചിന്തയ്ക്കു മാറ്റം വന്നു. സഹോദരൻ പറയുന്നത് ഇങ്ങനെയാണ്: “ഭൂമിയിൽ എവിടെയായിരുന്നാലും അടിസ്ഥാനപരമായി മനുഷ്യരെല്ലാം ഒരുപോലെയാണ് എന്ന് എനിക്കു മനസ്സിലായി. പറയുകയും പ്രവർത്തിക്കുകയും ഒക്കെ ചെയ്യുന്നത് പല രീതിയിലാണെന്നു മാത്രം. ആളുകൾ എങ്ങനെയാണോ അങ്ങനെതന്നെ അവരെ അംഗീകരിക്കുക. അതാണു പ്രധാനം.” അതുകൊണ്ട് പഴയ സഭയുമായി പുതിയ സഭയെ ഒരിക്കലും താരതമ്യം ചെയ്യരുത്. ഒരു മുൻനിരസേവികയായ ആൻലിസ് പറയുന്നത് ഇങ്ങനെയാണ്: “പുതിയ കാര്യങ്ങൾ പഠിക്കാൻവേണ്ടിയാണു ഞാൻ മാറിയത്. അല്ലാതെ എല്ലാം പഴയതുപോലെ ആയിരിക്കും എന്നു വിചാരിച്ചിട്ടല്ല.”
ഇനി, മൂപ്പന്മാരും പുതിയ സഭയിലേക്കു മാറുമ്പോൾ അതിനെ പഴയ സഭയുമായി താരതമ്യം ചെയ്യരുത്. പുതിയ സഭയിൽ വ്യത്യസ്തമായ രീതിയിലായിരിക്കാം കാര്യങ്ങൾ ചെയ്യുന്നത്. അത് എപ്പോഴും തെറ്റായിരിക്കണമെന്നില്ല എന്ന് ഓർക്കുക. അഭിപ്രായങ്ങൾ പറയുന്നതിനു മുമ്പ് അവിടത്തെ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കുന്നത് ബുദ്ധിയായിരിക്കും. (സഭാ. 3:1, 7ബി) പുതിയ സഭയിൽ നിങ്ങളുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നതിനു പകരം അവർ നിങ്ങളുടെ മാതൃക കണ്ട് പഠിക്കുന്നതായിരിക്കും നല്ലത്.—2 കൊരി. 1:24.
സഭയോടൊത്ത് ഉത്സാഹത്തോടെ പ്രവർത്തിക്കുക
3. സഭയോടൊപ്പം ഉത്സാഹത്തോടെ പ്രവർത്തിക്കുക. (ഫിലി. 1:27) പുതിയ ഒരു സ്ഥലത്തേക്കു മാറുമ്പോൾ നമ്മൾ നല്ല തിരക്കിലായിരിക്കും. ചിലപ്പോൾ ക്ഷീണവും തോന്നാം. എങ്കിലും തുടക്കംമുതലേ മീറ്റിങ്ങുകൾ കൂടുന്നത് വളരെ പ്രധാനമാണ്. കഴിയുന്നിടത്തോളം നേരിട്ടുതന്നെ പോകുക. പുതിയ സഭയിൽ നിങ്ങൾ പോകുന്നില്ലെങ്കിൽ, അല്ലെങ്കിൽ വല്ലപ്പോഴും മാത്രമാണു നിങ്ങളെ കാണുന്നതെങ്കിൽ, സഹോദരങ്ങൾ എങ്ങനെ സഹായിക്കാനാണ്? രണ്ടു പെൺമക്കളുമായി സൗത്ത് ആഫ്രിക്കയിലെ വലിയ ഒരു നഗരത്തിലേക്കു മാറിത്താമസിച്ച സഹോദരിയാണ് ലുസിന്റ. സഹോദരി പറയുന്നു: “പുതിയ സഭയിലെ സഹോദരങ്ങളുമായി നല്ല അടുപ്പത്തിലാകാൻ എന്റെ കൂട്ടുകാർ എന്നോടു പറഞ്ഞു. ഞങ്ങൾ മറ്റുള്ളവരുടെ കൂടെ ശുശ്രൂഷയ്ക്കു പോയി. മീറ്റിങ്ങുകളിൽ ഉത്തരം പറഞ്ഞു. ഇനി, ഞങ്ങളുടെ വീട് വയൽസേവനയോഗത്തിനും വിട്ടുകൊടുത്തു.”
പുതിയ സഭയിലെ സഹോദരങ്ങളോടൊപ്പം “തോളോടുതോൾ ചേർന്ന്” പ്രവർത്തിക്കുമ്പോൾ നിങ്ങളുടെയും മറ്റുള്ളവരുടെയും ‘സന്തോഷവാർത്തയിലുള്ള വിശ്വാസം’ ശക്തമാകും. സഭയിലുള്ള എല്ലാവരുടെയും കൂടെ മാറിമാറി വയൽസേവനത്തിനു പോകാൻ മുമ്പു പറഞ്ഞ ആൻലിസിനെ മൂപ്പന്മാർ പ്രോത്സാഹിപ്പിച്ചു. അതുകൊണ്ട് ഗുണമുണ്ടായി. സഹോദരി പറയുന്നു: “സഭയുടെ ഭാഗമാകാനുള്ള ഏറ്റവും നല്ല വഴി ഇതാണെന്ന് എനിക്കു മനസ്സിലായി.” ഇനി, രാജ്യഹാളിന്റെ ക്ലീനിങ്ങും അറ്റകുറ്റപ്പണികളും പോലുള്ള പ്രവർത്തനങ്ങൾക്കായി സ്വമനസ്സാലെ മുന്നോട്ടുവരുക. ‘ഇത് എന്റെയും സഭയാണ്’ എന്നു സഹോദരങ്ങളോടു നിങ്ങൾ പറയുന്നതു പോലെയാണ് അത്. സഭയുടെകൂടെ എത്ര ഉത്സാഹത്തോടെ നിങ്ങൾ പ്രവർത്തിക്കുന്നോ അത്ര പെട്ടെന്ന് പുതിയ കുടുംബം അവരിൽ ഒരാളായി നിങ്ങളെ കാണും. ആ സഭയുടെ ഭാഗമാണെന്ന് നിങ്ങൾക്കും തോന്നും.
പുതിയ കൂട്ടുകാരെ കണ്ടെത്തുക
4. പുതിയ കൂട്ടുകാരെ കണ്ടെത്തുക. (2 കൊരി. 6:11-13) മറ്റുള്ളവരോടു താത്പര്യം കാണിക്കുന്നതാണ് അവരെ കൂട്ടുകാരാക്കാനുള്ള ഏറ്റവും നല്ല വഴി. അതുകൊണ്ട് മീറ്റിങ്ങുകൾക്കു മുമ്പും ശേഷവും അവരെ അടുത്തറിയാൻ വേണ്ടത്ര സമയം കണ്ടെത്തുക. അവരുടെ പേരു പഠിക്കാൻ പ്രത്യേകം ശ്രമം ചെയ്യുക. പേരുകൾ ഓർത്തിരിക്കുകയും സ്നേഹത്തോടെ പെരുമാറുകയും ഒക്കെ ചെയ്യുമ്പോൾ ആളുകൾക്ക് നമ്മളോട് അടുപ്പം തോന്നും. അങ്ങനെയാണ് നല്ല സുഹൃദ്ബന്ധങ്ങൾ ഉണ്ടാകുന്നത്.
മറ്റുള്ളവർക്ക് നമ്മളോട് ഇഷ്ടം തോന്നുമോ എന്ന് ഒരുപാട് ചിന്തിക്കേണ്ടാ. നമ്മൾ എങ്ങനെയാണോ അങ്ങനെതന്നെ നമ്മളെ മനസ്സിലാക്കാൻ അവർക്ക് അവസരം കൊടുക്കുക. മുമ്പ് കണ്ട ലുസിന്റ സഹോദരി പറയുന്നു: “മുൻകൈയെടുത്ത് മറ്റുള്ളവരെ ഞങ്ങളുടെ വീട്ടിലേക്കു ക്ഷണിച്ചതുകൊണ്ട് ഇപ്പോൾ ഞങ്ങൾക്ക് നല്ല അടുപ്പമുള്ള കൂട്ടുകാരുണ്ട്.” നമുക്കും ഇങ്ങനെ ചെയ്തുനോക്കാം.
“അന്യോന്യം സ്വീകരിക്കുക”
ആദ്യമായി ഒരു പുതിയ രാജ്യഹാളിലേക്കു ചെല്ലുമ്പോൾ പലർക്കും ബുദ്ധിമുട്ടു തോന്നിയേക്കാം. അതുകൊണ്ട് പുതിയ ആളുകൾ വരുമ്പോൾ നമുക്ക് എങ്ങനെ അവരുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ പറ്റും? അപ്പോസ്തലനായ പൗലോസ് പ്രോത്സാഹിപ്പിച്ചതുപോലെ “അന്യോന്യം സ്വീകരിക്കുക,” “ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ.” (റോമ. 15:7) ക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് മൂപ്പന്മാരും പുതിയവരെ സ്വീകരിക്കണം. (“പുതിയ സഭയിലേക്കു മാറുമ്പോൾ ചെയ്യേണ്ടത്” എന്ന ചതുരം കാണുക.) അതുകൊണ്ട് പുതിയവർക്ക് ആ സഭ ഒരു കുടുംബംപോലെ തോന്നുന്നതിൽ കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും പങ്കുണ്ട്.
ആളുകളെ വീട്ടിലേക്കു ക്ഷണിക്കുന്നതു മാത്രമല്ല അവരെ സ്വീകരിക്കുന്നതിൽ ഉൾപ്പെടുന്നത്. അവർക്കു വേണ്ട സഹായം ചെയ്തു കൊടുക്കുകയും വേണം. ഉദാഹരണത്തിന്, ഒരു സഹോദരി പുതുതായി വന്ന മറ്റൊരു സഹോദരിയെ സഹായിച്ചത് എങ്ങനെയാണെന്നു നോക്കാം. ആ സഹോദരിയെ ടൗണിലേക്കു കൂട്ടിക്കൊണ്ടുപോകുകയും അവിടത്തെ യാത്രാസൗകര്യമൊക്കെ പറഞ്ഞുകൊടുക്കുകയും ചെയ്തു. അത് ആ സഹോദരിക്കു വലിയൊരു സഹായമായി. പുതിയ സാഹചര്യത്തോട് ഇണങ്ങാൻ അത് വളരെയധികം സഹായിച്ചു.
വളരാനുള്ള ഒരു അവസരം
ഒരു വെട്ടുക്കിളി ചിറകു വിരിച്ച് പറക്കാറാകുന്നതിനു മുമ്പുതന്നെ പല പ്രാവശ്യം അതിന്റെ തൊലി ഉരിഞ്ഞുകളയാറുണ്ട്. അതുപോലെ ഒരു പുതിയ സഭയിലേക്കു മാറുമ്പോൾ യഹോവയുടെ സേവനത്തിൽ ചിറകു വിരിക്കാൻ നിങ്ങൾക്കു തടസ്സമായേക്കാവുന്ന എല്ലാ കാര്യങ്ങളും നീക്കിക്കളയുക. നിക്കോളാസും സെലിനും ഉറപ്പിച്ചുപറയുന്ന കാര്യം ഇതാണ്: “പുതിയ ഒരു സ്ഥലത്തേക്കു മാറുന്നത് നല്ലൊരു പരിശീലനമാണ്. കാരണം പുതിയ ആളുകളോടും സാഹചര്യങ്ങളോടും ഇണങ്ങിച്ചേരണമെങ്കിൽ പുതിയ ഗുണങ്ങൾ വളർത്തിയെടുത്തേ പറ്റൂ.” തന്റെ കുടുംബത്തിന് എങ്ങനെയാണ് പ്രയോജനം കിട്ടിയതെന്ന് തുടക്കത്തിൽ കണ്ട ജീൻ ചാൾസ് പറയുന്നു: “ഈ മാറ്റം ചിറകു വിരിക്കാൻ ഞങ്ങളുടെ മക്കളെ സഹായിച്ചു. കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾത്തന്നെ ഞങ്ങളുടെ മകൾ ഇടദിവസത്തെ മീറ്റിങ്ങിൽ നിയമനങ്ങൾ നടത്താൻ തുടങ്ങി. ഞങ്ങളുടെ മകൻ സ്നാനമേൽക്കാത്ത ഒരു പ്രചാരകനുമായി.”
എന്നാൽ, മറ്റൊരു സ്ഥലത്തേക്കു മാറിത്താമസിക്കാൻ നിങ്ങളുടെ സാഹചര്യം അനുവദിക്കുന്നില്ലെങ്കിലോ? ഉദാഹരണത്തിന്, ആവശ്യം അധികമുള്ളിടത്തേക്കു പോകുന്നതുപോലെ? അങ്ങനെയെങ്കിൽ ഇപ്പോഴത്തെ സഭയിൽത്തന്നെ ഒരു പുതിയ തുടക്കം ആയിക്കൂടേ? ഈ ലേഖനത്തിൽ പറഞ്ഞ കാര്യങ്ങളൊക്കെ ഒന്നു പരീക്ഷിച്ചുനോക്കരുതോ? അതായത്, യഹോവയിൽ ആശ്രയിക്കുക, ശുശ്രൂഷയിൽ മറ്റുള്ളവരോടൊപ്പം പ്രവർത്തിച്ചുകൊണ്ട് സഭാപ്രവർത്തനങ്ങളിൽ പൂർണമായി ഉൾപ്പെടുക. പുതിയ സുഹൃദ്ബന്ധങ്ങൾ കണ്ടെത്തുക, അതല്ലെങ്കിൽ ഇപ്പോഴുള്ള സുഹൃദ്ബന്ധങ്ങൾ ശക്തമാക്കുക. നിങ്ങളുടെ സഭയിലേക്കു പുതുതായി വന്നവരെ, അല്ലെങ്കിൽ എന്തെങ്കിലും ആവശ്യമുള്ളവരെ നിങ്ങൾക്കൊന്നു സഹായിക്കാൻ കഴിയുമോ? അങ്ങനെ ചെയ്യുന്നത് നിങ്ങളുടെതന്നെ ആത്മീയവളർച്ചയെ സഹായിക്കും. കാരണം യഥാർഥക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്ന സ്നേഹമാണല്ലോ അതിലൂടെ കാണിക്കുന്നത്. (യോഹ. 13:35) “അങ്ങനെയുള്ള ബലികളിലാണു ദൈവം പ്രസാദിക്കുന്നത്” എന്ന് നിങ്ങൾക്ക് ഉറപ്പോടെ വിശ്വസിക്കാം.—എബ്രാ. 13:16.
ബുദ്ധിമുട്ടുകളൊക്കെ ഉണ്ടെങ്കിലും പല സഹോദരങ്ങളും പുതിയ സഭകളിലേക്കു മാറി സന്തോഷം ആസ്വദിക്കുന്നു. നിങ്ങൾക്കും അതിനു കഴിയും! “പുതിയ സഭയിലേക്കു മാറിയത് കാര്യങ്ങൾ വിശാലമായി കാണാൻ സഹായിച്ചു” എന്നാണ് ആൻലിസ് പറയുന്നത്. മാറിത്താമസിക്കുമ്പോൾ “മുമ്പ് കണ്ടിട്ടില്ലാത്തവിധം യഹോവയുടെ സഹായം അനുഭവിച്ചറിയാൻ കഴിയും” എന്ന് കസൂമിക്ക് ഇപ്പോൾ ഉറപ്പായി. ഇനി, ജൂൾസ് പറയുന്നത് എന്താണെന്നോ? “എനിക്ക് ഇപ്പോൾ നല്ല കൂട്ടുകാരുണ്ട്. അതുകൊണ്ട് എന്നെ ഇവിടെ ആവശ്യമില്ലെന്നു ഞാൻ ചിന്തിക്കാറേയില്ല. പുതിയ സഭയുമായിട്ട് ഞാൻ അത്രയ്ക്ക് അടുത്തു. അതുകൊണ്ട് ഇപ്പോൾ ഇവിടംവിട്ട് പോകാനാണ് എനിക്കു വിഷമം.”
a കൂടുതൽ വിവരങ്ങൾക്ക് 1994 മെയ് 15 ലക്കം വീക്ഷാഗോപുരത്തിലെ “ദൈവസേവനത്തിൽ ഗൃഹവിരഹദുഃഖത്തെ തരണം ചെയ്യൽ” എന്ന ലേഖനം കാണുക.