‘അടിയന്തിരതയോടെ വചനം പ്രസംഗിക്കുക’
1 “അടിയന്തിരം” എന്നു രേഖപ്പെടുത്തിയ എന്തെങ്കിലും ലഭിക്കുന്നെങ്കിൽ നിങ്ങൾ അതിനെ എങ്ങനെ വീക്ഷിക്കും? “അടിയന്തിരം” എന്ന വാക്കിന്റെ അർഥം “സത്വര ശ്രദ്ധ നൽകേണ്ടത്” എന്നാണ്. അതുകൊണ്ട് നല്ല കാരണത്തോടെ തന്നെയാണ് അപ്പൊസ്തലനായ പൗലൊസ് ‘അടിയന്തിരതയോടെ വചനം പ്രസംഗിക്കാൻ’ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചത്. (2 തിമൊ. 4:2, NW) ഈ വേലയ്ക്ക് സത്വര ശ്രദ്ധ നൽകിക്കൊണ്ട് നിങ്ങൾ അതിനോടു പ്രതികരിക്കുന്നുവോ?
2 ചില സഹോദരങ്ങൾ ക്രിസ്ത്യാനികളെന്ന നിലയിലുള്ള ‘തങ്ങളുടെ ഉത്തരവാദിത്വം അവഗണിക്കാ’നുള്ള ഒരു ചായ്വ് പ്രകടമാക്കുന്നുണ്ടെന്ന റിപ്പോർട്ട് പൗലൊസിനു ലഭിച്ചിരിക്കാം. (റോമ. 12:11, NW) അതുകൊണ്ടുതന്നെ, വേലയിൽനിന്നു ലഭിച്ച നല്ല ഫലങ്ങളും മറ്റുള്ളവരെ സഹായിക്കുന്നതിൽ നിന്ന് അവർക്കുണ്ടായ സന്തോഷവും പരിമിതമായിരുന്നു.
3 ശുശ്രൂഷയോടുള്ള യേശുവിന്റെ മനോഭാവം: തന്റെ ശുശ്രൂഷ നിറവേറ്റുന്നത് യേശുവിനെ സംബന്ധിച്ചിടത്തോളം എത്ര ആനന്ദദായകമായിരുന്നു! അവൻ പറഞ്ഞു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.” യേശുവിന്റെ മാതൃക അവന്റെ ശിഷ്യന്മാരെ പ്രചോദിപ്പിച്ചു. ‘നിലങ്ങൾ കൊയ്ത്തിന്നു വെളുത്തിരിക്കുന്നു’ എന്നു പറഞ്ഞുകൊണ്ട് അവൻ അവർക്കു പ്രോത്സാഹനമേകി. (യോഹ. 4:34, 35) “കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ” എന്ന ശിഷ്യന്മാരോടുള്ള യേശുവിന്റെ വാക്കുകളിൽ ശുശ്രൂഷയിലുടനീളം അവൻ പ്രകടമാക്കിയ അടിയന്തിരതാബോധം വ്യക്തമായിരുന്നു. (മത്താ. 9:38) സുവാർത്ത പ്രസംഗിക്കുക എന്നതാണ് തന്റെ നിയോഗം എന്ന് യേശുവിന് അറിയാമായിരുന്നു. അതിൽ നിന്നു തന്നെ പിന്തിരിപ്പിക്കാൻ യാതൊന്നിനെയും അനുവദിക്കുകയില്ല എന്ന് അവൻ ദൃഢനിശ്ചയം ചെയ്തിരുന്നു.
4 നമ്മെ സംബന്ധിച്ചെന്ത്? പ്രസംഗവേലയിൽ കൂടുതലായി ഏർപ്പെടേണ്ടതിന്റെ ആവശ്യം ഇന്നു പൂർവാധികം അടിയന്തിരമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും വയലുകൾ കൊയ്ത്തിനു വിളഞ്ഞിരിക്കുകയാണ്. നല്ല സാക്ഷ്യം കൊടുത്തുകഴിഞ്ഞിരിക്കുന്നു എന്നു തോന്നുന്ന ദേശങ്ങളിൽ പോലും ഓരോ വർഷവും ആയിരങ്ങൾ സ്നാപനമേൽക്കുന്നുണ്ട്. ഈ വ്യവസ്ഥിതിയുടെ അന്ത്യം സത്വരം സമീപിക്കവെ, “കർത്താവിന്റെ വേലയിൽ ധാരാളം” ചെയ്യാനുണ്ട്. (1 കൊരി. 15:58, NW) രാജ്യസന്ദേശം മറ്റുള്ളവരുമായി പങ്കിടുന്നതിനു നാം തീവ്ര ശ്രമം നടത്തേണ്ടതു മുമ്പെന്നത്തെക്കാളും പ്രധാനമാണ്.
5 വീടുകളും അതുപോലെതന്നെ ആളുകളെ കണ്ടെത്താവുന്ന മറ്റിടങ്ങളും സന്ദർശിച്ചുകൊണ്ട്, സുവാർത്ത അവരുടെ പക്കൽ എത്തിക്കുന്നതിൽ നമുക്കു ദത്തശ്രദ്ധരായിരിക്കാം. പ്രസംഗവേലയിൽ നമ്മുടെ പരമാവധി ചെയ്യുമ്പോൾ രാജ്യത്തിന് നമ്മുടെ ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുകയാണെന്ന് നാം വ്യക്തമാക്കുകയായിരിക്കും ചെയ്യുക. (മത്താ. 6:33) സുവാർത്ത അടിയന്തിരതയോടെ പ്രസംഗിക്കുന്നതിലുള്ള വിശ്വസ്തത, നമുക്കു വളരെയധികം സന്തോഷം കൈവരുത്തും.