അന്ത്യം സമീപിക്കവേ സാക്ഷീകരണം തീവ്രമാക്കൽ
1 കൊയ്ത്തുകാലം സന്തോഷത്തിന്റെ സമയമാണ്, അതേസമയം കഠിനാധ്വാനത്തിന്റെയും. വിളവു ശേഖരിക്കുന്നതിനുള്ള സമയം പരിമിതമാണ്. അതുകൊണ്ട് പണിക്കാർ തങ്ങളുടെ പ്രവർത്തനത്തിൽ അലസരാകരുത്.
2 ആലങ്കാരികമായി സംസാരിക്കവേ, “ലോകാവസാന”ത്തെ യേശു കൊയ്ത്തുകാലത്തോട് ഉപമിച്ചു. (മത്താ. 13:39) നാം ജീവിക്കുന്നത് ഈ വ്യവസ്ഥിതിയുടെ സമാപനത്തിങ്കലാണ്. “ഭൂലോകത്തിൽ ഒക്കെയും പ്രസംഗി”ച്ചുകൊണ്ട് സാക്ഷ്യം കൊടുക്കാൻ ഇനി അവശേഷിക്കുന്ന സമയം പരിമിതമാണ്. (മത്താ. 24:14) അന്ത്യം പൂർവാധികം അടുത്തുവരവേ, ശുശ്രൂഷയിലുള്ള നമ്മുടെ പങ്കു നാം കൂടുതൽ വർധിപ്പിക്കേണ്ടതുണ്ട്. എന്തുകൊണ്ട്? യേശു വിശദീകരിച്ചു: “കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം.”—മത്താ. 9:37, 38; റോമ. 12:11.
3 അത് അടിയന്തിരതയോടെ നിവർത്തിക്കുക: യേശു തന്റെ മഹത്തായ പ്രസംഗവേല ആരംഭിച്ചപ്പോൾ, അവന് തന്റെ നിയമിത പ്രവർത്തനം പൂർത്തീകരിക്കുന്നതിന് വെറും മൂന്നര വർഷമേ ഉണ്ടായിരുന്നുള്ളൂ. “ഞാൻ . . . ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്” എന്നു പറഞ്ഞുകൊണ്ട് വർധിച്ച അടിയന്തിരതയോടെ അവൻ പ്രസംഗിച്ചു.—ലൂക്കൊ. 4:43.
4 സമാനമായ ഒരു അടിയന്തിരതാ ബോധം യേശു തന്റെ ശിഷ്യന്മാരിൽ ഉൾനട്ടു. (മർക്കൊ. 13:32-37) അതുകൊണ്ടാണ് “അവർ ദിനമ്പ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടിരു”ന്നത്. (പ്രവൃ. 5:42) പ്രാധാന്യം കുറഞ്ഞ പ്രവർത്തനങ്ങൾക്ക് അവർ തങ്ങളുടെ ജീവിതത്തിൽ മുൻഗണന നൽകിയില്ല. എണ്ണത്തിൽ കുറവായിരുന്നെങ്കിലും “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ” സുവാർത്ത പ്രസംഗിക്കുന്നതിൽ അവർ വിജയിച്ചു.—കൊലൊ. 1:23.
5 “എല്ലാററിന്റെയും അവസാനം സമീപിച്ചിരിക്കുന്ന”തിനാൽ ഇപ്പോൾ നമുക്കും സമാനമായ അടിയന്തിരതാ ബോധം നട്ടുവളർത്തുന്നതിനു കൂടുതലായ കാരണമുണ്ട്. (1 പത്രൊ. 4:7) ഈ വ്യവസ്ഥിതിയുടെ അന്ത്യത്തിനായി യഹോവ ഒരു ദിവസവും മണിക്കൂറും നിശ്ചയിച്ചിട്ടുണ്ട്. (മത്താ. 24:36) അതിനു മുമ്പു ശേഷിച്ചിരിക്കുന്ന സമയത്ത് പ്രസംഗവേല പൂർത്തിയാകും. അതുകൊണ്ടാണ് സുവാർത്തയുമായി കൂടുതൽ കൂടുതൽ ആളുകളെ സമീപിക്കാനുള്ള നമ്മുടെ ഉദ്യമങ്ങളെ നാം തുടർന്നും തീവ്രമാക്കുന്നത്.
6 അന്ത്യം സമീപിക്കവേ, സാക്ഷീകരണ വേലയിലുള്ള പങ്കു വർധിപ്പിക്കുന്നതിലൂടെ, യേശുവിനെപ്പോലെ പിൻവരുന്ന പ്രകാരം യഹോവയോടു പറയുന്നതിന്റെ സംതൃപ്തി നമുക്കും ആസ്വദിക്കാനാകും: ‘നീ ഞങ്ങൾക്കു ചെയ്വാൻ തന്ന പ്രവൃത്തി ഞങ്ങൾ തികെച്ചിരിക്കുന്നു.’—യോഹ. 17:4.