ന്യായവാദം ചെയ്യാനുള്ള പ്രാപ്തി എങ്ങനെ വളർത്തിയെടുക്കാം?
1 “ന്യായവാദം ചെയ്യുക” എന്നതിനു നൽകിയിരിക്കുന്ന ഒരു നിർവചനം “ഒരുവന്റെ അഭിപ്രായങ്ങളെയോ പ്രവർത്തനങ്ങളെയോ സ്വാധീനിക്കുന്ന തരത്തിൽ സംസാരിക്കുക” എന്നാണ്. ശുശ്രൂഷയിൽ കൂടുതൽ ഫലപ്രദരാകുന്നതിന്, കണ്ടുമുട്ടുന്നവരുമായി ന്യായവാദം ചെയ്യാനുള്ള പ്രാപ്തി നാം നട്ടുവളർത്തേണ്ടതുണ്ട്. (പ്രവൃ. 17:2-4) എന്നാൽ ഈ പ്രാപ്തി വളർത്തിയെടുക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും?
2 ധ്യാനമാണ് തുടക്കം: ബൈബിൾ സത്യങ്ങൾ പഠിക്കുമ്പോൾ, നൽകിയിരിക്കുന്ന വിവരങ്ങളെ കുറിച്ചു ധ്യാനിക്കുന്നതു സഹായകമാണെന്നു നിങ്ങൾ കണ്ടെത്തും. ചില ഭാഗങ്ങൾ അൽപ്പം കട്ടിയുള്ളതാണെന്നു തോന്നുന്നെങ്കിൽ ഗവേഷണം നടത്താനും ഉത്തരങ്ങളെ കുറിച്ചു ധ്യാനിക്കാനും സമയം എടുക്കുക. നൽകിയിരിക്കുന്ന വിശദീകരണങ്ങൾ മാത്രമല്ല, പിന്നെയോ അവയ്ക്കു പിന്നിലെ തിരുവെഴുത്തുപരമായ കാരണങ്ങളും വ്യക്തമായി മനസ്സിലാക്കാൻ ശ്രമിക്കുക.
3 ശുശ്രൂഷയ്ക്കായി തയ്യാറാകുന്നത് ഉൾപ്പെട്ടിരിക്കുന്നു: വ്യത്യസ്ത തരം ആളുകൾക്കു നിങ്ങൾ എങ്ങനെ സത്യം വിശദീകരിച്ചു കൊടുക്കും എന്നതിനെ കുറിച്ചു ചിന്തിക്കുക. താത്പര്യം ഉണർത്താൻപോന്ന ചിന്തോദ്ദീപകമായ ഒരു ചോദ്യം കണ്ടുപിടിക്കുക. അതിനെ ഒരു തിരുവെഴുത്ത് ആശയവുമായി എങ്ങനെ ബന്ധിപ്പിക്കാമെന്നും അതിനെ കുറിച്ച് എങ്ങനെ ന്യായവാദം ചെയ്യാമെന്നും തിട്ടപ്പെടുത്തുക. ഉയർന്നു വന്നേക്കാവുന്ന തടസ്സവാദങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ട് അവ കൈകാര്യം ചെയ്യാനാകുന്ന വിധങ്ങളെ കുറിച്ചു ചിന്തിക്കുക. സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന പ്രസിദ്ധീകരണത്തിൽ നിന്ന് ഏറ്റവും യോജിച്ച ഒരു ആശയം തിരഞ്ഞെടുക്കുക.
4 യേശുവിന്റെ മാതൃക പിൻപറ്റുക: തിരുവെഴുത്തുകളിൽ നിന്ന് ഫലപ്രദമായി ന്യായവാദം ചെയ്യുന്നതിൽ അത്യുത്തമമായ മാതൃക വെച്ചത് യേശുവാണ്. അവന്റെ പഠിപ്പിക്കൽ രീതി വിശകലനം ചെയ്യാൻ ലൂക്കൊസ് 10:25-37-ലെ വിവരണം പരിചിന്തിക്കുക. പിൻവരുന്ന പടികൾ യേശു സ്വീകരിക്കുകയുണ്ടായി: (1) വ്യക്തിയുടെ ചോദ്യത്തിന് ഉത്തരം നൽകിയപ്പോൾ തിരുവെഴുത്തുകളിലേക്കു ശ്രദ്ധ തിരിച്ചു. (2) സ്വന്തം ആശയങ്ങൾ തുറന്നു പറയാൻ പ്രോത്സാഹിപ്പിച്ചു, നന്നായി ഗ്രഹിച്ച് ഉത്തരം പറഞ്ഞപ്പോൾ അഭിനന്ദിച്ചു. (3) ചോദ്യവും തിരുവെഴുത്തുകളും തമ്മിലുള്ള ബന്ധം വ്യക്തമാണെന്ന് ഉറപ്പു വരുത്തി. (4) ഉത്തരത്തിന്റെ സാരം വ്യക്തമായി ഗ്രഹിക്കാൻ സഹായിക്കുന്ന ഹൃദയസ്പർശിയായ ഒരു ദൃഷ്ടാന്തം ഉപയോഗിച്ചു.—1986 മാർച്ച് 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 27-8 പേജുകളിലെ 8-10 ഖണ്ഡികകൾ കാണുക.
5 നമുക്കു തന്നിരിക്കുന്ന ഉപകരണം ഉപയോഗിക്കുക: വയൽ സേവനത്തിൽ ഉപയോഗിക്കാവുന്ന ഒരു ചെറിയ ഗൈഡ് പുസ്തകം എന്ന നിലയിലാണ് തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. അതിലെ മുഖവുരകൾ, സംഭാഷണം മുടക്കാൻ ഇടയുള്ളവരോടുള്ള പ്രതികരണങ്ങൾ, വാദമുഖങ്ങൾ എന്നിവ ന്യായവാദം ചെയ്യാനുള്ള നമ്മുടെ പ്രാപ്തി വളർത്തിയെടുക്കാൻ സഹായിക്കും. സേവനത്തിൽ എപ്പോഴും കൂടെ കരുതേണ്ട വിലപ്പെട്ട ഒരു ഉപകരണമാണ് ന്യായവാദം പുസ്തകം. ബൈബിൾ ചർച്ചകളിൽ അത് ഉപയോഗിക്കാൻ മടി തോന്നേണ്ടതില്ല. ഈ പുസ്തകത്തിൽ നിന്ന് എങ്ങനെ പൂർണ പ്രയോജനം നേടാമെന്നു കാണാൻ അതിന്റെ 7, 8 പേജുകൾ പുനരവലോകനം ചെയ്യുക.
6 ന്യായവാദം ചെയ്യാനുള്ള പ്രാപ്തി വളർത്തിയെടുക്കുന്നതു നിങ്ങളുടെ പ്രസംഗ, പഠിപ്പിക്കൽ വൈദഗ്ധ്യത്തിന്റെ മാറ്റു കൂട്ടും. അതു നിങ്ങൾക്കു തന്നെയും ശുശ്രൂഷയിൽ നിങ്ങൾ കണ്ടുമുട്ടുന്ന വ്യക്തികൾക്കും സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്തും.