നാം പ്രസംഗിക്കുന്നതു സുവാർത്തയാണ്
1 “നന്മ സുവിശേഷിക്കുന്ന”വർ ആയിരിക്കുക എന്നത് നമ്മെ സംബന്ധിച്ചിടത്തോളം എത്ര ശ്രേഷ്ഠമായ ഒരു പദവിയാണ്! (റോമ. 10:15) ഉത്കണ്ഠയിലും നിരാശയിലും ആണ്ടുപോയിരിക്കുന്നവരുമായി പങ്കുവെക്കാൻ നമുക്ക് നവോന്മേഷദായകമായ ഒരു സന്ദേശമുണ്ട്. മെച്ചപ്പെട്ട ഒന്നിനെ കുറിച്ചുള്ള ‘സുവാർത്ത’യാണു നാം പറയുന്നതെന്നു തിരിച്ചറിയുന്നതിന് നമുക്ക് അവരെ എങ്ങനെ സഹായിക്കാൻ കഴിയും?—യെശ. 52:7.
2 ക്രിയാത്മകമായ ഒരു സന്ദേശം തയ്യാറാകുക: ശുശ്രൂഷയിൽ ആയിരിക്കെ കെട്ടുപണി ചെയ്യുന്ന കാര്യങ്ങളിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നെങ്കിൽ നമ്മുടെ സംഭാഷണങ്ങൾക്ക് അനുകൂലമായ ഫലമുണ്ടാകും. അതുകൊണ്ട്, അവതരണം തയ്യാറാകുകയും സമർപ്പിക്കാൻ പോകുന്ന പ്രസിദ്ധീകരണങ്ങൾ പരിശോധിക്കുകയും ചെയ്യുമ്പോൾ, സന്ദേശത്തിന്റെ ക്രിയാത്മക വശങ്ങൾക്കു നാം പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ഉത്സാഹത്തോടും ഉത്തമബോധ്യത്തോടുംകൂടെ നാം നമ്മുടെ ബൈബിൾ അധിഷ്ഠിത പ്രത്യാശ മറ്റുള്ളവർക്കു പകർന്നു കൊടുക്കുന്നെങ്കിൽ, പ്രോത്സാഹജനകമായ ഫലങ്ങൾ പ്രതീക്ഷിക്കാൻ കഴിയും.—സദൃ. 25:11.
3 മോശമായിക്കൊണ്ടിരിക്കുന്ന ലോകാവസ്ഥകൾ തങ്ങളെ ബാധിച്ചിരിക്കുന്ന വിധത്തെ കുറിച്ച് ആളുകൾ പറയുമ്പോൾ നാം സഹാനുഭൂതിയുള്ളവരാണെങ്കിലും, മനുഷ്യരുടെ പ്രശ്നങ്ങൾക്ക് ഏക പരിഹാരം ദൈവരാജ്യമാണെന്നു നാം അവർക്കു കാണിച്ചുകൊടുക്കണം. യഹോവയുടെ ആസന്നമായ “പ്രതികാരദിവസ”ത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ പോലും, അത് യഥാർഥത്തിൽ “സൗമ്യർക്ക് സുവാർത്ത” ആയിരിക്കുന്നത് എങ്ങനെയെന്നു നാം പറഞ്ഞുകൊടുക്കേണ്ടതുണ്ട്. (യെശ. 61:1, 2, NW) യഹോവ ചെയ്യുന്നതെല്ലാം ആത്യന്തികമായി അതിമഹത്തായ സന്തോഷത്തിലും സത്ഫലങ്ങളിലും കലാശിക്കും എന്ന് നമ്മുടെ ശ്രോതാക്കൾക്ക് ഉറപ്പുകൊടുക്കാൻ നമുക്കു കഴിയും.
4 യഥാർഥ സന്തോഷത്തോടെ സത്യം അവതരിപ്പിക്കുക: നമ്മുടെ പ്രസന്നമായ മുഖഭാവവും വാക്കുകളിലൂടെ പ്രകടമാകുന്ന ഉറച്ച ബോധ്യവും കാണുമ്പോൾ, ആളുകൾ ശ്രദ്ധിക്കാൻ കൂടുതൽ ചായ്വുള്ളവരായിത്തീരും. ശുഭാപ്തി വിശ്വാസത്തോടുകൂടിയ ഒരു വീക്ഷണമാണു നമ്മിൽ പ്രതിഫലിക്കുന്നതെങ്കിൽ, “ആശയിൽ സന്തോഷി”ക്കുന്നവരാണ് നാം എന്ന് നമ്മുടെ ശ്രോതാക്കൾ മനസ്സിലാക്കും. (റോമ. 12:12) തന്നിമിത്തം, അവർ സുവാർത്തയോട് അനുകൂലമായി പ്രതികരിക്കാൻ കൂടുതൽ ചായ്വ് കാട്ടിയേക്കാം. തീർച്ചയായും, നമ്മുടെ ശുശ്രൂഷയുടെ എല്ലാ വശങ്ങളിലും ക്രിയാത്മകവും സന്തോഷനിർഭരവുമായ ഒരു മനോഭാവം എല്ലായ്പോഴും പ്രകടമാക്കുന്നതിനു തക്ക കാരണം നമുക്കുണ്ട്.
5 സുവാർത്തയുടെ ശുശ്രൂഷകർ എന്ന നിലയിൽ വെറുതെ വിവരം അറിയിക്കുന്നതിലുമധികം നാം ചെയ്യുന്നു. ഇപ്പോഴത്തെയും ഭാവിയിലെയും മെച്ചപ്പെട്ട ജീവിതം സംബന്ധിച്ച ഉറച്ച പ്രത്യാശ സുവാർത്താ പ്രസംഗത്തിലൂടെ നാം ആളുകൾക്കു പകർന്നുകൊടുക്കുന്നു. (1 തിമൊ. 4:8) നാം ഓരോ വ്യക്തിയെയും സമീപിക്കുമ്പോൾ, നമ്മുടെ വാക്കുകളിലൂടെ പ്രതിഫലിക്കുന്ന ക്രിയാത്മക മനോഭാവം സുവാർത്ത സ്വീകരിക്കാൻ അവരെ സഹായിക്കും. നാം എന്ത്, എങ്ങനെ പറയുന്നു എന്നതിനു ശ്രദ്ധ നൽകിക്കൊണ്ട്, നാം പ്രസംഗിക്കുന്ന സുപ്രധാനമായ സുവാർത്ത സ്വീകരിക്കാൻ ആത്മാർഥഹൃദയരെ നമുക്കു പ്രോത്സാഹിപ്പിക്കാം!