നമ്മുടെ ‘സന്തുഷ്ടദൈവമായ’ യഹോവയെ അനുകരിക്കുക
1 ആളുകൾ സന്തുഷ്ടരായിരിക്കാൻ യഹോവ തീർച്ചയായും ആഗ്രഹിക്കുന്നു. മനുഷ്യവർഗത്തിനായി അവൻ കരുതിവെച്ചിരിക്കുന്ന അത്ഭുതകരമായ അനുഗ്രഹങ്ങളെക്കുറിച്ച് അവന്റെ വചനത്തിൽനിന്നു വായിക്കുന്നതു നമ്മെ പുളകംകൊള്ളിക്കുന്നു. (യെശ. 65:21-25) “ധന്യനായ [“സന്തുഷ്ടനായ,” NW] ദൈവത്തിന്റെ മഹത്വമുള്ള സുവിശേഷം” ആളുകളുമായി പങ്കുവെക്കുന്നതിൽ നാം സന്തോഷം കണ്ടെത്തുന്നുവെന്ന് അവർ തിരിച്ചറിയേണ്ടതുണ്ട്. (1 തിമൊ. 1:11) രാജ്യസന്ദേശത്തെക്കുറിച്ചു നാം സംസാരിക്കുന്ന വിധം സത്യത്തോടുള്ള നമ്മുടെ സ്നേഹവും നാം സംസാരിക്കുന്ന വ്യക്തികളിലുള്ള ആത്മാർഥ താത്പര്യവും പ്രതിഫലിപ്പിക്കണം.—റോമ. 1:14-16.
2 തീർച്ചയായും പ്രസന്നമായ ഒരു മനോഭാവം നിലനിറുത്തുകയെന്നതു ചിലപ്പോഴൊക്കെ ബുദ്ധിമുട്ടാണ്. ചില പ്രദേശങ്ങളിൽ രാജ്യദൂതിനോടു പ്രതികരിക്കുന്നവർ വളരെ കുറവാണ്. കൂടാതെ നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും പ്രയാസകരമായ സാഹചര്യങ്ങൾ ഉണ്ടായേക്കാം. സന്തോഷം നിലനിറുത്താൻ, നമ്മുടെ പ്രദേശത്തുള്ള ആളുകൾ രാജ്യസുവാർത്ത കേൾക്കുകയും അതിന്റെ അർഥം ഗ്രഹിക്കുകയും ചെയ്യേണ്ടത് സുപ്രധാനമാണെന്ന കാര്യം നാം ഓർക്കണം. (റോമ. 10:13, 14, 17) അത്തരം കാര്യങ്ങൾ പരിചിന്തിക്കുന്നത് രക്ഷയ്ക്കായുള്ള യഹോവയുടെ കരുണാർദ്രമായ കരുതലുകളെക്കുറിച്ചു സന്തോഷപൂർവം ആളുകളോടു സംസാരിക്കുന്നതിൽ തുടരാൻ നമ്മെ സഹായിക്കും.
3 ക്രിയാത്മകവശങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുക: നാം എന്തു പറയുന്നു എന്നതിലും ശ്രദ്ധപുലർത്തേണ്ടതുണ്ട്. ആളുകളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു പ്രശ്നമോ വാർത്തയോ പരാമർശിച്ചുകൊണ്ട് സംഭാഷണം ആരംഭിച്ചേക്കാമെങ്കിലും മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾതന്നെ വീണ്ടുംവീണ്ടും പറഞ്ഞുകൊണ്ടിരിക്കരുത്. “സദ്വാർത്ത അറിയിക്കുക” എന്നതാണു നമ്മുടെ നിയമനം. (യെശ. 52:7, പി.ഒ.സി. ബൈബിൾ; റോമ. 10:15) ശോഭനമായ ഒരു ഭാവി സംബന്ധിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ അധിഷ്ഠിതമായ ഒരു സന്ദേശമാണ് ഈ സദ്വാർത്ത. (2 പത്രൊ. 3:13) അക്കാര്യം മനസ്സിൽപ്പിടിച്ചുകൊണ്ട് തിരുവെഴുത്തുകൾ ഉപയോഗിച്ച് ‘ഹൃദയം തകർന്നവരെ മുറികെട്ടാൻ’ ശ്രമിക്കുക. (യെശ. 61:1, 2) പ്രസന്നമായ ഒരു മനോഭാവവും ക്രിയാത്മകമായ സമീപനവും ഉള്ളവരായിരിക്കാൻ അതു നമ്മെയെല്ലാം സഹായിക്കും.
4 പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ നമുക്കുള്ള സന്തോഷവും ഉത്സാഹവുമെല്ലാം ആളുകൾ ശ്രദ്ധിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. അതുകൊണ്ട് നമ്മുടെ പ്രദേശത്തുള്ളവരുമായി രാജ്യത്തിന്റെ സുവാർത്ത പങ്കുവെക്കവേ എല്ലായ്പോഴും നമുക്കു നമ്മുടെ ‘സന്തുഷ്ടദൈവമായ’ യഹോവയുടെ അതേ മാനസികഭാവം പ്രതിഫലിപ്പിക്കാം.