‘പരിശോധിക്കപ്പെട്ട് യോഗ്യരെന്നു തെളിയുന്നു’—എങ്ങനെ?
1 യഹോവയുടെ സംഘടന വളർന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇപ്പോൾ കൂടുതൽ ശുശ്രൂഷാദാസന്മാരെ ആവശ്യമുണ്ട്. ഇതുവരെ ശുശ്രൂഷാദാസന്മാരായി നിയമിക്കപ്പെട്ടിട്ടില്ലാത്ത, കൗമാരപ്രായക്കാർ ഉൾപ്പെടെയുള്ള മിക്ക സഹോദരങ്ങൾക്കും സഭയിൽ സേവിക്കാൻ ആഗ്രഹമുണ്ട്. കൂടുതലായ ഉത്തരവാദിത്വങ്ങൾ ലഭിക്കുമ്പോൾ, തങ്ങളെക്കൊണ്ട് പ്രയോജനമുണ്ട് എന്ന തോന്നൽ അവർക്ക് ഉണ്ടാകുന്നു. ഇത് സംതൃപ്തി കൈവരുത്തുന്നു. ‘പരിശോധിക്കപ്പെട്ട് യോഗ്യരെന്നു തെളിയുന്നു’വോ എന്നതിനെ ആശ്രയിച്ചിരിക്കും അവരുടെ തുടർന്നുള്ള പുരോഗതി. (1 തിമൊ. 3:10, NW) അതെങ്ങനെയാണു സാധിക്കുന്നത്?
2 മൂപ്പന്മാർ വഹിക്കുന്ന പങ്ക്: ഒരു സഹോദരനെ, 1 തിമൊഥെയൊസ് 3:8-13-ൽ പട്ടികപ്പെടുത്തിയിരിക്കുന്ന യോഗ്യതകളുടെ അടിസ്ഥാനത്തിൽ അളക്കുന്നതിന്റെ ഭാഗമായി, ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനുള്ള അയാളുടെ പ്രാപ്തിയും മൂപ്പന്മാർ കണക്കിലെടുക്കും. മാസികകളും സാഹിത്യങ്ങളും വിതരണം ചെയ്യൽ, മൈക്കുകൾ കൈകാര്യം ചെയ്യൽ, രാജ്യഹാളിന്റെ പരിപാലനം എന്നിവയോടു ബന്ധപ്പെട്ട കാര്യങ്ങളിൽ സഹായിക്കാൻ അവർ ആ വ്യക്തിയെ നിയമിച്ചേക്കാം. വ്യക്തി തന്റെ നിയമനങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നും അവ എങ്ങനെ നിർവഹിക്കുന്നു എന്നും മൂപ്പന്മാർ നിരീക്ഷിക്കും. ആശ്രയയോഗ്യത, സമയനിഷ്ഠ, ശുഷ്കാന്തി, എളിമ, മനസ്സൊരുക്കം, മറ്റുള്ളവരുമായി പൊരുത്തപ്പെട്ടു പോകാനുള്ള കഴിവ് എന്നീ ഗുണങ്ങൾ ആ വ്യക്തിയിൽ ഉണ്ടോ എന്ന് അവർ നോക്കും. (ഫിലി. 2:20) വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ വ്യക്തി മാതൃകായോഗ്യനാണോ? അയാൾ ഉത്തരവാദിത്വബോധം ഉള്ളവനാണോ? അയാളുടെ ‘നല്ലനടപ്പിൽ ജ്ഞാനലക്ഷണമായ സൌമ്യത’ കാണാൻ അവർ ആഗ്രഹിക്കുന്നു. (യാക്കോ. 3:13) സഭയെ സേവിക്കാനുള്ള തന്റെ ആഗ്രഹം വ്യക്തി പ്രവർത്തനത്തിലൂടെ പ്രകടമാക്കുന്നുണ്ടോ? വയൽ ശുശ്രൂഷയിൽ തീക്ഷ്ണതയോടെ പങ്കുപറ്റിക്കൊണ്ട് “സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന യേശുവിന്റെ കൽപ്പന അയാൾ അനുസരിക്കുന്നുണ്ടോ?—മത്താ. 28:19, 20; 1991 മേയ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 10-20 പേജുകൾ കാണുക.
3 ശുശ്രൂഷാദാസനായി നിയമിക്കപ്പെടുന്നതിന് ബൈബിൾ ഒരു നിർദിഷ്ട പ്രായപരിധി വെക്കുന്നില്ലെങ്കിലും അത്തരം സഹോദരന്മാരെ “ശുശ്രൂഷ ചെയ്യുന്ന പുരുഷന്മാർ” എന്നാണു ബൈബിൾ വിളിക്കുന്നത്. പ്രത്യേകിച്ച്, ഭാര്യയും കുട്ടികളും ഉണ്ടായിരിക്കാനുള്ള സാധ്യത കൂടി നൽകിയിരിക്കുന്നതിനാൽ അവർ കൗമാരപ്രായത്തിന്റെ തുടക്കത്തിലോ മധ്യത്തിലോ ഉള്ളവരായിരിക്കാൻ തീർച്ചയായും സാധ്യതയില്ല. (1 തിമൊ. 3:12, 13, NW) ഈ പുരുഷന്മാർ ‘യൗവനമോഹങ്ങൾക്ക്’ വശംവദരാകുന്നവർ ആയിരിക്കരുത്. മറിച്ച്, അവർ ഗൗരവമാനസരും ദൈവത്തിനും മനുഷ്യർക്കും മുമ്പാകെ നല്ല നടത്തയും ശുദ്ധ മനസ്സാക്ഷിയും ഉള്ളവരും ആയിരിക്കണം.—2 തിമൊ. 2:22.
4 സ്വതസ്സിദ്ധമായ കഴിവിന് അതിന്റേതായ പ്രയോജനങ്ങൾ ഉണ്ടെങ്കിലും ഒരുവന്റെ മനോഭാവമാണ് ഏറ്റവും പ്രാധാന്യം അർഹിക്കുന്ന സംഗതി. ദൈവത്തെ സ്തുതിക്കാനും തന്റെ സഹോദരങ്ങളെ സേവിക്കാനും ഒരു സഹോദരൻ വിനയപൂർവം ആഗ്രഹിക്കുന്നുവോ? എങ്കിൽ സഭയിൽ പുരോഗതി കൈവരിക്കാനുള്ള അയാളുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുകതന്നെ ചെയ്യും.