യഹോവയുടെ അനുഗ്രഹം നമ്മെ സമ്പന്നരാക്കുന്നു
1 കിട്ടുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് മിക്കപ്പോഴും വ്യക്തികളുടെ വിജയം അളക്കുന്നത്. അതുകൊണ്ടാണ് പണമുള്ളവരെ ആളുകൾ ഏറ്റവും സന്തുഷ്ടരും സംതൃപ്തരുമായി വീക്ഷിക്കുന്നത്. എന്നാൽ അങ്ങനെ വിചാരിക്കുന്നവർക്കു തെറ്റുപറ്റിയിരിക്കുന്നു. (സഭാ. 5:12) ഭൗതികമായി “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ”ക്ക് നിലനിൽക്കുന്ന സന്തോഷമില്ല. (1 തിമൊ. 6:9) എന്നാൽ, യഹോവയുടെ ദാസന്മാർ യഥാർഥത്തിൽ സന്തുഷ്ടരും ലോകത്തിലെ ഏറ്റവും സമ്പന്നരുമാണ്. (സദൃ. 10:22; വെളി. 2:9) എങ്ങനെ?
2 നമ്മുടെ സമ്പത്തിന്റെ തെളിവ്: ദൈവവചനമായ ബൈബിളിനെക്കുറിച്ച് നമുക്ക് സമൃദ്ധമായ ആത്മീയ ഉൾക്കാഴ്ചയും ഗ്രാഹ്യവുമുണ്ട്. നമ്മുടെ നിത്യ പ്രയോജനത്തിനായി, തന്റെ ഭൗമിക സംഘടന മുഖാന്തരം യഹോവ തന്നെക്കുറിച്ചും തന്റെ പുത്രനെക്കുറിച്ചും നമ്മെ തുടർച്ചയായി പഠിപ്പിക്കുന്നു. യഹോവയോട് അടുത്തുവരാനും അവനുമായി ഉറ്റബന്ധം ആസ്വദിക്കാനും സൂക്ഷ്മ പരിജ്ഞാനം നമ്മെ സഹായിക്കുന്നു. (യാക്കോ. 4:8) നന്മതിന്മകളെ വിവേചിച്ചറിയുന്നതും ദൈവനിയമങ്ങൾ അനുസരിക്കുന്നതും ചില രോഗങ്ങളിൽനിന്നും അപകടങ്ങളിൽനിന്നും നമുക്കു സംരക്ഷണമേകുന്നു. ആവശ്യമായതെല്ലാം യഹോവ നൽകുമെന്ന ഉറപ്പ് നമുക്കുണ്ട്, അത് ദൈവിക സംതൃപ്തിയിലും മനസ്സമാധാനത്തിലും കലാശിക്കുന്നു.—മത്താ. 6:33.
3 ദൈവാത്മാവിന്റെ ഫലം നട്ടുവളർത്തുന്നതിനാൽ ആത്മീയ സഹോദരവർഗത്തിനുള്ളിൽ നാം സമാധാനവും ഐക്യവും ആസ്വദിക്കുന്നു. സ്നേഹത്തിന്റെ ശക്തമായ ബന്ധത്തിലൂടെ ഏകീകരിക്കപ്പെട്ടവരായ നമുക്ക് അനർഥങ്ങൾ സംഭവിക്കുമ്പോൾ ദൈവമോ സഹോദരങ്ങളോ ഉപേക്ഷിക്കുകയില്ല എന്ന ബോധ്യമുണ്ട്.—ഗലാ. 6:10.
4 നമ്മുടെ ജീവിതത്തിന് യഥാർഥ അർഥവും ഉദ്ദേശ്യവുമുണ്ട്. സുവാർത്തയുടെ ആഗോള പ്രസംഗവേലയിൽ പങ്കെടുക്കുന്നത് ഒരു ഉത്തമ പദവിയായി നാം വീക്ഷിക്കുന്നു. ദൈവവുമായി ഒരു നല്ല ബന്ധത്തിലേക്കു വരാനും നിർമലാരാധനയിൽ നമ്മോടൊത്ത് അവനെ സേവിക്കാനും മറ്റുള്ളവരെ സഹായിക്കുന്നത് നമുക്കു നിലനിൽക്കുന്ന സന്തോഷം നേടിത്തരുന്നു. ശുശ്രൂഷയെന്ന നമ്മുടെ അമൂല്യനിധി യഹോവയ്ക്ക് ബഹുമതി കരേറ്റുകയും അവന്റെ നാമവിശുദ്ധീകരണത്തെ പിന്തുണച്ചതിലുള്ള സംതൃപ്തി നമുക്കു കൈവരുത്തുകയും ചെയ്യുന്നു. നമ്മുടെ ഭാവിപ്രത്യാശ സാക്ഷാത്കരിക്കപ്പെടും എന്ന തിരിച്ചറിവോടെ ക്രിയാത്മകമായ മനോഭാവം നിലനിറുത്താൻ നമുക്കു സാധിക്കുന്നു.
5 വിലമതിപ്പ് പ്രകടമാക്കൽ: നമ്മെ ലോകത്തിലെ ഏറ്റവും സമ്പന്നരാക്കുന്ന യഹോവയുടെ അനുഗ്രഹങ്ങളോട് നമുക്ക് എന്നെന്നും വിലമതിപ്പുള്ളവർ ആയിരിക്കാം. (സദൃ. 22:4) നമുക്കുള്ളതിനെക്കുറിച്ചു ധ്യാനിക്കാൻ ഓരോ ദിവസവും സമയമെടുക്കുന്നത് യഹോവയുടെ ഉദാരമായ സ്നേഹത്തിനു നന്ദി കരേറ്റാനും അവന് അനന്യഭക്തി അർപ്പിക്കുന്നതിൽ തുടരാനും നമ്മെ പ്രേരിപ്പിക്കുന്നു.