നമുക്കൊരിക്കലും ഇത്രമാത്രം ആത്മീയ സമൃദ്ധിയുണ്ടായിരുന്നിട്ടില്ല!
1 “നമുക്കൊരിക്കലും ഇത്രമാത്രം സമൃദ്ധിയുണ്ടായിരുന്നിട്ടില്ല!” എന്നു തങ്ങൾക്കു പറയാൻ കഴിയുന്ന ദിവസത്തിനുവേണ്ടി മിക്ക ആളുകളും വാഞ്ഛിക്കുന്നു. അവരുടെ മനസ്സിൽ, ആ ദിവസം വരുന്നത് ‘ആശ്വസിക്കാനും തിന്നാനും കുടിക്കാനും ആനന്ദിക്കാനും’ കഴിയുന്നവിധം ഭൗതിക കാര്യങ്ങൾ സമൃദ്ധമായി ഉണ്ടാകുമ്പോഴാണ്. (ലൂക്കൊ. 12:19) പ്രത്യുത, നമുക്ക് യാതൊരു നന്മയ്ക്കും കുറവില്ലെന്ന് ഒരു ആത്മീയ അർഥത്തിൽ ഇപ്പോൾ പറയാൻ കഴിയും. (സങ്കീ. 34:10) അതെങ്ങനെ?
2 “യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു” എന്ന് സദൃശവാക്യങ്ങൾ 10:22 പ്രഖ്യാപിക്കുന്നു. അത്തരം ദൈവപ്രീതി അനുഭവിക്കുന്നവർക്ക്, ദൈവം “നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരു”ന്നുവെന്നു വാസ്തവത്തിൽ പറയാൻ കഴിയും. (1 തിമൊ. 6:17) ഇതു നമ്മെ ഭൂമിയിലെ ഏറ്റവും സമ്പന്നരായ ആളുകളാക്കിത്തീർക്കുന്നു!
3 നമ്മുടെ അനുഗ്രഹങ്ങളെ എണ്ണൽ: നമ്മിൽ കുറച്ചു പേർക്കു മാത്രമേ ഭൗതികവസ്തുക്കൾ സമൃദ്ധമായുള്ളു. എങ്കിലും, നാം അനുഗൃഹീതരാണ്, എന്തുകൊണ്ടെന്നാൽ നാം നമ്മുടെ അനുദിന ആവശ്യങ്ങൾ സംബന്ധിച്ച് അമിതമായി ഉത്കണ്ഠയുള്ളവരല്ല. നമുക്ക് ഏതു സംഗതികളാണ് ആവശ്യമെന്ന് യഹോവയ്ക്ക് അറിയാം, അവ പ്രദാനം ചെയ്യുമെന്ന് അവൻ വാഗ്ദാനം ചെയ്യുന്നു. (മത്താ. 6:31-33) അവൻ നൽകുന്ന ഉറപ്പ് വാസ്തവത്തിൽ വിലതീരാത്ത മനസ്സമാധാനം നമുക്കു പ്രദാനം ചെയ്യുന്നു.
4 എന്നാൽ നമ്മുടെ ആത്മീയ അനുഗ്രഹങ്ങൾ അതിലുമേറെയാണ്. നമ്മുടെ ജീവിതം യഹോവയിൽനിന്നുള്ള ആത്മീയ ആഹാരത്തെ ആശ്രയിച്ചിരിക്കുന്നു. (മത്താ. 4:4) നാം തൃപ്തിയാവോളം തിന്നു കുടിക്കുമ്പോൾ ആത്മീയ ഉപജീവനത്തിനായി ലൗകിക ഉറവിടങ്ങളിലേക്കു നോക്കുന്നവർ വിശന്നുവലയുന്നു. (യെശ. 65:13) നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനത്തിന്റെ തീർന്നുപോകാത്ത വിതരണം ‘വിശ്വസ്തനായ അടിമ’ നമുക്കു ലഭ്യമാക്കുന്നു.—മത്താ. 24:45; യോഹ. 17:3.
5 നമ്മുടെ വിലപ്പെട്ട ലോകവ്യാപക സാഹോദര്യം ഭൂമിയുടെ എല്ലാ ഭാഗത്തുമുള്ള സ്നേഹസമ്പന്നരായ സഹോദരീ സഹോദരൻമാരുടെ ഊഷ്മള കൂട്ടായ്മ നമുക്കു പ്രദാനം ചെയ്യുന്നു. (യോഹ. 13:35) പ്രാദേശിക സഭ നമുക്ക് ആശ്വാസവും നവോൻമേഷവും കണ്ടെത്താൻ കഴിയുന്ന ഒരു സമാധാന സങ്കേതമാണ്. പലതരത്തിലുള്ള പ്രശ്നങ്ങളെ തരണം ചെയ്യാൻ നമ്മെ സഹായിച്ചുകൊണ്ട് മൂപ്പൻമാർ നമ്മുടെ ദേഹികളെ കാവൽ ചെയ്യുന്നു. (എബ്രാ. 13:17) സഹോദരങ്ങളോടു നാം അടുക്കുന്നത് സ്ഥിരോത്സാഹികളായി നിൽക്കാൻ നമ്മെ ശക്തിപ്പെടുത്തുന്ന പ്രോത്സാഹന കൈമാറ്റത്തിനിടയാക്കുന്നു—റോമ. 1:11, 12.
6 നമ്മുടെ ജോലിയും ഒരു അനുഗ്രഹമാണ്. ലൗകിക ജോലികൾ പലതും ക്ഷീണിപ്പിക്കുന്നവയും തൃപ്തികരമല്ലാത്തവയുമാണ്. സുവാർത്ത പങ്കുവയ്ക്കുന്നതു മറ്റുള്ളവർക്ക് ആനന്ദവും നമുക്കുതന്നെ സന്തോഷവും കൈവരുത്തുന്നു. (പ്രവൃ. 20:35) നമ്മുടെ മുഴു കഠിനാധ്വാനത്തിനും തക്ക നന്മ അനുഭവിക്കാൻ നമുക്കു യഥാർഥത്തിൽ കഴിയുന്നു.—സഭാ. 2:24.
7 സർവോപരി, നമുക്കു ഭാവിയെ സംബന്ധിച്ച് അത്ഭുതകരമായ ഒരു പ്രത്യാശയുണ്ട്. (റോമ. 12:12) നമ്മുടെ പ്രിയപ്പെട്ടവരോടൊപ്പം സന്തോഷത്തിലും സമാധാനത്തിലും എന്നേക്കും ജീവിക്കാൻ പോകുന്ന നീതിനിഷ്ഠമായ പൂർണതയുള്ള ഒരു പുതിയ ലോകത്തിനുവേണ്ടി നാം നോക്കിപ്പാർത്തിരിക്കുന്നു! ഈ ലോകത്തിനു വാഗ്ദാനം ചെയ്യാനുള്ള എന്തിനെക്കാളും വിലയേറിയ ഒരു നിധിയാണ് ഈ പ്രത്യാശ.—1 തിമൊ. 6:19.
8 നമുക്ക് എങ്ങനെ വിലമതിപ്പു പ്രകടിപ്പിക്കാൻ കഴിയും? യഹോവ നമുക്കുവേണ്ടി ചെയ്തിട്ടുള്ളതിന് നമുക്കൊരിക്കലും പകരം നൽകാൻ കഴിയില്ല. പിൻവരുന്ന കാര്യങ്ങൾ ചെയ്തുകൊണ്ട് നമ്മുടെ വിലമതിപ്പു പ്രകടിപ്പിക്കാൻ മാത്രമേ കഴിയൂ: (1) അവന്റെ അനർഹ ദയയ്ക്ക് എല്ലാ ദിവസവും അവനോടു നന്ദി പറയുക (എഫെ. 5:20), (2) അനുസരണമുള്ളവരായിരുന്നുകൊണ്ട് നമ്മുടെ സ്നേഹം പ്രകടിപ്പിക്കുക (1 യോഹ. 5:3), (3) സുവാർത്ത പ്രസംഗിച്ചുകൊണ്ട് അവന്റെ നാമം വിശുദ്ധമാക്കുക (സങ്കീ. 83:18), (4) പൂർണഹൃദയത്തോടെയുള്ള നമ്മുടെ സഹകരണത്തിലൂടെ ക്രിസ്തീയ സഭയെ പിന്തുണയ്ക്കുക.—1 തിമൊ. 3:15.
9 ഭൂമിയിലെ ഏറ്റവും സന്തുഷ്ട ജനമായിരിക്കുന്നതിന് നമുക്കു സകല കാരണവുമുണ്ട്. (സങ്കീ. 144:15ബി) നമ്മുടെ മനോഭാവവും നടത്തയും സേവനവും ആത്മീയ പറുദീസയിൽ നമുക്കനുഭവപ്പെടുന്ന ആനന്ദത്തെ പ്രതിഫലിപ്പിക്കട്ടെ. നമുക്കൊരിക്കലും ഇത്രമാത്രം സമൃദ്ധിയുണ്ടായിരുന്നിട്ടില്ല!