എല്ലായ്പോഴും യഹോവയെ ഭയപ്പെടുക
1 “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു.” (സങ്കീ. 111:10) ഇത് സത്പ്രവൃത്തികൾ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുകയും മോശമായ കാര്യങ്ങളിൽനിന്ന് അകന്നുമാറാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. (സദൃ. 16:6) സ്രഷ്ടാവിനോടു തോന്നുന്ന ആഴമായ ഭക്ത്യാദരവാണ് ഈ ഭയം. അവനോട് അനുസരണക്കേട് കാണിക്കാതിരിക്കാനും അവനെ അപ്രീതിപ്പെടുത്താതിരിക്കാനും അതു നമ്മെ പ്രേരിപ്പിക്കുന്നു. ദൈനംദിന ജീവിതത്തിൽ ഉടനീളം നാം നട്ടുവളർത്തുകയും പ്രകടിപ്പിക്കുകയും ചെയ്യേണ്ട ഒന്നാണ് ഇത്.—സദൃ. 8:13.
2 സാത്താന്യ ലോകത്തിന്റെ ആത്മാവ്, അതിന്റെ ദുഷിച്ച വഴികളുമായി ഇഴുകിച്ചേരാൻ അനുദിനം നമ്മുടെമേൽ വലിയ സമ്മർദം ചെലുത്തുന്നു. (എഫെ. 6:11, 12) നമ്മുടെ അപൂർണ ജഡം പാപപൂർണമാണ്. മോശമായ കാര്യങ്ങളിലേക്കാണ് അതിന്റെ സ്വാഭാവിക ചായ്വ്. (ഗലാ. 5:17) അതിനാൽ, യഹോവയുടെ കല്പനകൾ അനുസരിക്കുന്നതിനും സന്തുഷ്ടരായിരിക്കുന്നതിനും ജീവൻ നേടുന്നതിനും നാം എല്ലായ്പോഴും അവനെ ഭയപ്പെടേണ്ടതുണ്ട്.—ആവ. 10:12, 13.
3 നാം ജീവിക്കുന്ന ഈ അന്ത്യനാളുകളിൽ അന്യോന്യം “അധികമധികമായി” ഉത്സാഹം വർധിപ്പിക്കാൻ എബ്രായർ 10:24, 25 നമ്മെ ഉദ്ബോധിപ്പിക്കുന്നു. ഈ നാളുകളിൽ സഹിച്ചുനിൽക്കുന്നതിനു ക്രമമായ യോഗഹാജർ അത്യന്താപേക്ഷിതമാണ്. ദൈവത്തെ അപ്രീതിപ്പെടുത്തുന്നതിലുള്ള ഭയം സഭായോഗങ്ങൾക്കു ഹാജരാകാനും അതിന്റെ ഉദ്ദേശ്യത്തെ അതിയായി വിലമതിക്കാനും നമ്മെ പ്രേരിപ്പിക്കുന്നു. ദൈവത്തെ ഭയപ്പെടുന്നവർ ക്രിസ്തീയ യോഗങ്ങളിൽ പങ്കുപറ്റുന്നതിനെ ഒരു വിശുദ്ധ പദവിയായിട്ടാണ് വീക്ഷിക്കുന്നത്.
4 ദൈവഭയം പ്രകടിപ്പിക്കാനുള്ള മറ്റൊരു വിധം രാജ്യ സുവാർത്ത പ്രസംഗിക്കാനുള്ള കല്പന അനുസരിക്കുന്നതാണ്. (മത്താ. 28:19, 20; പ്രവൃ. 10:42) നമ്മുടെ പ്രസംഗ പ്രവർത്തനത്തിന്റെ ഒരു പ്രാഥമിക ഉദ്ദേശ്യം യഹോവയോടുള്ള ഭയം നട്ടുവളർത്തുകയും അവന്റെ ഹിതത്തിനു കീഴ്പെടുകയും ചെയ്യാൻ മറ്റുള്ളവരെ സഹായിക്കുക എന്നതാണ്. മടക്ക സന്ദർശനങ്ങൾ നടത്തുകയും ഭവന ബൈബിൾ അധ്യയനങ്ങൾ തുടങ്ങാൻ ശ്രമിക്കുകയും അങ്ങനെ ദൈവത്തിന്റെ കല്പനകളെല്ലാം മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തുകൊണ്ടാണ് നാം അതു നിർവഹിക്കുന്നത്. അങ്ങനെ നാം ദൈവത്തോടുള്ള ഭയവും അയൽക്കാരോടുള്ള സ്നേഹവും പ്രകടമാക്കുന്നു.—മത്താ. 22:37-39.
5 ദൈവഭയം ഇല്ലാത്തവർക്ക് ആത്മീയ കാര്യങ്ങളോടു വിലമതിപ്പ് വളർത്തിയെടുക്കാനാവില്ല. അവർ ലോകത്തിന്റെ മാരകമായ വായുവിന് അഥവാ മാനസിക ഭാവത്തിനു കീഴ്പെടുന്നു. (എഫെ. 2:2) “ദൈവത്തിന്നു . . . ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക” എന്നതായിരിക്കട്ടെ നമ്മുടെ തീരുമാനം. (എബ്രാ. 12:28) അതുവഴി, ദൈവത്തെ എല്ലായ്പോഴും ഭയപ്പെടുന്നവർക്കുള്ള അനുഗ്രഹങ്ങൾ നാം കൊയ്യും.