നിങ്ങൾ ധൈര്യത്തോടെ പ്രസംഗിക്കുന്നുവോ?
1 പത്രൊസിനെയും യോഹന്നാനെയും എതിരാളികൾ അറസ്റ്റു ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും അവർ രാജ്യസന്ദേശം ധൈര്യത്തോടെ ഘോഷിക്കുന്നതിൽ തുടർന്നു. (പ്രവൃ. 4:17, 21, 31) ധൈര്യത്തോടെ പ്രസംഗിക്കുകയെന്നാൽ ഇന്ന് എന്താണ് അർഥമാക്കുന്നത്?
2 ധൈര്യത്തോടെ സാക്ഷീകരിക്കൽ: “ധൈര്യമുള്ള” എന്നതിന്റെ ഒരു പര്യായം “ഭയമില്ലാത്ത” എന്നാണ്. “നിർഭയത്വവും മനക്കരുത്തും സഹിഷ്ണുതയും” പ്രകടമാക്കുന്നതിൽ “ഉറച്ച നിലപാട് സ്വീകരിക്കുന്നതിനെ” അത് അർഥമാക്കുന്നു. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, ധൈര്യത്തോടെ പ്രസംഗിക്കുക എന്നാൽ, മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കാൻ ഉചിതമായ അവസരം ലഭ്യമാകുമ്പോഴെല്ലാം നിർഭയം സംസാരിക്കുക എന്നാണ്. (പ്രവൃ. 4:20; 1 പത്രൊ. 3:15) സുവാർത്ത സംബന്ധിച്ച് നാം ലജ്ജിക്കുന്നില്ല എന്നാണ് അതിന്റെ അർഥം. (സങ്കീ. 119:46; റോമ. 1:16; 2 തിമൊ. 1:8) അതുകൊണ്ട്, രാജ്യസുവാർത്ത പ്രസംഗിക്കാനുള്ള നിയോഗം ഈ അന്ത്യകാലത്ത് നിറവേറ്റുന്നതിന് ആവശ്യമായ ഒരു ഗുണമാണ് ധൈര്യം. കണ്ടുമുട്ടുന്ന എല്ലാവരോടും സുവാർത്ത പങ്കുവെക്കാൻ അതു നമ്മെ പ്രേരിപ്പിക്കുന്നു.—പ്രവൃ. 4:30; 1 കൊരി. 9:23.
3 സ്കൂളിൽ ധൈര്യം: ഭയമോ ലജ്ജാശീലമോ നിമിത്തം സഹപാഠികളോടു സാക്ഷീകരിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടു തോന്നുന്നുണ്ടോ? ചില അവസരങ്ങളിൽ സാക്ഷീകരിക്കുന്നത് അത്ര എളുപ്പമല്ലായിരിക്കാം; ചിലപ്പോൾ അത് ഒരു വെല്ലുവിളിതന്നെ ആയിരിക്കാം. എന്നിരുന്നാലും, മറ്റുള്ളവരോടു പ്രസംഗിക്കാനുള്ള ധൈര്യത്തിനായി നിങ്ങൾ യഹോവയോട് അപേക്ഷിക്കുന്നെങ്കിൽ അവൻ നിങ്ങൾക്കു ശക്തി പകരും. (സങ്കീ. 138:3) യഹോവയുടെ സാക്ഷിയായി നിങ്ങളെത്തന്നെ തിരിച്ചറിയിക്കാനും പരിഹാസത്തെ ചെറുത്തുനിൽക്കാനും ധൈര്യം നിങ്ങളെ സഹായിക്കും. അങ്ങനെ, സ്കൂളിലെ നിങ്ങളുടെ പ്രസംഗം അത് ശ്രദ്ധിക്കുന്നവരുടെ ജീവൻ രക്ഷിച്ചേക്കാം.—1 തിമൊ. 4:16.
4 തൊഴിൽസ്ഥലത്ത് ധൈര്യം: തൊഴിൽസ്ഥലത്ത് യഹോവയുടെ സാക്ഷികളിൽ ഒരാളായാണോ നിങ്ങൾ അറിയപ്പെടുന്നത്? സഹജോലിക്കാരുടെ പക്കൽ സുവാർത്ത എത്തിക്കാനുള്ള ഏക മാധ്യമം നിങ്ങളായിരിക്കാം. കൂടാതെ, ക്രിസ്തീയ യോഗങ്ങൾക്കും കൺവെൻഷനുകൾക്കും പോകാനുള്ള അവധിക്ക് അപേക്ഷിക്കാനും ധൈര്യം നിങ്ങളെ സഹായിക്കും.
5 പരിശോധനയിൻ കീഴിൽ ധൈര്യം: എതിർപ്പുകളെ അഭിമുഖീകരിക്കുമ്പോഴും ധൈര്യം അത്യന്താപേക്ഷിതമാണ്. (1 തെസ്സ. 2:1, 2) ഭീഷണിയോ പരിഹാസമോ നേരിട്ടുള്ള പീഡനമോ ഉണ്ടാകുമ്പോൾ നമ്മുടെ വിശ്വാസം മുറുകെപ്പിടിക്കാൻ അതു നമ്മെ സഹായിക്കുന്നു. (ഫിലി. 1:27, 28) യഹോവയാം ദൈവത്തിന്റെ നിലവാരങ്ങളോടുള്ള നമ്മുടെ വിശ്വസ്തതയിൽ വിട്ടുവീഴ്ച ചെയ്യാനുള്ള സമ്മർദം ഉണ്ടാകുമ്പോൾ ഉറച്ചുനിൽക്കാൻ അതു നമുക്കു ശക്തി പകരുന്നു. മറ്റുള്ളവർ പ്രശ്നമുണ്ടാക്കുമ്പോൾ നമ്മുടെ ശാന്തത നിലനിറുത്താൻ അതു നമ്മെ പ്രാപ്തരാക്കുന്നു.—റോമ. 12:18.
6 വ്യക്തിപരമായി എന്തെല്ലാം പ്രശ്നങ്ങളെ അഭിമുഖീകരിച്ചാലും, സുവാർത്ത ധൈര്യത്തോടെ ഘോഷിക്കുന്നതിൽ നമുക്കു വ്യാപൃതരായിരിക്കാം.—എഫെ. 6:18-20.