ദൈവവചനം ധൈര്യത്തോടെ പ്രസ്താവിക്കുന്നതിൽ തുടരുക
1 നമ്മുടെ പ്രസംഗവേലയെ എല്ലാവരും സ്വാഗതംചെയ്യുകയില്ലെന്ന് ക്രിസ്തീയ ശുശ്രൂഷകരായ നമുക്കറിയാം. (മത്താ. 10:14) എന്നിരുന്നാലും, ചിലർ നിഷേധാത്മകമായി പ്രതികരിക്കുന്നുവെന്ന കാരണത്താൽ നാം സുവാർത്താഘോഷണത്തിൽനിന്നു പിന്മാറുകയില്ല. (സദൃ. 29:25) ദൈവവചനം ധൈര്യത്തോടെ പ്രസ്താവിക്കുന്നതിൽ തുടരാൻ നമ്മെ എന്തു സഹായിക്കും?
2 അപ്പൊസ്തലനായ പൗലൊസ് “ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത” വിലമതിച്ചു. “ബഹുനിശ്ചയ”ത്തോടെ സംസാരിക്കാൻ ഇത് അവനെ പ്രേരിപ്പിച്ചു. (ഫിലി. 3:8; 1 തെസ്സ. 1:5) അവൻ പ്രസംഗിച്ച സന്ദേശം കഴമ്പില്ലാത്തതും ഭോഷത്തവും ആണെന്നു ചിലർ വിചാരിച്ചെങ്കിലും, അത് “വിശ്വസിക്കുന്ന ഏവന്നും . . . രക്ഷെക്കായി ദൈവശക്തിയാകുന്നു”വെന്ന് അവന് അറിയാമായിരുന്നു. (റോമ. 1:16) അതുകൊണ്ട് എതിർപ്പ് നേരിട്ടപ്പോൾപ്പോലും അവൻ “കർത്താവിൽ ആശ്രയിച്ചു പ്രാഗത്ഭ്യത്തോടെ [“ധൈര്യത്തോടെ,” NW] പ്രസംഗിച്ചുകൊണ്ടിരുന്നു.”—പ്രവൃ. 14:1-7; 20:18-21, 24.
3 നമ്മുടെ ശക്തിയുടെ ഉറവ്: സുധീര സാക്ഷ്യം നൽകാൻ പൗലൊസിനു കഴിഞ്ഞത് സ്വന്തം ശക്തിയാലല്ല. തന്നെയും ശീലാസിനെയും കുറിച്ച് അവൻ ഇങ്ങനെ എഴുതി: “ഞങ്ങൾ ഫിലിപ്പിയിൽവെച്ചു കഷ്ടവും അപമാനവും അനുഭവിച്ചിട്ടും വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാൻ ഞങ്ങളുടെ ദൈവത്തിൽ ധൈര്യപ്പെട്ടിരുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (1 തെസ്സ. 2:2; പ്രവൃ. 16:12, 37) കൂടാതെ റോമിൽ തടവിലായിരിക്കെ, ‘സംസാരിക്കേണ്ടുംവണ്ണം പ്രാഗത്ഭ്യത്തോടെ [“ധൈര്യത്തോടെ,” NW]’ സുവാർത്ത അറിയിക്കുന്നതിൽ തുടരാൻ തക്കവണ്ണം മറ്റുള്ളവർ തനിക്കായി പ്രാർഥിക്കാൻ അവൻ അപേക്ഷിച്ചു. (എഫെ. 6:18-20) തന്നിൽത്തന്നെ ആശ്രയിക്കുന്നതിനു പകരം യഹോവയിൽ ആശ്രയിക്കുകവഴി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിക്കുന്നതിൽ തുടരാൻ പൗലൊസിനു കഴിഞ്ഞു.—2 കൊരി. 4:7; ഫിലി. 4:13.
4 ഇന്നും അതുതന്നെ സത്യമാണ്. ജോലിസ്ഥലത്ത് യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരുവനാണെന്നു വെളിപ്പെടുത്താനും അവിടെ അനൗപചാരിക സാക്ഷീകരണം നടത്താനും വളരെ ബുദ്ധിമുട്ടു തോന്നിയ ഒരു സഹോദരൻ തന്റെ പ്രശ്നത്തെക്കുറിച്ചു പ്രാർഥിക്കുകയും സാക്ഷീകരിക്കാൻ തുടങ്ങുകയും ചെയ്തു. സഹോദരൻ പറയുന്നതു കേൾക്കാൻ ഒരു സഹപ്രവർത്തകൻ ആദ്യമൊന്നും താത്പര്യം കാണിച്ചില്ല. എന്നാൽ പുനരുത്ഥാന പ്രത്യാശയെക്കുറിച്ചു കേട്ടപ്പോൾ അദ്ദേഹം ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചു. അന്നുമുതൽ, സാക്ഷ്യം നൽകാൻ ലഭിക്കുന്ന ഏതൊരു അവസരവും ആ സഹോദരൻ പ്രയോജനപ്പെടുത്തി. തന്റെ അടുത്ത ജോലിസ്ഥലത്ത്, അദ്ദേഹം 14 വർഷംകൊണ്ട് 34 പേരെ സ്നാപനത്തിന്റെ പടിയിലേക്കു പുരോഗമിക്കാൻ സഹായിച്ചു. ‘തന്റെ വചനം പൂർണ്ണധൈര്യത്തോടെ പ്രസ്താവിക്കുന്നതിൽ’ തുടരാൻ യഹോവ നമ്മെയും ശക്തീകരിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.—പ്രവൃ. 4:30ബി.