സമപ്രായക്കാരിൽനിന്നുള്ള സമ്മർദവും പ്രസംഗിക്കാനുള്ള പദവിയും
1 സമപ്രായക്കാരിൽനിന്നുള്ള സമ്മർദം ശക്തമായ ഒരു സ്വാധീനമാണ്—നന്മയ്ക്കായാലും തിന്മയ്ക്കായാലും. ക്രിസ്തീയ സൽപ്രവൃത്തികൾക്കു നമ്മെ പ്രചോദിപ്പിക്കുന്ന ഒരു ക്രിയാത്മക സ്വാധീനം യഹോവയുടെ സഹദാസന്മാർക്ക് നമ്മുടെമേലുണ്ട്. (എബ്രാ. 10:24, 25) എങ്കിലും, ക്രിസ്തീയ തത്ത്വങ്ങൾക്കു വിരുദ്ധമായ ഒരു ഗതി സ്വീകരിക്കാനുള്ള സമ്മർദം നമ്മുടെമേൽ ചെലുത്താൻ സാക്ഷികളല്ലാത്ത കുടുംബാംഗങ്ങൾ, സഹജോലിക്കാർ, സഹപാഠികൾ, അയൽക്കാർ, മറ്റു പരിചയക്കാർ എന്നിവർക്കു കഴിയും. അവർ, “ക്രിസ്തുവിൽ [നമുക്കുള്ള] നല്ല നടപ്പിനെ ദുഷി”ച്ചു സംസാരിച്ചേക്കാം. (1 പത്രൊ. 3:16) സമപ്രായക്കാരിൽനിന്ന് ഇത്തരത്തിലുള്ള സമ്മർദം ഉണ്ടാകുമ്പോൾപ്പോലും പ്രസംഗിച്ചുകൊണ്ടിരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ നമുക്ക് എങ്ങനെ കഴിയും?
2 കുടുംബാംഗങ്ങൾ: ചിലപ്പോൾ യഹോവയുടെ സാക്ഷിയല്ലാത്ത ഭർത്താവിനോ പിതാവിനോ, തന്റെ ഭാര്യയോ മക്കളോ പരസ്യ ശുശ്രൂഷയിൽ ഏർപ്പെടുന്നതിൽ താത്പര്യമില്ലായിരിക്കാം. മെക്സിക്കോയിലെ ഒരു കുടുംബത്തിന്റെ സാഹചര്യം അതായിരുന്നു. ഒരാളുടെ ഭാര്യയും ഏഴു മക്കളും സത്യത്തിൽവന്നു. ആദ്യമൊക്കെ അയാൾ എതിർപ്പു പ്രകടിപ്പിച്ചിരുന്നു, കാരണം ഭാര്യയും മക്കളും വീടുതോറും പ്രസംഗിക്കുന്നതും ബൈബിൾ സാഹിത്യങ്ങൾ വിതരണം ചെയ്യുന്നതും അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. അത് തങ്ങളുടെ നിലയ്ക്കും വിലയ്ക്കും ചേർന്നതല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. എങ്കിലും, യഹോവയെ സേവിക്കാനും ശുശ്രൂഷയിൽ ക്രമമായി ഏർപ്പെടാനും ഉള്ള തീരുമാനത്തിൽ ഭാര്യയും മക്കളും ഉറച്ചുനിന്നു. കാലക്രമത്തിൽ, സുവാർത്ത പ്രസംഗിക്കാനുള്ള ദൈവിക ക്രമീകരണത്തിന്റെ മൂല്യം അദ്ദേഹത്തിനു കാണാൻ കഴിഞ്ഞു. അദ്ദേഹവും യഹോവയ്ക്കു തന്നെത്തന്നെ സമർപ്പിച്ചു. സത്യം സ്വീകരിക്കാൻ അദ്ദേഹത്തിനു 15 വർഷം വേണ്ടിവന്നു. എന്നാൽ ആ കുടുംബം പ്രസംഗിക്കാനുള്ള തങ്ങളുടെ പദവിയിൽ ഉറച്ചുനിന്നില്ലായിരുന്നെങ്കിൽ അദ്ദേഹം എന്നെങ്കിലും സത്യം സ്വീകരിക്കുമായിരുന്നോ?—ലൂക്കൊ. 1:74; 1 കൊരി. 7:16.
3 സഹജോലിക്കാർ: സഹജോലിക്കാരോട് സാക്ഷീകരിക്കാൻ ശ്രമിച്ചാൽ എല്ലാവരും നന്നായി പ്രതികരിച്ചെന്നുവരില്ല. ഒരു സഹോദരിക്കു പിൻവരുന്ന അനുഭവമുണ്ടായി. ലോകാവസാനത്തെക്കുറിച്ച് ഓഫീസിൽ വെച്ചുണ്ടായ ഒരു ചർച്ചാവേളയിൽ, മത്തായി 24-ാം അധ്യായം വായിച്ചുനോക്കാൻ സഹോദരി നിർദേശിച്ചപ്പോൾ മറ്റുള്ളവർ അവരെ പരിഹസിച്ചു. എന്നിരുന്നാലും ഏതാനും ദിവസം കഴിഞ്ഞ്, താൻ ആ ഭാഗം വായിച്ചതായും അതിൽ വളരെ മതിപ്പു തോന്നിയതായും ഒരു സഹജോലിക്കാരി സഹോദരിയോട് പറഞ്ഞു. അവർക്ക് സഹോദരി ഒരു പ്രസിദ്ധീകരണം നൽകി. തുടർന്ന്, അവർക്കും ഭർത്താവിനും ഒരു ബൈബിൾ അധ്യയനം ക്രമീകരിച്ചു. ആദ്യ ദിവസത്തെ അധ്യയനം അവസാനിച്ചത് വെളുപ്പിന് രണ്ടു മണിക്കാണ്. മൂന്നാമത്തെ അധ്യയനത്തിനുശേഷം അവർ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. താമസിയാതെ അവർ പുകയിലയുടെ ഉപയോഗം ഉപേക്ഷിക്കുകയും ശുശ്രൂഷയിൽ പങ്കെടുത്തു തുടങ്ങുകയും ചെയ്തു. തന്റെ പ്രത്യാശ മറ്റുള്ളവരുമായി പങ്കുവെക്കാൻ ആ സഹോദരി ശ്രമിച്ചില്ലായിരുന്നെങ്കിൽ അങ്ങനെ സംഭവിക്കുമായിരുന്നോ?
4 സഹപാഠികൾ: സ്കൂളിലായിരിക്കെ സമപ്രായക്കാരിൽനിന്നുള്ള സമ്മർദം അനുഭവപ്പെടുന്നതും സുവാർത്ത പങ്കുവെച്ചാൽ കൂട്ടുകാർ തങ്ങളെ കളിയാക്കുമോ എന്നു ഭയപ്പെടുന്നതും സാക്ഷികളായ ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം അസാധാരണമല്ല. ഐക്യനാടുകളിലുള്ള ഒരു ക്രിസ്തീയ ചെറുപ്പക്കാരി ഇങ്ങനെ പറഞ്ഞു: “സമപ്രായക്കാരോട് സാക്ഷീകരിച്ചാൽ അവർ എന്നെ കളിയാക്കുമോ എന്നു ഞാൻ ഭയപ്പെട്ടിരുന്നു.” അതുകൊണ്ട് അവൾ സ്കൂളിലും വയൽസേവന പ്രദേശത്തും സമപ്രായക്കാരോട് സാക്ഷീകരിക്കാനുള്ള അവസരങ്ങൾ ഒഴിവാക്കിയിരുന്നു. സമപ്രായക്കാരിൽനിന്നുള്ള സമ്മർദത്തെ ചെറുത്തുനിൽക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? യഹോവയിൽ ആശ്രയിക്കുകയും അവന്റെ അംഗീകാരം തേടുകയും ചെയ്യുക. (സദൃ. 29:25) ശുശ്രൂഷയിൽ ബൈബിൾ ഉപയോഗിക്കാനുള്ള നിങ്ങളുടെ പ്രാപ്തിയിൽ അഭിമാനിക്കുക. (2 തിമൊ. 2:15) മേൽപ്രസ്താവിച്ച ചെറുപ്പക്കാരി, തന്റെ സഹപാഠികളോടു സംസാരിക്കാനുള്ള ആഗ്രഹം തന്നിൽ വളർത്തേണമേ എന്ന് യഹോവയോടു പ്രാർഥിച്ചു. അങ്ങനെ അവൾ സ്കൂളിൽവെച്ച് അനൗപചാരികമായി സാക്ഷീകരിക്കാൻ തുടങ്ങുകയും നല്ല ഫലങ്ങൾ ലഭിക്കുകയും ചെയ്തു. പെട്ടെന്നുതന്നെ പരിചയമുള്ള എല്ലാവരോടും അവൾ സാക്ഷീകരിക്കാൻ തുടങ്ങി. അവൾ പറയുന്നു: “സഹപാഠികൾക്ക് ഒരു ഭാവി പ്രത്യാശ ആവശ്യമാണ്, അവർ അത് ആഗ്രഹിക്കുകയും ചെയ്യുന്നു. അവരെ സഹായിക്കാൻ യഹോവ നമ്മെ ഉപയോഗിക്കുകയാണ്.”
5 അയൽക്കാർ: സാക്ഷികൾ ആയിരിക്കുന്നതിനാലും നമ്മുടെ വിശ്വാസങ്ങളെ പ്രതിയും നമ്മോട് ഇഷ്ടക്കേടുള്ള അയൽക്കാരോ പരിചയക്കാരോ ഉണ്ടായിരിക്കാം. അവർ എന്തു ചിന്തിക്കുമെന്ന് നിങ്ങൾ ഭയപ്പെടുന്നെങ്കിൽ സ്വയം ഇങ്ങനെ ചോദിക്കുക: ‘നിത്യജീവനിലേക്ക് നയിക്കുന്ന സത്യം അവർക്ക് അറിയാമോ? അത് അവരുടെ ഹൃദയങ്ങളിൽ എത്തിക്കുന്നതിനായി എനിക്ക് എന്തു ചെയ്യാൻ കഴിയും?’ അയൽക്കാരോട് അൽപ്പാൽപ്പമായി സാക്ഷീകരിച്ചാൽ നല്ല ഫലം ഉണ്ടാകുമെന്ന് ഒരു സർക്കിട്ട് മേൽവിചാരകൻ പറയുന്നു. ആത്മാർഥ ഹൃദയരെ കണ്ടെത്തുന്നതിൽ തുടരാനുള്ള ശക്തിക്കും ജ്ഞാനത്തിനുമായി യഹോവയോട് അപേക്ഷിക്കുക.—ഫിലി. 4:13.
6 നമ്മെ എതിർക്കുന്നവരുടെ ആഗ്രഹങ്ങൾക്ക് വഴങ്ങുന്നത് അവരെ സന്തോഷിപ്പിച്ചേക്കാം. എന്നാൽ, അത് അവർക്കോ നമുക്കോ പ്രയോജനം ചെയ്യുമോ? യേശുവിന് എതിർപ്പു നേരിട്ടത് സ്വന്ത ജനത്തിൽനിന്നായിരുന്നു. തന്റെ അർധസഹോദരന്മാരുടെ കടുത്ത ശകാരംപോലും അവനു സഹിക്കേണ്ടിവന്നു. എന്നിരുന്നാലും ദൈവം തനിക്കു നൽകിയ നിയമനത്തോട് പറ്റിനിൽക്കുന്നതിൽ തുടർന്നാൽ മാത്രമേ തനിക്ക് അവരെ സഹായിക്കാൻ കഴിയൂ എന്ന് യേശുവിന് അറിയാമായിരുന്നു. അങ്ങനെ, യേശു ‘പാപികളാൽ തനിക്കു നേരിട്ട . . . വിരോധം സഹിച്ചു.’ (എബ്രാ. 12:2, 3) നാമും അതുപോലെതന്നെ ചെയ്യണം. രാജ്യ സന്ദേശം ഘോഷിക്കാനുള്ള നിങ്ങളുടെ പദവിയെ പരമാവധി ഉപയോഗപ്പെടുത്താൻ ദൃഢചിത്തരായിരിക്കുക. അങ്ങനെ ചെയ്താൽ, “നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.”—1 തിമൊ. 4:16.