നല്ല ശ്രോതാവ് ആയിരിക്കുവിൻ
1 ഏകാഗ്രമായി ശ്രദ്ധിക്കണമെങ്കിൽ നല്ല ആത്മശിക്ഷണം ആവശ്യമാണ്. അതുപോലെ, കേൾക്കുന്ന കാര്യങ്ങളിൽനിന്ന് പഠിക്കാനും പ്രയോജനം അനുഭവിക്കാനുമുള്ള ആഗ്രഹവും ഉണ്ടായിരിക്കണം. അതുകൊണ്ടാണ് ‘നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊള്ളാൻ’ യേശു ഉദ്ബോധിപ്പിച്ചത്.—ലൂക്കൊ. 8:18.
2 സഭായോഗങ്ങൾക്കും സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും നാം ഹാജരാകുമ്പോൾ ഇതു വിശേഷാൽ ബാധകമാണ്. നാം നന്നായി ശ്രദ്ധിക്കേണ്ട അവസരങ്ങളാണ് ഇവ. (എബ്രാ. 2:1) ഈ ക്രിസ്തീയ കൂടിവരവുകളിൽ നല്ല ശ്രോതാവായിരിക്കാൻ നിങ്ങളെ സഹായിക്കുന്ന ഏതാനും ആശയങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
◼ യോഗങ്ങളുടെ മൂല്യം വിലമതിക്കുക. ‘വിശ്വസ്ത ഗൃഹവിചാരക’നിലൂടെ ‘യഹോവ നമ്മെ പഠിപ്പിക്കുന്ന’ ഒരു സുപ്രധാന വിധമാണ് ഇത്.—ലൂക്കൊ. 12:42; യെശ. 54:13, NW.
◼ മുന്നമേ തയ്യാറാകുക. ചർച്ച ചെയ്യപ്പെടാൻ പോകുന്ന വിവരങ്ങൾ അവലോകനം ചെയ്യുകയും യോഗങ്ങൾക്കു പോകുമ്പോൾ ബൈബിളും പഠിക്കാൻ പോകുന്ന പ്രസിദ്ധീകരണങ്ങളുടെ വ്യക്തിഗത പ്രതികളും കൂടെകരുതുക.
◼ യോഗസമയത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രത്യേക ശ്രമം ചെയ്യുക. അടുത്തിരിക്കുന്നവരോട് സംസാരിക്കുകയോ സദസ്സിലുള്ള മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങൾ നോക്കിയിരിക്കുകയോ ചെയ്യരുത്. യോഗത്തിനു ശേഷം എന്തു ചെയ്യണം എന്നിങ്ങനെയുള്ള വ്യക്തിപരമായ കാര്യങ്ങൾ ചിന്തിച്ചുകൊണ്ട് ശ്രദ്ധ പതറാനും അനുവദിക്കരുത്.
◼ കേൾക്കുന്ന കാര്യങ്ങൾ അപഗ്രഥിക്കുക. സ്വയം ഇങ്ങനെ ചോദിക്കുക: ‘ഇത് എനിക്ക് ബാധകമാകുന്നത് എങ്ങനെ? ഞാൻ ഇത് എപ്പോൾ ബാധകമാക്കും?’
◼ പ്രധാന ആശയങ്ങളുടെയും തിരുവെഴുത്തുകളുടെയും ഹ്രസ്വമായ കുറിപ്പുകളെടുക്കുക. ചർച്ച ചെയ്യപ്പെടുന്ന ആശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പിന്നീടുള്ള ഉപയോഗത്തിനായി മുഖ്യ ആശയങ്ങൾ ഓർത്തിരിക്കാനും ഇത് നിങ്ങളെ സഹായിക്കും.
3 ശ്രദ്ധിച്ചിരിക്കാൻ കുട്ടികളെ പഠിപ്പിക്കുക: കുട്ടികൾക്ക് ആത്മീയ പ്രബോധനം ആവശ്യമാണ്. (ആവ. 31:12) പുരാതന കാലങ്ങളിൽ, ദൈവജനത്തിനിടയിലെ ‘കേട്ടു ഗ്രഹിപ്പാൻ പ്രാപ്തിയുള്ള എല്ലാവരും’ ന്യായപ്രമാണം വായിക്കുമ്പോൾ ഏകാഗ്രതയോടെ ശ്രദ്ധിക്കണമായിരുന്നു. (നെഹെ. 8:1-3) മാതാപിതാക്കൾ യോഗങ്ങളിൽ പങ്കുപറ്റുകയും നന്നായി ശ്രദ്ധിച്ചിരിക്കുകയും ചെയ്യുന്നെങ്കിൽ കുട്ടികളും അങ്ങനെതന്നെ ചെയ്യാൻ ചായ്വ് ഉള്ളവരായിരിക്കും. കുട്ടികൾക്കു വേണ്ടി കളിപ്പാട്ടങ്ങളോ ചായം അടിക്കുന്നതിനുള്ള പുസ്തകങ്ങളോ മറ്റോ കൊണ്ടുവരുന്നത് ബുദ്ധിയല്ല. അനാവശ്യമായി ടോയ്ലെറ്റിൽ പോകുന്നതും അവരുടെ ശ്രദ്ധയെ തടസ്സപ്പെടുത്തും. “ബാലന്റെ ഹൃദയത്തോടു ഭോഷത്വം പററിയിരിക്കുന്ന”തിനാൽ, കുട്ടികൾ അടങ്ങിയിരുന്ന് യോഗപരിപാടികൾ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ മാതാപിതാക്കൾ ആത്മാർഥമായി ശ്രമിക്കണം.—സദൃ. 22:15.
4 നല്ല ശ്രോതാക്കൾ ആയിരിക്കുന്നതിലൂടെ നാം യഥാർഥത്തിൽ ജ്ഞാനികളാണെന്നും ‘വിദ്യാഭിവൃദ്ധിപ്രാപിപ്പാൻ’ ആഗ്രഹിക്കുന്നവരാണെന്നും തെളിയിക്കുകയാണു ചെയ്യുന്നത്.—സദൃ. 1:5.