“നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിനു ശ്രദ്ധ നൽകുക”
പഠനത്തിന് അനിവാര്യമായ ഒരു ഘടകമാണ് കേൾക്കുക എന്നത്. അതിന് ഒരു വ്യക്തിയുടെ അതിജീവന സാധ്യതയെയും സ്വാധീനിക്കാൻ കഴിയും. യഹോവ ഈജിപ്തിലെ അടിമത്തത്തിൽനിന്നു തന്റെ ജനത്തെ വിടുവിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തവേ മോശെക്കു ചില നിർദേശങ്ങൾ നൽകി. തുടർന്ന് മോശെ ഇസ്രായേൽ മൂപ്പന്മാരോട് അവരുടെ ആദ്യജാതന്മാരെ മരണദൂതനിൽനിന്നു സംരക്ഷിക്കാനായി എന്തു ചെയ്യണമെന്നു പറയുകയുണ്ടായി. (പുറ. 12:21-23) അനന്തരം അവർ ആ വിവരം ഓരോ കുടുംബത്തെയും അറിയിച്ചു. വാമൊഴിയായാണ് അത് അറിയിച്ചത്. ആളുകൾ അതു ശ്രദ്ധിച്ചു കേൾക്കേണ്ടതുണ്ടായിരുന്നു. അവർ അതിനോട് എങ്ങനെയാണു പ്രതികരിച്ചത്? ബൈബിൾ ഇപ്രകാരം രേഖപ്പെടുത്തുന്നു: ‘യിസ്രായേൽമക്കൾ ഒക്കെയും യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നേ ചെയ്തു.’ (പുറ. 12:28, 49ബി, 50, 51) അതിന്റെ ഫലമായി ഇസ്രായേൽ ഭയഗംഭീരമായ ഒരു വിധത്തിൽ വിടുവിക്കപ്പെട്ടു.
ഇന്ന്, അതിലും മഹത്തായ ഒരു വിടുതലിനു വേണ്ടി യഹോവ നമ്മെ ഒരുക്കുകയാണ്. അവൻ പ്രദാനം ചെയ്യുന്ന നിർദേശങ്ങൾക്കു നാം തീർച്ചയായും സൂക്ഷ്മശ്രദ്ധ കൊടുക്കേണ്ടതുണ്ട്. സഭായോഗങ്ങളിൽ അത്തരം നിർദേശങ്ങൾ നമുക്കു ലഭിക്കുന്നു. അതുപോലുള്ള കൂടിവരവുകളിൽനിന്നു നിങ്ങൾ പൂർണ പ്രയോജനം നേടുന്നുവോ? ഇത് അധികവും നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
യോഗ പരിപാടികളിലെ വിശേഷാശയങ്ങൾ നിങ്ങൾ ഓർമയിൽ സൂക്ഷിക്കാറുണ്ടോ? അവിടെ നൽകപ്പെടുന്ന നിർദേശങ്ങൾ സ്വന്തം ജീവിതത്തിൽ ബാധകമാക്കാനും മറ്റുള്ളവരുമായി പങ്കുവെക്കാനും ഉള്ള വഴികൾ ആഴ്ചതോറും തേടുന്നതു നിങ്ങൾ ഒരു ശീലമാക്കിയിട്ടുണ്ടോ?
ഹൃദയത്തെ ഒരുക്കുക
ക്രിസ്തീയ യോഗങ്ങളിലൂടെ ലഭിക്കുന്ന നിർദേശങ്ങളിൽനിന്നു പൂർണ പ്രയോജനം നേടുന്നതിനു നാം നമ്മുടെ ഹൃദയങ്ങളെ ഒരുക്കേണ്ടതുണ്ട്. യഹൂദാ രാജാവായിരുന്ന യെഹോശാഫാത്തിന്റെ ഭരണകാലത്തു സംഭവിച്ച കാര്യങ്ങൾ ഇതിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു. യെഹോശാഫാത്ത് സത്യാരാധനയ്ക്കുവേണ്ടി ധീരമായ ഒരു നിലപാടു സ്വീകരിച്ചു. അവൻ “പൂജാഗിരികളെയും അശേരാ പ്രതിഷ്ഠകളെയും യെഹൂദയിൽനിന്നു നീക്കിക്കള”യുകയും യഹൂദാ നഗരങ്ങളിലൊക്കെയും ഉള്ള ആളുകൾക്കു യഹോവയുടെ ന്യായപ്രമാണം ഉപദേശിച്ചുകൊടുക്കാൻ പ്രഭുക്കന്മാരെയും ലേവ്യരെയും പുരോഹിതന്മാരെയും നിയോഗിക്കുകയും ചെയ്തു. എന്നിട്ടും, “പൂജാഗിരികൾക്കു നീക്കം വന്നില്ല.” (2 ദിന. 17:6-9; 20:33) വ്യാജദൈവങ്ങളുടെ ആരാധനയും പുറജാതീയ പൂജാഗിരികളിൽ യഹോവയ്ക്കു നടത്തിയിരുന്ന അസ്വീകാര്യമായ ആരാധനയും പിഴുതെറിയാൻ കഴിയാത്തവിധം വേരുറച്ചു പോയിരുന്നു.
യെഹോശാഫാത്ത് ഏർപ്പെടുത്തിയ പ്രബോധന പരിപാടി സ്ഥായിയായ സ്വാധീനം ചെലുത്താഞ്ഞത് എന്തുകൊണ്ടാണ്? നാം തുടർന്ന് ഇങ്ങനെ വായിക്കുന്നു: “ജനം തങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിങ്കലേക്കു തിരിച്ചതുമില്ല [“ദൈവത്തിനായി ഒരുക്കിയിരുന്നില്ല,” NW].” അവർ കേട്ടെങ്കിലും അതിന് അനുസൃതമായി പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടു. യാഗങ്ങൾ അർപ്പിക്കാൻ യെരൂശലേം ദേവാലയം വരെ പോകുന്നതു ബുദ്ധിമുട്ടാണെന്ന് ഒരുപക്ഷേ അവർക്കു തോന്നിയിരിക്കാം. സംഗതി എന്തുതന്നെ ആയിരുന്നാലും, അവരുടെ ഹൃദയങ്ങൾ വിശ്വാസത്താൽ പ്രേരിതമായിരുന്നില്ല.
സാത്താന്യ ലോകത്തിന്റെ വഴികളിലേക്കു വീണ്ടും വഴുതിപ്പോകാതിരിക്കുന്നതിന് യഹോവ ഇന്നു നൽകുന്ന പ്രബോധനം സ്വീകരിക്കാൻ നാം നമ്മുടെ ഹൃദയങ്ങളെ ഒരുക്കേണ്ടതുണ്ട്. നമുക്ക് അതിന് എങ്ങനെ സാധിക്കും? ഒരു പ്രധാന വിധം പ്രാർഥനയാണ്. നന്ദിനിറഞ്ഞ മനസ്സോടെ ദൈവത്തിൽ നിന്നുള്ള നിർദേശങ്ങൾ സ്വീകരിക്കാൻ ഇടയാക്കേണമേയെന്നു നാം പ്രാർഥിക്കണം. (സങ്കീ. 27:4; 95:2, NW) അപൂർണരെങ്കിലും, യഹോവയുടെ ജനത്തെ പഠിപ്പിക്കുന്നതിന് അവന്റെ ഉപകരണങ്ങളായിരിക്കാൻ സന്നദ്ധരായി മുന്നോട്ടു വരുന്ന നമ്മുടെ സഹോദരന്മാരുടെ ശ്രമങ്ങളെ വിലമതിക്കാൻ അതു നമ്മെ സഹായിക്കും. പുതുതായി പഠിക്കുന്ന കാര്യങ്ങളെ പ്രതി മാത്രമല്ല, നേരത്തേ പഠിച്ച കാര്യങ്ങളോടുള്ള വിലമതിപ്പു വർധിപ്പിക്കുന്നതിന് അവസരം ഒരുക്കിത്തരുന്നതിനെ പ്രതിയും യഹോവയ്ക്കു നന്ദി പറയാൻ അതു നമ്മെ പ്രേരിപ്പിക്കും. ദൈവേഷ്ടം പൂർണമായി ചെയ്യാനുള്ള ആഗ്രഹത്തോടെ നാം ഇങ്ങനെ പ്രാർഥിക്കുന്നു: “യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ; . . . നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.”—സങ്കീ. 86:11.
ശ്രദ്ധ കേന്ദ്രീകരിക്കുക
ശ്രദ്ധ കേന്ദ്രീകരിക്കൽ ബുദ്ധിമുട്ടാക്കിത്തീർക്കുന്ന പല ഘടകങ്ങൾ ഉണ്ട്. മനസ്സിൽ ആകുലതകൾ നിറഞ്ഞിരിക്കുന്നെങ്കിൽ നമുക്കു ശ്രദ്ധിച്ചിരിക്കാനാവില്ല. സദസ്സിലും യോഗസ്ഥലത്തിനു വെളിയിലും ഉണ്ടാകുന്ന ഒച്ചയും അനക്കവും നമ്മുടെ ശ്രദ്ധ പതറിച്ചേക്കാം. ശാരീരിക അസ്വാസ്ഥ്യങ്ങൾ നിമിത്തം ശ്രദ്ധ കേന്ദ്രീകരിക്കുക ബുദ്ധിമുട്ടായേക്കാം. തങ്ങൾക്കു പൂർണ ശ്രദ്ധ കൊടുക്കാനാവില്ലെന്നു കൊച്ചുകുട്ടികൾ ഉള്ളവർ പലപ്പോഴും മനസ്സിലാക്കുന്നു. അപ്പോൾ പരിപാടിയിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മെ എന്തു സഹായിക്കും?
നമ്മുടെ ശ്രദ്ധ നാം എവിടെ കേന്ദ്രീകരിക്കുന്നു എന്നതിനെ കണ്ണുകൾ ശക്തമായി സ്വാധീനിക്കുന്നു. അതുകൊണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പ്രസംഗകനിൽ ദൃഷ്ടികൾ പതിപ്പിച്ചു നിറുത്തുക. അദ്ദേഹം ഒരു ബൈബിൾ വാക്യം വായിക്കുമ്പോൾ, അറിയാവുന്നതാണെങ്കിൽ പോലും, നിങ്ങളുടെ ബൈബിൾ എടുത്തു നോക്കുക. ഒരു ഒച്ചയോ അനക്കമോ ഉണ്ടായാലുടൻ തിരിഞ്ഞു നോക്കാനുള്ള ആ പ്രവണതയെ ചെറുത്തു നിൽക്കുക. ശ്രദ്ധാശൈഥില്യം ഉണ്ടാക്കുന്ന ഒട്ടേറെ വിവരങ്ങളെ മനസ്സിലേക്കു കടത്തിവിടാൻ നിങ്ങൾ കണ്ണുകളെ അനുവദിക്കുന്ന പക്ഷം സ്റ്റേജിൽ അവതരിപ്പിക്കപ്പെടുന്ന കാര്യങ്ങളിൽ നല്ലൊരു പങ്കും നിങ്ങൾക്കു നഷ്ടമാകും.
ഏതെങ്കിലും തരത്തിലുള്ള “ആകുലതകൾ” പരിപാടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു ബുദ്ധിമുട്ടാക്കിത്തീർക്കുന്നെങ്കിൽ, ശ്രദ്ധയോടെ ഇരിക്കാനായി മനസ്സിനും ഹൃദയത്തിനും പ്രശാന്തത തരണമേയെന്ന് യഹോവയോടു പ്രാർഥിക്കുക. (സങ്കീ. 94:19, പി.ഒ.സി. ബൈബിൾ; ഫിലി. 4:6, 7) ആവശ്യമെങ്കിൽ പല തവണ ഇങ്ങനെ ചെയ്യാവുന്നതാണ്. (മത്താ. 7:7, 8, NW) സഭായോഗങ്ങൾ യഹോവയിൽ നിന്നുള്ള ഒരു കരുതലാണ്. അവയിൽനിന്നു നിങ്ങൾ പ്രയോജനം അനുഭവിക്കാൻ അവൻ ആഗ്രഹിക്കുന്നു എന്ന് നിങ്ങൾക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും.—1 യോഹ. 5:14, 15.
പ്രസംഗങ്ങൾ ശ്രദ്ധിച്ചു കേൾക്കൽ
പ്രസംഗങ്ങളിൽ കേട്ട ഇഷ്ടപ്പെട്ട പോയിന്റുകൾ നിങ്ങൾക്ക് ഓർമിക്കാൻ കഴിയുമായിരിക്കും. എന്നാൽ, പ്രസംഗം ശ്രദ്ധിച്ചു കേൾക്കുന്നതിൽ, പ്രമുഖ പോയിന്റുകൾ പിടിച്ചെടുക്കുന്നതിലും കൂടുതൽ ഉൾപ്പെട്ടിരിക്കുന്നു. പ്രസംഗം ഒരു യാത്ര പോലെയാണ്. വഴി മധ്യേ രസകരമായ പല സംഗതികളും കാണാൻ ഉണ്ടായിരിക്കാമെങ്കിലും പ്രധാന സംഗതി ലക്ഷ്യസ്ഥാനമാണ്. പ്രസംഗകൻ സദസ്സിനെ ഒരു നിശ്ചിത നിഗമനത്തിലേക്കു നയിക്കാനോ എന്തെങ്കിലും ഒരു നടപടി എടുക്കാൻ പ്രേരിപ്പിക്കാനോ ശ്രമിക്കുകയായിരിക്കാം.
ഇസ്രായേൽ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് യോശുവ നടത്തിയ പ്രസംഗത്തെ കുറിച്ചു പരിചിന്തിക്കുക. അത് യോശുവ 24:1-15-ൽ രേഖപ്പെടുത്തിയിരിക്കുന്നു. ചുറ്റുമുള്ള ജനതകളുടെ വിഗ്രഹാരാധനയിൽനിന്നു പൂർണമായി വേർപെട്ടു നിന്നുകൊണ്ട് സത്യാരാധനയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത ഒരു നിലപാട് എടുക്കാൻ ജനത്തെ പ്രേരിപ്പിക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. അത് അത്രയേറെ പ്രധാനമായിരുന്നത് എന്തുകൊണ്ട്? വ്യാപകമായിത്തീർന്ന വ്യാജാരാധനയുടെ സ്വാധീനം യഹോവയുടെ മുമ്പാകെ ഇസ്രായേൽ ജനത്തിനുള്ള നല്ല നിലയ്ക്കു ഗുരുതരമായ ഭീഷണി ഉയർത്തിയിരുന്നു. ആളുകൾ ഇങ്ങനെ പറഞ്ഞുകൊണ്ട് യോശുവയുടെ അപേക്ഷയോടു പ്രതികരിച്ചു: ‘യഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിപ്പാൻ ഞങ്ങൾക്കു സംഗതി വരരുതേ. ഞങ്ങൾ യഹോവയെ സേവിക്കും.’ അവർ അങ്ങനെതന്നെ ചെയ്തു!—യോശു. 24:16, 18, 31.
ഒരു പ്രസംഗം കേൾക്കുമ്പോൾ അതിന്റെ ലക്ഷ്യം എന്താണെന്നു കണ്ടുപിടിക്കാൻ ശ്രമിക്കുക. പ്രസംഗകൻ ശ്രദ്ധയിൽ കൊണ്ടുവരുന്ന പോയിന്റുകൾ ആ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്നത് എങ്ങനെ എന്നു പരിചിന്തിക്കുക. പ്രസംഗം എന്തു ചെയ്യാനാണു നിങ്ങളെ ആഹ്വാനം ചെയ്യുന്നതെന്നു സ്വയം ചോദിക്കുക.
ചർച്ചകളുടെ സമയത്ത് ശ്രദ്ധിച്ചു കേൾക്കൽ
വീക്ഷാഗോപുര അധ്യയനം, സഭാ പുസ്തക അധ്യയനം, സേവനയോഗത്തിലെ ചില പരിപാടികൾ എന്നിവ അച്ചടിച്ച ബൈബിളധിഷ്ഠിത വിവരങ്ങളുടെ ചോദ്യോത്തര ചർച്ചയായിട്ടാണു നടത്തപ്പെടുന്നത്.
ഒരു ചർച്ചയുടെ സമയത്തു കേട്ടിരിക്കുന്നത് ഒരു പരിധിവരെ സംഭാഷണത്തിൽ പങ്കെടുക്കുന്നതു പോലെയാണ്. പൂർണ പ്രയോജനം നേടുന്നതിനു ശ്രദ്ധിച്ചു കേൾക്കുക. ചർച്ച ഏതു ദിശയിലാണു നീങ്ങുന്നതെന്നു തിരിച്ചറിയുക. ചർച്ച നടത്തുന്നയാൾ പ്രതിപാദ്യ വിഷയവും മുഖ്യ പോയിന്റുകളും ഊന്നിപ്പറയുന്നത് എങ്ങനെയെന്നു ശ്രദ്ധിക്കുക. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കു മനസ്സിൽ ഉത്തരം പറയുക. മറ്റുള്ളവർ വിവരങ്ങൾ വിശദീകരിക്കുകയും അവ എങ്ങനെ ബാധകമാകുന്നു എന്നു പറയുകയും ചെയ്യുമ്പോൾ ശ്രദ്ധിച്ചു കേൾക്കുക. അറിയാവുന്ന വിഷയമാണെങ്കിൽ കൂടി മറ്റുള്ളവരുടെ വീക്ഷണകോണിലൂടെ അതിനെ നോക്കിക്കാണുന്നത് പുതിയ ഉൾക്കാഴ്ച ലഭിക്കുന്നതിനു നിങ്ങളെ സഹായിച്ചേക്കാം. വിശ്വാസം പ്രതിഫലിപ്പിക്കുന്ന അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് വീക്ഷണങ്ങൾ പരസ്പരം കൈമാറുന്നതിൽ നിങ്ങളുടേതായ പങ്കുവഹിക്കുക.—റോമ. 1:12.
നിയമിത ഭാഗങ്ങൾ മുന്നമേ പഠിക്കുന്നത് ചർച്ചയിൽ മുഴുകാനും മറ്റുള്ളവർ പറയുന്ന അഭിപ്രായങ്ങൾ മനസ്സിലാക്കാനും നിങ്ങളെ സഹായിക്കും. നിയമിത ഭാഗങ്ങൾ സമഗ്രമായി പഠിക്കാൻ നിങ്ങളുടെ സാഹചര്യം അനുവദിക്കുന്നില്ലെങ്കിൽ യോഗത്തിനു മുമ്പ് ആ ഭാഗം ആകമാനമൊന്നു നോക്കിവെക്കാനെങ്കിലും അൽപ്പസമയം എടുക്കുക. ചർച്ചയിൽനിന്നു കൂടുതൽ പ്രയോജനം നേടാൻ അതു നിങ്ങളെ സഹായിക്കും.
സമ്മേളനങ്ങളിലും കൺവെൻഷനുകളിലും പരിപാടികൾ ശ്രദ്ധിച്ചു കേൾക്കൽ
സഭായോഗങ്ങളുടെ സമയത്ത് ഉള്ളതിനെക്കാൾ ശ്രദ്ധാശൈഥില്യം സമ്മേളനങ്ങളുടെയും കൺവെൻഷനുകളുടെയും സമയത്ത് ഉണ്ടാകാനിടയുണ്ട്. അത്, ശ്രദ്ധിച്ചിരിക്കുക കൂടുതൽ ദുഷ്കരമാക്കുന്നു. ഇതിനെന്താണു പരിഹാരം?
രാത്രിയിൽ വേണ്ടത്ര ഉറങ്ങുന്നതാണ് ഒരു പ്രധാന ഘടകം. ഓരോ ദിവസവും പരിപാടി ആരംഭിക്കുന്നതിനു മുമ്പ് അന്നത്തേക്കുള്ള വിഷയം മനസ്സിൽ ഉറപ്പിച്ചു നിറുത്തുക. ഓരോ പ്രസംഗത്തിന്റെയും ശീർഷകം നോക്കുക. ആ പ്രസംഗത്തിൽ എന്തെല്ലാം കാര്യങ്ങൾ അവതരിപ്പിക്കപ്പെടാൻ ഇടയുണ്ടെന്നു ചിന്തിക്കുക. ബൈബിൾ നന്നായി ഉപയോഗപ്പെടുത്തുക. പ്രധാന പോയിന്റുകളുടെ ഹ്രസ്വമായ കുറിപ്പുകൾ എടുക്കുന്നത് പരിപാടിയിൽ മനസ്സ് ഏകാഗ്രമാക്കി നിറുത്താൻ സഹായിക്കുന്നതായി പലർക്കും അനുഭവപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ സ്വന്തം ജീവിതത്തിലും ശുശ്രൂഷയിലും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നിർദേശങ്ങൾക്കു പ്രത്യേക ശ്രദ്ധ കൊടുക്കുക. ഓരോ ദിവസവും സമ്മേളന സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുമ്പോൾ പഠിച്ച ഏതാനും ചില പോയിന്റുകൾ മറ്റുള്ളവരുമായി ചർച്ച ചെയ്യുക. ഇത് കാര്യങ്ങൾ ഓർത്തിരിക്കാൻ നിങ്ങളെ സഹായിക്കും.
ശ്രദ്ധിച്ചു കേൾക്കാൻ കുട്ടികളെ പരിശീലിപ്പിക്കൽ
തങ്ങളുടെ കുട്ടികളെ, ശിശുക്കളെ പോലും, സഭായോഗങ്ങൾക്കും സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും കൊണ്ടുവരുകവഴി “രക്ഷെക്കു ജ്ഞാനിയാ”യിത്തീരുന്നതിന് ക്രിസ്തീയ മാതാപിതാക്കൾക്ക് അവരെ സഹായിക്കാൻ കഴിയും. (2 തിമൊ. 3:14) ഓരോ കുട്ടിയുടെയും സ്വഭാവവും ശ്രദ്ധാദൈർഘ്യവും വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ, ശ്രദ്ധിച്ചു കേൾക്കാൻ പഠിക്കുന്നതിന് അവരെ സഹായിക്കാൻ വിവേകം അനിവാര്യമാണ്. പിൻവരുന്ന നിർദേശങ്ങൾ സഹായകമായേക്കാം.
വീട്ടിലായിരിക്കെ, കൊച്ചുകുട്ടികൾക്ക് അടങ്ങിയിരുന്നു വായിക്കാനോ നമ്മുടെ ക്രിസ്തീയ പ്രസിദ്ധീകരണങ്ങളിലെ പടങ്ങൾ കാണാനോ വേണ്ടി സമയം ക്രമീകരിക്കുക. യോഗസമയത്ത്, കളിപ്പാട്ടങ്ങൾ കൊടുത്തു കുട്ടികളെ അടക്കിയിരുത്താൻ ശ്രമിക്കുന്നത് ഒഴിവാക്കുക. പുരാതന ഇസ്രായേലിലെ പോലെതന്നെ ഇന്നും കുട്ടികൾ കൂടിവരവുകളിൽ ഹാജരാകുന്നത് “കേട്ടു പഠി”ക്കാനാണ്. (ആവ. 31:12) പ്രായോഗികമായിരിക്കുന്ന സന്ദർഭങ്ങളിൽ, ചില മാതാപിതാക്കൾ തീരെ കൊച്ചു കുട്ടികൾക്കു പോലും പരിചിന്തിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ വ്യക്തിപരമായ പ്രതികൾ നൽകുന്നു. കുട്ടികൾ അൽപ്പംകൂടി മുതിർന്നു കഴിയുമ്പോൾ, സദസ്യ പങ്കുപറ്റലോടെ നടത്തപ്പെടുന്ന പരിപാടികളിൽ പങ്കെടുക്കാൻ തയ്യാറാകുന്നതിന് അവരെ സഹായിക്കുക.
യഹോവ പറയുന്നതു ശ്രദ്ധിച്ചു കേൾക്കുന്നതും അവനെ അനുസരിക്കുന്നതും പരസ്പരം അടുത്തു ബന്ധപ്പെട്ടിരിക്കുന്നതായി തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്നു. ഇസ്രായേൽ ജനതയോടുള്ള മോശെയുടെ വാക്കുകളിൽ നമുക്കിതു കാണാൻ കഴിയും: “ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു . . . നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊൾക.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (ആവ. 30:19, 20) ഇന്ന്, യഹോവ നൽകുന്ന നിർദേശങ്ങൾ ശ്രദ്ധിച്ചു കേൾക്കുന്നതും നമ്മുടെ ജീവിതത്തിൽ അത് അനുസരണപൂർവം പ്രാവർത്തികമാക്കുന്നതും ദൈവപ്രീതിയും നിത്യജീവൻ എന്ന അനുഗ്രഹവും ലഭിക്കുന്നതിന് അനുപേക്ഷണീയമാണ്. ആ സ്ഥിതിക്ക്, “നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിനു ശ്രദ്ധ നൽകുക” എന്ന യേശുവിന്റെ ഉദ്ബോധനം അനുസരിക്കുന്നത് എത്ര മർമപ്രധാനമാണ്!—ലൂക്കൊ. 8:18, NW.