സത്പ്രവൃത്തികളാൽ യഹോവയെ മഹത്ത്വപ്പെടുത്തുക
1 നിങ്ങൾ ശക്തമായ ഒരു കൊടുങ്കാറ്റിൽ അകപ്പെടുമ്പോൾ ഒരു അഭയസ്ഥാനം കണ്ടെത്താൻ കഴിയുന്നത് എത്ര ആശ്വാസപ്രദമാണ്! ഇളംചൂടുള്ള സുരക്ഷിതമായ അന്തരീക്ഷവും ആതിഥ്യമരുളുന്ന ആളുകളുമാണ് അതിൽ ഉള്ളതെങ്കിൽ അവിടെ തങ്ങാൻ നിങ്ങൾക്കു സന്തോഷമായിരിക്കും. സാത്താന്റെ ഈ വ്യവസ്ഥിതിയിൽനിന്ന് അത്തരമൊരു അഭയസ്ഥാനത്തേക്കാണ് രാജ്യ പ്രസംഗവേല ആളുകളെ നയിക്കുന്നത്. ഈ അഭയസ്ഥാനം എത്ര അഭിലഷണീയമാണെന്നു കാണാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ നമ്മുടെ ദൈനംദിന നടത്തയ്ക്ക് എന്തെങ്കിലും പങ്കുണ്ടോ? ഉവ്വ്, കാരണം ‘മനുഷ്യർ നമ്മുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗസ്ഥനായ നമ്മുടെ പിതാവിനെ മഹത്ത്വപ്പെടുത്തുമെന്ന്’ യേശു പറയുകയുണ്ടായി.—മത്താ. 5:16.
2 യഹോവയിലേക്കും അവന്റെ സംഘടനയിലേക്കും ആളുകളെ ആകർഷിക്കുന്ന തരത്തിലുള്ള നടത്തയുള്ളവർ ആയിരിക്കാൻ നമുക്ക് എങ്ങനെ കഴിയും? നമ്മുടെ ദൈനംദിന ജീവിതത്തെ രൂപപ്പെടുത്താൻ ലൂക്കൊസ് 6:31-ലും 10:27-ലും രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകളെ അനുവദിക്കുന്നതിനാൽത്തന്നെ. സഹമനുഷ്യരിൽ സ്നേഹപൂർവകമായ താത്പര്യമെടുക്കാൻ ഇതു നമ്മെ പ്രചോദിപ്പിക്കും. അങ്ങനെ, മറ്റുള്ളവരുടെ ക്ഷേമത്തിൽ താത്പര്യമില്ലാത്ത, സ്നേഹശൂന്യമായ ഈ ലോകത്തിൽനിന്നു നാം വ്യതിരിക്തരായിത്തീരും.
3 ബോട്ടിൽ തന്നോടൊപ്പം യാത്ര ചെയ്തിരുന്ന ഒരു യുവതിക്ക് കടൽച്ചൊരുക്ക് നിമിത്തം അവളുടെ കുഞ്ഞിനെപ്പോലും നോക്കാൻ കഴിയാത്തതായി ഒരു സഹോദരി ശ്രദ്ധിച്ചു. കുഞ്ഞിനെ താൻ നോക്കിക്കൊള്ളാമെന്ന് സഹോദരി അവളോടു പറഞ്ഞു. താൻ എങ്ങനെയാണ് നന്ദി പ്രകടിപ്പിക്കേണ്ടത് എന്ന് പിന്നീട് അവൾ ചോദിച്ചപ്പോൾ സഹോദരി പറഞ്ഞു: ‘അടുത്ത തവണ യഹോവയുടെ സാക്ഷികൾ സന്ദർശിക്കുമ്പോൾ ദയവായി അവർ പറയുന്നതു ശ്രദ്ധിക്കുക.’ ആ യുവതി അങ്ങനെ ചെയ്തു. അവളും ഭർത്താവും ഇപ്പോൾ സാക്ഷികളാണ്. സത്പ്രവൃത്തികളാണ് രാജ്യ സന്ദേശത്തോട് അനുകൂലമായി പ്രതികരിക്കാൻ അവരെ പ്രേരിപ്പിച്ചത്.
4 നമ്മുടെ മുഴു ജീവിതവും ഉൾപ്പെട്ടിരിക്കുന്നു: അയൽക്കാരുടെ മുമ്പാകെയും ജോലിസ്ഥലത്തോ സ്കൂളിലോ ആയിരിക്കുമ്പോഴും വിനോദത്തിൽ ഏർപ്പെടുമ്പോഴുമൊക്കെ ഉള്ള നമ്മുടെ നടത്തയുടെ അടിസ്ഥാനത്തിൽ ആളുകൾ നമ്മെയും നമ്മുടെ മതത്തെയും സംബന്ധിച്ച് അഭിപ്രായങ്ങൾ രൂപീകരിക്കുന്നു. അതിനാൽ, നാം നമ്മോടുതന്നെ ഇങ്ങനെ ചോദിക്കണം: ‘എന്നെയും കുടുംബത്തെയും മറ്റുള്ളവർ എങ്ങനെയാണ് വീക്ഷിക്കുന്നത്? ഞങ്ങളുടെ വീടും പരിസരവും വൃത്തിയും വെടിപ്പുമുള്ളതാണെന്നു മറ്റുള്ളവർക്കു കാണാൻ കഴിയുന്നുണ്ടോ? സഹജോലിക്കാരും സഹപാഠികളും ഞങ്ങളെ കൃത്യനിഷ്ഠയുള്ളവരും കഠിനാധ്വാനികളും ആയിട്ടാണോ കാണുന്നത്? ഞങ്ങളുടെ വസ്ത്രധാരണവും ചമയവും മാന്യവും ആദരപൂർവകവും ആണെന്നു മറ്റുള്ളവർ കണ്ടെത്തുമോ?’ നമ്മുടെ സത്പ്രവൃത്തികൾ യഹോവയുടെ ആരാധനയിലേക്ക് മറ്റുള്ളവരെ ആകർഷിക്കും.
5 ക്രിസ്ത്യാനികൾ പരിഹസിക്കപ്പെടുമെന്ന് പത്രൊസ് മുന്നറിയിപ്പു നൽകി. (1 പത്രൊ. 4:4) എന്നാൽ നമ്മുടെ നടത്തയല്ല ഇത്തരം നിഷേധാത്മക സംസാരത്തിന് ഇടയാക്കുന്നത് എന്നു നാം ഉറപ്പുവരുത്തണം. (1 പത്രൊ. 2:12) നമ്മുടെ ദൈനംദിന പ്രവൃത്തികൾ നാം ആരാധിക്കുന്ന ദൈവത്തെ മഹത്ത്വപ്പെടുത്തുന്നെങ്കിൽ, യഹോവ പ്രദാനം ചെയ്യുന്ന സുരക്ഷിതമായ അഭയസ്ഥാനത്തേക്ക് മറ്റുള്ളവരെ ആകർഷിച്ചുകൊണ്ട് ഉയർത്തി വെച്ചിരിക്കുന്ന വിളക്കുപോലെ വർത്തിക്കുകയായിരിക്കും നാം.—മത്താ. 5:14-16.