“ദൈവത്തിന്നു സകലവും സാദ്ധ്യം”
1 ക്രിസ്തീയ സഭയുടെ മുഖ്യവേല ലോകവ്യാപകമായി രാജ്യ സന്ദേശം പ്രസംഗിക്കുക എന്നതാണ്. (മത്താ. 24:14) അത് ബൃഹത്തായ ഒരു വേലയാണ്. അതിന് നമുക്ക് ഇപ്പോൾ ഉള്ളതിനെക്കാൾ കൂടുതൽ വിഭവങ്ങൾ ആവശ്യമുള്ളതായി പല നിരീക്ഷകർക്കും തോന്നുന്നു. മറ്റു ചിലരെ സംബന്ധിച്ചിടത്തോളം ഈ നിയമനം നിറവേറ്റുക എന്നത് ഏതാണ്ട് അചിന്തനീയമാണ്, കാരണം നാം പരിഹാസത്തിനും എതിർപ്പിനും പീഡനത്തിനും വിധേയരാകുന്നു. (മത്താ. 24:9; 2 തിമൊ. 3:12) ഈ വേല നിർവഹിക്കാൻ സാധ്യമേ അല്ലെന്നാണ് സംശയവാദികൾ പറയുന്നത്. എന്നിരുന്നാലും, യേശു പറഞ്ഞു: “ദൈവത്തിന്നു സകലവും സാദ്ധ്യം.”—മത്താ. 19:26.
2 അനുകരിക്കാൻ ക്രിയാത്മക ദൃഷ്ടാന്തങ്ങൾ: ‘ഒരു മുഴു വ്യവസ്ഥിതിക്കും എതിരെ ഒറ്റ വ്യക്തി’ എന്ന നിലയിലായിരുന്നു യേശു തന്റെ ശുശ്രൂഷ ആരംഭിച്ചത്. അതിൽ വിജയിക്കുന്നതിൽനിന്ന് അവനെ തടയാൻ ശ്രമിച്ച എതിരാളികൾ അവനോടു മോശമായി പെരുമാറി, ഒടുവിൽ അവർ അവനെ പീഡിപ്പിച്ചു കൊല്ലുക പോലും ചെയ്തു. എന്നിരുന്നാലും, അവസാനം യേശു ആത്മവിശ്വാസത്തോടെ ഇപ്രകാരം പ്രഖ്യാപിച്ചു: “ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.” (യോഹ. 16:33) ശരിക്കും അവിശ്വസനീയമായ നേട്ടംതന്നെ!
3 യേശുവിന്റെ ശിഷ്യന്മാർ ക്രിസ്തീയ ശുശ്രൂഷയിൽ അതേ ധൈര്യവും ഉത്സാഹവും പ്രകടമാക്കി. അനേകർക്കും ചാട്ടവാറുകൊണ്ടോ വടികൊണ്ടോ ഉള്ള അടി കിട്ടി. പലരും ജയിലിൽ അടയ്ക്കപ്പെട്ടു, വധിക്കപ്പെട്ടു. എന്നിട്ടും, “തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചു.” (പ്രവൃ. 5:41) അത്തരം പ്രതികൂല സാഹചര്യങ്ങളിൽ പോലും “ഭൂമിയുടെ അററത്തോളവും” സുവാർത്ത പ്രസംഗിക്കുക എന്ന, അസാധ്യമെന്നു തോന്നിയേക്കാവുന്ന വേല അവർ നിർവഹിച്ചു.—പ്രവൃ. 1:8; കൊലൊ. 1:23.
4 നമ്മുടെ നാളിൽ വിജയിക്കാനാവുന്ന വിധം: തികച്ചും പ്രതികൂലമെന്നു തോന്നിയിരുന്ന സാഹചര്യങ്ങളിൽ നാമും രാജ്യ പ്രസംഗവേല ഉത്സാഹപൂർവം ഏറ്റെടുത്തിരിക്കുന്നു. നമ്മുടെ വേല നിറുത്തിക്കുന്നതിനായി നിരോധനങ്ങളും പീഡനങ്ങളും തടവും അക്രമാസക്തമായ മറ്റു ശ്രമങ്ങളും ഉണ്ടെങ്കിലും നാം വിജയിക്കുന്നു. ഇത് എങ്ങനെയാണു സാധ്യമായിരിക്കുന്നത്? “സൈന്യത്താലല്ല. ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” (സെഖ. 4:6) യഹോവയുടെ പിന്തുണ ഉള്ളതിനാൽ യാതൊന്നിനും നമ്മുടെ വേലയെ തടയാനാവില്ല!—റോമ. 8:31.
5 നാം പ്രസംഗിക്കുമ്പോൾ അധൈര്യമോ ഭയമോ തോന്നാനോ നാം കഴിവില്ലാത്തവരാണെന്നു ചിന്തിക്കാനോ യാതൊരു കാരണവുമില്ല. (2 കൊരി. 2:16, 17) രാജ്യസുവാർത്ത വ്യാപിപ്പിക്കുന്നതിൽ മുന്നേറാൻ നമുക്കു ശക്തമായ കാരണങ്ങൾ ഉണ്ട്. യഹോവയുടെ സഹായത്താൽ “അസാദ്ധ്യമായതു” നാം നിറവേറ്റും!—ലൂക്കൊ. 18:27.