യോഗങ്ങൾക്കു ഹാജരാകാൻ മറ്റുള്ളവരെ സഹായിക്കുക
1 “സമീപ പ്രദേശത്തുള്ള സുഹൃത്തുക്കളിൽ ആരെങ്കിലും . . . യോഗങ്ങൾക്കു ഹാജരാകാൻ ആഗ്രഹിക്കുന്നെങ്കിൽ, അവർക്ക് ഊഷ്മളമായ സ്വാഗതം.” 1880 നവംബർ ലക്കം സീയോന്റെ വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്) ഈ അറിയിപ്പ് വന്നതു മുതൽ ബൈബിൾ പ്രബോധനം സ്വീകരിക്കുന്നതിനായി കൂടിവരാൻ യഹോവയുടെ സാക്ഷികൾ ആളുകളെ ഉത്സാഹപൂർവം ക്ഷണിച്ചിട്ടുണ്ട്. (വെളി. 22:17) സത്യാരാധനയുടെ ഒരു അനിവാര്യ ഘടകമാണ് ഇത്.
2 ഹാജരാകുന്നത് മർമപ്രധാനം: സഭയോടൊത്തു സഹവസിക്കുന്നത് അനുഗ്രഹങ്ങൾ കൈവരുത്തുന്നു. നമ്മുടെ അത്ഭുതവാനാം ദൈവമായ യഹോവയുമായി നാം ഉറ്റ ബന്ധത്തിലേക്കു വരുന്നു. സഭയിൽ, “യഹോവയാൽ ഉപദേശിക്കപ്പെ”ടാനാണ് നാം കൂടിവരുന്നത്. (യെശ. 54:13) നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കുകയും “ദൈവത്തിന്റെ ആലോചന” ബാധകമാക്കാൻ ആവശ്യമായ പ്രായോഗിക സഹായം നൽകുകയും ചെയ്യുന്ന ബൈബിൾ പഠിപ്പിക്കലുകളുടെ തുടർച്ചയായ ഒരു പരിപാടി യഹോവയുടെ സംഘടന ക്രമീകരിച്ചിരിക്കുന്നു. (പ്രവൃ. 20:27; ലൂക്കൊ. 12:42) ദൈവവചനം പഠിപ്പിക്കുന്നതിൽ പ്രാവീണ്യം നേടാൻ യോഗങ്ങൾ വ്യക്തിപരമായ പരിശീലനം നൽകുന്നു. സഹമനുഷ്യരുമായും യഹോവയുമായി പോലും നല്ലൊരു ബന്ധം ആസ്വദിക്കുന്നതിൽ തുടരുന്നതിന് തിരുവെഴുത്തുകളിൽ നിന്നുള്ള ഓർമിപ്പിക്കലുകൾ നമ്മെ സഹായിക്കുന്നു. യഹോവയെ സ്നേഹിക്കുന്നവരുമായുള്ള സഹവാസം നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നു.—റോമ. 1:11, 12.
3 നേരിട്ടു ക്ഷണിക്കുക: ആദ്യ അധ്യയനം മുതൽതന്നെ ഓരോ ബൈബിൾ വിദ്യാർഥിയെയും യോഗങ്ങൾക്കു ക്ഷണിക്കുക. യോഗസമയം വ്യക്തമാക്കുന്ന ഒരു നോട്ടീസ് വിദ്യാർഥിക്ക് നൽകാവുന്നതാണ്. കഴിഞ്ഞ യോഗത്തിൽ നിങ്ങൾക്കു പ്രോത്സാഹനം നൽകിയ ഒരു ആശയം പങ്കുവെച്ചുകൊണ്ടും അടുത്ത യോഗത്തിൽ ചർച്ച ചെയ്യാൻ പോകുന്ന ഒരു വിഷയത്തെ കുറിച്ചു പരാമർശിച്ചുകൊണ്ടും വിദ്യാർഥിയുടെ താത്പര്യം ഉണർത്തുക. രാജ്യഹാൾ എങ്ങനെയുള്ള ഒരു സ്ഥലമാണെന്നു വിവരിക്കുക. അവിടെ എങ്ങനെ എത്തിച്ചേരാമെന്ന് വിദ്യാർഥിക്ക് പറഞ്ഞുകൊടുക്കുകയും ചെയ്യുക.
4 വിദ്യാർഥി ഉടനടി ഹാജരാകുന്നില്ലെങ്കിൽപ്പോലും ക്ഷണിച്ചുകൊണ്ടിരിക്കുക. നമ്മുടെ സംഘടനയുടെ പ്രവർത്തനത്തെ കുറിച്ച് വിശദീകരിക്കുന്നതിന് ഓരോ വാരത്തിലും അൽപ്പ സമയം ചെലവഴിക്കുക. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു ലഘുപത്രികയും യഹോവയുടെ സാക്ഷികൾ—ആ പേരിനു പിന്നിലെ സംഘടന എന്ന വീഡിയോയും ഉപയോഗിക്കുക. നമ്മെ കുറിച്ചും നമ്മുടെ യോഗങ്ങളെ കുറിച്ചും ഒരു ധാരണ കിട്ടാൻ അതു വിദ്യാർഥിയെ സഹായിക്കും. വിദ്യാർഥി മറ്റു പ്രസാധകരുമായി പരിചയത്തിലാകാൻ തക്കവണ്ണം അധ്യയനത്തിന് അവരെയും കൂടെ കൊണ്ടുപോകുക. പ്രാർഥനയിൽ, സംഘടനയ്ക്കായി യഹോവയ്ക്കു നന്ദി പറയുകയും സംഘടനയോടൊത്തു സഹവസിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയുകയും ചെയ്യുക.
5 നമ്മോടൊപ്പം കൂടിവരുന്നതിന് പുതിയവരെ സഹായിക്കുന്നതിൽ മടി വിചാരിക്കരുത്. യഹോവയോടുള്ള അവരുടെ വിലമതിപ്പ് വർധിക്കുന്നതനുസരിച്ച്, പഠിക്കുന്നതു ബാധകമാക്കാനും ദൈവത്തിന്റെ ഐക്യമുള്ള സംഘടനയുടെ ഭാഗമായിത്തീരാനും അവർ പ്രേരിതരാകും.—1 കൊരി. 14:25.