കൊയ്ത്തിൽ പൂർണമായി പങ്കെടുക്കുക
1 യഹോവയുടെ പുരാതനകാലത്തെ പ്രവാചകന്മാരും യേശുക്രിസ്തുവും ഒരു കൂട്ടിച്ചേർക്കൽ വേലയെ കുറിച്ചു പറയുകയുണ്ടായി. (യെശ. 56:8; യെഹെ. 34:11; യോഹ. 10:16) ലോകവ്യാപകമായി രാജ്യസുവാർത്ത പ്രസംഗിക്കവേ ആ വേല നിറവേറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. (മത്താ. 24:14) ദൈവത്തെ സേവിക്കുന്നവരും സേവിക്കാത്തവരും തമ്മിലുള്ള വ്യത്യാസം വളരെ പ്രകടമായിക്കൊണ്ടിരിക്കുന്നു. (മലാ. 3:18) നമ്മെ സംബന്ധിച്ച് അത് എന്തർഥമാക്കുന്നു?
2 വ്യക്തിപരമായ ഒരു ഉത്തരവാദിത്വം: പൗലൊസിന്റെ ദൃഷ്ടാന്തത്തിൽനിന്നു നമുക്കു ചിലതു പഠിക്കാനാകും. ക്രിസ്തീയ ശുശ്രൂഷയ്ക്കു നേതൃത്വം വഹിക്കുന്നതിൽ അവൻ പൂർണമായി ഉൾപ്പെട്ടിരുന്നു. പ്രസംഗിക്കാനുള്ള ഒരു കടപ്പാട് തനിക്കുള്ളതായി അവൻ തിരിച്ചറിഞ്ഞു. അതു മുഖാന്തരം എല്ലാവർക്കും സുവാർത്ത കേൾക്കുന്നതിനും രക്ഷ പ്രാപിക്കുന്നതിനും അവസരം ലഭിക്കുമായിരുന്നു. ഇത് അവർക്കുവേണ്ടി ഇടവിടാതെ അധ്വാനിക്കാൻ അവനെ പ്രേരിപ്പിച്ചു. (റോമ. 1:14-17) മനുഷ്യവർഗം ഇന്ന് അഭിമുഖീകരിക്കുന്ന വിപത്കരമായ സാഹചര്യത്തിന്റെ വീക്ഷണത്തിൽ, നമ്മുടെ നിയമിത പ്രദേശത്തുള്ളവരോട് പ്രസംഗിക്കുന്നതിന് നമുക്കു വർധിച്ച ഉത്തരവാദിത്വം തോന്നേണ്ടതല്ലേ?—1 കൊരി. 9:16.
3 അടിയന്തിരതയോടെ പ്രവർത്തിക്കുന്നതിനുള്ള സമയം: അന്വേഷിച്ചു ചെന്ന് രക്ഷപ്പെടുത്തുന്ന ഒരു പ്രവർത്തനത്തോട് പ്രസംഗവേലയെ താരതമ്യം ചെയ്യാൻ കഴിയും. ഏറെ വൈകുംമുമ്പ് ആളുകളെ കണ്ടെത്തി സഹായിക്കണം. സമയം ചുരുങ്ങിയിരിക്കുന്നു. ജീവൻ അപകടത്തിലാണ്! “യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ” എന്ന് യേശു തന്റെ ശിഷ്യന്മാരെ ഉദ്ബോധിപ്പിച്ചതിൽ അതിശയമില്ല.—മത്താ. 9:38.
4 നമ്മുടെ കാലത്തിന്റെ അടിയന്തിരത തിരിച്ചറിഞ്ഞ് പല രാജ്യപ്രവർത്തകരും ഈ ജീവരക്ഷാകര വേലയിലെ തങ്ങളുടെ പങ്ക് വർധിപ്പിച്ചിരിക്കുന്നു. ഹിരോഹിസ എന്ന ഒരു കൗമാരപ്രായക്കാരന്റെ കാര്യം എടുക്കുക. ഇളയ നാലു കൂടപ്പിറപ്പുകളും മാതാപിതാക്കളിൽ ഒരാൾ മാത്രവുമുള്ള ഒരു കുടുംബത്തിന്റെ ഭാഗമാണ് അവൻ. വെളുപ്പിന് 3 മണിക്ക് എഴുന്നേറ്റു പത്രം വിതരണം ചെയ്തുകൊണ്ട് അവൻ തന്റെ കുടുംബത്തെ സാമ്പത്തികമായി പിന്തുണച്ചിരുന്നു. എന്നാൽ, ശുശ്രൂഷയിൽ കൂടുതൽ ചെയ്യാൻ അവൻ ആഗ്രഹിച്ചു. അതുകൊണ്ട് അവൻ സാധാരണ പയനിയറിങ് തുടങ്ങി. ഒരിക്കലും ആവർത്തിക്കപ്പെടുകയില്ലാത്ത ഈ വേലയിൽ കൂടുതൽ പൂർണമായി പങ്കെടുക്കുന്നതിന് നിങ്ങൾക്ക് എന്തെങ്കിലും മാർഗം ഉണ്ടോ?
5 “കാലം ചുരുങ്ങിയിരിക്കുന്നു.” (1 കൊരി. 7:29) അതുകൊണ്ട്, ഇന്നു ഭൂമിയിൽ നിർവഹിക്കപ്പെടുന്ന ഏറ്റവും സുപ്രധാന വേലയായ രാജ്യ സുവാർത്താ പ്രസംഗത്തിലും ശിഷ്യരാക്കലിലും നമ്മുടെ കഴിവിന്റെ പരമാവധി നമുക്കു ചെയ്യാം. ഈ ശുശ്രൂഷയെ യേശു ഒരു കൊയ്ത്തു വേലയോട് ഉപമിച്ചു. (മത്താ. 9:35-38) കൊയ്ത്തിൽ പൂർണമായി പങ്കെടുക്കുകവഴി, വെളിപ്പാടു 7:9, 10-ൽ വിവരിച്ചിരിക്കുന്ന ആരാധകരുടെ ഒരു മഹാപുരുഷാരത്തിന്റെ ഭാഗമായിത്തീരുന്നതിന് ആരെയെങ്കിലും സഹായിക്കുന്നതിനു നമുക്കു കഴിഞ്ഞേക്കാം.