നിങ്ങളുടെ പ്രദേശത്തുള്ള ബധിരരെ കണ്ടെത്തുന്നതിൽ ശുഷ്കാന്തി കാട്ടുക
1 “വരിക . . . ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ” എന്ന ക്ഷണം യഹോവ വെച്ചുനീട്ടുന്നു. (വെളി. 22:17) ഇന്ന് ഈ ആഹ്വാനത്തോടു പ്രതികരിച്ചുകൊണ്ടിരിക്കുന്നവരിൽ അനേകം ബധിരരും ഉൾപ്പെടുന്നു. തത്ഫലമായി, കഴിഞ്ഞ 13 വർഷംകൊണ്ട് ഐക്യനാടുകളിലെ ബ്രാഞ്ചിനു കീഴിൽ 27 ആംഗ്യഭാഷാ സഭകളും 43 ആംഗ്യഭാഷാ കൂട്ടങ്ങളും രൂപീകരിച്ചിരിക്കുന്നു.
2 ലോകമെമ്പാടുമായി പല രാജ്യങ്ങളിലും, ആംഗ്യഭാഷാ സഭകളും കൂട്ടങ്ങളും തങ്ങളുടെ നിയമിത പ്രദേശത്തുള്ള ബധിരരെയും കേൾവിത്തകരാറുള്ളവരെയും കണ്ടെത്തി അവരോടു പ്രസംഗിക്കാൻ മുഴു ശ്രമവും ചെയ്യുന്നു. അവർ വമ്പിച്ച വിജയം ആസ്വദിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെ കണ്ടുമുട്ടാൻ കഴിഞ്ഞിട്ടില്ലാത്ത അനേകം ബധിരർ ഇന്ത്യയിലുണ്ട്. അവർക്കും സാക്ഷ്യം നൽകേണ്ടതുണ്ട്. രാജ്യത്തുടനീളം കേൾവിത്തകരാറുള്ള ലക്ഷക്കണക്കിന് ആളുകൾ ഉള്ളതിനാൽ, തീർച്ചയായും, ഈ അസാധാരണ വയലിൽ വികസനത്തിന്റെ വർധിച്ച സാധ്യതയുണ്ട്!
3 നിങ്ങൾക്ക് എങ്ങനെ സഹായിക്കാനാകും? ആംഗ്യഭാഷ ഉപയോഗിക്കുന്ന ആരെയെങ്കിലും നിങ്ങൾ പൊതുസ്ഥലങ്ങളിൽ വെച്ചു കണ്ടിട്ടുണ്ടോ? ബധിരനായ ഒരു കുടുംബാംഗമുള്ള ആരെങ്കിലും നിങ്ങളുടെ ജോലിസ്ഥലത്തോ സ്കൂളിലോ ഉള്ളതായി നിങ്ങൾക്ക് അറിയാമോ? അനുദിന പ്രവർത്തനങ്ങളിൽ ഏർപ്പെടവേ ബധിരരെ കണ്ടെത്തുന്നതിൽ ശുഷ്കാന്തി കാട്ടുക. എന്നാൽ, അവർക്കു രാജ്യ സാക്ഷ്യം ലഭിക്കുന്നുവെന്നു നിങ്ങൾക്ക് എങ്ങനെ ഉറപ്പുവരുത്താൻ കഴിയും?
4 സാക്ഷ്യം നൽകൽ: ഒരു പയനിയർ സഹോദരി തന്റെ പ്രദേശത്ത് അനേകം ബധിരരെ കണ്ടുമുട്ടി. ഒരു ദിവസം അടുത്തുള്ള സൂപ്പർമാർക്കറ്റിൽവെച്ച് ഒരു ബധിര യുവതി ഒരു സാധനം കണ്ടെത്താൻ സഹായിക്കാമോ എന്നെഴുതിയ ഒരു കുറിപ്പുമായി സഹോദരിയെ സമീപിച്ചു. അവളെ സഹായിച്ചശേഷം, ആ പ്രദേശത്തുള്ള ബധിരരെ സഹായിക്കുന്നതിന് ആംഗ്യഭാഷ പഠിക്കാൻ തനിക്ക് ആഗ്രഹമുണ്ട് എന്ന് എഴുതിയ ഒരു കുറിപ്പ് പയനിയർ അവളെ കാണിച്ചു. “നിങ്ങൾ ബധിരരെ സഹായിക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?” എന്ന് ആ യുവതി എഴുതി ചോദിച്ചു. “ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണ്. ബൈബിൾ മനസ്സിലാക്കാൻ ബധിരരെ സഹായിക്കുന്നതിനു ഞാൻ ആഗ്രഹിക്കുന്നു. എന്നെ ആംഗ്യഭാഷ പഠിപ്പിക്കുകയാണെങ്കിൽ ഞാൻ നിങ്ങളെ ബൈബിൾ പഠിപ്പിക്കാം” എന്ന് സഹോദരി എഴുതി കാണിച്ചു. “അവൾ സമ്മതം മൂളിയപ്പോൾ എനിക്കുണ്ടായ സന്തോഷം നിങ്ങൾക്കു സങ്കൽപ്പിക്കാനാവില്ല” എന്ന് ആ സഹോദരി പറയുന്നു. ആറ് ആഴ്ചത്തേക്ക് സഹോദരി എല്ലാ വൈകുന്നേരവും അവളുടെ വീട്ടിൽ പോയി. സഹോദരി ആംഗ്യഭാഷ പഠിച്ചു; ആ ബധിര യുവതിയാകട്ടെ, സത്യം പഠിച്ചു സ്നാപനവുമേറ്റു!
5 നിങ്ങളുടെ പ്രദേശത്തുള്ള ബധിരർക്ക് ആത്മീയ സഹായം നൽകാൻ പറ്റിയ ആരും നിങ്ങളുടെ സഭയിൽ ഇല്ലെങ്കിലോ? നിങ്ങൾക്ക് എങ്ങനെ സഹായിക്കാനാകും? മറ്റു കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതിന് എന്തുകൊണ്ട് മടങ്ങിച്ചെന്നുകൂടാ? പ്രാദേശികമായി ഏത് ആംഗ്യഭാഷയാണ് അവർ ഉപയോഗിക്കുന്നതെന്ന് അറിയുക. കൂടുതൽ ഫലപ്രദർ ആയിത്തീരുന്നതിനു ചില പ്രസാധകർ പ്രാദേശിക ആംഗ്യഭാഷ പഠിക്കുകപോലും ചെയ്തിരിക്കുന്നു. (പ്രവൃ. 16:9, 10) യഹോവയുടെ അനുഗ്രഹവും നമ്മുടെ ആത്മാർഥ ശ്രമവും ഉണ്ടെങ്കിൽ അനേകം നല്ല ഫലങ്ങൾ കൈവരും.
6 നിങ്ങളുടെ പ്രദേശത്തുള്ള ബധിരരെ കണ്ടെത്തുന്നതിൽ ശുഷ്കാന്തി കാട്ടുകവഴി, ജീവജലം സൗജന്യമായി വാങ്ങാനുള്ള അവസരം അവർക്കു തുറന്നു കൊടുക്കാൻ നിങ്ങൾക്കാകും.—മത്താ. 10:11.