മൈൽസ് നോർത്തോവർ | ജീവിതകഥ
യഹോവയെ സേവിക്കാനുള്ള എന്റെ ശ്രമങ്ങൾക്ക് അനുഗ്രഹം കിട്ടി
എന്റെ അപ്പനും അമ്മയും കഴിയുന്ന വിധങ്ങളിലെല്ലാം യഹോവയുടെ സംഘടനയെ സഹായിച്ചിരുന്നു. ഉദാഹരണത്തിന്, ലണ്ടൻ ബഥേലിൽ പാൽ ആവശ്യമാണെന്നു കണ്ടപ്പോൾ ഞങ്ങളുടെ കുടുംബം ഞങ്ങൾക്ക് ആകെയുള്ള ഒരു ജേഴ്സി പശുവിന്റെ കിടാവിനെ ബഥേലിലേക്കു സംഭാവനയായി കൊടുത്തു. അതെക്കുറിച്ച് ഞങ്ങൾ ഇപ്പോഴും തമാശയായി ഇങ്ങനെ പറയും, ഞങ്ങളുടെ “കുടുംബത്തിൽനിന്ന്” ആദ്യമായി ബഥേലിലേക്കു പോയത് ആ പശുക്കുട്ടിയാണെന്ന്. അപ്പനും അമ്മയും വെച്ച ആ നല്ല മാതൃക ‘കൈക്കു വിശ്രമം കൊടുക്കാതെ‘ ഏറ്റവും നല്ലത് യഹോവയ്ക്കു നൽകാനുള്ള ഒരു ആഗ്രഹം എന്നിൽ വളർത്തി. (സഭാപ്രസംഗകൻ 11:6) ശരിക്കും പറഞ്ഞാൽ, ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിൽ എന്റെ കൈകൾ ഉപയോഗിച്ചുകൊണ്ട് യഹോവയെ സേവിക്കാനുള്ള ഒരു വാതിൽ യഹോവ തുറന്നുതന്നു. എന്റെ ആ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുകയും ചെയ്തു. ആ കഥ ഞാൻ നിങ്ങളോടു പറയാം.
എനിക്കൊരു ചേട്ടനും ചേച്ചിയും ആണ് ഉള്ളത്. യു.കെ-യിലെ ബിസ്റ്റർ ടൗണിനു അടുത്തുള്ള ഒരു ഗ്രാമപ്രദേശത്താണു ഞങ്ങൾ വളർന്നുവന്നത്. അവിടെ എന്റെ അപ്പനും അമ്മയും ഒരു ഫാമിലെ കോട്ടേജ് വാടകയ്ക്ക് എടുത്തിരുന്നു. എനിക്ക് 19 വയസ്സുള്ളപ്പോൾ എന്റെ ചേട്ടനെയും ചേച്ചിയെയും പോലെ ഞാനും മുൻനിരസേവനം തുടങ്ങി. പിന്നീട് സ്കോട്ട്ലൻഡിൽ ഒരു പ്രത്യേക മുൻനിരസേവകനായി എന്നെ നിയമിച്ചു. അതിനുശേഷം, 1970-ൽ എനിക്ക് 23 വയസ്സുള്ളപ്പോൾ എന്നെ ലണ്ടൻ ബഥേലിലേക്ക് ക്ഷണിച്ചു. അവിടെവെച്ച് ഞാൻ ആംഗ്യഭാഷയെക്കുറിച്ച് അറിഞ്ഞു. അത് എന്റെ ജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവായി, അനുഗ്രഹങ്ങളും സംതൃപ്തിയും നിറഞ്ഞ പുതിയൊരു ജീവിതത്തിലേക്കുള്ള വഴിത്തിരിവ്.
ആംഗ്യഭാഷ പഠിക്കുന്നു
ബഥേലിൽ ആയിരുന്നപ്പോൾ എന്നെ യഹോവയുടെ സാക്ഷികളുടെ മിൽ ഹിൽ സഭയിലേക്കാണു നിയമിച്ചത്. അവിടെ ബധിരരായ പല സഹോദരങ്ങളെയും ഞാൻ കണ്ടുമുട്ടി. പരസ്പരം സംസാരിക്കാൻ കഴിയില്ല എന്നതുകൊണ്ട് അവർക്ക് എന്നോട് ഒരു അകൽച്ച തോന്നാൻ ഞാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് മീറ്റിങ്ങുകളുടെ സമയത്ത് ബധിരരായ സഹോദരങ്ങളോടൊപ്പം ഇരിക്കാൻ ഞാൻ തീരുമാനിച്ചു.
ആ കാലത്തൊന്നും ബ്രിട്ടനിൽ ആംഗ്യഭാഷാ സഭകൾ ഇല്ലായിരുന്നു. അതുകൊണ്ട് ബധിരരായവർ ഇംഗ്ലീഷ് ഭാഷയിലുള്ള മീറ്റിങ്ങുകൾ കൂടും. പരിപാടി നടക്കുമ്പോൾ കേൾവിശക്തിയുള്ള സഹോദരങ്ങൾ അത് തർജമ ചെയ്തുകൊടുക്കും. എന്നാൽ, അവർ ഇംഗ്ലീഷ് ഭാഷയുടെ വ്യാകരണമനുസരിച്ച് ഓരോ പദത്തിന്റെയും ആംഗ്യം കാണിച്ചുകൊടുക്കുകയാണ് ചെയ്തത്. പിന്നീട്, ബധിരരായ സഹോദരീസഹോദരന്മാർ എന്നെ ക്ഷമയോടെ ആംഗ്യഭാഷ പഠിച്ചപ്പോൾ എനിക്കു മനസ്സിലായി, ആംഗ്യഭാഷയ്ക്ക് അതിന്റേതായ വ്യാകരണവും പദക്രമവും ഉണ്ടെന്ന്. ഇംഗ്ലീഷ് അവർക്കു ശരിക്കുമൊരു വിദേശഭാഷതന്നെയായിരുന്നു. എന്നിട്ടും അവർ ക്രിസ്തീയയോഗങ്ങളിൽ ക്രമമായി പങ്കെടുത്തു. അത് ഓർത്തപ്പോൾ ബധിരരായ എന്റെ സുഹൃത്തുക്കളോടുള്ള എന്റെ സ്നേഹവും ബഹുമാനവും കൂടി. അതോടൊപ്പം ആംഗ്യഭാഷ പഠിച്ചെടുക്കാൻ ഞാൻ നല്ല ശ്രമവും ചെയ്തു.
ബ്രിട്ടനിലെ ഔദ്യോഗിക ആംഗ്യഭാഷ, ബ്രിട്ടീഷ് ആംഗ്യഭാഷ (BSL) ആണ്. പതുക്കെപ്പതുക്കെ, മീറ്റിങ്ങുകളിൽ തർജമ ചെയ്തുകൊണ്ടിരുന്ന സഹോദരങ്ങൾ മുമ്പ് ചെയ്തിരുന്നതുപോലെ ഇംഗ്ലീഷിലെ ഓരോ പദവും അങ്ങനെതന്നെ ആംഗ്യം കാണിക്കുന്നതിനു പകരം ഈ ആംഗ്യഭാഷ പഠിച്ചെടുത്ത് അത് ഉപയോഗിക്കാൻ തുടങ്ങി. അതിന്റെ ഫലമായി ബധിരരായവർക്ക് മീറ്റിങ്ങുകളിൽനിന്ന് കൂടുതൽ പ്രയോജനം കിട്ടി. കേൾവിശക്തിയുള്ള സഹോദരങ്ങളോട് അവർക്കു കൂടുതൽ അടുപ്പവും തോന്നി. ഇപ്പോൾ 50-ലേറെ വർഷം പിന്നിട്ടു. പിന്തിരിഞ്ഞുനോക്കുമ്പോൾ യഹോവ ആംഗ്യഭാഷാ വയലിനെ സമൃദ്ധമായി അനുഗ്രഹിച്ചത് എനിക്കു കാണാൻ കഴിയുന്നു. ആംഗ്യഭാഷയിലുണ്ടായ ചില വലിയ പുരോഗതികളിൽ ഒരു പങ്കുണ്ടായിരിക്കാൻ യഹോവ എന്നെ അനുവദിച്ചു. ഇനി അതെക്കുറിച്ച് ഞാൻ പറയാം.
ആംഗ്യഭാഷാവയൽ തഴച്ചുവളരുന്നു
1973-ൽ ഞാൻ ഒരു മൂപ്പനായി നിയമിക്കപ്പെട്ട് ഏതാണ്ട് ഒരു വർഷത്തിനു ശേഷം മൈക്കിൾ ഈഗെസ് എന്നു പേരുള്ള ഒരു ബധിരനായ സഹോദരൻ, ചില മീറ്റിങ്ങുകൾ ബ്രിട്ടീഷ് ആംഗ്യഭാഷയിൽ നടത്തുന്നതിനെക്കുറിച്ച് അഭിപ്രായപ്പെട്ടു. അങ്ങനെ ബ്രാഞ്ചിന്റെ അനുമതിയോടെ ഞാനും വേറെയൊരു മൂപ്പനും തെക്കുകിഴക്കൻ ലണ്ടനിലുള്ള ഡെറ്റ്ഫഡിൽ മാസത്തിൽ ഒരിക്കൽ ആംഗ്യഭാഷയിൽ മീറ്റിങ്ങുകൾ നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്തു.
അതുകൊണ്ട് ഉണ്ടായ ഫലം വളരെ അതിശയിപ്പിക്കുന്നതായിരുന്നു! ലണ്ടനിൽനിന്നും തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളിൽനിന്നും ഉള്ള ബധിരരായ സാക്ഷികൾ ആദ്യത്തെ ബ്രിട്ടീഷ് ആംഗ്യഭാഷയിലുള്ള മീറ്റിങ്ങ് കൂടി. അങ്ങനെ ഒടുവിൽ ബധിരരായ സഹോദരീസഹോദരന്മാർക്കും താത്പര്യക്കാർക്കും സ്വന്തം ഭാഷയിൽ ആത്മീയവിവരങ്ങൾ കിട്ടി. ആ പരിപാടിക്കു ശേഷം ഞങ്ങൾ ഞങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ലഘുഭക്ഷണം ആസ്വദിക്കുകയും ചെയ്തു. അതുപോലെ, ബധിരരായ ചില സഹോദരങ്ങൾക്കു പ്രോത്സാഹനം കൊടുക്കാനും എനിക്ക് അവസരം കിട്ടി.
പിന്നീട് ബർമിങാം, ഷെഫീൽഡ് എന്നീ നഗരങ്ങളിലും ആംഗ്യഭാഷയിലുള്ള മീറ്റിങ്ങുകൾ നടത്തി. ബ്രിട്ടീഷ് ആംഗ്യഭാഷ പഠിക്കാൻ താത്പര്യമുണ്ടായിരുന്ന കേൾവിശക്തിയുള്ള പല സഹോദരങ്ങളും ആ മീറ്റിങ്ങുകളിൽ പങ്കെടുത്തു. അവരിൽ പലരും പിന്നീട്, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ആംഗ്യഭാഷയിലുള്ള പ്രസംഗപ്രവർത്തനം വ്യാപിപ്പിക്കാൻ സഹായിച്ചു.
ഞാൻ എന്റെ ജീവിതപങ്കാളിയെ കണ്ടുമുട്ടി
ഞങ്ങളുടെ വിവാഹദിവസം
1974-ൽ ഞാൻ സ്റ്റെല്ല ബാർക്കർ എന്നു പേരുള്ള സുന്ദരിയായ ഒരു സഹോദരിയെ കണ്ടുമുട്ടി. ബഥേലിന് അടുത്തുള്ള ഒരു സഭയിൽ സ്റ്റെല്ല പ്രത്യേക മുൻനിരസേവികയായി സേവിക്കുകയായിരുന്നു. ഞങ്ങൾ ഇഷ്ടത്തിലായി. അങ്ങനെ 1976-ൽ ഞങ്ങൾ വിവാഹംകഴിച്ചു. വിവാഹത്തിനു ശേഷം സ്റ്റെല്ലയെയും എന്നെയും വടക്കൻ ലണ്ടനിലുള്ള ഹാക്നിയിലെ ഒരു സഭയിൽ പ്രത്യേക മുൻനിരസേവകരായി നിയമിച്ചു. അങ്ങനെ ആംഗ്യഭാഷാ വയലിൽ സ്റ്റെല്ലയും എന്നോടൊപ്പം സേവിക്കാൻ തുടങ്ങി. പിന്തിരിഞ്ഞുനോക്കുമ്പോൾ ഞങ്ങൾ ഒരുമിച്ചുള്ള മുൻനിരസേവനം ഞങ്ങളുടെ വിവാഹജീവിതത്തിനു നല്ലൊരു തുടക്കമായിരുന്നെന്ന് പറയാം.
അധികം താമസിക്കാതെ സ്റ്റെല്ലയെയും എന്നെയും ബഥേലിൽ വന്നുപോയി സേവിക്കാനായി ക്ഷണിച്ചു. തിരക്കുപിടിച്ച സമയമായിരുന്നു അത്. ഞാൻ അപ്പോൾ പകരം സർക്കിട്ട് വേലയും ചെയ്യുന്നുണ്ടായിരുന്നു. മൂപ്പന്മാർക്കുവേണ്ടിയുള്ള രാജ്യശുശ്രൂഷാസ്കൂൾ നടത്തി. പിന്നീട്, ഇംഗ്ലീഷ് ഭാഷയിലുള്ള മേഖലാ കൺവെൻഷനുകൾ നടക്കുമ്പോൾ ആംഗ്യഭാഷയിൽ അതു പരിഭാഷ ചെയ്യുന്നതിനുവേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിലും സഹായിച്ചു. ആ ദിവസങ്ങളെല്ലാം ക്ഷീണിപ്പിക്കുന്നതായിരുന്നു. എങ്കിലും ഞങ്ങൾ ആ ജോലികൾ ശരിക്കും ആസ്വദിച്ചു.—മത്തായി 11:28-30.
1979-ലും 1982-ലും ആയി ഞങ്ങൾക്കു രണ്ട് ആൺമക്കൾ ജനിച്ചു, സൈമണും മാർക്കും. ഞങ്ങൾക്കു വലിയ സന്തോഷമായിരുന്നു. എന്നാൽ അതോടൊപ്പം മാതാപിതാക്കളെന്ന ഉത്തരവാദിത്വവും വന്നു. എല്ലാംകൂടി ഞങ്ങൾ എങ്ങനെ കൊണ്ടുപോയി? സ്റ്റെല്ലയും ഞാനും ഒരു തീരുമാനമെടുത്തു, ഏതെങ്കിലും ദിവ്യാധിപത്യനിയമനങ്ങൾക്കായി എനിക്കു വീട്ടിൽനിന്നും മാറേണ്ടിവരുന്നെങ്കിൽ ഞങ്ങൾ എല്ലാവരുംകൂടി ഒരുമിച്ചു പോകാൻ. അങ്ങനെ ആ സമയം ഞങ്ങൾ ഒരുമിച്ച് ആസ്വദിക്കും. യഹോവയെ സേവിക്കുന്നതു സന്തോഷം തരുമെന്നു ഞങ്ങളുടെ മക്കൾ കണ്ടറിയാൻ ഞങ്ങൾ ആഗ്രഹിച്ചു. അതിന്റെ ഫലമായി പിന്നീട് അവർ ആംഗ്യഭാഷ പഠിക്കുക മാത്രമല്ല മുൻനിരസേവനം തുടങ്ങുകയും ചെയ്തു. അങ്ങനെ എന്റെ മാതാപിതാക്കളുടെ പശുക്കുട്ടി ബഥേലിൽ പോയി ഏതാണ്ട് 40 വർഷം കഴിഞ്ഞപ്പോൾ എന്റെ കുട്ടികളും ബഥേലിൽ എത്തി. ആ നിമിഷം ഞങ്ങൾ ഇപ്പോഴും ഓർക്കുന്നു!
സ്റ്റെല്ലയോടും മക്കളോടും ഒപ്പം, 1995
ബധിരരുടെ ആവശ്യങ്ങൾക്കുവേണ്ടി കരുതുന്നു
1990-കളായപ്പോഴും ബ്രിട്ടനിൽ ബധിരനായ ഒരു മൂപ്പൻപോലും ഇല്ലായിരുന്നു. എന്നാൽ, ഏതാനും ചില ശുശ്രൂഷാദാസന്മാർ ഉണ്ടായിരുന്നു. അതുകൊണ്ട് ആംഗ്യഭാഷ അറിയാത്ത കേൾവിശക്തിയുള്ള മൂപ്പന്മാർ, ഈ സഹോദരന്മാരിൽ ‘പഠിപ്പിക്കാൻ കഴിവുള്ളവരും’ മേൽവിചാരകന്മാരായി സേവിക്കാൻ യോഗ്യതയുള്ളവരും ആയ ആരെങ്കിലും ഉണ്ടോ എന്നു തീരുമാനിക്കണമായിരുന്നു. (1 തിമൊഥെയൊസ് 3:2) ഒരു പ്രാദേശിക ഇംഗ്ലീഷ് സഭയിൽ സേവിച്ചിരുന്ന ബധിരനായ ഒരു ശുശ്രൂഷാദാസനായിരുന്നു ബെർണാഡ് ഓസ്റ്റിൻ. അദ്ദേഹം സഹോദരീസഹോദരന്മാരെ ആത്മാർഥമായി സ്നേഹിച്ചിരുന്ന, വളരെ ആദരണീയനായ ഒരു സഹോദരനായിരുന്നു. ബെർണാഡ് സഹോദരനെ ഒരു മൂപ്പനായി നിയമിച്ചെന്ന് കേട്ടപ്പോൾ എനിക്കു വളരെയധികം സന്തോഷം തോന്നി. അദ്ദേഹമായിരുന്നു ബ്രിട്ടനിലെ ആദ്യത്തെ ബധിരനായ മൂപ്പൻ.
1996-ൽ ചരിത്രപ്രാധാന്യമുള്ള ഒരു സംഭവമുണ്ടായി. ബ്രിട്ടനിലെ ആദ്യത്തെ ആംഗ്യഭാഷാ സഭ രൂപീകരിക്കാൻ ബ്രാഞ്ച് അനുമതി നൽകി. പടിഞ്ഞാറൻ ലണ്ടനിലുള്ള ഈലിംങിലായിരുന്നു ആ സഭ. അതിന്റെ പുറകെ വലിയ പുരോഗതികൾ ഉണ്ടായി.
എല്ലാ ക്രിസ്തീയയോഗങ്ങളിൽനിന്നും പ്രയോജനം നേടുന്നു
1980-കളിലും 1990-കളിലും ഞാൻ വീട്ടിലിരുന്നുകൊണ്ട് ബഥേലിലെ സർവീസ് ഡിപ്പാർട്ടുമെന്റിൽ സേവിച്ചു. ആംഗ്യഭാഷാ വയലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുക എന്നതായിരുന്നു എന്റെ ജോലി. ഇംഗ്ലീഷ് ഭാഷയിലുള്ള മീറ്റിങ്ങുകളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും നടക്കുന്ന പ്രസംഗങ്ങൾ ബധിരരായവർക്ക് എങ്ങനെ മനസ്സിലാക്കിക്കൊടുക്കുമെന്നു സഹോദരങ്ങൾ ചിലപ്പോഴൊക്കെ ബ്രാഞ്ചിലേക്ക് എഴുതി ചോദിക്കും. ആദ്യമൊന്നും മീറ്റിങ്ങുകളിലും സമ്മേളനങ്ങളിലും നടത്തുന്ന പരിപാടികൾ ആംഗ്യഭാഷയിലേക്കു തർജമ ചെയ്യുന്നില്ലായിരുന്നു. അതുപോലെ ബധിരരായവർക്കുവേണ്ടി പ്രസിദ്ധീകരണങ്ങളും ലഭ്യമല്ലായിരുന്നു. അതുകൊണ്ട് ഞാൻ ബധിരരായവരെയും അല്ലാത്തവരെയും യഹോവയുടെ സമയത്തിനായി ക്ഷമയോടെ കാത്തിരിക്കാൻ പ്രോത്സാഹിപ്പിച്ചു.
ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നതിനു പ്രതിഫലം ലഭിച്ചു. അധികം താമസിയാതെ ഇംഗ്ലീഷിലുള്ള മീറ്റിങ്ങുകളും സമ്മേളനങ്ങളും ആംഗ്യഭാഷയിലേക്കു തർജമ ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ബ്രാഞ്ച് നടത്തി. മറ്റൊരു സംഗതി, ബധിരരായവർ ഹാളിന്റെ മുൻവശത്ത് ഇരിക്കാൻ തുടങ്ങി. അതുകൊണ്ട് ഇപ്പോൾ അവർക്കു പ്രസംഗകനെയും പരിഭാഷകനെയും വ്യക്തമായി കാണാൻ കഴിയും. ഇതിന്റെയെല്ലാം ഫലമായി, ബധിരരായ സഹോദരങ്ങൾക്ക് യഹോവ തങ്ങളെ ശരിക്കും സ്നേഹിക്കുന്നുണ്ടെന്നും തങ്ങൾ ആത്മീയകുടുംബത്തിൽ വിലപ്പെട്ടവരാണെന്നും ഒന്നുകൂടി ഉറപ്പായി.
1995 ഏപ്രിൽ 1-ന് വെസ്റ്റ് മിഡ്ലാന്റിലെ ഡ്യൂഡിലിയിലുള്ള ഒരു സമ്മേളനഹാളിൽവെച്ച് ആദ്യത്തെ ആംഗ്യഭാഷാ പ്രത്യേക സമ്മേളനം നടന്നു. സമ്മേളനം ക്രമീകരിക്കുന്നതിനു ഞാൻ മുൻ സർക്കിട്ട് മേൽവിചാരകനായ ഡേവിഡ് മെറി സഹോദരനോടൊപ്പം പ്രവർത്തിച്ചു. ചില ബധിരരായ സഹോദരങ്ങൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനായി അങ്ങ് വടക്ക് സ്കോട്ട്ലൻഡിൽനിന്നും തെക്കുപടിഞ്ഞാറ് കോൺവാളിൽനിന്നും നൂറുകണക്കിനു കിലോമീറ്റർ യാത്ര ചെയ്തുവന്നു. ചരിത്രപ്രധാനമായ ഈ സമ്മേളനം കൂടാൻ 1,000-ത്തിലേറെ ആളുകൾ വന്നപ്പോൾ എല്ലാവർക്കും വലിയ ആവേശമായിരുന്നു. അത് ഞാൻ ഇപ്പോഴും ഓർക്കുന്നു.
1995-ലെ ആദ്യത്തെ ബ്രിട്ടീഷ് ആംഗ്യഭാഷാ സമ്മേളനത്തിൽ ഡേവിഡ് മെറി സഹോദരനോടൊപ്പം
2001-ൽ ബ്രാഞ്ച് എന്നോടും മെറി സഹോദരനോടും തൊട്ടടുത്ത വർഷം ബ്രിട്ടീഷ് ആംഗ്യഭാഷയിൽ മേഖലാ കൺവെൻഷൻ നടത്തുന്നതിനുള്ള ക്രമീകരണം ചെയ്യാമോ എന്നു ചോദിച്ചു. എന്നാൽ അത് അത്ര എളുപ്പമായിരുന്നില്ല. എങ്കിലും സന്നദ്ധസേവകരുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിച്ചു. അതിന്റെ ഫലമായി കൺവെൻഷൻ വലിയൊരു വിജയമായി. പല നല്ല ഓർമകളും അത് സമ്മാനിച്ചു! പിന്നീട്, അനേകം വർഷങ്ങൾ ആംഗ്യഭാഷയിലുള്ള സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും മേൽനോട്ടം വഹിക്കാനുള്ള പദവി എനിക്കു ലഭിച്ചു. ഇതിനായി യോഗ്യതയുളള ചെറുപ്പക്കാരെ യഹോവ വളർത്തിക്കൊണ്ട് വരുന്നതുവരെ ഞാൻ ഈ ഉത്തരവാദിത്വം ചെയ്തുപോന്നു.
ബധിരർക്കുവേണ്ടിയുള്ള വീഡിയോകൾ
1998-ൽ യഹോവയുടെ സംഘടന ആദ്യമായി ബ്രിട്ടീഷ് ആംഗ്യഭാഷയിൽ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയുടെ വീഡിയോ കാസറ്റ് പുറത്തിറക്കി. അത് ഉപയോഗിച്ച് ധാരാളം ബൈബിൾപഠനങ്ങൾ നടത്താൻ കഴിഞ്ഞു. പിന്നീട് അനേകം പ്രസിദ്ധീകരണങ്ങൾ ബ്രിട്ടീഷ് ആംഗ്യഭാഷയിൽ പുറത്തിറങ്ങി.
2002-ലെ കൺവെൻഷനിൽ ആദ്യമായി രാജ്യഗീതങ്ങൾ ബ്രിട്ടീഷ് ആംഗ്യഭാഷയിലേക്കു തർജമ ചെയ്തു. അങ്ങനെ ബധിരരായ സഹോദരീസഹോദരന്മാർക്ക് പരിഭാഷകനോടൊപ്പം മനോഹരമായ ആ പാട്ടുകൾ “പാടാനും” ആ സംഗീതത്തിന്റെ താളം മനസ്സിലാക്കാനും കഴിഞ്ഞു. ഒരു ബധിരനായ മൂപ്പൻ ഈ രീതിയിൽ ആദ്യമായി “പാടിയപ്പോൾ” സന്തോഷംകൊണ്ട് കരഞ്ഞുപോയത് ഇപ്പോഴും നല്ലൊരു ഓർമയായി എന്റെ മനസ്സിലുണ്ട്!
മറ്റൊരു സംഭവത്തിന്റെ നാഴികക്കല്ലുംകൂടിയായിരുന്നു 2002 കൺവെൻഷൻ. ഒരു നാടകം ചിത്രീകരിച്ച് തയ്യാറാക്കാമോ എന്ന് ലണ്ടൻ ആംഗ്യഭാഷാ സഭയോട് ചോദിച്ചിരുന്നു. പക്ഷേ ഞങ്ങൾ അത് എങ്ങനെ ചെയ്യും? ഞങ്ങൾക്ക് ആർക്കും അതിൽ അനുഭവപരിചയം ഇല്ലായിരുന്നു! ഇത്തവണയും യഹോവയുടെ കൈ ഞങ്ങൾ കണ്ടു. വീഡിയോകൾ തയ്യാറാക്കാനും എഡിറ്റ് ചെയ്യാനും അറിയാവുന്ന സഹോദരങ്ങളെ കണ്ടെത്താൻ യഹോവ ഞങ്ങളെ സഹായിച്ചു. അങ്ങനെ നാടകം വൻവിജയമായി! അതിലൂടെ എനിക്കു നല്ല അനുഭവപരിചയം നേടാനും കഴിഞ്ഞു. 2003 മുതൽ 2008 വരെയുള്ള കാലയളവിൽ ഭാവിയിലേക്കുള്ള ബ്രിട്ടീഷ് ആംഗ്യഭാഷാ കൺവെൻഷനുവേണ്ടിയുള്ള വീഡിയോനാടകങ്ങൾ ബഥേലിൽ നിർമിച്ചപ്പോൾ അതിനു നേതൃത്വമെടുക്കാൻ എനിക്കു പദവി ലഭിച്ചു. ആ സമയത്ത് ഈ അനുഭവപരിചയം എനിക്കു പ്രയോജനപ്പെട്ടു.
മക്കളോടൊപ്പം ബഥേലിൽ സേവിച്ചിരുന്ന ആ കാലം സ്റ്റെല്ലയും ഞാനും ആസ്വദിച്ചു. എങ്കിലും അവിടത്തെ ജോലി അത്ര എളുപ്പമായിരുന്നില്ല. ആഴ്ചകളോളമുള്ള റിഹേഴ്സലും ഷൂട്ടിങ്ങും കാരണം അതിൽ അഭിനയിച്ചവരും നിർമാണ ടീമിലുള്ളവരും എല്ലാം ശാരീരികമായും മാനസികമായും ക്ഷീണിതരായി. എന്നാൽ ആ ശ്രമങ്ങളൊന്നും വെറുതെയായില്ല. ബൈബിൾവിവരണങ്ങൾ എല്ലാം ജീവസ്സുറ്റതായി തീർന്നപ്പോൾ ബധിരരായ സഹോദരീസഹോദരന്മാരിൽ പലരും സന്തോഷംകൊണ്ട് കരഞ്ഞുപോയി. അതു കണ്ടപ്പോൾ ഞങ്ങളുടെ ഹൃദയവും നിറഞ്ഞു.
യഹോവ ഞങ്ങൾക്കു സമ്മാനങ്ങൾ തന്നുകൊണ്ടേയിരുന്നു. 2015-ൽ വീക്ഷാഗോപുരത്തിന്റെ പഠനപ്പതിപ്പ് വീഡിയോരൂപത്തിൽ ബ്രിട്ടീഷ് ആംഗ്യഭാഷയിൽ ലഭിച്ചു. 2019-ൽ മത്തായിയുടെ പുസ്തകം പുറത്തിറങ്ങി. ഇപ്പോൾ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ മുഴുവൻ ബ്രിട്ടീഷ് ആംഗ്യഭാഷയിൽ ലഭ്യമാണ്. എബ്രായ തിരുവെഴുത്തുകളുടെ പണികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ബധിരരായ സഹോദരീസഹോദരന്മാർക്ക് യഹോവയോടുള്ള നന്ദി പറഞ്ഞാൽ തീരില്ല!
നമ്മൾ പക്ഷപാതമില്ലാത്ത സ്വർഗീയപിതാവായ യഹോവയെ അനുകരിക്കുന്ന ആത്മീയകുടുംബത്തിന്റെ ഭാഗമാണ്. (പ്രവൃത്തികൾ 10:34, 35) ബധിരരും അന്ധരും ഉൾപ്പെടെ എല്ലാത്തരം ആളുകളെയും സഹായിക്കാൻ യഹോവയുടെ സംഘടന ചെലവഴിക്കുന്ന സമയവും ഊർജവും വിഭവങ്ങളും ഓർക്കുമ്പോൾ എനിക്കും എന്റെ കുടുംബത്തിനും എപ്പോഴും അത്ഭുതം തോന്നുന്നു.a
ആ ശ്രമങ്ങളെല്ലാം ശരിക്കും പ്രയോജനം ചെയ്തു. ഇപ്പോൾ ബ്രിട്ടനിൽ ബ്രിട്ടീഷ് ആംഗ്യഭാഷയിൽ പല സഭകളുണ്ട്. ‘ചെറിയ തുടക്കംമുതൽ’ ഈ വളർച്ചയിൽ ഒരു പങ്കുണ്ടായിരിക്കാൻ അവസരം കിട്ടിയതിൽ എനിക്കു സന്തോഷവും സംതൃപ്തിയും ഉണ്ട്. (സെഖര്യ 4:10) ഇതിന്റെ മഹത്ത്വം ഉറപ്പായും യഹോവയ്ക്കുള്ളതാണ്. യഹോവയാണ് തന്റെ സംഘടനയെ വഴിനയിക്കുന്നത്. എല്ലാത്തരം ആളുകളോടും സന്തോഷവാർത്ത അറിയിക്കാൻ തന്റെ ദാസരെ പ്രാപ്തരാക്കുന്നതും യഹോവയാണ്. അർഹതയുള്ളവരുടെ ഹൃദയങ്ങളിൽ രാജ്യസന്ദേശത്തിന്റെ വിത്തു വളരാൻ യഹോവ ഇടയാക്കുന്നു.
സ്റ്റെല്ലയോടൊപ്പം, 2023
a “നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?—‘തൊട്ടറിയുന്ന ജീവിതങ്ങൾ’” എന്ന ലേഖനം കാണുക.