ആവശ്യം അധികമുള്ളിടത്തു സേവിക്കാൻ നിങ്ങൾക്കു സാധിക്കുമോ?
1 കൂടുതൽ രാജ്യ ഘോഷകരുടെ ആവശ്യമുള്ളിടത്തേക്കു മാറിത്താമസിക്കുന്നതിനെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? “കടന്നുവന്നു ഞങ്ങളെ സഹായിക്ക” എന്ന ക്ഷണം ലഭിക്കുന്നെങ്കിൽ അപ്പൊസ്തലനായ പൗലൊസിനെ പോലെ നിങ്ങൾ പ്രതികരിക്കുമോ? (പ്രവൃ. 16:9, 10) അനേകം സഭകളിലും, ആത്മീയ പക്വതയുള്ള കുടുംബങ്ങളുടെയോ പ്രദേശം പ്രവർത്തിച്ചു തീർക്കുന്നതിന് പയനിയർമാരുടെയോ സഭയിൽ നേതൃത്വം വഹിക്കുന്നതിന് യോഗ്യരായ മൂപ്പന്മാരുടെയോ ശുശ്രൂഷാ ദാസന്മാരുടെയോ സഹായം ആവശ്യമുണ്ട്. വലിയ കാർഷിക മേഖലയിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഒറ്റപ്പെട്ട പട്ടണങ്ങളായിരിക്കാം പ്രവർത്തന പ്രദേശമായിട്ടുള്ളത്. ഏറ്റവും അടുത്ത രാജ്യഹാൾ ഒരുപക്ഷേ കിലോമീറ്ററുകൾ അകലെയായിരിക്കും. ലൗകിക തൊഴിലിനുള്ള സാധ്യത വിരളമായിരിക്കാം. കാലാവസ്ഥ എല്ലായ്പോഴും അത്ര നല്ലതായിരിക്കണമെന്നില്ല. ഇത്തരത്തിലുള്ള ഒരു വെല്ലുവിളി ഏറ്റെടുക്കാൻ നിങ്ങൾ മനസ്സൊരുക്കം കാണിക്കുമോ? ഇതിൽ വിജയിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
2 വിശ്വാസവും ആശ്രയത്വവും ആവശ്യം: ദൈവത്തിന്റെ മാർഗനിർദേശപ്രകാരം അബ്രാം തന്റെ സ്വന്ത പട്ടണമായ ഊർ വിട്ട് ഭാര്യയെയും സഹോദരപുത്രനെയും വൃദ്ധപിതാവായ തേരഹിനെയും കൂട്ടി 1,000 കിലോമീറ്റർ താണ്ടി ഹാരാനിലേക്കു പോയി. (ഉല്പ. 11:32, 32; നെഹെ. 9:7) തേരഹ് മരിച്ച ശേഷം യഹോവ അബ്രാമിനോട് ഹാരാനിൽനിന്ന് തന്റെ ബന്ധുക്കളെയെല്ലാം വിട്ട് ദൈവം അവനെ കാണിക്കാനിരിക്കുന്ന ദേശത്തേക്കു പോകാൻ കൽപ്പിച്ചു. അപ്പോൾ അവന് 75 വയസ്സായിരുന്നു. അബ്രാമും സാറായിയും ലോത്തും “പുറപ്പെട്ടു.” (ഉല്പ. 12:1, 4, 5) തീർച്ചയായും അബ്രാം പോയത് ശുശ്രൂഷകരുടെ കൂടുതലായ ആവശ്യമുള്ളിടത്തു സേവിക്കുന്നതിന് ആയിരുന്നില്ല. എന്നാൽ അവന്റെ ആ താമസമാറ്റത്തിന് ചിലത് ആവശ്യമായിരുന്നു. എന്തായിരുന്നു അത്?
3 അങ്ങനെ ചെയ്യുന്നതിന് അബ്രാമിനു ദൈവത്തിലുള്ള വിശ്വാസവും ആശ്രയവും ആവശ്യമായിരുന്നു. അവന്റെ ചിന്താഗതിയിലും ജീവിതരീതിയിലും മാറ്റം വരുത്തേണ്ടതുണ്ടായിരുന്നു. ബന്ധുക്കളോടൊപ്പമുള്ള സുരക്ഷിതമായ വാസം അവൻ ഉപേക്ഷിക്കണമായിരുന്നു. എന്നാൽ, തന്നെയും കുടുംബത്തെയും യഹോവ പരിപാലിക്കും എന്ന ഉറച്ച വിശ്വാസം അവനുണ്ടായിരുന്നു. സമാനമായ വിധത്തിൽ ഇന്നും അനേകർ യഹോവയിലുള്ള തങ്ങളുടെ വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.
4 ഹ്രസ്വകാല നിയമനങ്ങൾ: ആർക്കും നിയമിച്ചു കൊടുത്തിട്ടില്ലാത്ത പ്രദേശത്തു പോയി പ്രവർത്തിക്കുന്നതിന്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ നിങ്ങൾ എപ്പോഴെങ്കിലും ആസ്വദിച്ചിട്ടുണ്ടോ? അത് ആസ്വദിച്ചിട്ടുള്ളവർക്ക് വളരെ ദൂരം യാത്രചെയ്യേണ്ടി വന്നിട്ടുണ്ട്. അത് ശ്രമത്തിനു തക്ക മൂല്യമുള്ളതായിരുന്നോ?
5 കാലിഫോർണിയയിൽനിന്ന് യൂട്ടായിലേക്കു പോയ ഒരു സഹോദരൻ എഴുതി: “ഒരു കൂട്ടത്തെയുംകൊണ്ട് ഏറെ പ്രവർത്തിച്ചിട്ടില്ലാത്ത ഒരു പ്രദേശത്തേക്കു പോകുന്നതിനെ കുറിച്ച് ആദ്യം എന്നോടു പറഞ്ഞപ്പോൾ എനിക്കു മടിയായിരുന്നു. ഏതായാലും ലഭിച്ച നിയമനം സ്വീകരിക്കാൻതന്നെ ഞാൻ തീരുമാനിച്ചു. ഞാൻ അതേക്കുറിച്ച് ഒരിക്കലും ദുഃഖിച്ചിട്ടില്ല എന്നു മാത്രമല്ല അത് എന്റെ ജീവിതത്തെത്തന്നെ ആകെ മാറ്റിമറിച്ചു. ഈ യാത്രയിൽ ഒരു പങ്കുണ്ടായിരിക്കാൻ ലഭിച്ച പദവിയെപ്രതി ഞാൻ എന്നും യഹോവയ്ക്കു നന്ദി പറയുന്നു.” ഫ്ളോറിഡയിൽനിന്നും ടെനസീയിലേക്കു പോയ ഒരു സഹോദരൻ പറയുന്നത് താൻ സത്യത്തിലായിരുന്ന 20 വർഷക്കാലത്തിനിടയിലെ ഏറ്റവും അനുസ്മരണീയ അനുഭവമായിരുന്നു ഇത് എന്നാണ്! കണെറ്റിക്കട്ടിൽനിന്നും പശ്ചിമ വെർജിനിയയിലേക്കു പോയ ഒരു കൗമാര പ്രായക്കാരൻ ഇപ്രകാരം പറഞ്ഞു: “എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നു ഇത്!” ഒരൽപ്പകാലത്തേക്ക് ആണെങ്കിലും ആവശ്യം അധികമുള്ളിടത്ത് സേവിച്ചതു മൂലം ശുശ്രൂഷയോടുള്ള തങ്ങളുടെ വിലമതിപ്പ് വർധിച്ചതായി മിക്ക പ്രസാധകരും സമ്മതിക്കുന്നു. ഇതു ചെയ്തിട്ടുള്ളവരോടു സംസാരിക്കുക. അവർ ആത്മീയ അഭിവൃദ്ധി പ്രാപിച്ചതായും അവസരം ലഭിച്ചാൽ വീണ്ടും അപ്രകാരം ചെയ്യാൻ ആഗ്രഹിക്കുന്നതായും നിങ്ങൾ കണ്ടെത്തും.
6 ആവശ്യം അധികമുള്ളിടത്തു സേവിക്കുന്നതിന് ഒരു താത്കാലിക നിയമനം സ്വീകരിക്കുന്നതിലൂടെ മറ്റൊരു ഉദ്ദേശ്യം സാധിക്കും. രാജ്യത്തിന്റെ മറ്റൊരു ഭാഗത്തേക്കു മാറിത്താമസിക്കുന്നതിന്റെ “ചിലവു കണക്കുകൂട്ടാൻ” സഹായകമായ പല വിവരങ്ങളും കണ്ടെത്താൻ അത് സഹായിക്കും.—ലൂക്കൊ. 14:28.
7 അന്ത്യം വരുന്നതിനു മുമ്പായി “ഭൂലോകത്തിൽ ഒക്കെയും” സുവാർത്ത ഘോഷിക്കപ്പെടണം എന്നുള്ളത് യഹോവയുടെ ദൃഢനിശ്ചയമാണ്. (മത്താ. 24:14) ഇത് അറിയാവുന്നതിനാൽ, സാധിക്കുന്നപക്ഷം ആവശ്യം അധികമുള്ളിടത്തേക്കു മാറിത്താമസിക്കാൻ നിങ്ങൾ മനസ്സൊരുക്കം ഉള്ളവരായിരിക്കുമോ? പല പ്രദേശങ്ങളിലും ആവശ്യം നിലവിലുണ്ട്.
8 ആവശ്യം അധികമുള്ളിടത്തേക്കു മാറിത്താമസിക്കൽ: നിങ്ങൾ ജോലിയിൽനിന്നു വിരമിച്ച ആളാണോ? നിങ്ങൾക്ക് ഒരു നിശ്ചിത വരുമാനം ഉണ്ടോ? ഇല്ലെങ്കിൽ നിങ്ങൾക്ക് സ്വയംതൊഴിൽ കണ്ടെത്താനാകുമോ? എവിടെയായിരുന്നാലും ടെലിഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് നിങ്ങൾക്ക് വരുമാനമാർഗം കണ്ടെത്താൻ കഴിയുമോ? നിങ്ങൾക്ക് മറ്റൊരു സ്ഥലത്തേക്കു മാറാൻ കഴിയില്ലെങ്കിൽ അപ്രകാരം ചെയ്യാൻ ഒരു കുടുംബാംഗത്തെ സഹായിക്കാനാകുമോ?
9 പ്രാർഥനാപൂർവകമായ പരിചിന്തനത്തിനുശേഷം, ആവശ്യം അധികമുള്ളിടത്തേക്കു മാറിത്താമസിക്കുന്നതിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ നിങ്ങൾക്കു കഴിയും എന്നു കരുതുന്നെങ്കിൽ കുടുംബാംഗങ്ങളുമായും സഭയിലെ മൂപ്പന്മാരുമായും കാര്യം ചർച്ച ചെയ്യുക. അതിനുശേഷം ഒരു കത്ത് തയ്യാറാക്കി മൂപ്പന്മാരുടെ കയ്യിൽ കൊടുക്കുക. അവർ അതിൽ തങ്ങളുടെ അഭിപ്രായങ്ങളും കൂടി ഉൾപ്പെടുത്തി ബ്രാഞ്ച് ഓഫീസിലേക്ക് അയയ്ക്കും.
10 കത്തിൽ നിങ്ങൾ എന്തെഴുതണം? നിങ്ങളുടെ പ്രായം, സ്നാപന തീയതി, സഭയിലെ ഉത്തരവാദിത്വങ്ങൾ, വിവാഹം കഴിച്ചിട്ടുണ്ടോ ഇല്ലയോ എന്നത്, പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉണ്ടോ എന്നത്. നിങ്ങളുടെ വ്യക്തിപരമായ ആവശ്യത്തിനു ചേർച്ചയിൽ നിങ്ങൾ പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്ന സംസ്ഥാനം ഏതെന്നു വ്യക്തമാക്കുക. ഉദാഹരണത്തിന്, ചൂടും ഈർപ്പവും കൂടുതലുള്ള പ്രദേശത്തു നിങ്ങൾക്കു ജീവിക്കാൻ കഴിയുമോ? കടുത്ത ശൈത്യം സഹിക്കാനാകുമോ? സമുദ്രനിരപ്പിൽനിന്ന് വളരെ ഉയർന്ന പ്രദേശത്തു നിങ്ങൾക്കു ജീവിക്കാനാകുമോ? നിങ്ങൾക്ക് ഏതെങ്കിലും പ്രാദേശിക ഭാഷ അറിയാമോ?
11 നിങ്ങൾക്ക് ഉത്സാഹവും മുൻകൈ എടുത്തു പ്രവർത്തിക്കുന്ന സ്വഭാവവും ഉണ്ടോ? ആവശ്യം അധികമുള്ളിടത്തു പ്രവർത്തിക്കുന്നതിന് നിങ്ങളുടെ സാഹചര്യം അനുവദിക്കുന്നുണ്ടോ? എങ്കിൽ ആത്മത്യാഗത്തിന്റെ ആത്മാവ് പ്രകടമാക്കിക്കൊണ്ട് തന്നിൽ ആശ്രയിക്കുന്നവരുടെമേൽ യഹോവ തുടർച്ചയായി സമൃദ്ധമായ അനുഗ്രഹങ്ങൾ വർഷിക്കുന്നത് എങ്ങനെയെന്ന് നേരിൽ കാണുക.—സങ്കീ. 34:8; മലാ. 3:10.