ഉല്ലാസത്തെ ഉചിതമായ സ്ഥാനത്തു നിറുത്തുക
1 പ്രയാസകരമായ ഈ നാളുകളിൽ നമുക്കെല്ലാം പതിവു പ്രവർത്തനങ്ങളിൽനിന്ന് ഇടയ്ക്കൊക്കെ ഒരു വിടുതൽ ആവശ്യമാണ്. കുറച്ചൊക്കെ വിനോദം ഉണ്ടായിരിക്കുന്നത് ഉചിതമാണ്. എന്നിരുന്നാലും, ഒരുവൻ വളരെയധികം സമയം ഉല്ലാസത്തിനും വിനോദത്തിനും സാമൂഹിക കൂടിവരവുകൾക്കുമായി ചെലവഴിക്കുന്നത് ആത്മീയ കാര്യങ്ങൾക്കുള്ള സമയം കുറഞ്ഞുപോകാൻ ഇടയാക്കിയേക്കാം. ഉല്ലാസത്തെ നാം അതിന്റേതായ സ്ഥാനത്തു നിറുത്തേണ്ടതുണ്ട്. (മത്താ. 5:3) അത് എങ്ങനെ സാധിക്കും? എഫെസ്യർ 5:15-17-ൽ (NW) കാണുന്ന ബുദ്ധിയുപദേശം പിൻപറ്റുന്നതിലൂടെ.
2 അതിർവരമ്പുകൾ വെക്കുക: എത്ര ജ്ഞാനപൂർവം ജീവിതം നയിക്കുന്നു എന്നതു സംബന്ധിച്ച് “ജാഗ്രതപുലർത്താൻ” പൗലൊസ് ക്രിസ്ത്യാനികൾക്ക് എഴുതി. അത്യാവശ്യത്തിനു മാത്രം ഉല്ലാസം ഉണ്ടായിരിക്കത്തക്കവിധം അതിന് അതിർവരമ്പുകൾ വെക്കാൻ സമനിലയും ആത്മനിയന്ത്രണവും ആവശ്യമാണ്. നാം ഒഴിവുസമയം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനു ഗൗരവപൂർവമായ ശ്രദ്ധ കൊടുക്കുന്നതു നന്നായിരിക്കും. വിനോദം പ്രയോജനകരം ആയിരിക്കണം. അല്ലാതെ, വെറുതെ സമയം കളഞ്ഞല്ലോ എന്ന തോന്നൽ ഉളവാക്കുന്നതോ നമ്മെ ക്ഷീണിപ്പിക്കുന്നതോ ആയിരിക്കരുത്. ഏതെങ്കിലും ഒരു പ്രവർത്തനത്തിൽ ഏർപ്പെട്ട ശേഷം ശൂന്യതാബോധമോ അസംതൃപ്തിയോ തെല്ലൊരു കുറ്റബോധമോ ആണ് നമുക്ക് അനുഭവപ്പെടുന്നതെങ്കിൽ, നാം സമയം വിനിയോഗിക്കുന്ന വിധത്തിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ട് എന്നതിന്റെ സൂചനയാണ് അത്.
3 ന്യായബോധം ഉള്ളവരായിരിക്കുക: “ന്യായബോധം ഇല്ലാത്തവർ” ആകാതെ ജീവിതത്തിലെ സുപ്രധാന കാര്യങ്ങൾക്കായി “സമയം വിലയ്ക്കു വാങ്ങാൻ” പൗലൊസ് ബുദ്ധിയുപദേശിച്ചു. സമർപ്പിത ക്രിസ്ത്യാനികൾക്ക് ഉല്ലാസത്തെ കേന്ദ്രീകരിച്ചുള്ള ഒരു ജീവിതം നയിക്കാനാവില്ല. വിശ്രമവും ഉല്ലാസവും ശാരീരികമായി ശക്തി വീണ്ടെടുക്കാൻ ഉപകരിക്കുന്നെങ്കിലും, ആത്മീയ ഊർജത്തിന്റെ ഉറവിടം ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയാണ്. (യെശ. 40:29-31) വിനോദത്തിലൂടെയല്ല മറിച്ച് ബൈബിൾ പഠനം, യോഗഹാജർ, വയൽസേവനം തുടങ്ങിയ ദിവ്യാധിപത്യ പ്രവർത്തനങ്ങളിലൂടെയാണ് നമുക്ക് അവന്റെ ആത്മാവ് ലഭിക്കുന്നത്.
4 മുൻഗണനകൾ വെക്കുക: ‘കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊള്ളാൻ’ പൗലൊസ് ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചു. നമ്മുടെ പ്രവർത്തനങ്ങൾ ജീവിതത്തിലെ ഏറ്റവും പ്രധാന സംഗതി എന്ന നിലയിൽ ദൈവരാജ്യത്തെ കേന്ദ്രീകരിച്ചുള്ളത് ആയിരിക്കണം എന്ന് യേശു പഠിപ്പിച്ചു. (മത്താ. 6:33) യഹോവയ്ക്കുള്ള സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ നമ്മെ സഹായിക്കുന്ന കാര്യങ്ങൾ ആദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. അതിനുശേഷം ഉല്ലാസത്തിന് അതിന്റേതായ സ്ഥാനം നൽകാൻ കഴിയും. അങ്ങനെ ചെയ്യുമ്പോൾ അതിന് ആരോഗ്യാവഹമായ ഒരു ഫലം ഉണ്ടായിരിക്കും, നാം അത് ഏറെ ആസ്വദിക്കുകയും ചെയ്യും.—സഭാ. 5:12.