നിങ്ങളുടെ സമയം ജ്ഞാനപൂർവം വിനിയോഗിക്കുക
1 യഹോവയെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹം ആത്മീയ കാര്യങ്ങൾക്കു ജീവിതത്തിൽ മുഖ്യസ്ഥാനം നൽകാൻ നമ്മെ പ്രേരിപ്പിക്കുന്നു. ‘മുമ്പെ രാജ്യം അന്വേഷിക്കാനും’ ‘ഭേദാഭേദങ്ങൾ വിവേചിക്കാൻ’ അഥവാ കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ തിട്ടപ്പെടുത്താനും അവന്റെ വചനം നമ്മെ പ്രബോധിപ്പിക്കുന്നു. (മത്താ. 6:33; ഫിലി. 1:10) രാജ്യതാത്പര്യങ്ങൾക്കായി സമയം തക്കത്തിൽ വിനിയോഗിക്കാനും പ്രാധാന്യം കുറഞ്ഞ പ്രവർത്തനങ്ങളെ അവയുടെ സ്ഥാനത്തു നിറുത്താനും നമുക്ക് എങ്ങനെ കഴിയും?—എഫെ. 5:15-17.
2 രാജ്യപ്രവർത്തനങ്ങൾ ഒന്നാമതു വെക്കുക: പ്രാധാന്യം കുറഞ്ഞ കാര്യങ്ങൾക്കായി നിങ്ങളുടെ സമയം പാഴായിപ്പോകാതിരിക്കാൻ അതു ശരിയായി പട്ടികപ്പെടുത്തുക. ചിലർ മാസത്തിന്റെ ആരംഭത്തിൽത്തന്നെ തങ്ങളുടെ കലണ്ടറിൽ വയൽശുശ്രൂഷയ്ക്കായി സമയം പ്രത്യേകം അടയാളപ്പെടുത്തുന്നു. പിന്നീട് മറ്റൊന്നും അതിനു തടസ്സമാകാതിരിക്കാൻ അവർ ശ്രദ്ധിക്കുന്നു. ഇതേപ്രകാരം യോഗങ്ങൾക്കും വ്യക്തിപരമായ പഠനത്തിനും കൺവെൻഷനുകൾക്കും സമയം കണ്ടെത്താനാകും. അനേകരുടെയും ദൈനംദിന പട്ടിക ആരംഭിക്കുന്നതും അവസാനിക്കുന്നതും ബൈബിൾവായനയോടെയാണ്. പ്രധാനപ്പെട്ട ഓരോ പ്രവർത്തനത്തിനുമായി നിർദിഷ്ട സമയം നീക്കിവെക്കുകയും മറ്റു സംഗതികൾ അനാവശ്യമായി അതിനിടയിൽ കയറിക്കൂടാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.—സഭാ. 3:1; 1 കൊരി. 14:40.
3 ലോകത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തുക: ഇന്നു ചില ദേശങ്ങളിൽ സ്പോർട്സ്, വിനോദം, ഉല്ലാസം, ഹോബികൾ തുടങ്ങിയവ ഏതു നേരത്തും ആസ്വദിക്കാവുന്ന സ്ഥിതിയാണ്. ടെലിവിഷനും കമ്പ്യൂട്ടറും അനേകരുടെയും സമയം കൂടുതലായി കവർന്നെടുക്കുന്നു. എന്നാൽ ഉല്ലാസപ്രവർത്തനങ്ങളിൽ മുഴുകിപ്പോകുന്നതും ലോകം വെച്ചുനീട്ടുന്ന ഓരോരോ ഉത്പന്നങ്ങളിൽ ആസക്തരാകുന്നതും നിരാശയിലേക്കു മാത്രമേ നയിക്കൂ. (1 യോഹ. 2:15-17) അതിനാൽ ലോകത്തെ പൂർണമായി ഉപയോഗിക്കരുതെന്നു തിരുവെഴുത്തുകൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. (1 കൊരി. 7:31) ജ്ഞാനപൂർണമായ ആ ബുദ്ധിയുപദേശം അനുസരിച്ചുകൊണ്ട് യഹോവയുടെ ആരാധനയ്ക്കാണു നമ്മുടെ ജീവിതത്തിൽ മുഖ്യസ്ഥാനമെന്ന് അവനു കാണിച്ചുകൊടുക്കാൻ നമുക്കു സാധിക്കും.—മത്താ. 6:19-21.
4 ഈ വ്യവസ്ഥിതിക്കു ശേഷിച്ചിരിക്കുന്ന സമയം തീരാറായിരിക്കുകയാണ്. രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കുന്നവർ സന്തുഷ്ടിയും ദൈവപ്രീതിയും ആസ്വദിക്കും. (സദൃ. 8:32-35; യാക്കോ. 1:25) അതുകൊണ്ട് വിലയേറിയ സ്വത്തായ സമയം നമുക്കു ജ്ഞാനപൂർവം വിനിയോഗിക്കാം.