അവസരോചിത സമയം വിലയ്ക്കു വാങ്ങാവുന്ന വിധം
1 യഹോവയുടെ സേവനത്തിൽ ധാരാളം ചെയ്യാനുണ്ടായിരിക്കുന്നതു നമ്മെ തിരക്കുള്ളവരാക്കുന്നു! (1 കൊരി. 15:58) വ്യക്തിപരമായും കുടുംബമായും പഠിക്കേണ്ടതിന്റെയും ദിവസേന ബൈബിൾ വായിക്കേണ്ടതിന്റെയും സഭായോഗങ്ങൾക്കു തയ്യാറായി ഹാജരാകേണ്ടതിന്റെയും ക്രമമായി വയൽശുശ്രൂഷയിൽ പങ്കെടുക്കേണ്ടതിന്റെയും ആവശ്യകത നാം തിരിച്ചറിയുന്നു. മേൽവിചാരകന്മാർക്ക് ഇടയവേലയോടു ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളുണ്ട്. കൂടാതെ, അവർ സഭയുടെ മറ്റു ചുമതലകളും ശ്രദ്ധിക്കുന്നു. ചിലർക്കു ഭാരിച്ച കുടുംബ ഉത്തരവാദിത്വങ്ങളോ മറ്റുള്ളവരോടു വിവിധതരം കടപ്പാടുകളോ ഉണ്ടായിരിക്കും. എല്ലാം പൂർണമായി നിർവഹിക്കണമെങ്കിൽ എല്ലാവർക്കും സമനിലയും വ്യക്തിപരമായ നല്ല സംഘാടനവും ആവശ്യമാണ്.
2 മുൻഗണന വയ്ക്കുക: ‘അവസരോചിത സമയം നമുക്കായി വിലയ്ക്കു വാങ്ങു’ന്നതിലെ വിജയം നമ്മുടെ വിവേകത്തെയും നല്ല വിവേചനയെയും ആശ്രയിച്ചിരിക്കുന്നു. (എഫെ. 5:15, 16) ‘പ്രാധാന്യമേറിയ കാര്യങ്ങൾ’ ഏതെന്നു നാം തീരുമാനിക്കുകയും അവയ്ക്കു നമ്മുടെ മുൻഗണനപ്പട്ടികയിൽ മുന്തിയ സ്ഥാനം നൽകുകയും വേണം. (ഫിലി. 1:10, NW) തങ്ങളുടെ ദിവ്യാധിപത്യ ഭവനത്തെക്കുറിച്ച് ഒരു ദമ്പതികൾ പറഞ്ഞത് ഇങ്ങനെയാണ്: “ഞങ്ങൾ ജീവിതം സത്യംകൊണ്ടു നിറയ്ക്കുന്നു . . . സത്യം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമല്ല, അതു ഞങ്ങളുടെ ജീവിതം തന്നെയാണ്. മറ്റെല്ലാം അതിനെ കേന്ദ്രീകരിച്ചുള്ളതാണ്.” യഹോവയുടെ ആരാധനയും സേവനവും ഒരുവന്റെ ജീവിതത്തിൽ ഒന്നാമതു വെക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
3 സമയം പാഴാക്കുന്ന സംഗതികൾ തിരിച്ചറിയുക: ഒരാഴ്ചയിൽ 168 മണിക്കൂർ ഉണ്ട്. ലഭ്യമായ സമയം നാം ബുദ്ധിപൂർവം ഉപയോഗിക്കേണ്ട ആവശ്യമുണ്ട്. ദിവ്യാധിപത്യ പ്രവർത്തനങ്ങൾക്ക് ആവശ്യത്തിനു സമയം വേണമെങ്കിൽ സമയം പാഴാക്കുന്ന സംഗതികൾ നാം തിരിച്ചറിയുകയും അവയെ കുറച്ചുകൊണ്ടുവരുകയും വേണം. ഐക്യനാടുകളിൽ പ്രായപൂർത്തിയായ ഒരു സാധാരണ വ്യക്തി ആഴ്ചയിൽ 30 മണിക്കൂറിൽ കൂടുതൽ ടിവി-യുടെ മുമ്പിൽ ചെലവിടുന്നതായി ഒരു സർവേ വെളിപ്പെടുത്തുകയുണ്ടായി! മറ്റുള്ളവർ ലൗകിക മാസികകൾ വായിച്ച് ഏറെ സമയം കളയുന്നു. സാമൂഹികപ്രവർത്തനങ്ങൾ, ഹോബികൾ, വിനോദം, അല്ലെങ്കിൽ ചില തരം കമ്പ്യൂട്ടർ പ്രവർത്തനങ്ങൾ എന്നിവയ്ക്കുവേണ്ടി തങ്ങൾ അമിതമായി സമയം ചെലവഴിക്കുന്നതായി ചിലർ കണ്ടെത്തിയേക്കാം. നമ്മുടെ സമയം കൂടുതൽ മെച്ചമായി ഉപയോഗിക്കേണ്ട വിധത്തെക്കുറിച്ചറിയാൻ നമ്മുടെ ദിനചര്യ നാം പരിശോധിക്കേണ്ടതുണ്ടായിരിക്കാം. അനിവാര്യമല്ലാത്ത പ്രവർത്തനങ്ങൾക്കായി നാം ചെലവിടുന്ന സമയത്തിനു പരിമിതി ഏർപ്പെടുത്തുന്നതു ബുദ്ധിയായിരിക്കും.
4 ഒരു നല്ല ദിനചര്യ വളർത്തിയെടുക്കുക: നമ്മുടെ വ്യക്തിപരമായ സാഹചര്യങ്ങൾ എന്തുതന്നെയായിക്കൊള്ളട്ടെ, നമ്മിലോരോരുത്തർക്കും ആത്മീയ പ്രവർത്തനങ്ങൾക്കായി സമയം വിലയ്ക്കു വാങ്ങാൻ കഴിയും. ഓരോ ദിവസവും രാവിലെ അൽപ്പം നേരത്തേ പ്രവൃത്തികളാരംഭിക്കുന്നതു കൂടുതൽ കാര്യങ്ങൾ ചെയ്തുതീർക്കാൻ സഹായകമാണെന്നു ചിലർ കണ്ടെത്തിയിട്ടുണ്ട്. ജോലിക്കായി യാത്ര ചെയ്യാനും മറ്റുള്ളവരെ കാത്തിരിക്കാനും നാം ഏറെ സമയം ചെലവിടുന്നെങ്കിൽ ആ സമയത്തിൽ കുറച്ച് ബൈബിൾ വായന, യോഗങ്ങൾക്കായി തയ്യാറാകൽ, ശ്രവ്യകാസറ്റുകളിലൂടെ സൊസൈറ്റി പ്രദാനം ചെയ്യുന്ന വിവരങ്ങൾ ശ്രദ്ധിക്കൽ എന്നിവയ്ക്കായി ഉപയോഗിക്കാൻ നമുക്കു കഴിഞ്ഞേക്കും. ഒരുമിച്ചു പഠിക്കാൻ ക്രമമായി ഒരു സുനിശ്ചിത സമയം നീക്കിവെച്ചുകൊണ്ട് കുടുംബങ്ങൾ വളരെയേറെ പ്രയോജനങ്ങൾ അനുഭവിക്കുന്നു. കുടുംബാധ്യയനത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ കുടുംബാംഗങ്ങളെല്ലാം കൃത്യനിഷ്ഠയുള്ളവരാണെങ്കിൽ ആരുടേയും സമയം നഷ്ടമാകുന്നില്ലാത്തതുകൊണ്ട് എല്ലാവരും പ്രയോജനം അനുഭവിക്കുന്നു.
5 ഓരോ ദിവസം കടന്നുപോകുംതോറും “കാലം ചുരുങ്ങിയിരിക്കുന്നു” എന്നുള്ളതു നാം കൂടുതൽ സൂക്ഷ്മതയോടെ മനസ്സിലാക്കണം. (1 കൊരി. 7:29) നമ്മുടെ ജീവൻ, അവശേഷിക്കുന്ന വിലയേറിയ സമയം നാം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കാൻ കഴിയേണ്ടതിന് അവസരോചിത സമയം വിലയ്ക്കു വാങ്ങുന്നെങ്കിൽ നാം അനുഗ്രഹിക്കപ്പെടും!—മത്താ. 6:33.