നിങ്ങളുടെ സമയവിനിയോഗം സംബന്ധിച്ച് നിതാന്ത ജാഗ്രത പുലർത്തുക
1 സമയനഷ്ടവും ജോലിഭാരവും കുറയ്ക്കുന്ന ഉപകരണങ്ങൾ ധാരാളമുള്ള ഇക്കാലത്തും, ജോലി കൂടുതലും സമയം കുറവുമാണെന്ന് പലരും കണ്ടെത്തുന്നു. മെച്ചപ്പെട്ട ആത്മീയ ചര്യ നിലനിറുത്തുന്നത് ദുഷ്കരമാണെന്നു നിങ്ങൾ കണ്ടെത്തുന്നുവോ? ശുശ്രൂഷയിൽ ഏർപ്പെടാൻ കൂടുതൽ സമയം കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു എന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? നമുക്കെങ്ങനെ സമയം ഏറ്റവും ഫലകരമായി ഉപയോഗിക്കാൻ കഴിയും?—സങ്കീ. 90:12; ഫിലി. 1:9-11, NW.
2 സമയംകൊല്ലികളെ തിരിച്ചറിയുക: സമയം എങ്ങനെ വിനിയോഗിക്കുന്നു എന്നതു സംബന്ധിച്ച് നാമെല്ലാം കാലികമായി വിചിന്തനം ചെയ്യേണ്ടതുണ്ട്. ബൈബിൾ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “ആകയാൽ അജ്ഞാനികളായിട്ടല്ല, ജ്ഞാനികളായി നടക്കേണ്ടതിന് നിതാന്ത ജാഗ്രത പുലർത്തുക. ഇത് ദുഷ്കാലമാകയാൽ അവസരോചിത സമയം വിലയ്ക്കു വാങ്ങുവിൻ.” (എഫെ. 5:15, 16, NW) വിവര സാങ്കേതികവിദ്യയിൽ ഉണ്ടായിട്ടുള്ള മുന്നേറ്റം ഉയർത്തുന്ന വെല്ലുവിളികൾ പരിഗണിക്കുക. കമ്പ്യൂട്ടറിനും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ന്യായമായ ഉപയോഗങ്ങൾ ഉണ്ടെന്നിരിക്കിലും, സമയത്തിന്റെ ഉപയോഗം സംബന്ധിച്ച് നാം ജാഗരൂകരല്ലെങ്കിൽ അവ നമുക്ക് കെണി ആയിത്തീർന്നേക്കാം.—1 കൊരി. 7:29, 31.
3 നാം ഓരോരുത്തരും ഇങ്ങനെ ചോദിക്കേണ്ടതാണ്: ‘ഒരു ശല്യം എന്നതിൽ കവിഞ്ഞ് പ്രാധാന്യമൊന്നുമില്ലാത്ത ഇ-മെയിൽ സന്ദേശങ്ങൾ വായിക്കാനും മറുപടികൊടുക്കാനും ഞാൻ ദിവസവും സമയം ചെലവഴിക്കുന്നുണ്ടോ? ഞാൻ മിക്കപ്പോഴും നിസ്സാരകാര്യങ്ങളെപ്രതി ഫോൺവിളിക്കുകയും ഇലക്ട്രോണിക് സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്യാറുണ്ടോ? (1 തിമൊ. 5:13) ഉദ്ദേശ്യരഹിതമായി ഇന്റർനെറ്റ് ബ്രൗസ് ചെയ്യുകയോ ടെലിവിഷൻ കണ്ടുകൊണ്ടിരിക്കെ ചാനലുകൾ മാറ്റിക്കൊണ്ടിരിക്കുകയോ ചെയ്യുന്ന പതിവ് എനിക്കുണ്ടോ? ഇലക്ട്രോണിക് ഗെയിമുകൾ ബൈബിൾ പഠനത്തിനുള്ള എന്റെ സമയം കവർന്നെടുക്കുണ്ടോ?’ അത്തരം അനുധാവനങ്ങൾക്ക് നാം അറിയാതെതന്നെ നമ്മുടെ ആത്മീയത നശിപ്പിക്കാനാവും.—സദൃ. 12:11, NW.
4 സമയം ജ്ഞാനപൂർവം ഉപയോഗിക്കുക: ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നമ്മുടെ സമയവും ശ്രദ്ധയും കൈയടക്കാനാകും. കമ്പ്യൂട്ടർ ഗെയിമുകളിൽ വളരെയധികം മുഴുകിയിരുന്ന ഒരു യുവാവ് ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “കളിച്ചുകൊണ്ടിരുന്നിടത്തുനിന്നു നേരെ ശുശ്രൂഷയ്ക്കും ക്രിസ്തീയ യോഗങ്ങൾക്കും പോയപ്പോഴൊക്കെ ശ്രദ്ധകേന്ദ്രീകരിക്കാൻ പറ്റാതെ ഞാൻ വിഷമിച്ചിട്ടുണ്ട്. വീട്ടിൽ ചെന്ന് കളി തുടരുന്നതിനെ കുറിച്ചായിരിക്കും എന്റെ ചിന്ത മുഴുവൻ. വ്യക്തിപരമായ പഠനത്തെയും ബൈബിൾ വായനയെയും എല്ലാം അതു ബാധിച്ചു. എനിക്കു ദൈവസേവനത്തിൽ സന്തോഷം കുറഞ്ഞുതുടങ്ങി.” മാറ്റം വരുത്തേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞ അവൻ തന്റെ മുഴുവൻ ഗെയിമുകളും കമ്പ്യൂട്ടറിൽനിന്നു നീക്കംചെയ്തു. അവൻ പറയുന്നു: “തീർച്ചയായും അത് വളരെ ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു. വിചാരിക്കാത്ത വിധം ഗെയിമുകൾക്ക് അടിപ്പെട്ടു പോയെന്നു ഞാൻ തിരിച്ചറിഞ്ഞു. എന്നാൽ ഇപ്പോൾ വിജയം വരിക്കാനായതിലുള്ള സന്തോഷമാണ് എനിക്ക്. എന്റെ നന്മയ്ക്കു വേണ്ടിയാണ് ഞാനതു ചെയ്തതെന്ന് എനിക്കറിയാം.”—മത്താ. 5:29, 30.
5 നിങ്ങൾ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ട മേഖലകൾ ഉണ്ടെങ്കിൽ അത്തരം നടപടികൾ ആവശ്യമായി വന്നേക്കാം. ഓരോ ദിവസവും നിങ്ങൾക്ക് അത്യാവശ്യമില്ലാത്ത കാര്യങ്ങളിൽനിന്ന് അരമണിക്കൂർ വിലയ്ക്കു വാങ്ങാൻ കഴിയുമോ? ഒരു വർഷംകൊണ്ട് ബൈബിൾ വായിച്ചു തീർക്കാൻ ആവശ്യമായ സമയം അതിലൂടെ ലഭിക്കും. അത് ആത്മീയമായി എത്ര പ്രതിഫലദായകമായിരിക്കും! (സങ്കീ. 19:7-11; 119:97-100) ബൈബിൾ വായന, യോഗങ്ങൾക്കുവേണ്ടി തയ്യാറാകൽ, വയൽസേവനം എന്നിവയ്ക്കു സമയം പട്ടികപ്പെടുത്തുക. (1 കൊരി. 15:58) അങ്ങനെ ചെയ്യുന്നത് സമയംകൊല്ലികളെ നിയന്ത്രിക്കാനും “യഹോവയുടെ ഇഷ്ടം ഇന്നതെന്നു ഗ്രഹിക്കു”ന്നതിൽ തുടരാനും നിങ്ങളെ സഹായിക്കും.—എഫെ. 5:17.
[അധ്യയന ചോദ്യങ്ങൾ]
1. എല്ലായിടത്തുമുള്ള ആളുകൾ ഇന്ന് എന്തു വെല്ലുവിളിയാണു നേരിടുന്നത്?
2, 3. വിവര സാങ്കേതികവിദ്യ ഉയർത്തുന്ന വെല്ലുവിളികൾ ഏവ, നമുക്ക് ഓരോരുത്തർക്കും എങ്ങനെ ആത്മപരിശോധന നടത്താം?
4. ഒരു യുവാവ് എന്തു മാറ്റമാണു വരുത്തിയത്, എന്തുകൊണ്ട്?
5. നമുക്ക് ആത്മീയ അനുധാവനങ്ങൾക്കുവേണ്ടി എങ്ങനെ സമയം വിലയ്ക്കു വാങ്ങാം, അപ്രകാരം ചെയ്യുന്നതിൽനിന്നു നാം എങ്ങനെ പ്രയോജനം നേടുന്നു?