അധ്യയനങ്ങൾ തുടങ്ങുന്നതിന് ഒരു പുതിയ ഉപകരണം!
1 ചെറിയ ഒരു അമ്പലത്തിലെ പൂജാരിയായിരുന്നു രാജേന്ദ്രൻ. അദ്ദേഹം ക്രമമായി അവിടെ പൂജ നടത്തിയിരുന്നു. വാരന്തോറും ഒരു യുവസഹോദരൻ ബൈബിൾ അധ്യയനങ്ങൾ നടത്തുന്നതിനായി തന്റെ പ്രദേശത്തുള്ള വീടുകളിൽ പോകുന്നത് അദ്ദേഹം നിരീക്ഷിച്ചിരുന്നു. ക്രമമായ ഈ സന്ദർശനങ്ങൾ അദ്ദേഹത്തിന്റെ ജിജ്ഞാസയെ ഉണർത്തി. അങ്ങനെയിരിക്കെ ഒരു ദിവസം സഹോദരന്മാർ ഒരു സാമൂഹിക കൂടിവരവിൽ വെച്ച് രാജേന്ദ്രനെ കണ്ടുമുട്ടാനിടയായി. അവസരം പാഴാക്കാതെ അവർ രാജേന്ദ്രന് ഒരു ബൈബിൾ അധ്യയനം വാഗ്ദാനം ചെയ്തു. ബൈബിളിനെ കുറിച്ച് അറിയാൻ അതീവ താത്പര്യം ഉണ്ടായിരുന്ന അദ്ദേഹം നന്ദിപൂർവം അതിനു സമ്മതിച്ചു. ഈ അനുഭവം നമ്മെ എന്താണു പഠിപ്പിക്കുന്നത്? ഒരു സൗജന്യ ബൈബിൾ പഠന പരിപാടിയിൽ പങ്കുചേരാൻ സാധ്യതയുള്ളത് ആരാണെന്നു നമുക്കറിയില്ല എന്നുതന്നെ.—സഭാ. 11:6.
2 താത്പര്യമുള്ള ആരോടൊപ്പവും ബൈബിൾ പഠിക്കാൻ നാം മനസ്സൊരുക്കം ഉള്ളവരാണെന്ന് ആളുകളോടു പറയാൻ നിങ്ങൾ എപ്പോഴെങ്കിലും മടി കാണിച്ചിട്ടുണ്ടോ? ഇങ്ങനെയൊരു സൗജന്യ ക്രമീകരണം ഉണ്ട് എന്ന കാര്യം നിങ്ങളുടെ പ്രദേശത്തുള്ള എല്ലാവർക്കും അറിയാമോ? അവർക്ക് അത് അറിയാമെന്നു നമുക്ക് എങ്ങനെ ഉറപ്പുവരുത്താം? ഒരു പുതിയ ഉപകരണം ഉപയോഗപ്പെടുത്തിക്കൊണ്ട്! ആറു പേജുള്ള ആകർഷകമായ ഒരു ലഘുലേഖയാണത്. ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്നാണ് അതിന്റെ പേര്. ഈ ലഘുലേഖയുടെ ഓരോ ഉപശീർഷകവും പരിചിന്തിച്ചുകൊണ്ട് നമുക്ക് ഇതൊന്ന് അടുത്തു പരിശോധിക്കാം.
3 “ബൈബിൾ വായിക്കേണ്ടത് എന്തുകൊണ്ട്?”: ഈ ലഘുലേഖ നൽകുന്ന കാരണങ്ങൾ വളരെ ഹൃദ്യമാണ്. “ദൈവത്തിൽ നിന്നുള്ള സ്നേഹപൂർവകമായ മാർഗനിർദേശങ്ങളാണ്” ബൈബിളിൽ അടങ്ങിയിരിക്കുന്നത് എന്ന് അതു വിശദീകരിക്കുന്നു. അതായത്, പ്രാർഥനയിൽ അവനെ എങ്ങനെ സമീപിക്കണം, നിത്യജീവൻ എന്ന അവന്റെ സമ്മാനം ലഭിക്കാൻ എന്തു ചെയ്യണം എന്നെല്ലാം അതു വ്യക്തമാക്കുന്നു. (1 തെസ്സ. 2:13) മരണാനന്തരം നമുക്ക് എന്തു സംഭവിക്കുന്നു, ഭൂമിയിൽ ഇത്രയധികം പ്രശ്നങ്ങൾ ഉള്ളത് എന്തുകൊണ്ട് എന്നിങ്ങനെ നമ്മെ “പ്രബുദ്ധരാക്കുന്ന” നിരവധി ബൈബിൾ “സത്യങ്ങൾ” ഈ ലഘുലേഖയിൽ പരാമർശിക്കുന്നു. ബാധകമാക്കുന്നെങ്കിൽ, നമുക്കു ശാരീരിക പ്രയോജനങ്ങൾ കൈവരുത്തുന്നതും സന്തുഷ്ടിയും പ്രത്യാശയും ആകർഷകമായ പല ഗുണങ്ങളും ഉന്നമിപ്പിക്കുന്നതുമായ “ബൈബിളിൽ കാണുന്ന ദൈവിക തത്ത്വങ്ങ”ളെ കുറിച്ചും അതു വിശദീകരിക്കുന്നു. ബൈബിൾ വായിക്കുന്നതിനുള്ള കൂടുതലായ ഒരു കാരണത്തെ കുറിച്ചും ലഘുലേഖ പരാമർശിക്കുന്നു—നമ്മുടെ തൊട്ടു മുമ്പിൽ എന്താണുള്ളത് എന്നു കാണിച്ചുതരുന്ന ഭാവിയെ സംബന്ധിച്ച പ്രവചനങ്ങൾ.—വെളി. 21:3-5.
4 “ബൈബിൾ മനസ്സിലാക്കാൻ സഹായം”: ലഘുലേഖ ഇപ്രകാരം പ്രസ്താവിക്കുന്നു: “ദൈവവചനം ഗ്രഹിക്കുന്നതിന് നമുക്ക് എല്ലാവർക്കും സഹായം ആവശ്യമാണ്.” തുടർന്ന്, നാം ബൈബിൾ പഠിപ്പിക്കുന്ന രീതി അതു വിവരിക്കുന്നു: “സാധാരണഗതിയിൽ ബൈബിളിന്റെ അടിസ്ഥാന പഠിപ്പിക്കലുകളിൽ തുടങ്ങി ക്രമാനുഗതമായി പഠിക്കുന്നതാണ് ഉത്തമം.” “ബൈബിളാണ് ആധികാരിക ഗ്രന്ഥം” എന്നു വ്യക്തമാക്കുമ്പോൾത്തന്നെ, “വ്യത്യസ്ത വിഷയങ്ങൾ സംബന്ധിച്ച തിരുവെഴുത്തു വിവരങ്ങൾ ഗ്രഹിക്കാൻ” വിദ്യാർഥിയെ സഹായിക്കുന്ന ഒന്നായി ലഘുലേഖ ആവശ്യം ലഘുപത്രികയെ വിശേഷവത്കരിക്കുന്നു. അടുത്ത ഉപശീർഷകം പ്രധാനപ്പെട്ട ഒരു ചോദ്യം ഉന്നയിക്കുന്നു.
5 “ബൈബിൾ മനസ്സിലാക്കാൻ വാരംതോറും അൽപ്പസമയം ചെലവഴിക്കാൻ നിങ്ങൾ സന്നദ്ധനാണോ?”: വിദ്യാർഥിയുടെ സമയവും സൗകര്യവും കണക്കിലെടുത്ത് ബൈബിൾ പഠിക്കുന്നതിനുള്ള ക്രമീകരണം ചെയ്യാവുന്നതാണെന്ന് ലഘുലേഖ വിശദീകരിക്കുന്നു. അത് വീട്ടിൽവെച്ചോ ടെലിഫോണിലൂടെയോ ആകാം. ചർച്ചയിൽ ആർക്കു പങ്കെടുക്കാവുന്നതാണ്? ലഘുലേഖ ഉത്തരം നൽകുന്നു: “നിങ്ങളുടെ മുഴു കുടുംബത്തിനും. നിങ്ങളുടെ സുഹൃത്തുക്കളെ ക്ഷണിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അവർക്കും. ഇനി, നിങ്ങൾ ഒറ്റയ്ക്കാണ് പഠിക്കാൻ ഇഷ്ടപ്പെടുന്നതെങ്കിൽ അങ്ങനെയും ആകാവുന്നതാണ്.” ഒരാൾ എത്ര സമയം പഠിക്കണം? അതു വിശദീകരിക്കുന്നു: “ബൈബിൾ പഠിക്കുന്നതിന് അനേകരും വാരംതോറും ഒരു മണിക്കൂർ വീതം മാറ്റിവെക്കുന്നു. നിങ്ങൾക്ക് അതിൽ കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുമെങ്കിൽ, ഇനി അതല്ല ഓരോ വാരത്തിലും അതിൽ കുറഞ്ഞ സമയമേ ചെലവഴിക്കാൻ നിങ്ങൾക്കു കഴിയുന്നുള്ളുവെങ്കിൽ പോലും, യാതൊരു പ്രശ്നവുമില്ല. നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾ തയ്യാറായിരിക്കും.” അതാണു മുഖ്യ സംഗതി! ഓരോ വിദ്യാർഥിയുടെയും സാഹചര്യങ്ങൾക്ക് അനുസൃതമായി ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ നാം മനസ്സൊരുക്കം ഉള്ളവരാണ്.
6 “പഠിക്കാനുള്ള ക്ഷണം”: ലഘുലേഖയിൽ ഒരു കൂപ്പൺ നൽകിയിട്ടുണ്ട്. അത് ഉപയോഗിച്ച് ഒന്നുകിൽ ആവശ്യം ലഘുപത്രികയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വേണ്ടി അല്ലെങ്കിൽ സൗജന്യ ബൈബിൾ പഠന പരിപാടിയെ കുറിച്ചു വിശദീകരിക്കുന്നതിന് ആരെങ്കിലും തന്നെ സന്ദർശിക്കുന്നതിനു വേണ്ടി ലഘുലേഖ ലഭിക്കുന്ന വ്യക്തിക്ക് ആവശ്യപ്പെടാവുന്നതാണ്. ആവശ്യം ലഘുപത്രികയുടെ പുറംചട്ട മുഴു വർണത്തിൽ കൊടുത്തിരിക്കുന്നു. ആത്മാർഥ ഹൃദയരായ കൂടുതൽ ആളുകളെ നമ്മുടെ സഹായം സ്വീകരിക്കാൻ, ഈ ലഘുലേഖ എന്തുകൊണ്ടു പ്രോത്സാഹിപ്പിക്കും എന്നു കാണാൻ നിങ്ങൾക്കു കഴിയുന്നില്ലേ? നമുക്ക് എങ്ങനെ ഈ ഉപകരണം പരമാവധി പ്രയോജനപ്പെടുത്താനാകും?
7 ഈ ലഘുലേഖ ആർക്കു നൽകാവുന്നതാണ്? ആളുകളെ നേരിട്ടു കണ്ട് ഈ ലഘുലേഖ നൽകാം; അല്ലെങ്കിൽ ആളില്ലാ ഭവനങ്ങളിൽ ഇത് ഇട്ടിട്ടു പോരാവുന്നതാണ്. വീടുതോറുമോ തെരുവിലോ ബിസിനസ് മേഖലകളിലോ ഇതു വിതരണം ചെയ്യാവുന്നതാണ്. ആളുകൾ നമ്മുടെ സാഹിത്യം സ്വീകരിച്ചാലും ഇല്ലെങ്കിലും ഇതു കൊടുക്കുക. സമർപ്പിക്കുന്ന മാസികയ്ക്കുള്ളിലോ മറ്റു പ്രസിദ്ധീകരണങ്ങൾക്കുള്ളിലോ ഇതു വെച്ചു നൽകുക. കത്തുകൾ അയയ്ക്കുമ്പോൾ ഇതും കൂടി ഉള്ളിൽ വെക്കുക. ടെലിഫോണിൽ നിങ്ങൾ ബന്ധപ്പെടുന്ന ആളുകൾക്ക് ഇതിന്റെ ഒരു പ്രതി അയച്ചുകൊടുക്കാമെന്നു പറയുക. സാധനം വാങ്ങാൻ പോകുമ്പോഴും പൊതു വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും അനൗപചാരികമായി സാക്ഷീകരിക്കുമ്പോഴുമെല്ലാം വിതരണം ചെയ്യാൻ തക്കവണ്ണം ഇതിന്റെ പ്രതികൾ എല്ലായ്പോഴും കൈവശം ഉണ്ടായിരിക്കുക. നിങ്ങളുടെ വീട്ടിൽ വരുന്ന എല്ലാവർക്കും അതുപോലെതന്നെ നിങ്ങളുടെ ബന്ധുക്കൾക്കും അയൽക്കാർക്കും സഹപ്രവർത്തകർക്കും സഹപാഠികൾക്കും മറ്റു പരിചയക്കാർക്കും ഇതു നൽകുക. കണ്ടുമുട്ടുന്ന ഏതൊരാൾക്കും ഈ ലഘുലേഖയുടെ ഒരു പ്രതി നൽകാൻ ശ്രമംചെയ്യുക! എന്നിട്ടോ?
8 പെട്ടെന്നുതന്നെ പ്രതികരിക്കുന്നെങ്കിൽ: ബൈബിൾ പഠിക്കാൻ താത്പര്യമുണ്ട് എന്നു പറഞ്ഞ് ചിലർ ഉടൻതന്നെ പ്രതികരിച്ചേക്കാം. അതുകൊണ്ട്, വയൽസേവനത്തിൽ ഏർപ്പെടുമ്പോഴെല്ലാം ആവശ്യം ലഘുപത്രികയുടെ രണ്ടു പ്രതികൾ കൈവശം ഉണ്ടായിരിക്കാൻ ശ്രദ്ധിക്കുക—ഒന്നു നിങ്ങളുടെ വിദ്യാർഥിക്കും മറ്റൊന്നു നിങ്ങൾക്കും. വ്യക്തിക്കു സമ്മതമാണെങ്കിൽ അപ്പോൾത്തന്നെ അധ്യയനം തുടങ്ങുക. രണ്ടാം പേജിലേക്കു മറിച്ച് “ഈ ലഘുപത്രിക ഉപയോഗിക്കേണ്ട വിധം” എന്ന ഭാഗം വായിക്കുക. എന്നിട്ട് 1-ാം പാഠത്തിൽനിന്ന് അധ്യയനം നടത്തുന്ന വിധം പ്രകടിപ്പിച്ചു കാണിക്കുക. എന്താ, ഈ സമീപനം വളരെ എളുപ്പമല്ലേ?
9 ശ്രോതാവിന് ആലോചിക്കാൻ സമയം വേണമെങ്കിൽ: ഏറെ വൈകാതെതന്നെ വ്യക്തിയെ വീണ്ടും കാണാൻ ശ്രമം ചെയ്യുക. അപ്പോൾ ആവശ്യം ലഘുപത്രിക കൈവശം ഉണ്ടെന്ന് ഉറപ്പുവരുത്തുക. രണ്ടാം പേജിലെ ഉള്ളടക്കപ്പട്ടിക ആ വ്യക്തിയെ കാണിക്കുക. അതിൽനിന്ന് തനിക്ക് ഏറ്റവും താത്പര്യജനകമെന്നു തോന്നുന്ന ഒരു വിഷയം അദ്ദേഹം തിരഞ്ഞെടുക്കട്ടെ. അദ്ദേഹം തിരഞ്ഞെടുത്ത വിഷയം ലഘുപത്രികയിൽനിന്നു ചർച്ച ചെയ്യുക.
10 മാസിക സമർപ്പിച്ചിടത്ത് മടങ്ങിച്ചെല്ലുമ്പോൾ: മാസികകളോടൊപ്പമാണ് ഈ ലഘുലേഖ നൽകിയതെങ്കിൽ മടങ്ങിച്ചെല്ലുമ്പോൾ നിങ്ങൾക്ക് ഇപ്രകാരം പറയാവുന്നതാണ്: “കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ വീക്ഷാഗോപുരത്തിന്റെ ഒരു പ്രതി ഞാൻ നിങ്ങൾക്കു തന്നിരുന്നു. ഒരുപക്ഷേ ആ മാസികയുടെ മുഴുവൻ പേര് നിങ്ങൾ ശ്രദ്ധിച്ചു കാണും, അത് വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്നാണ്. ഈ രാജ്യം എന്താണെന്നും അത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എന്തർഥമാക്കുമെന്നും ഞാൻ ഒന്നു വിശദീകരിക്കട്ടെ.” എന്നിട്ട് ആവശ്യം ലഘുപത്രികയുടെ 6-ാം പാഠം എടുക്കുക. വീട്ടുകാരന്റെ സമയം അനുസരിച്ച്, ഒന്നാം ഖണ്ഡിക മുതൽ വായിച്ചു ചർച്ച ചെയ്യുക. എന്നിട്ട് മറ്റൊരു ദിവസം മടങ്ങിച്ചെന്ന് ആ പാഠം പൂർത്തിയാക്കുന്നതിനുള്ള ക്രമീകരണം ചെയ്യുക.
11 വേണ്ടത്ര ലഘുലേഖ ഇല്ലാതിരിക്കരുത്: ബൈബിളിനെ കുറിച്ച് അറിയാൻ ലഘുലേഖയുടെ വേണ്ടത്ര ശേഖരം എല്ലായ്പോഴും സഭയിൽ ഉണ്ടായിരിക്കാൻ സേവന മേൽവിചാരകനും സാഹിത്യം കൈകാര്യം ചെയ്യുന്ന സഹോദരനും ആഗ്രഹിക്കും. നിങ്ങളുടെ പോക്കറ്റിൽ അല്ലെങ്കിൽ പേഴ്സിൽ, കാറിൽ, ജോലി സ്ഥലത്ത്, സ്കൂളിൽ, വീട്ടിലെ സ്വീകരണമുറിയിൽ—സൗകര്യപൂർവം എടുക്കാൻ പറ്റിയ എവിടെയും—അവയുടെ പ്രതികൾ സൂക്ഷിക്കുക. ബൈബിളിനെ കുറിച്ചു നമുക്കു സംസാരിക്കാൻ കഴിയുന്ന ആരെയെങ്കിലും കണ്ടുമുട്ടുമ്പോൾ നൽകുന്നതിനായി നിങ്ങളുടെ സാക്ഷീകരണ ബാഗിലും അവയുടെ പ്രതികൾ സൂക്ഷിക്കുക.
12 നമ്മുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കട്ടെ: മറ്റുള്ളവരെ സത്യം പഠിപ്പിക്കുക എന്നതാണ് എല്ലാ ക്രിസ്ത്യാനികളുടെയും ലക്ഷ്യം, തികച്ചും അഭികാമ്യമായ ഒന്നാണത്. (മത്താ. 28:19, 20) നിങ്ങൾ ഇപ്പോൾത്തന്നെ ഒരു ബൈബിൾ അധ്യയനം നടത്തുന്നുണ്ടോ? എങ്കിൽ, നിങ്ങളുടെ പ്രതിവാര പട്ടികയിൽ ഒരെണ്ണത്തിനും കൂടി സമയം കണ്ടെത്താനാകുമോ? നിങ്ങൾക്ക് ഇപ്പോൾ ഒരു അധ്യയനം ഇല്ലെങ്കിൽ, ഒരെണ്ണം നടത്താൻ നിങ്ങൾ ആഗ്രഹിക്കുമെന്നതിനു സംശയമില്ല. ബൈബിൾ പഠിപ്പിക്കാൻ തക്കവണ്ണം ആരെയെങ്കിലും കണ്ടെത്താനുള്ള നിങ്ങളുടെ ശ്രമത്തിന്മേൽ യഹോവയുടെ അനുഗ്രഹത്തിനായി പ്രാർഥിക്കുക. എന്നിട്ട് ആ പ്രാർഥനയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കുക.—1 യോഹ. 5:14, 15.
13 അധ്യയനങ്ങൾ തുടങ്ങുന്നതിന് നമുക്ക് ഒരു പുതിയ ഉപകരണം ലഭിച്ചിരിക്കുന്നു! അതു വായിച്ച് അതിന്റെ ഉള്ളടക്കം നന്നായി മനസ്സിലാക്കുക. അതു വിതരണം ചെയ്യുന്നതിൽ യാതൊരു പിശുക്കും കാട്ടാതിരിക്കുക. “നന്മ ചെയ്വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും” ദൈവവചനത്തെ കുറിച്ചു നിങ്ങൾ പഠിച്ചതൊക്കെയും പങ്കുവെക്കുന്നതിൽ “ഔദാര്യമുള്ളവ”രുമായിരിക്കാൻ നിങ്ങളാൽ ആവുന്നതെല്ലാം ചെയ്യുക.—1 തിമൊ. 6:18.
[4-ാം പേജിലെ ചതുരം]
ലഘുലേഖ വിതരണം ചെയ്യുന്നതിനുള്ള അവസരങ്ങൾ
◼ അനുദിന സംഭാഷണങ്ങൾക്കിടയിൽ
◼ ആരെങ്കിലും നമ്മുടെ സാഹിത്യം സ്വീകരിക്കുമ്പോൾ
◼ ആളില്ലാ ഭവനങ്ങളിൽ
◼ മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ
◼ തെരുവു സാക്ഷീകരണത്തിൽ ആരെയെങ്കിലും കണ്ടുമുട്ടുമ്പോൾ
◼ ബിസിനസ് മേഖലയിൽ സാക്ഷീകരിക്കുമ്പോൾ
◼ അനൗപചാരിക സാക്ഷീകരണം നടത്തുമ്പോൾ
◼ കത്തുകൾ എഴുതുമ്പോൾ
◼ പൊതു വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ
◼ ആരെങ്കിലും നമ്മുടെ വീട്ടിൽ വരുമ്പോൾ
◼ ബന്ധുക്കളോടും അയൽക്കാരോടും സഹപ്രവർത്തകരോടും സഹപാഠികളോടും മറ്റു പരിചയക്കാരോടും സംസാരിക്കുമ്പോൾ