ബൈബിളധ്യയനത്തെക്കുറിച്ചു പറയാൻ എപ്പോഴും തയ്യാറായിരിക്കുക!
1. യേശു നൽകിയ നിയോഗം നിറവേറ്റാനായി നാം എന്തു ചെയ്യണം?
1 ‘ആളുകളെ പഠിപ്പിച്ചു ശിഷ്യരാക്കാനുള്ള’ നിയോഗം യേശു നമുക്ക് നൽകിയിട്ടുണ്ട്. (മത്താ. 28:19, 20) അതുകൊണ്ട് ആളുകളോട് ബൈബിളധ്യയനത്തെക്കുറിച്ചു പറയാൻ നാം എപ്പോഴും തയ്യാറായിരിക്കണം. പിൻവരുന്ന നിർദേശങ്ങൾ സഹായകമായിരിക്കും.
2. ബൈബിളധ്യയനത്തെക്കുറിച്ച് ആരോടെല്ലാം പറയാനാകും?
2 ബൈബിളധ്യയനത്തെക്കുറിച്ചു പറയുക: ബൈബിളധ്യയനത്തെക്കുറിച്ചു പറയാനുള്ള അവസരങ്ങൾ നാം എത്രയധികം പ്രയോജനപ്പെടുത്തുന്നുവോ അതു ലഭിക്കാനുള്ള സാധ്യത അത്രയധികമായിരിക്കും. (സഭാ. 11:6) നമ്മുടെ സന്ദേശത്തോടു താത്പര്യം കാണിക്കുന്ന എല്ലാവരോടും നിങ്ങൾ ബൈബിളധ്യയനത്തെക്കുറിച്ചു പറയാറുണ്ടോ? ഒരു സഭയിലെ സഹോദരങ്ങൾ ചെയ്തത് എന്താണെന്നു നോക്കൂ. ബൈബിളധ്യയനങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തിൽ അവർ ഒരു മാസം മുഴുവൻ പ്രവർത്തിച്ചു. അവരുടെ കഠിന ശ്രമത്തിന്റെ ഫലമായി ആ മാസം അവർക്ക് 42 പുതിയ അധ്യയനങ്ങൾ ആരംഭിക്കാനായി! അവരുടെ സന്തോഷം നിങ്ങൾക്ക് വിഭാവന ചെയ്യാനാകുമോ? ബൈബിൾ പഠിക്കാൻ നിങ്ങൾ സഹായിക്കുമെന്ന കാര്യം താത്പര്യക്കാർക്ക് അറിയാവുന്ന സംഗതിയായിരിക്കുമെന്ന് വിചാരിക്കരുത്. നിങ്ങൾ പറയാതെ ഒരുപക്ഷേ അവർക്ക് അത് അറിയില്ലായിരിക്കാം. അതുകൊണ്ട് അടുത്ത പ്രാവശ്യം അവരെ കാണാൻ പോകുമ്പോൾ ബൈബിളധ്യയനത്തെക്കുറിച്ച് അവരോടു പറയുക. അവർ ഒരു അധ്യയനത്തിന് അപ്പോൾസമ്മതിച്ചില്ലെങ്കിൽപ്പോലും വിഷമിക്കേണ്ടതില്ല. അവരുടെ താത്പര്യം വളർത്തിയെടുക്കാനുള്ള ശ്രമം തുടരുക. ബൈബിൾ പഠിക്കാൻ താത്പര്യമുണ്ടോ എന്ന് അയൽക്കാരോടും ബന്ധുക്കളോടും സഹപ്രവർത്തകരോടും സഹപാഠികളോടും നിങ്ങൾ ചോദിച്ചിട്ടുണ്ടോ? ഇനി, ബൈബിൾവിദ്യാർഥികളോടും ചോദിക്കാനാകും, അവരുടെ ബന്ധുക്കളിലോ സുഹൃത്തുക്കളിലോ ആർക്കെങ്കിലും ബൈബിൾ പഠിക്കാൻ താത്പര്യമുണ്ടോയെന്ന്.
3. അധ്യയനം ആരംഭിക്കാൻ നമുക്ക് ഏത് സഹായം ലഭ്യമാണ്? എപ്പോഴെല്ലാം നമുക്ക് അത് ഉപയോഗിക്കാം?
3 ഒരു ഉത്തമ സഹായി: ബൈബിളധ്യയനം ആരംഭിക്കുന്നതിന് ഒരു ഉത്തമ സഹായിയാണ് സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ. സുവാർത്തയിൽ ആത്മാർഥമായ താത്പര്യം കാണിക്കുന്ന ഏതൊരാൾക്കും അത് നൽകാനാകും. മടക്കസന്ദർശനങ്ങൾ നടത്തുമ്പോഴും അത് ഉപയോഗിക്കാവുന്നതാണ്. വയൽസേവനത്തിലായിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും സാധനം വാങ്ങാൻ പോകുമ്പോഴും ജോലിസ്ഥലത്തായിരിക്കുമ്പോഴുമെല്ലാം ഈ ലഘുലേഖ കൈയിൽകരുതുക. അതിന്റെ അവസാന പേജിൽ ബൈബിളധ്യയന ക്രമീകരണത്തെക്കുറിച്ചും ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തെക്കുറിച്ചും പറയുന്നുണ്ട്.
4. അധ്യയനം ആരംഭിക്കാനായി സത്യം അറിയുക ലഘുലേഖ എങ്ങനെ ഉപയോഗിക്കാം?
4 താത്പര്യക്കാരന് ലഘുലേഖ കൊടുത്തശേഷം മുൻപേജിലെ ചോദ്യങ്ങൾ അദ്ദേഹത്തെ കാണിച്ചിട്ട് “ഇതിൽ ഏത് ചോദ്യത്തിന് ഉത്തരം അറിയാനാണ് താങ്കൾ ആഗ്രഹിക്കുന്നത്?” എന്നു ചോദിക്കുക. എന്നിട്ട് ലഘുലേഖയിൽനിന്ന് അതിനുള്ള ഉത്തരം വിശദീകരിച്ചുകൊടുക്കുക. അതിനുശേഷം അവസാന പേജിൽ അധ്യയനക്രമീകരണത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന ഭാഗം വായിച്ചുകേൾപ്പിക്കുകയോ ചുരുക്കമായി വിശദീകരിക്കുകയോ ചെയ്യുക. തുടർന്ന് ആ വിഷയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലെ ഏത് അധ്യായത്തിലാണ് ഉള്ളതെന്നു കാണിച്ചുകൊടുത്തിട്ട് പുസ്തകം സമർപ്പിക്കുക. മടങ്ങിച്ചെന്ന് ചർച്ച തുടരാനുള്ള ക്രമീകരണം ചെയ്യുക.
5. ബൈബിളധ്യയനത്തെക്കുറിച്ചു പറയാൻ നാം എപ്പോഴും തയ്യാറായിരിക്കേണ്ടത് എന്തുകൊണ്ട്?
5 ബൈബിളിലെ സത്യങ്ങൾ അറിയാൻ വാഞ്ഛിക്കുന്ന ആളുകൾ നമ്മുടെ പ്രദേശത്ത് ഇനിയുമുണ്ട്. അങ്ങനെയുള്ളവരെ കണ്ടെത്താൻ ശ്രമിക്കുമ്പോൾത്തന്നെ ആളുകളുടെ മതവികാരങ്ങൾ വ്രണപ്പെടുത്താതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കും. അതിന് നമുക്ക് നയവും വിവേകവും ആവശ്യമാണ്. ബൈബിളധ്യയനത്തെക്കുറിച്ചു പറയാനുള്ള ഏതൊരു അവസരവും പ്രയോജനപ്പെടുത്തുന്നെങ്കിൽ ജീവനിലേക്കുള്ള പാതയിലൂടെ നടക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള കൂടുതലായ അവസരങ്ങളും അതിന്റെ സന്തോഷവും നമുക്ക് ലഭിക്കുകതന്നെചെയ്യും.—മത്താ. 7:13, 14.