ശിഷ്യരാക്കൽവേലയിൽ ശ്രദ്ധകേന്ദ്രീകരിക്കുക
1. ആളുകൾ രക്ഷപെടണമെങ്കിൽ എന്ത് ആവശ്യമാണ്?
1 ദൈവജനം രാജ്യസുവാർത്ത പ്രസംഗിക്കുന്നതിൽ തീക്ഷ്ണതയും നിശ്ചയദാർഢ്യവും ഉള്ളവരാണെന്നാണ് 2014-ലെ വാർഷിക സേവന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. (മത്താ. 24:14) വീടുതോറുമുള്ള വേല, ലഘുലേഖകളും ക്ഷണക്കത്തുകളും വിതരണം ചെയ്യുന്നതിനുള്ള പ്രത്യേക പ്രചാരണ പരിപാടികൾ, പരസ്യസാക്ഷീകരണ വിധങ്ങൾ എന്നിവയിലൂടെ മുമ്പെന്നത്തേക്കാൾ അധികം ആളുകളിലേക്ക് നമ്മൾ ബൈബിൾ സന്ദേശം എത്തിക്കുന്നുണ്ട്. എന്നിരുന്നാലും വ്യക്തികൾ രക്ഷപെടണമെങ്കിൽ അവരോടൊത്ത് നാം ബൈബിൾ പഠിച്ചുകൊണ്ട് യേശുവിന്റെ ശിഷ്യരാകാൻ അവരെ സഹായിക്കണം.—1 തിമൊ. 2:4.
2. ബൈബിളധ്യയനം തുടങ്ങുന്നതു സംബന്ധിച്ച് ശ്രദ്ധയുള്ളവരായിരിക്കണമെങ്കിൽ ഏതു ചോദ്യം നമ്മോടു തന്നെ ചോദിക്കണം?
2 ബൈബിളധ്യയനം തുടങ്ങാൻ എപ്പോഴും ശ്രദ്ധയുള്ളവരായിരിക്കുക: താത്പര്യം കാണിക്കുന്ന വ്യക്തിയെ സന്ദർശിക്കാൻ വേണ്ട വിവരങ്ങൾ മനസ്സിലാക്കി ബൈബിളധ്യയനം തുടങ്ങാൻ അദ്ദേഹത്തെ വീണ്ടും സന്ദർശിക്കാറുണ്ടോ? ആദ്യ സന്ദർശനത്തിൽത്തന്നെ ഒരു ബൈബിളധ്യയനം നടത്തി കാണിച്ചിട്ട് എത്ര നാളായി? മാസികാറൂട്ടിൽ ഉള്ളവരെ ബൈബിൾ പഠിപ്പിക്കാമെന്ന് അവസാനമായി വാഗ്ദാനം ചെയ്തത് എന്നാണ്? ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്?, ബൈബിളധ്യയനം—അത് എന്താണ്? എന്നീ വീഡിയോകൾ സഹജോലിക്കാരെയും സഹപാഠികളെയും അയൽക്കാരെയും ബന്ധുക്കളെയും പരിചയക്കാരെയും ഒക്കെ കാണിച്ചിട്ടുണ്ടോ? പരസ്യസാക്ഷീകരണത്തിൽ ആയിരിക്കെ പ്രസിദ്ധീകരണങ്ങൾ എടുക്കുന്നവരോട് സൗജന്യ ബൈബിളധ്യയനത്തെക്കുറിച്ച് നിങ്ങൾ പറയാറുണ്ടോ?
3. സത്യം വിജയകരമായി പഠിപ്പിക്കാൻ എന്താണ് ആവശ്യമായിരിക്കുന്നത്?
3 യഹോവയിൽനിന്നും യേശുവിൽനിന്നും ഉള്ള സഹായം: “ശിഷ്യരെ ഉളവാക്കുക” എന്ന കൽപനയുടെ തുടക്കത്തിൽ “പോയി” എന്ന വാക്ക് യേശു ഉപയോഗിച്ചതിനാൽ നമ്മൾ അതിന് പ്രയത്നം ചെലുത്തുകയും മുൻകൈ എടുക്കുകയും വേണമെന്ന് സൂചിപ്പിക്കുന്നു. എന്നാൽ ഈ വേലയിൽ നമ്മൾ ഒറ്റയ്ക്കല്ല, പകരം നമ്മോടൊപ്പം യേശു ഉണ്ടായിരിക്കുമെന്ന് അവൻ വാഗ്ദാനം ചെയ്തിരിക്കുന്നു. (മത്താ. 28:19, 20) കൂടാതെ ആളുകളെ സത്യം പഠിപ്പിക്കാനായി യഹോവ തന്റെ പരിശുദ്ധാത്മാവിനെയും അതുപോലെ നമുക്കു വേണ്ട ഉപകരണങ്ങളും പരിശീലനവും നൽകിയിരിക്കുന്നു. (സെഖ. 4:6; 2 കൊരി. 4:7) ഈ പ്രധാനപ്പെട്ട വേലയിൽ പങ്കെടുക്കാൻ വേണ്ടി “ഇച്ഛിക്കാനും പ്രവർത്തിക്കാനും” ആയി നമുക്ക് പ്രാർഥിക്കാം.—ഫിലി. 2:13.
4. ശിഷ്യരാക്കൽവേലയിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്തുകൊണ്ട്?
4 സുവാർത്ത പ്രസംഗിക്കുന്നത് നമുക്ക് വലിയ സന്തോഷം കൈവരുത്തുന്നു. എന്നാൽ ഒരാളെ സത്യം പഠിപ്പിച്ചു “ജീവനിലേക്കുള്ള പാത”യിൽ നടക്കാൻ അദ്ദേഹത്തെ സഹായിക്കുന്നത് കൂടുതൽ സന്തോഷം കൈവരുത്തും. (മത്താ. 7:14; 1 തെസ്സ. 2:19, 20) അതിലും പ്രധാനമായി ശിഷ്യരാക്കൽവേലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ “ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരത്തിലേക്കു വരാൻ ഇച്ഛിക്കുന്ന” യഹോവയെ സന്തോഷിപ്പിക്കുകയാണ് നാം ചെയ്യുക.—2 പത്രോ. 3:9.