ദൈവവചനം ശരിയായി കൈകാര്യം ചെയ്യുക
1 ഒരു ഉദ്യോഗസ്ഥനോടു സാക്ഷീകരിക്കവേ, ‘ഫിലിപ്പൊസ് [ഒരു പ്രത്യേക] തിരുവെഴുത്ത് ആധാരമാക്കി അവനോടു യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻ തുടങ്ങി.’ (പ്രവൃ. 8:35) ഫിലിപ്പൊസ് ‘സത്യത്തിന്റെ വചനം ശരിയായി കൈകാര്യം ചെയ്യുക’യായിരുന്നു. (2 തിമൊ. 2:15, NW) എന്നാൽ ഇക്കാലത്ത് സാക്ഷീകരണ വേലയിൽ പല പ്രസാധകരും ബൈബിൾ അപൂർവമായേ ഉപയോഗിക്കുന്നുള്ളുവെന്ന് സഞ്ചാരമേൽവിചാരകന്മാർ നിരീക്ഷിച്ചിരിക്കുന്നു. ശുശ്രൂഷയിൽ നിങ്ങൾ ബൈബിൾ ഉപയോഗിക്കാറുണ്ടോ?
2 നാം വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സകല കാര്യങ്ങളുടെയും ഉറവിടം ബൈബിളാണ്. (2 തിമൊ. 3:16, 17) അതാണ് ആളുകളെ യഹോവയിലേക്ക് ആകർഷിക്കുകയും ജീവനുവേണ്ടി അവരെ അഭ്യസിപ്പിക്കുകയും ചെയ്യുന്നത്. അതുകൊണ്ടാണ് ശുശ്രൂഷയിൽ ആയിരിക്കെ, നമുക്കു താത്പര്യമുള്ള ഏതെങ്കിലും വിഷയം സംസാരിക്കുന്നതിനു പകരം നാം ബൈബിൾ ഉപയോഗിക്കുന്നതു പ്രധാനമായിരിക്കുന്നത്. (എബ്രാ. 4:12) മിക്കയാളുകൾക്കും ബൈബിളിനെ കുറിച്ചു കാര്യമായൊന്നും അറിയില്ലാത്തതിനാൽ, നാം അതിൽനിന്ന് അവരെ വായിച്ചു കേൾപ്പിക്കണം. അങ്ങനെ, അതു നൽകുന്ന പ്രായോഗിക മാർഗനിർദേശങ്ങളെയും മനുഷ്യവർഗത്തിനു വെച്ചുനീട്ടുന്ന ഭാവിയെയും കുറിച്ചു മനസ്സിലാക്കാൻ അവർക്കു കഴിയും.
3 ബൈബിളിൽനിന്നു നേരിട്ടു വായിക്കുക: ഒരു വലിയ പുസ്തക ബാഗ് ഇല്ലാതെതന്നെ വയൽസേവനത്തിനു പോകുന്നത് നിങ്ങൾക്ക് ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. സമർപ്പിക്കാൻ ആഗ്രഹിക്കുന്ന സാഹിത്യങ്ങൾ ഒരു ചെറിയ ബാഗിൽ വെച്ചിട്ട്, ബൈബിൾ കയ്യിൽ പിടിച്ചുകൊണ്ടു പോകാൻ സാധിക്കും. എന്നിട്ട്, ആരോടെങ്കിലും സംസാരിക്കുമ്പോൾ ബൈബിളിൽനിന്ന് ഒരു പ്രസംഗം നടത്തുന്നു എന്ന തോന്നൽ ഉളവാക്കാതെ തന്നെ നിങ്ങൾക്ക് സ്വാഭാവികമായി ബൈബിളിലേക്കു ശ്രദ്ധതിരിക്കാൻ കഴിയും. വാക്യം വായിക്കുമ്പോൾ കേൾവിക്കാരനും കൂടി കാണാവുന്ന വിധത്തിൽ ബൈബിൾ പിടിക്കുക. ഒരുപക്ഷേ ഒരു വാക്യം അയാളെക്കൊണ്ട് ഉച്ചത്തിൽ വായിപ്പിക്കാവുന്നതാണ്. ബൈബിൾ പറയുന്നത് നിങ്ങളിൽനിന്നു കേൾക്കുന്നതിനു പകരം നേരിട്ടു കാണുമ്പോൾ അത് അയാളിൽ കൂടുതൽ മതിപ്പ് ഉളവാക്കും. വായിക്കുന്ന വാക്യത്തിന്റെ ആശയം മനസ്സിലാക്കാൻ വ്യക്തിയെ സഹായിക്കുന്നതിന് അതു വ്യക്തമാക്കുന്ന പദങ്ങൾക്ക് ഊന്നൽ നൽകുക.
4 ഒരു തിരുവെഴുത്തു മാത്രം ഉപയോഗിച്ചുള്ള അവതരണം: നിങ്ങളെ പരിചയപ്പെടുത്തിയ ശേഷം ഇപ്രകാരം പറയാവുന്നതാണ്: “തങ്ങളുടെ ജീവിതത്തിൽ മാർഗനിർദേശത്തിനായി ആളുകൾ വ്യത്യസ്ത ഉറവിടങ്ങളിലേക്കു തിരിയുന്നു. എന്നാൽ, നിങ്ങളുടെ അഭിപ്രായത്തിൽ പ്രായോഗിക സഹായം നൽകുന്ന ഏറ്റവും നല്ല ഉറവ് ഏതാണ്? [പ്രതികരിക്കാൻ അനുവദിക്കുക.] ആകട്ടെ, ഇവിടെ പറഞ്ഞിരിക്കുന്ന ഈ കാര്യത്തെ കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു? [സദൃശവാക്യങ്ങൾ 2:6, 7 വായിച്ചിട്ട് പ്രതികരിക്കാൻ അനുവദിക്കുക.] മാനുഷജ്ഞാനം അങ്ങേയറ്റം അപര്യാപ്തമാണെന്നു വ്യക്തമായിരിക്കുന്നു, അത് അനേകരെ നിരാശയിലേക്കു തള്ളിവിട്ടിരിക്കുന്നു. എന്നാൽ ദൈവത്തിന്റെ ജ്ഞാനം എക്കാലവും ആശ്രയയോഗ്യവും പ്രയോജനകരവും എന്ന് തെളിഞ്ഞിരിക്കുന്നു.” ഇങ്ങനെ പറഞ്ഞിട്ട് അവതരിപ്പിക്കുന്ന പ്രസിദ്ധീകരണം കാണിക്കുക, അതിൽനിന്ന് ദൈവത്തിന്റെ പ്രായോഗിക ജ്ഞാനത്തിന്റെ ഒരു ഉദാഹരണം എടുത്തുകാട്ടുക.
5 ആത്മാർഥഹൃദയരെ സഹായിക്കാൻ യേശു തിരുവെഴുത്തുകൾ ഉപയോഗിച്ചു. (ലൂക്കൊ. 24:32) പൗലൊസും താൻ പഠിപ്പിച്ച കാര്യങ്ങൾ തിരുവെഴുത്തുകളിൽനിന്നു തെളിയിച്ചു. (പ്രവൃ. 17:2, 3) ദൈവവചനം ശരിയായി കൈകാര്യം ചെയ്യുന്നതിൽ നാം കൂടുതൽ വൈദഗ്ധ്യം നേടുമ്പോൾ ശുശ്രൂഷയിലെ നമ്മുടെ ആത്മവിശ്വാസവും സന്തോഷവും പൂർവാധികം വർധിക്കും.