ആവേശകരമായ ഒരു പ്രതികരണം!
1 യുവജനങ്ങൾ ചോദിക്കുന്നു—എനിക്ക് എങ്ങനെ യഥാർഥ സുഹൃത്തുക്കളെ നേടാനാകും? (ഇംഗ്ലീഷ്) എന്ന വീഡിയോയ്ക്ക് എല്ലായിടത്തുമുള്ള ക്രിസ്തീയ കുടുംബങ്ങൾ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുകയുണ്ടായി. ഈ വീഡിയോ കണ്ട തന്റെ ആൺമക്കൾക്ക് അതിലെ കാര്യങ്ങൾ നന്നായി ബോധ്യപ്പെട്ടുവെന്ന് ഐക്യനാടുകളിലുള്ള ഒരു പിതാവ് പറഞ്ഞു. മലാവിയിൽനിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, അവിടത്തെ യുവ സഹോദരീസഹോദരന്മാർക്കെല്ലാം ആ വീഡിയോ വളരെ ഇഷ്ടമായി. കാരണം, സ്കൂളിൽ സമാനമായ സമ്മർദമാണ് അവർക്കു സഹപാഠികളിൽനിന്നു നേരിടേണ്ടിവരുന്നത്. “എന്റെ പ്രാർഥനകൾക്കുള്ള ഉത്തരമാണ് ഇതെന്ന് എനിക്കു തോന്നുന്നു” എന്ന് ജർമനിയിലെ ഒരു പിതാവ് ഈ വീഡിയോയെ കുറിച്ചു പറയുന്നു. ഒരു യുവതി ഇങ്ങനെ പറഞ്ഞു: “യഹോവ എന്നെ കുറിച്ചു കരുതുന്നുവെന്ന് ഓർമിപ്പിച്ചതിനു നിങ്ങൾക്കു നന്ദി.” ന്യൂസിലൻഡിലെ ഒരു മൂപ്പൻ റിപ്പോർട്ടു ചെയ്യുന്നു: “ജീവനിലേക്കുള്ള പാതയിലേക്കു തിരിച്ചുവരാൻ ഇത് ഞങ്ങളുടെ സഭയിലെ ഒരു കൗമാരപ്രായക്കാരിയെ സഹായിച്ചിരിക്കുന്നു.” അതു നിരീക്ഷിച്ച ഒരു വിവാഹിത പറഞ്ഞു: “സത്യത്തിലുള്ള എല്ലാ യുവജനങ്ങളും ഈ വീഡിയോ കണ്ട് സത്യം സ്വന്തമാക്കാൻ പ്രേരിതരായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു!” കുടുംബങ്ങളേ, അതു വീണ്ടും കാണരുതോ? എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾ ഒരുമിച്ചു ചർച്ച ചെയ്യുക.
2 ആമുഖം: ആരാണ് ഒരു യഥാർഥ സുഹൃത്ത്?—സദൃ. 18:24.
3 സൗഹൃദത്തിനു വിഘാതമാകുന്ന കാര്യങ്ങൾ: ഒറ്റപ്പെട്ടെന്ന തോന്നൽ മറികടക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? (ഫിലി. 2:4) വ്യക്തിത്വം മെച്ചപ്പെടുത്താൻ നിങ്ങൾക്കു മനസ്സൊരുക്കം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്, അതിന് ആർക്കു നിങ്ങളെ സഹായിക്കാനാകും? കൂടുതൽ സുഹൃത്തുക്കളെ സമ്പാദിക്കാനുള്ള അവസരങ്ങൾ എങ്ങനെ ലഭിക്കും, അവരെ എവിടെ കണ്ടെത്താനാകും?—2 കൊരി. 6:13.
4 ദൈവവുമായുള്ള സൗഹൃദം: യഹോവയുമായി ഒരു ബന്ധം വളർത്തിയെടുക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും, അത് തക്ക മൂല്യമുള്ളതായിരിക്കുന്നത് എന്തുകൊണ്ട്? (സങ്കീ. 34:8) ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തെ ഏറ്റവും ബലിഷ്ഠമാക്കാൻ ആർക്കു കഴിയും?
5 ചീത്ത കൂട്ടുകാർ: ചീത്ത കൂട്ടുകാർ ആരാണ്? (1 കൊരി. 15:33) ചീത്ത കൂട്ടുകാർ ഒരുവനെ ആത്മീയ നാശത്തിലേക്കു നയിച്ചേക്കാവുന്നത് എങ്ങനെ? ദീനായെക്കുറിച്ചുള്ള ബൈബിൾ വിവരണം നിങ്ങളെ എന്തു പഠിപ്പിക്കുന്നു?—ഉല്പ. 34:1, 2, 7, 19.
6 ആധുനികകാല നാടകം: ഏകാന്തത താരയെ ബാധിച്ചതെങ്ങനെ? ലോകക്കാരായ യുവജനങ്ങളുമായുള്ള സഹവാസത്തെ അവൾ ന്യായീകരിച്ചത് എങ്ങനെ? അവർ അവളെ ഏത് അപകടങ്ങളിലേക്കു നയിച്ചു? അവളുടെ അപകടാവസ്ഥ മനസ്സിലാക്കാൻ മാതാപിതാക്കൾക്കു കഴിയാഞ്ഞത് എന്തുകൊണ്ട്, എന്നാൽ ആത്മീയമായി സുഖം പ്രാപിക്കാൻ ഏതു മനോഭാവത്തോടെ അവർ അവളെ സഹായിച്ചു? ഒരു പയനിയർ സഹോദരി താരയ്ക്ക് ഒരു യഥാർഥ സുഹൃത്ത് ആയിത്തീർന്നത് എങ്ങനെ? ക്രിസ്ത്യാനികൾ സദൃശവാക്യങ്ങൾ 13:20-നും യിരെമ്യാവു 17:9-നും ചെവി കൊടുക്കേണ്ടത് എന്തുകൊണ്ട്? താര എന്തു സുപ്രധാന പാഠം പഠിച്ചു?
7 ഉപസംഹാരം: ഈ വീഡിയോയിൽനിന്നു നിങ്ങൾ എന്തു പാഠം പഠിച്ചിരിക്കുന്നു? മറ്റുള്ളവരെ സഹായിക്കാൻ നിങ്ങൾക്ക് ഇത് എങ്ങനെ ഉപയോഗിക്കാൻ കഴിയും?—സങ്കീ. 71:17.