ചോദ്യപ്പെട്ടി
◼ ബെഥേൽ ഭവനങ്ങളും ബ്രാഞ്ച് സൗകര്യങ്ങളും സന്ദർശിക്കുമ്പോൾ നമ്മുടെ വസ്ത്രധാരണവും ചമയവും എങ്ങനെയുള്ളതായിരിക്കണം?
ബെഥേൽ സൗകര്യങ്ങളോ അവിടുള്ള ആരെയെങ്കിലുമോ കാണാനായി നാം ബെഥേൽ സന്ദർശിക്കുമ്പോൾ, “നമ്മുടെ വേഷവും ചമയവും നടത്തയും രാജ്യഹാളിൽ ആരാധനയ്ക്കായുള്ള യോഗങ്ങളിൽ ഹാജരാകുമ്പോൾ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നതിനോടു സമാനമായിരിക്കണം.” (om-MY 131) എന്നിരുന്നാലും, ബ്രാഞ്ച് ഓഫീസുകൾ സന്ദർശിക്കുന്ന ചില സഹോദരീസഹോദരന്മാർ സന്ദർഭത്തിന് ഒട്ടും യോജിക്കാത്ത വസ്ത്രങ്ങൾ ധരിക്കുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അത് ഒട്ടും ഉചിതമല്ല. യഹോവയാം ദൈവത്തിന്റെ ദാസന്മാർക്കു ചേർന്ന മാന്യതയും അന്തസ്സും പ്രതിഫലിപ്പിക്കുന്ന വിധത്തിൽ മാതൃകാപരവും ഉചിതവും വിനയത്തോടെയുള്ളതും ആയിരിക്കണം നമ്മുടെ വസ്ത്രധാരണവും ചമയവും.—1 തിമൊ. 2:9, 10.
ബെഥേൽ ഭവനങ്ങളോ ബ്രാഞ്ച് സൗകര്യങ്ങളോ സന്ദർശിക്കുമ്പോൾ ഇതു പ്രത്യേകാൽ സത്യമാണ്. കാരണം, സാക്ഷികളല്ലാത്ത അനേകമാളുകൾ ഈ സന്ദർശകരെ നിരീക്ഷിക്കും. അത്തരം നിരീക്ഷകർ തങ്ങൾ കാണുന്നതിന്റെ അടിസ്ഥാനത്തിൽ ദൈവജനത്തെയും അവന്റെ സംഘടനയെയും വിലയിരുത്തിയേക്കാം. അതുകൊണ്ട്, ബെഥേൽ സന്ദർശിക്കുന്ന നമ്മുടെ ബൈബിൾ വിദ്യാർഥികളുമായും മറ്റുള്ളവരുമായും ഈ വിഷയത്തെക്കുറിച്ചു സംസാരിക്കുന്നതും ഉചിതമായ വസ്ത്രധാരണവും ചമയവും ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ഓർമിപ്പിക്കുന്നതും നല്ലതായിരിക്കും. ഇക്കാര്യത്തിലുള്ള നിങ്ങളുടെ സഹകരണം ബെഥേൽ കുടുംബം വിലമതിക്കും.
നമ്മുടെ വസ്ത്രധാരണവും ചമയവും യാതൊരു ഇടർച്ചയ്ക്കും കാരണമാകാതിരിക്കാൻ ക്രിസ്തീയ ശുശ്രൂഷകരെന്ന നിലയിൽ നാം ശ്രദ്ധയുള്ളവർ ആയിരിക്കണം. (2 കൊരി. 6:3, 4) പകരം, ഉചിതമായ വസ്ത്രധാരണത്താൽ നമുക്ക് എല്ലായ്പോഴും “നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരി”ക്കാം.—തീത്തൊ. 2:9.