ഫലപ്രദമായി ആശയവിനിമയം നടത്തുക!
1 പ്രസംഗിക്കാനും ശിഷ്യരെ ഉളവാക്കാനുമുള്ള നിയോഗം നിറവേറ്റുന്നതിന് നാം മറ്റുള്ളവർക്കു വിവരങ്ങൾ പകർന്നു കൊടുക്കേണ്ടതുണ്ട്. (മത്താ. 24:14; 28:19, 20) സുഹൃത്തുക്കൾക്ക് ഇടയിൽപ്പോലും ആശയവിനിമയം ബുദ്ധിമുട്ടുള്ള ഒരു സംഗതിയായിരിക്കാൻ കഴിയും. ഫലപ്രദമായ ആശയവിനിമയത്തിലൂടെ അപരിചിതരുടെ പക്കൽ സുവാർത്ത എത്തിക്കാൻ നമ്മെ എന്തു സഹായിക്കും?
2 അപരിചിതനായല്ല, സുഹൃത്തായി കാണാൻ സഹായിക്കുക: ശുശ്രൂഷയിൽ ആയിരിക്കെ കണ്ടുമുട്ടുന്ന വ്യക്തിയുടെ സ്ഥാനത്തു നിങ്ങളെ ആക്കിവെക്കാൻ ശ്രമിക്കുക. ഇക്കാലത്ത്, ചിലർ അപരിചിതരെ സംശയിക്കുകയോ ഭയപ്പെടുക പോലുമോ ചെയ്തേക്കാം എന്നതു മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത് ആശയവിനിമയത്തിന് ഒരു വിലങ്ങുതടി ആയേക്കാം. നിങ്ങൾ കണ്ടുമുട്ടുന്ന ആളുകൾക്ക് ആദ്യം തോന്നുന്ന ഭയം ഒഴിവാക്കാൻ നിങ്ങൾക്കെങ്ങനെ കഴിയും? സംസാരം തുടങ്ങുന്നതിനു മുമ്പു പോലും നമ്മുടെ വ്യക്തിപരമായ ആകാരത്തിലൂടെ നമുക്ക് ആശയവിനിമയം നടത്താൻ കഴിയും. യോഗ്യമായ വസ്ത്രധാരണവും മാന്യമായ പെരുമാറ്റവും അവരുടെ ആശങ്ക കുറയ്ക്കാൻ സഹായിക്കും.—1 തിമൊ. 2:9, 10.
3 ആശയവിനിമയത്തിനുള്ള മറ്റൊരു സഹായം ശാന്തമായ, സൗഹാർദപരമായ ഭാവമാണ്. അതു മറ്റുള്ളവരുടെ പരിഭ്രമം അകറ്റുകയും അവർ ശ്രദ്ധിക്കാൻ കൂടുതൽ ചായ്വുള്ളവരാകുകയും ചെയ്യുന്നു. ഇതിനു നല്ല തയ്യാറാകൽ ആവശ്യമാണ്. പറയാൻ പോകുന്ന കാര്യങ്ങൾ നമ്മുടെ മനസ്സിൽ വ്യക്തമായി ഉണ്ടെങ്കിൽ, നമുക്കു സമചിത്തത ഉള്ളവരായിരിക്കാൻ കഴിയും. ഈ ശാന്തഭാവത്തിനു നമ്മുടെ സന്ദേശത്തിലേക്കു മറ്റുള്ളവരെ ആകർഷിക്കാനാകും. ഒരു സാക്ഷി തന്നെ സന്ദർശിച്ചതിനെ കുറിച്ച് ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞു: “അവരുടെ പുഞ്ചിരി തൂകുന്ന മുഖത്തു നിഴലിച്ച ശാന്തതയാണു ഞാൻ ഓർക്കുന്നത്. അത് എന്നെ ആകർഷിച്ചു.” ആ സ്ത്രീ സുവാർത്ത കേൾക്കുന്നതിന് അതു വഴിയൊരുക്കി.
4 ആകർഷകമായ ഗുണങ്ങൾ: നാം മറ്റുള്ളവരിൽ ആത്മാർഥമായ വ്യക്തിഗത താത്പര്യം എടുക്കേണ്ടതുണ്ട്. (ഫിലി. 2:4) അതിനുള്ള ഒരു വിധം സംഭാഷണത്തിൽ മേധാവിത്വം പുലർത്താതിരിക്കുക എന്നതാണ്. വാസ്തവത്തിൽ, മറ്റുള്ളവർക്കു പറയാനുള്ളതു ശ്രദ്ധിച്ചു കേൾക്കുന്നത് സംഭാഷണത്തിൽ ഉൾപ്പെടുന്നു. ശ്രോതാക്കളെ അഭിപ്രായം പറയാൻ ക്ഷണിക്കുകയും അവർ പറയുന്നതു ശ്രദ്ധിച്ചു കേൾക്കുകയും ചെയ്യുമ്പോൾ, നാം പരിഗണന ഉള്ളവരാണെന്ന് അവർ മനസ്സിലാക്കും. അതുകൊണ്ട്, നിങ്ങളുടെ ശ്രോതാക്കൾ സംസാരിക്കുമ്പോൾ, നിങ്ങൾ പഠിച്ചുവെച്ചിരിക്കുന്ന അവതരണം തുടരുന്നതിനു ധൃതി കൂട്ടരുത്. നിങ്ങൾക്ക് ആത്മാർഥമായി അവരെ അഭിനന്ദിക്കാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യുകയും നിങ്ങളുടെ ആശയങ്ങളെ അവർ പറയുന്ന കാര്യങ്ങളുമായി പൊരുത്തപ്പെടുത്തിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുക. അവർ എന്തിനെക്കുറിച്ചെങ്കിലും ഉത്കണ്ഠപ്പെടുന്നതായി അവരുടെ വാക്കുകളിൽനിന്നു മനസ്സിലാകുന്നെങ്കിൽ അതിലേക്കു ശ്രദ്ധ തിരിച്ചുകൊണ്ട് നിങ്ങളുടെ അവതരണത്തിൽ പൊരുത്തപ്പെടുത്തൽ വരുത്തുക.
5 എളിമയും താഴ്മയും ആശയവിനിമയത്തെ സുഗമമാക്കിത്തീർക്കുന്നു. (സദൃ. 11:2, NW; പ്രവൃ. 20:19, NW) യേശു ‘സൗമ്യതയും താഴ്മയും ഉള്ളവ’നായിരുന്നതിനാൽ ആളുകൾ അവനിലേക്ക് ആകൃഷ്ടരായി. (മത്താ. 11:29) അതേസമയം, വലിയവനാണെന്ന ഭാവം ആളുകളെ നമ്മിൽനിന്ന് അകറ്റുന്നു. അതുകൊണ്ട് നമ്മുടെ പക്കൽ സത്യമുണ്ടെന്നു നമുക്ക് ഉറച്ച ബോധ്യമുണ്ടെങ്കിലും, കടുംപിടിത്തം കാട്ടാതിരിക്കാൻ നാം ജ്ഞാനപൂർവം ശ്രമിക്കുന്നു.
6 ഒരു വ്യക്തിയുടെ അഭിപ്രായങ്ങൾ ബൈബിൾ ഉപദേശങ്ങൾക്കു വിരുദ്ധമായ വിശ്വാസങ്ങളെ പ്രതിഫലിപ്പിക്കുന്നെങ്കിലോ? അയാളെ തിരുത്താനുള്ള കടമ നമുക്കുണ്ടോ? ഉണ്ട്, ആദ്യ സന്ദർശനത്തിൽ അതു വേണമെന്നില്ല. പകരം ക്രമേണ അതു ചെയ്യാവുന്നതാണ്. ശ്രോതാക്കൾക്കു ഗ്രഹിക്കാൻ കൂടുതൽ ബുദ്ധിമുട്ടുള്ള ബൈബിൾ ഉപദേശങ്ങൾ പങ്കുവെക്കുന്നതിനു മുമ്പ്, ഇരുകൂട്ടരും പൊതുവേ യോജിക്കുന്ന ആശയങ്ങളെ കുറിച്ചു സംസാരിക്കുന്നതാണ് മിക്കപ്പോഴും പ്രയോജനപ്രദം. ഇതിനു ക്ഷമയും നയവും ആവശ്യമാണ്. അരയോപഗസിലെ ന്യായാധിപന്മാരോടു സാക്ഷീകരിച്ചപ്പോൾ പൗലൊസ് ഇക്കാര്യത്തിൽ നല്ല മാതൃക വെച്ചു.—പ്രവൃ. 17:18, 22-31.
7 സർവോപരി, ഫലപ്രദമായി ആശയവിനിമയം നടത്താൻ നമ്മെ സഹായിക്കുന്നത് നിസ്വാർഥ സ്നേഹം ആണ്. “ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായ” ആളുകളോട് യേശുവിനു തോന്നിയതു പോലെ നമുക്കും മനസ്സലിവു തോന്നണം. (മത്താ. 9:36) അവർക്കു സുവാർത്ത എത്തിച്ചുകൊടുക്കാനും ജീവന്റെ പാതയിലേക്കു വരാൻ അവരെ സഹായിക്കാനും ഇതു നമ്മെ പ്രേരിപ്പിക്കുന്നു. നമ്മുടെ പക്കലുള്ളത് സ്നേഹത്തിന്റെ ഒരു സന്ദേശമാണ്, അതുകൊണ്ട് നമുക്ക് സ്നേഹപൂർവം ഇതു മറ്റുള്ളവരുമായി പങ്കുവെക്കുന്നതിൽ തുടരാം. അങ്ങനെ ചെയ്യുമ്പോൾ, ഈ അഖിലാണ്ഡത്തിൽ ഏറ്റവും മികച്ച വിധത്തിൽ ആശയവിനിമയം നടത്തുന്ന യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയും നാം അനുകരിക്കുക ആയിരിക്കും.