വ്യക്തിഗത താത്പര്യം പ്രകടമാക്കുക—നന്നായി തയ്യാറായിക്കൊണ്ട്
1 ശുശ്രൂഷയ്ക്കായി നന്നായി തയ്യാറാകുന്നത് മറ്റുള്ളവരിൽ വ്യക്തിഗത താത്പര്യം പ്രകടമാക്കാൻ നമ്മെ സഹായിക്കുന്നു. എങ്ങനെ? നന്നായി തയ്യാറാകുന്നെങ്കിൽ അവതരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ വീട്ടുകാരനു കൂടുതൽ ശ്രദ്ധ നൽകാൻ നമുക്കു സാധിക്കും. കൂടാതെ പരിഭ്രമം തരണംചെയ്യുന്നതിനും ഹൃദയംതുറന്നു സംസാരിക്കുന്നതിനും തയ്യാറാകൽ സഹായിക്കുന്നു. എന്നാൽ നമുക്ക് എങ്ങനെ ഫലകരമായ ഒരു അവതരണം തയ്യാറാകാൻ കഴിയും?
2 അനുയോജ്യമായ അവതരണം ഉപയോഗിക്കുക: 2006 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്ന് നിങ്ങളുടെ പ്രദേശത്തിനു യോജിച്ച ഒരു അവതരണം തിരഞ്ഞെടുക്കുക, അത് സ്വന്തം വാക്കുകളിൽ എങ്ങനെ അവതരിപ്പിക്കാമെന്നു ചിന്തിക്കുക. അത് നിങ്ങളുടെ പ്രദേശത്തിന് ഇണങ്ങുന്നവിധത്തിലുള്ളതാക്കുക. ഉദാഹരണത്തിന് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിലോ വംശീയ പശ്ചാത്തലത്തിലോ പെട്ടവരെ നിങ്ങൾ കൂടെക്കൂടെ കണ്ടുമുട്ടുന്നെങ്കിൽ നിങ്ങളുടെ അവതരണം അവർക്ക് എങ്ങനെ താത്പര്യജനകമാക്കാം എന്നതിനെക്കുറിച്ചു ചിന്തിക്കുക. നിങ്ങൾ കണ്ടുമുട്ടുന്ന ആളുകൾക്കു യോജിച്ച വിധത്തിൽ അവതരണത്തിൽ പൊരുത്തപ്പെടുത്തൽ വരുത്തുന്നത് അവരിലുള്ള ആത്മാർഥമായ താത്പര്യം പ്രതിഫലിപ്പിക്കും.—1 കൊരി. 9:22.
3 അവതരണം ഉപയോഗിച്ചു തുടങ്ങുമ്പോൾ ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വീണ്ടും വരുത്തുക. പ്രാരംഭ വാക്കുകൾ വിശേഷാൽ പ്രധാനമായതുകൊണ്ട് നിങ്ങൾ പറയുന്ന മുഖവുരയോട് ആളുകൾ എങ്ങനെ പ്രതികരിക്കുന്നുവെന്നു ശ്രദ്ധിക്കുക. പറയുന്ന വിഷയം അവർക്കു താത്പര്യമുള്ളതാണോ? നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളോട് അവർ പ്രതികരിക്കുന്നുണ്ടോ? ഇല്ലെങ്കിൽ നിങ്ങളുടെ സമീപനം ഫലകരമാകുന്നതുവരെ ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്തിക്കൊണ്ടിരിക്കുക.
4 ഓർമിക്കുന്നതിനുള്ള സഹായികൾ: വീട്ടുവാതിൽക്കൽ ചെല്ലുമ്പോൾ ഒരു അവതരണം ഓർത്തെടുക്കുക പ്രയാസമാണെന്ന് അനേകരും കണ്ടെത്തുന്നു. നിങ്ങളുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കുന്നെങ്കിൽ അവതരണം മറ്റൊരാളുമായി ഉച്ചത്തിൽ പറഞ്ഞു പരിശീലിക്കരുതോ? അങ്ങനെ ചെയ്യുന്നത് ആശയങ്ങൾ വ്യക്തമായി മനസ്സിൽ ഉണ്ടായിരിക്കുന്നതിനും ലളിതവും യുക്തിസഹവുമായ വിധത്തിൽ അവ അവതരിപ്പിക്കുന്നതിനും സഹായിക്കും. കൂടാതെ ആളുകളുടെ വ്യത്യസ്ത പ്രതികരണങ്ങൾ കൈകാര്യം ചെയ്യാനും അതു നിങ്ങളെ സജ്ജരാക്കും.
5 അവതരണം ഓർത്തുവെക്കാനുള്ള മറ്റൊരു മാർഗം അതിന്റെ ഒരു സംഗ്രഹം ചെറിയ ഒരു കടലാസിൽ എഴുതിവെച്ചിട്ട് വീട്ടുവാതിൽക്കലേക്കു ചെല്ലുന്നതിനു തൊട്ടുമുമ്പ് അതൊന്ന് ഓടിച്ചു നോക്കുക എന്നതാണ്. ഇങ്ങനെ അവതരണം ഓർമയിലേക്കു കൊണ്ടുവരുന്നത് പിരിമുറുക്കം കുറയ്ക്കുന്നതിനും ആളുകളുമായി മെച്ചമായ വിധത്തിൽ സംഭാഷണത്തിൽ ഏർപ്പെടുന്നതിനും സഹായകമാണെന്നു ചിലർ കണ്ടെത്തുന്നു. ഈ വിധങ്ങളിൽ നന്നായി തയ്യാറാകുന്നത് മറ്റുള്ളവരിൽ വ്യക്തിഗത താത്പര്യം പ്രകടമാക്കുന്നതിനും അങ്ങനെ സുവാർത്ത അവതരിപ്പിക്കുന്ന വിധം മെച്ചപ്പെടുത്തുന്നതിനും നമ്മെ സഹായിക്കും.