വ്യക്തിഗത താത്പര്യം പ്രകടമാക്കുക—വഴക്കമുള്ളവരായിരുന്നുകൊണ്ട്
1 അപ്പൊസ്തലനായ പൗലൊസ് വഴക്കം പ്രകടമാക്കുന്നതിൽ ഉത്തമ മാതൃകവെച്ചു. അവൻ എല്ലായ്പോഴും തന്റെ കേൾവിക്കാരുടെ പശ്ചാത്തലത്തിനും ചിന്താഗതിക്കും അനുരൂപമായിട്ടാണ് സുവാർത്ത അവതരിപ്പിച്ചത്. (1 കൊരി. 9:19-23) അപ്രകാരം ചെയ്യാൻ നാമും ശ്രമിക്കേണ്ടതുണ്ട്. മുൻകൂട്ടി അൽപ്പം ചിന്തിക്കുന്നപക്ഷം നമ്മുടെ പ്രദേശത്തുള്ളവരുടെ ആവശ്യത്തിന് അനുസൃതമായി, നമ്മുടെ രാജ്യ ശുശ്രൂഷയിൽ വരുന്ന മാതൃകാ അവതരണങ്ങളിൽ വേണ്ട പൊരുത്തപ്പെടുത്തലുകൾ വരുത്താൻ നമുക്കാകും. വീട്ടുവാതിൽക്കൽ ചെല്ലുമ്പോൾത്തന്നെ വീട്ടുകാരന്റെ താത്പര്യങ്ങൾ സംബന്ധിച്ച സൂചനകൾ നമുക്കു ലഭിച്ചേക്കാം. അവ നമ്മുടെ അവതരണത്തിൽ ഉൾപ്പെടുത്തുക. എന്നാൽ നമുക്കു ശുശ്രൂഷയിൽ വഴക്കമുള്ളവരായിരിക്കാൻ കഴിയുന്ന മറ്റൊരുവിധം കൂടിയുണ്ട്.
2 വീട്ടുകാരന്റെ അഭിപ്രായത്തിന് അനുസൃതമായി പൊരുത്തപ്പെടുത്തൽ വരുത്തുക: സുവാർത്ത അവതരിപ്പിക്കുമ്പോൾ മിക്കപ്പോഴും നമ്മൾ ഒരു ചോദ്യം ചോദിച്ചിട്ട് വീട്ടുകാരുടെ പ്രതികരണം പ്രതീക്ഷിക്കാറുണ്ട്. അത്തരം പ്രതികരണത്തെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു? വീട്ടുകാരന്റെ പ്രതികരണം അത്ര ഗൗനിക്കാതെ, തയ്യാറായിരിക്കുന്ന അവതരണം തുടരാനുള്ള പ്രവണതയാണോ നിങ്ങൾക്കുള്ളത്? അതോ വീട്ടുകാരന്റെ അഭിപ്രായം നിങ്ങൾ പരിഗണിക്കുന്നെന്നു പ്രകടമാക്കുന്ന വിധത്തിലാണോ നിങ്ങളുടെ തുടർന്നുള്ള സംസാരം? മറ്റുള്ളവർ പറയുന്ന കാര്യങ്ങളിൽ നിങ്ങൾ ആത്മാർഥമായ താത്പര്യം പ്രകടമാക്കുന്നെങ്കിൽ അവരുടെ മനസ്സിലുള്ളതു കണ്ടുപിടിക്കുന്നതിന് കൂടുതലായി നയപരമായ ചോദ്യങ്ങൾ ഉപയോഗിക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. (സദൃ. 20:5) അങ്ങനെ രാജ്യസന്ദേശത്തിൽ വീട്ടുകാരന് അപ്പോൾ താത്പര്യജനകമായേക്കാവുന്ന ഒരു ഘടകത്തിനു ശ്രദ്ധനൽകാൻ നിങ്ങൾക്കു സാധിക്കും.
3 അതിന് നാം ചർച്ചചെയ്യാൻ മുൻകൂട്ടി തീരുമാനിച്ചിരുന്നതിനു പുറമേ മറ്റു വിഷയങ്ങളും സംസാരിക്കാൻ മനസ്സൊരുക്കം ഉള്ളവരായിരിക്കേണ്ടതുണ്ട്. നാം ഒരുപക്ഷേ വാർത്തയിൽ വന്ന ഏതെങ്കിലും ഒരു പ്രശ്നത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ടു സംസാരം തുടങ്ങിയെന്നിരിക്കട്ടെ. എന്നാൽ വീട്ടുകാരൻ തന്നെ ബാധിക്കുന്ന പ്രാദേശികമോ വ്യക്തിപരമോ ആയ ഒരു പ്രശ്നത്തെക്കുറിച്ചു പറയുന്നു. അപ്പോൾ വീട്ടുകാരന്റെ ക്ഷേമത്തിലുള്ള നമ്മുടെ ആത്മാർഥമായ താത്പര്യം അദ്ദേഹത്തിനു താത്പര്യമുള്ള കാര്യങ്ങളിലേക്കു ചർച്ച തിരിച്ചുവിടാൻ നമ്മെ പ്രേരിപ്പിക്കും.—ഫിലി. 2:4.
4 നമ്മുടെ സമീപനം പൊരുത്തപ്പെടുത്തൽ: വീട്ടുകാരൻ ഒരു ചോദ്യം ചോദിക്കുമ്പോൾ ചർച്ച മറ്റൊരവസരത്തിലേക്കു മാറ്റിവെക്കുന്നതു ഫലകരമാണെന്നു നാം കണ്ടെത്തിയേക്കാം. അങ്ങനെയാകുമ്പോൾ ആ വിഷയത്തെക്കുറിച്ചു കൂടുതലായ വിവരങ്ങൾ പരിശോധിക്കുന്നതിനു നമുക്കു സാധിക്കും. ആ വിഷയത്തെക്കുറിച്ചു സമഗ്രമായി ചർച്ചചെയ്യുന്ന പ്രസിദ്ധീകരണങ്ങളും കൊടുക്കാവുന്നതാണ്. ഇതെല്ലാം യഹോവയെ അറിയുന്നതിനു മറ്റുള്ളവരെ സഹായിക്കുന്നതിലുള്ള നമ്മുടെ “ആത്മാർഥ”മായ താത്പര്യത്തെയാണു പ്രതിഫലിപ്പിക്കുന്നത്.—2 കൊരി. 2:17, ഓശാന ബൈബിൾ.