മാതൃകാ അവതരണങ്ങൾ ഉപയോഗിക്കേണ്ട വിധം
1 മാസികകളും മറ്റു പ്രസിദ്ധീകരണങ്ങളും സമർപ്പിക്കാൻ നമ്മെ സഹായിക്കുന്ന മാതൃകാ അവതരണങ്ങൾ നമ്മുടെ രാജ്യ ശുശ്രൂഷയിൽ ക്രമമായി പ്രസിദ്ധീകരിക്കുന്നുണ്ട്. എന്നാൽ, ശുശ്രൂഷയിൽ നാം അവ അതേപടി ആവർത്തിക്കേണ്ടതില്ല. നമുക്ക് എന്തു പറയാൻ കഴിയും എന്നതിനുള്ള ഒരു രൂപരേഖയാണ് അവ പ്രദാനം ചെയ്യുന്നത്. സ്വന്തം വാക്കുകളിൽ പറയുമ്പോൾ അവതരണങ്ങൾ സാധാരണഗതിയിൽ കൂടുതൽ ഫലപ്രദമായിത്തീരും. കാര്യങ്ങൾ സ്വാഭാവികതയോടെ സംസാരിക്കുന്നത്, പിരിമുറുക്കം കൂടാതെ കേൾക്കാൻ വീട്ടുകാരനെ സഹായിക്കുകയും നമ്മുടെ ആത്മാർഥതയും ബോധ്യവും പ്രതിഫലിപ്പിക്കുകയും ചെയ്യും.—2 കൊരി. 2:17; 1 തെസ്സ. 1:5.
2 നിങ്ങളുടെ അവതരണം പൊരുത്തപ്പെടുത്തുക: നാം സുവാർത്ത അവതരിപ്പിക്കുന്ന വിധത്തെ നാട്ടുനടപ്പുകൾ വളരെയേറെ സ്വാധീനിക്കുന്നു. വീട്ടുകാരനുമായി ഒരു സൗഹൃദ സംഭാഷണം ആരംഭിക്കാനും തുടർന്ന് അതിലേക്ക് അവതരണം സ്വാഭാവികതയോടെ കൊണ്ടുവരാനും കഴിയുന്ന ഒരു സാഹചര്യമാണോ നിങ്ങളുടെ പ്രദേശത്തുള്ളത്? അതോ വന്നകാര്യം പെട്ടെന്നുതന്നെ പറയാൻ പ്രതീക്ഷിക്കുന്നവരാണോ ആളുകൾ? ഓരോ സ്ഥലത്തും, ചിലപ്പോഴൊക്കെ ഓരോ വ്യക്തിയുടെയും കാര്യത്തിൽപ്പോലും, അതു വ്യത്യസ്തമാണ്. ചോദ്യങ്ങൾ ചോദിക്കുന്നതിലും നാം വിവേചന കാണിക്കേണ്ടതുണ്ട്. ചില സ്ഥലങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ചോദ്യങ്ങൾ മറ്റിടങ്ങളിൽ അസ്വീകാര്യമായിരുന്നേക്കാം. അതുകൊണ്ട് നാം നല്ല ന്യായബോധം ഉപയോഗിക്കുകയും പ്രദേശത്തിനു യോജിച്ച വിധത്തിൽ നമ്മുടെ അവതരണങ്ങൾ ക്രമീകരിക്കുകയും ചെയ്യണം.
3 കൂടാതെ, വയൽസേവനത്തിനു തയ്യാറാകുമ്പോൾ പ്രദേശത്തുള്ള ആളുകളുടെ പശ്ചാത്തലവും ചിന്താഗതിയും നാം കണക്കിലെടുക്കണം. ഉദാഹരണത്തിന്, ഒരു ഉറച്ച കത്തോലിക്കാ വിശ്വാസിയോടും “സ്വർഗസ്ഥനായ പിതാവേ” എന്ന പ്രാർഥന പരിചയമില്ലാത്ത മറ്റൊരാളോടും മത്തായി 6:9, 10-നെക്കുറിച്ചു നിങ്ങൾ സംസാരിക്കുന്നത് ഒരേ രീതിയിൽ ആയിരിക്കാൻ സാധ്യതയില്ല. മുൻകൂട്ടി ചിന്തിക്കുന്നപക്ഷം, ശുശ്രൂഷയിൽ നാം കണ്ടുമുട്ടുന്നവർക്ക് കൂടുതൽ ആകർഷകമായ ഒരു വിധത്തിൽ വിഷയം അവതരിപ്പിക്കാൻ മിക്കപ്പോഴും നമുക്കു സാധിക്കും.—1 കൊരി. 9:20-23.
4 ഇനി, കാര്യമായ വ്യത്യാസമൊന്നും വരുത്താതെതന്നെ ഒരു മാതൃകാ അവതരണം ഉപയോഗിക്കാൻ നമ്മൾ തീരുമാനിക്കുന്നുവെന്നിരിക്കട്ടെ. അപ്പോൾപ്പോലും നല്ല തയ്യാറാകൽ അനിവാര്യമാണ്. വിശേഷവത്കരിക്കാൻ ഉദ്ദേശിക്കുന്ന ലേഖനമോ അധ്യായമോ നാം ശ്രദ്ധാപൂർവം വായിക്കുകയും താത്പര്യം ജനിപ്പിച്ചേക്കാവുന്ന ആശയങ്ങൾ തിരഞ്ഞെടുക്കുകയും വേണം. എന്നിട്ട് അവതരണത്തിൽ അവ കൂട്ടിയിണക്കുക. പ്രസിദ്ധീകരണങ്ങളിലുള്ള ശ്രേഷ്ഠമായ വിവരങ്ങൾ സംബന്ധിച്ച് പരിചിതരായിരുന്നാൽ മാത്രമേ ഉത്സാഹത്തോടെ അവ സമർപ്പിക്കാൻ നമുക്കു കഴിയൂ.
5 മറ്റു സമീപനങ്ങൾ: മാതൃകാ അവതരണങ്ങളിൽ കാണുന്ന സമീപനങ്ങൾ മാത്രമേ നമുക്ക് ഉപയോഗിക്കാൻ കഴിയുകയുള്ളോ? അല്ല. മറ്റൊരു സമീപനമോ തിരുവെഴുത്തോ ഉപയോഗിക്കുന്നതാണ് നിങ്ങൾക്കു കൂടുതൽ എളുപ്പമെങ്കിൽ അത് ഉപയോഗിക്കുക. പ്രത്യേകിച്ചും മാസികകൾ അവതരിപ്പിക്കുമ്പോൾ, നിങ്ങളുടെ പ്രദേശത്തുള്ളവർക്കു വിശേഷാൽ താത്പര്യമുണ്ടായിരുന്നേക്കാവുന്ന, ആമുഖ ലേഖനപരമ്പരയിൽ ഉൾപ്പെടാത്ത മറ്റു ലേഖനങ്ങളും വിശേഷവത്കരിക്കാൻ ഒരുങ്ങിയിരിക്കുക. വയൽസേവനത്തിനുള്ള അവതരണങ്ങൾ സേവനയോഗത്തിൽ പ്രകടിപ്പിക്കേണ്ടതുള്ളപ്പോൾ നിങ്ങളുടെ പ്രദേശത്ത് ഫലപ്രദമായ ഏതു സമീപനവും പ്രകടിപ്പിച്ചുകാണിക്കാൻ ക്രമീകരിക്കാവുന്നതാണ്. അപ്രകാരം, സുവാർത്ത ഫലകരമായി അവതരിപ്പിക്കാൻ എല്ലാവർക്കും സഹായം ലഭിക്കുന്നു.
[അധ്യയന ചോദ്യങ്ങൾ]
1. അച്ചടിച്ച മാതൃകാ അവതരണങ്ങളെ നമ്മൾ എങ്ങനെ വീക്ഷിക്കണം?
2. അവതരണങ്ങൾ തയ്യാറാകുമ്പോൾ നാം നാട്ടുനടപ്പുകൾ കണക്കിലെടുക്കേണ്ടത് എന്തുകൊണ്ട്?
3. പ്രദേശത്തുള്ള ആളുകളുടെ പശ്ചാത്തലവും ചിന്താഗതിയും പരിഗണിക്കേണ്ടത് എന്തുകൊണ്ട്?
4. നല്ല തയ്യാറാകൽ അനിവാര്യമായിരിക്കുന്നത് എന്തുകൊണ്ട്?
5. നാം വ്യത്യസ്തമായ ഒരു അവതരണം തയ്യാറായേക്കാവുന്നത് എന്തുകൊണ്ട്, നമുക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും?