സത്യത്തിനു സാക്ഷ്യംവഹിക്കുന്ന മാസികകൾ സമർപ്പിക്കുക
1. വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ധർമമെന്ത്?
1 യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്ന വീക്ഷാഗോപുരവും കൂട്ടുമാസികയായ ഉണരുക!യും ഇപ്പോഴും പ്രസംഗ-ശിഷ്യരാക്കൽവേലയുടെ പ്രമുഖ സവിശേഷതയാണ്. (മത്താ. 24:14; 28:19, 20) രാജ്യസേവനത്തിന്റെ വിവിധ വശങ്ങളിൽ പങ്കുപറ്റവേ, കാലോചിതമായ ഈ രണ്ടു മാസികകളും ക്രമമായി ആളുകൾക്കു നൽകുന്നതിൽ നാം സന്തോഷമുള്ളവരാണ്.
2. വീക്ഷാഗോപുരവും ഉണരുക!യും എന്തു മാറ്റങ്ങൾക്കു വിധേയമായിരിക്കുന്നു, എന്തുകൊണ്ട്?
2 വർഷങ്ങളിലുടനീളം ഈ മാസികകൾ, വലുപ്പത്തിലും ഉള്ളടക്കത്തിലും വിതരണം ചെയ്യപ്പെടുന്ന വിധത്തിലും മാറ്റങ്ങൾക്കു വിധേയമായിട്ടുണ്ട്. മാസികകൾ കൂടുതൽ ഫലപ്രദവും ആകർഷകവുമാക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ആ മാറ്റങ്ങൾ—“രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” തക്കവണ്ണം രാജ്യദൂത് സകലതരം മനുഷ്യരുടെയും ഹൃദയത്തിൽ എത്തേണ്ടതിനുതന്നെ.—1 തിമൊ. 2:4.
3. ശുശ്രൂഷയിൽ നാം മാസികകൾ എങ്ങനെയായിരിക്കും ഉപയോഗിക്കുക?
3 ഉണരുക! പ്രതിമാസപ്പതിപ്പായി അച്ചടിക്കാൻ തുടങ്ങിയ 2000 ജൂലൈ മുതൽ വ്യത്യസ്ത അവതരണങ്ങൾ ഉപയോഗിച്ച് നാം അതു ഫലകരമായി സമർപ്പിച്ചിരിക്കുന്നു. ഇനിമുതൽ യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്ന വീക്ഷാഗോപുരത്തിന്റെ ത്രൈമാസപ്പതിപ്പിന്റെ കാര്യത്തിലും നാം സമാനമായ രീതി പിൻപറ്റും. നമ്മുടെ രാജ്യ ശുശ്രൂഷയുടെ അവസാന പേജിൽ ഓരോ മാസികയുടെയും ഒരു അവതരണം കൊടുക്കുന്നതായിരിക്കും. സാധാരണഗതിയിൽ ആമുഖലേഖനങ്ങളിലൊന്നാണു വിശേഷവത്കരിക്കുന്നതെങ്കിലും ചിലപ്പോഴൊക്കെ പൊതുജന താത്പര്യമുള്ള മറ്റു ലേഖനങ്ങളും വിശേഷവത്കരിക്കും. ആ ലേഖനങ്ങളുമായി നാം പരിചിതരാകുകയും പ്രദേശത്തിനിണങ്ങുംവിധം അവതരണത്തിൽ ഭേദഗതികൾ വരുത്തുകയും ചെയ്യുമ്പോൾ അവതരണം ഏറെ ഫലപ്രദമാകും.
4. നമ്മുടെ രാജ്യ ശുശ്രൂഷയിൽ കൊടുത്തിരിക്കുന്ന അവതരണത്തിനു പുറമേ, മറ്റ് അവതരണങ്ങൾ ഉപയോഗിക്കുന്നതു ഫലപ്രദമായിരുന്നേക്കാവുന്നത് എന്തുകൊണ്ട്?
4 നമ്മുടെ രാജ്യ ശുശ്രൂഷയിൽ ഓരോ മാസികയുടെയും അവതരണം കൊടുത്തിട്ടുണ്ടെങ്കിലും അതിൽനിന്നു തികച്ചും വ്യത്യസ്തമായ ഒന്ന് ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ല. അങ്ങനെ ചെയ്യുന്നതിന്റെ ഒരു കാരണം, മറ്റൊരു ലേഖനം നിങ്ങളുടെ പ്രദേശത്തു കൂടുതൽ ആകർഷകമായിരുന്നേക്കാം എന്നതാണ്. അല്ലെങ്കിൽ നിങ്ങൾക്ക് ഏറെ താത്പര്യമുള്ള ഒരു ലേഖനം ഉപയോഗിച്ച് കൂടുതൽ മെച്ചമായ വിധത്തിൽ മാസിക സമർപ്പിക്കാനാകുമെന്നു നിങ്ങൾക്കു തോന്നിയേക്കാം.
5. മാസിക സമർപ്പിക്കാനുള്ള അവതരണം തയ്യാറാക്കുന്നതിനുമുമ്പ് എന്തു ചെയ്യണം?
5 അവതരണം തയ്യാറാക്കേണ്ട വിധം: ആദ്യംതന്നെ, വിശേഷവത്കരിക്കാൻ ആഗ്രഹിക്കുന്ന ലേഖനം മനസ്സിരുത്തിവായിക്കുക. വയൽശുശ്രൂഷയിൽ ഉപയോഗിക്കാൻ തുടങ്ങുന്നതിനുമുമ്പ് മാസികയിലെ ഓരോ ലേഖനവുമായി പരിചയത്തിലാകാൻ എല്ലായ്പോഴും നിങ്ങൾക്കു കഴിഞ്ഞെന്നുവരില്ല. എന്നാൽ വിശേഷവത്കരിക്കാൻ തിരഞ്ഞെടുക്കുന്ന ലേഖനത്തോടുള്ള ബന്ധത്തിൽ നിങ്ങൾ ഉത്സാഹവും ആത്മാർഥതയും ഉള്ളവരായിരിക്കണം. പങ്കുവെക്കുന്ന വിവരങ്ങൾ നന്നായി അറിഞ്ഞിരുന്നാൽ മാത്രമേ നിങ്ങൾക്കതു ചെയ്യാനാകൂ.
6. സ്വന്തമായി നമുക്കെങ്ങനെ അവതരണങ്ങൾ തയ്യാറാക്കാം?
6 അടുത്തതായി, മുഖവുര തയ്യാറാക്കുന്നതിൽ വഴക്കമുള്ളവരായിരിക്കുക. സംഭാഷണം ആരംഭിക്കാൻ താത്പര്യജനകവും കുറിക്കുകൊള്ളുന്നതുമായ ഒരു ചോദ്യം ഉപയോഗിക്കാനായേക്കും. ഹൃദയത്തെ സ്പർശിക്കാൻ ദൈവവചനത്തിനുള്ള ശക്തിയിൽ ആശ്രയിക്കുക. (എബ്രാ. 4:12) അവതരിപ്പിക്കുന്ന വിഷയവുമായി ബന്ധമുള്ള ഒരു തിരുവെഴുത്തു തിരഞ്ഞെടുക്കുക; വിശേഷവത്കരിക്കുന്ന ലേഖനത്തിൽ പരാമർശിക്കുകയോ ഉദ്ധരിക്കുകയോ ചെയ്തിരിക്കുന്ന തിരുവെഴുത്താണെങ്കിൽ ഏറെ നന്ന്. ലേഖനവുമായി തിരുവെഴുത്ത് എങ്ങനെ ബന്ധിപ്പിക്കാമെന്നു ചിന്തിക്കുക.
7. നമ്മുടെ അവതരണങ്ങൾ മെച്ചപ്പെടുത്താനാകുന്നത് എങ്ങനെ?
7 എല്ലാ സന്ദർഭങ്ങളിലും: അവതരണം ഫലപ്രദമാകണമെങ്കിൽ നാമത് ഉപയോഗിക്കേണ്ടതുണ്ട്. സഭയോടൊപ്പം ശനിയാഴ്ചകളിൽ മാസികാവേലയിൽ പങ്കെടുക്കുക. മുമ്പ് മറ്റു പ്രസിദ്ധീകരണങ്ങൾ സ്വീകരിച്ചിട്ടുള്ളവർക്ക് മാസികകൾ കൊടുക്കാവുന്നതാണ്. മടക്കസന്ദർശനം നടത്തുമ്പോൾ കണ്ടുമുട്ടിയേക്കാവുന്നവർക്കും ബൈബിൾവിദ്യാർഥികൾക്കും അവ നൽകാൻ മറക്കരുത്. ഷോപ്പിങ്ങിനു പോകുമ്പോഴും യാത്രയിലായിരിക്കുമ്പോഴും ഡോക്ടറെ കാണാൻ കാത്തിരിക്കുമ്പോഴുമൊക്കെ മാസികകൾ സമർപ്പിക്കാൻ നിങ്ങൾക്കായേക്കും. മാസത്തിലുടനീളം ഓരോ തവണ അവതരണങ്ങൾ ഉപയോഗിക്കുമ്പോഴും അവ മെച്ചപ്പെടുത്താൻ ശ്രമിക്കുക.
8. വീക്ഷാഗോപുരവും ഉണരുക!യും അനുപമമായിരിക്കുന്നത് ഏതു വിധങ്ങളിൽ?
8 വീക്ഷാഗോപുരത്തോടും ഉണരുക!യോടും കിടപിടിക്കാൻ മറ്റൊരു മാസികയ്ക്കുമാവില്ല. അവ യഹോവയെ അഖിലാണ്ഡ പരമാധികാരിയെന്ന നിലയിൽ പ്രകീർത്തിക്കുന്നു. (പ്രവൃ. 4:24) ദൈവരാജ്യ സുവാർത്തയാൽ ആളുകളെ ആശ്വസിപ്പിക്കുകയും യേശുക്രിസ്തുവിൽ വിശ്വസിക്കാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. (മത്താ. 24:14; പ്രവൃ. 10:43) കൂടാതെ, ബൈബിൾപ്രവചനങ്ങളുടെ നിവൃത്തിയായി അരങ്ങേറുന്ന ലോകസംഭവങ്ങൾ സംബന്ധിച്ച് വായനക്കാരെ ജാഗരൂകരാക്കുന്നു. (മത്താ. 25:13) എല്ലാ സന്ദർഭങ്ങളിലും ഈ പത്രികകൾ സമർപ്പിക്കാൻ ഒരുങ്ങിയിരുന്നുകൊണ്ട് നിങ്ങളുടെ പ്രദേശത്തുള്ളവരെ സഹായിക്കുക!
9. മടക്കസന്ദർശനത്തിന് അടിത്തറയിടാൻ നമുക്കെന്തു ചെയ്യാനാകും?
9 മാസികകൾ സമർപ്പിക്കുമ്പോഴും ആരെങ്കിലുമായി ആത്മീയ വിവരങ്ങൾ പങ്കുവെക്കുമ്പോഴും മടക്കസന്ദർശനത്തിനും മറ്റൊരു ആത്മീയ സംഭാഷണത്തിനും വഴിതുറക്കുന്ന ഒരു ചോദ്യമോ ചിന്തോദ്ദീപകമായ ഒരു പ്രസ്താവനയോ ഉപയോഗിക്കാൻ തയ്യാറായിരിക്കുക. സത്യത്തിന്റെ വിത്തുവിതയ്ക്കുന്നതിൽ നാം തീക്ഷ്ണതയുള്ളവരാണെങ്കിൽ യഹോവ, തന്നെ അറിയാനും സേവിക്കാനും ആത്മാർഥമായി ആഗ്രഹിക്കുന്നവരുടെ ഹൃദയം തുറക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.—1 കൊരി. 3:6.