മാസികാവതരണം തയ്യാറാകാൻ കഴിയുന്ന വിധം
1. നമ്മുടെ രാജ്യ ശുശ്രൂഷയിൽ കൊടുത്തിട്ടുള്ള ഒരു മാതൃകാ അവതരണം മനഃപാഠമാക്കുന്നതിനു പകരം സ്വന്തമായി ഒരു അവതരണം തയ്യാറാക്കുന്നത് അഭികാമ്യമായിരിക്കുന്നത് എന്തുകൊണ്ട്?
1 ‘നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഓരോ ലക്കത്തിലും മാസികാവതരണങ്ങൾ ഉള്ള സ്ഥിതിക്ക് വേറെ അവതരണം നാം തയ്യാറാകേണ്ടതുണ്ടോ?’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. മാതൃകാ അവതരണങ്ങൾ സഹായകമാണെന്നു പലരും കണ്ടെത്തിയിട്ടുണ്ടെങ്കിലും വ്യക്തിപരമായ തയ്യാറാകൽ ഒഴിവാക്കാനാവുന്നതല്ല. ഒരു പ്രദേശത്തു ഫലകരമായ ഒരു അവതരണം മറ്റൊരിടത്തു പ്രായോഗികമല്ലായിരുന്നേക്കാം. അതുകൊണ്ട് മാതൃകാ അവതരണംതന്നെ ഉപയോഗിച്ചുകൊണ്ട് മാസിക സമർപ്പിക്കണമെന്നു യാതൊരു നിർബന്ധവുമില്ല. അത് ഉപയോഗിക്കാൻ ആഗ്രഹിക്കുമ്പോൾപോലും അതിലെ ആശയം സ്വന്തം വാക്കുകളിൽ പറയുന്നതാണ് ഏറ്റവും നല്ലത്.
2. ഏതു ലേഖനം വിശേഷവത്കരിക്കണം എന്നു തീരുമാനിക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
2 ഒരു ലേഖനം തിരഞ്ഞെടുക്കുക: മാസിക വായിച്ചശേഷം പ്രദേശത്തിനു യോജിച്ചതും നിങ്ങൾ വിശേഷാൽ ആസ്വദിച്ചതുമായ ഒരു ലേഖനം തിരഞ്ഞെടുക്കുക. ലേഖനം പരിചയപ്പെടുത്തുമ്പോൾ നിങ്ങൾക്കുള്ള ബോധ്യവും ഉത്സാഹവും, ആ ലേഖനം വായിക്കാൻ വീട്ടുകാരനെ പ്രചോദിപ്പിച്ചേക്കാം. സാധ്യതയനുസരിച്ച്, പ്രദേശത്തുള്ള മിക്കവർക്കും ആകർഷകമായ ഒരു ലേഖനമായിരിക്കും നിങ്ങൾ വിശേഷവത്കരിക്കുന്നതെങ്കിലും മാസികയിലുള്ള മറ്റു ലേഖനങ്ങളും നന്നായി മനസ്സിലാക്കിയിരിക്കുക. മറ്റൊരു വിഷയത്തിൽ കൂടുതൽ താത്പര്യമുള്ള ഒരു വ്യക്തിയെ കണ്ടുമുട്ടുന്നപക്ഷം, അതിനുചേർച്ചയിൽ അവതരണത്തിൽ മാറ്റംവരുത്താൻ അതു നിങ്ങളെ സഹായിക്കും.
3. ഏതു വിധത്തിലുള്ള മുഖവുര ഉപയോഗിക്കുന്നതാണ് ഏറ്റവും ഫലകരം?
3 ഒരു ചോദ്യം ചോദിക്കുക: അടുത്തതായി, തുടക്കത്തിൽ പറയേണ്ട വാക്കുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക. മുഖവുര വളരെ പ്രധാനമാണ്. വിശേഷവത്കരിക്കാൻ തീരുമാനിച്ചിട്ടുള്ള ലേഖനത്തിൽ വീട്ടുകാരന്റെ താത്പര്യം ഉണർത്താൻ ചിന്തോദ്ദീപകമായ ഒരു ചോദ്യം ചോദിക്കുന്നതു സഹായകമായിരുന്നേക്കാം. വീക്ഷണചോദ്യങ്ങൾക്കു പലപ്പോഴും നല്ല ഫലമുണ്ട്. എന്നാൽ വീട്ടുകാരനു ബുദ്ധിമുട്ടുളവാക്കുന്നതോ അദ്ദേഹത്തെ വാദപ്രതിവാദത്തിലേക്കു വലിച്ചിഴയ്ക്കുന്നതോപോലുള്ള ചോദ്യങ്ങൾ ഒഴിവാക്കുക.
4. സാഹചര്യം അനുകൂലമായിരിക്കുന്നിടങ്ങളിൽ വീട്ടുകാരനെ ഒരു തിരുവെഴുത്തു വായിച്ചുകേൾപ്പിക്കുന്നതുകൊണ്ട് എന്തു പ്രയോജനങ്ങളുണ്ട്?
4 ഒരു തിരുവെഴുത്തു വായിക്കുക: അവസാനമായി, സാഹചര്യം അനുകൂലമെങ്കിൽ വീട്ടുകാരനെ വായിച്ചുകേൾപ്പിക്കാൻ കഴിയേണ്ടതിന് ഒരു തിരുവെഴുത്ത്—ഒരുപക്ഷേ നിങ്ങൾ വിശേഷവത്കരിക്കുന്ന ലേഖനത്തിൽനിന്നുള്ള ഒന്ന്—തിരഞ്ഞെടുക്കുക. ഒരു തിരുവെഴുത്തു വായിക്കുന്നത്, നമ്മുടെ സന്ദേശം ദൈവവചനമായ ബൈബിളിൽനിന്നുള്ളതാണെന്നു തിരിച്ചറിയാൻ വീട്ടുകാരനെ സഹായിക്കും. (1 തെസ്സ. 2:13) മാസികകൾ സ്വീകരിക്കാൻ വിസമ്മതിച്ചാൽപ്പോലും, ആ തിരുവെഴുത്ത് അദ്ദേഹത്തിന് ഒരു സാക്ഷ്യമായി ഉതകും. എന്നാൽ ചോദ്യം ചോദിക്കുന്നതിനുമുമ്പുതന്നെ ഒരു തിരുവെഴുത്തു വായിച്ചുകൊണ്ട് ചിലർ വീട്ടുകാരന്റെ താത്പര്യം ഉണർത്തിയിട്ടുണ്ട്. തിരുവെഴുത്തിലേക്കു ശ്രദ്ധതിരിക്കാനായി ഇങ്ങനെ പറയാവുന്നതാണ്: “ഈ ബൈബിൾ വാക്യത്തിൽ പറഞ്ഞിരിക്കുന്ന കാര്യം സംബന്ധിച്ചുള്ള നിങ്ങളുടെ അഭിപ്രായം അറിയാൻ എനിക്ക് ആഗ്രഹമുണ്ട്.” തുടർന്ന്, മാസികയിലുള്ള ബന്ധപ്പെട്ട ഒരു ആശയം ചൂണ്ടിക്കാണിക്കുകയും മാസിക സമർപ്പിക്കുന്നതിനുമുമ്പായി അദ്ദേഹത്തിന്റെ താത്പര്യം വർധിപ്പിക്കാൻ ഹ്രസ്വമായ ഒരു അഭിപ്രായം പറയുകയും ചെയ്യുക.
5. മാസികാവതരണം തയ്യാറാകുമ്പോൾ അടിസ്ഥാനപരവും സഹായകവുമായ ഏതു കാര്യങ്ങൾ മനസ്സിൽ പിടിക്കണം?
5 മാസിക സമർപ്പിക്കുമ്പോൾ എന്തു പറയണമെന്ന കാര്യത്തിൽ കർശനമായ നിയമങ്ങൾ ഒന്നുമില്ല. സാധാരണഗതിയിൽ, അവതരണം ലളിതവും ഹ്രസ്വവുമായിരിക്കുന്നതാണ് ഏറ്റവും നല്ലത്. നിങ്ങൾക്ക് ഇഷ്ടമുള്ളതും ഫലകരവുമായ ഒരു അവതരണം ഉപയോഗിക്കുക. മാസികകളുടെ കിടയറ്റ മൂല്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും നല്ല ഉത്സാഹം പ്രകടമാക്കുകയും ചെയ്യുക. നന്നായി തയ്യാറാകുന്നെങ്കിൽ, “നിത്യജീവന്നായി നിയമിക്കപ്പെട്ടവ”ർക്കു കൂടുതൽ ഫലകരമായി വീക്ഷാഗോപുരവും ഉണരുക!യും സമർപ്പിക്കാൻ നിങ്ങൾക്കു കഴിയും.—പ്രവൃ.13:48.