രക്തരഹിത ചികിത്സ—വൈദ്യശാസ്ത്രം വെല്ലുവിളിയെ വിജയകരമായി നേരിടുന്നു എന്ന വീഡിയോ കാണുക
രക്തരഹിത ചികിത്സാ രംഗത്ത് ലഭ്യമായ വിവിധ ചികിത്സാ വിധികളെ കുറിച്ചു നിങ്ങൾക്ക് എത്രത്തോളം അറിയാം? രക്തപ്പകർച്ചയ്ക്കു പകരം സ്വീകരിക്കാവുന്ന ചില മാർഗങ്ങളെയും അവയുടെ പ്രവർത്തന വിധത്തെയും കുറിച്ചു നിങ്ങൾക്ക് അറിയാമോ? ഇംഗ്ലീഷിലുള്ള ഈ വീഡിയോ കാണുകയും പിൻവരുന്ന ചോദ്യങ്ങൾ പരിചിന്തിച്ചുകൊണ്ട് നിങ്ങളുടെ അറിവു പരിശോധിക്കുകയും ചെയ്യുക.—ശ്രദ്ധിക്കുക: വീഡിയോയിൽ ഹ്രസ്വമായ ശസ്ത്രക്രിയാ രംഗങ്ങൾ ഉള്ളതിനാൽ കൊച്ചു കുട്ടികളുമൊത്ത് ഇതു വീക്ഷിക്കുന്ന കാര്യത്തിൽ മാതാപിതാക്കൾ വിവേചന ഉപയോഗിക്കേണ്ടതുണ്ട്.
(1) യഹോവയുടെ സാക്ഷികൾ രക്തപ്പകർച്ച നിരസിക്കുന്നതിന്റെ മുഖ്യ കാരണം എന്ത്, ആ തത്ത്വം ബൈബിളിൽ എവിടെ കാണാം? (2) വൈദ്യ പരിചരണത്തിന്റെ കാര്യത്തിൽ നാം എന്താണ് ആഗ്രഹിക്കുന്നത്? (3) രോഗികൾക്ക് എന്ത് അടിസ്ഥാന അവകാശം ഉണ്ട്? (4) രക്തപ്പകർച്ച നടത്താതിരിക്കുന്നത് യുക്തിസഹവും ഉത്തരവാദിത്വബോധത്തോടു കൂടിയതുമായ ഒരു തീരുമാനം ആയിരിക്കുന്നത് എന്തുകൊണ്ട്? (5) ഗുരുതരമായ രക്തനഷ്ടം ഉണ്ടാകുമ്പോൾ ഡോക്ടർമാർ ഏതു രണ്ടു സംഗതികൾക്ക് അടിയന്തിര ശ്രദ്ധ നൽകുന്നു? (6) രക്തപ്പകർച്ചയോടു ബന്ധപ്പെട്ട് ആരോഗ്യസംബന്ധമായ ഏതെല്ലാം അപകടങ്ങൾ ഉണ്ട്? (7) ശസ്ത്രക്രിയയ്ക്കിടയിലെ രക്തനഷ്ടം പരമാവധി കുറയ്ക്കാൻ ശസ്ത്രക്രിയാ വിദഗ്ധർക്കു ലഭ്യമായ ചില ഉപകരണങ്ങളും മാർഗങ്ങളും ഏവ? (8) രക്തപ്പകർച്ചയ്ക്കു പകരം സ്വീകരിക്കുന്ന ഏതൊരു മാർഗത്തെയും കുറിച്ചു നിങ്ങൾ എന്ത് അറിഞ്ഞിരിക്കണം? (9) വലുതും സങ്കീർണവുമായ ശസ്ത്രക്രിയകൾ രക്തപ്പകർച്ച കൂടാതെ നിർവഹിക്കാൻ സാധിക്കുമോ? (10) യഹോവയുടെ സാക്ഷികൾക്കു വേണ്ടി എന്തു ചെയ്യാൻ കൂടുതൽ ഡോക്ടർമാർ തയ്യാറാകുന്നു, ഒടുവിൽ എല്ലാ രോഗികളുടെയും ചികിത്സയോടുള്ള ബന്ധത്തിൽ എന്ത് ഒരു മാനദണ്ഡമായി സ്വീകരിക്കപ്പെട്ടേക്കാം?
രക്തം സംബന്ധിച്ച നമ്മുടെ നിലപാടിനെ കുറിച്ചു ചോദ്യങ്ങളുള്ള ബൈബിൾ വിദ്യാർഥികൾ, സാക്ഷിയല്ലാത്ത ഇണ, ബന്ധുക്കൾ, സഹജോലിക്കാർ, അധ്യാപകർ, സഹപാഠികൾ എന്നിവരോടൊത്തു രക്തരഹിത ചികിത്സ വീഡിയോ കാണുന്നത് പ്രയോജനപ്രദമായിരിക്കും എന്നതിൽ സംശയമില്ല. വീഡിയോയിൽ അവതരിപ്പിക്കുന്ന ഏതൊരു ചികിത്സയും സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യം ഓരോ വ്യക്തിയും തന്റെ മനസ്സാക്ഷിക്കനുസരിച്ചു തീരുമാനിക്കേണ്ടതാണ്.—വീക്ഷാഗോപുരത്തിന്റെ 2000 ജൂൺ 15, ഒക്ടോബർ 15 ലക്കങ്ങളിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.