ഏറ്റവും മികച്ച വൈദ്യചികിത്സ
“രക്തരഹിത വൈദ്യചികിത്സ സ്വീകരിക്കുന്ന ഏതൊരു രോഗിയും അടിസ്ഥാനപരമായി, സാധ്യമായിരിക്കുന്നതിൽവെച്ച് ഏറ്റവും മികച്ച ശസ്ത്രക്രിയയ്ക്കാണു വിധേയമാകുന്നത്” എന്ന് മെഡിക്കൽ ഡയറക്ടറും അനസ്തേഷ്യാ വിദഗ്ധനുമായ ഡോ. മൈക്കിൾ റോസ് പറയുന്നു. “രക്തരഹിത വൈദ്യചികിത്സ”യിൽ ഏതെല്ലാം നടപടിക്രമങ്ങളും രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സാരീതികളും ഉൾപ്പെടുത്താൻ കഴിയും? വൈദ്യചികിത്സയും ശസ്ത്രക്രിയയും ഉൾപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളിൽ കാര്യജ്ഞാനത്തോടെ തീരുമാനങ്ങളെടുക്കാൻ നിങ്ങൾ ഇത് അറിഞ്ഞിരിക്കേണ്ടതുണ്ട്. രക്തരഹിത ചികിത്സ—വൈദ്യശാസ്ത്രം വെല്ലുവിളിയെ വിജയകരമായി നേരിടുന്നു എന്ന വീഡിയോ കാണുക. അതിനുശേഷം പിൻവരുന്ന ചോദ്യങ്ങളുടെ സഹായത്താൽ നിങ്ങളുടെ അറിവു പരിശോധിക്കുക.—കുറിപ്പ്: വീഡിയോയിൽ ശസ്ത്രക്രിയയുടെ ഹ്രസ്വ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ കൊച്ചുകുട്ടികളോടൊപ്പം ഈ വീഡിയോ കാണുന്നതിൽ മാതാപിതാക്കൾ വിവേചന ഉപയോഗിക്കണം.
(1) യഹോവയുടെ സാക്ഷികൾ രക്തപ്പകർച്ച നിരസിക്കുന്നതിന്റെ മുഖ്യ കാരണം എന്ത്? (2) മെഡിക്കൽ ചികിത്സ തേടുമ്പോൾ യഹോവയുടെ സാക്ഷികൾ എന്താണ് ആഗ്രഹിക്കുന്നത്? (3) രോഗികൾക്ക് എന്ത് അടിസ്ഥാന അവകാശം ഉണ്ട്? (4) രക്തപ്പകർച്ച നടത്താതിരിക്കുന്നത് യുക്തിസഹവും ഉത്തരവാദിത്വബോധത്തോടു കൂടിയതുമായ ഒരു തീരുമാനം ആയിരിക്കുന്നത് എന്തുകൊണ്ട്? (5) ഗുരുതരമായ രക്തനഷ്ടം ഉണ്ടാകുമ്പോൾ ഡോക്ടർമാർ ഏതു രണ്ടു സംഗതികൾക്ക് അടിയന്തിര ശ്രദ്ധ നൽകുന്നു? (6) രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സാരീതികളിൽ ഉൾപ്പെട്ടിരിക്കുന്ന നാലു തത്ത്വങ്ങൾ ഏവ? (7) ഡോക്ടർമാർക്ക് എങ്ങനെ (എ) രക്തനഷ്ടം പരമാവധി കുറയ്ക്കാനും (ബി) ചുവന്ന രക്താണുക്കൾ പരിരക്ഷിക്കാനും (സി) രക്തത്തിന്റെ ഉത്പാദനം ഉത്തേജിപ്പിക്കാനും (ഡി) നഷ്ടമായ രക്തം വീണ്ടെടുക്കാനും കഴിയും? (8) എന്താണ് (എ) ഹീമോഡൈലൂഷൻ (ബി) സെൽ സാൽവേജ്. (9) രക്തപ്പകർച്ചയ്ക്കു പകരം സ്വീകരിക്കുന്ന ഏതൊരു മാർഗത്തെയും കുറിച്ചു നിങ്ങൾ എന്ത് അറിഞ്ഞിരിക്കണം? (10) വലുതും സങ്കീർണവുമായ ശസ്ത്രക്രിയകൾ രക്തപ്പകർച്ച കൂടാതെ നിർവഹിക്കാൻ സാധിക്കുമോ? (11) ഡോക്ടർമാർക്കിടയിൽ ക്രിയാത്മകമായ എന്തു പ്രവണത ദൃശ്യമായിക്കൊണ്ടിരിക്കുന്നു?
ഈ വീഡിയോയിൽ അവതരിപ്പിച്ചിട്ടുള്ള ചില ചികിത്സകൾ സ്വീകരിക്കണോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടെയും ബൈബിൾ പരിശീലിത മനസ്സാക്ഷി അനുസരിച്ചു തീരുമാനിക്കേണ്ടതാണ്. നിങ്ങൾക്കും മക്കൾക്കുംവേണ്ടി, രക്തപ്പകർച്ചയ്ക്കു പകരമുള്ള ഏതു ചികിത്സാരീതികൾ സ്വീകരിക്കണമെന്നതു സംബന്ധിച്ച് നിങ്ങൾ ഒരു തീരുമാനമെടുത്തിട്ടുണ്ടോ? നിങ്ങളുടെ തീരുമാനങ്ങളും അതിന്റെ കാരണവും സംബന്ധിച്ച് സാക്ഷികളല്ലാത്ത നിങ്ങളുടെ കുടുംബാംഗങ്ങളെയും പറഞ്ഞു മനസ്സിലാക്കിയിരിക്കണം.—വീക്ഷാഗോപുരത്തിന്റെ 2004 ജൂൺ 15, 2000 ഒക്ടോബർ 15 ലക്കങ്ങളിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.