ഇതര ചികിത്സാരീതികളെക്കുറിച്ചു നിങ്ങൾക്ക് അറിയാമോ?
ലോകമെമ്പാടും രക്തരഹിത ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികളുടെ എണ്ണം കൂടിവരികയാണ്. രക്തരഹിത ചികിത്സാരീതികളെക്കുറിച്ചു നിങ്ങൾ ബോധവാനാണോ? വൈദ്യചികിത്സയും ശസ്ത്രക്രിയയും ഉൾപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളിൽ കാര്യജ്ഞാനത്തോടെ തീരുമാനങ്ങളെടുക്കാൻ നിങ്ങൾ ഇത് അറിഞ്ഞിരിക്കേണ്ടതുണ്ട്. രക്തരഹിത ചികിത്സ—വൈദ്യശാസ്ത്രം വെല്ലുവിളിയെ വിജയകരമായി നേരിടുന്നു എന്ന വീഡിയോ കാണുക. അതിനുശേഷം, പഠിച്ച കാര്യങ്ങൾ പിൻവരുന്ന ചോദ്യങ്ങളുടെ സഹായത്താൽ പ്രാർഥനാപൂർവം അവലോകനം ചെയ്യുക.—കുറിപ്പ്: വീഡിയോയിൽ ശസ്ത്രക്രിയയുടെ ഹ്രസ്വ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ കൊച്ചുകുട്ടികളോടൊപ്പം ഈ വീഡിയോ കാണുന്നതിൽ മാതാപിതാക്കൾ വിവേചന ഉപയോഗിക്കണം.
(1) യഹോവയുടെ സാക്ഷികൾ രക്തപ്പകർച്ച നിരസിക്കുന്നതിന്റെ മുഖ്യ കാരണം എന്ത്? (2) വൈദ്യചികിത്സ തേടുമ്പോൾ യഹോവയുടെ സാക്ഷികൾ എന്താണ് ആഗ്രഹിക്കുന്നത്? (3) രോഗികൾക്ക് എന്ത് അടിസ്ഥാന അവകാശം ഉണ്ട്? (4) രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സാരീതികൾ തിരഞ്ഞെടുക്കുന്നത് യുക്തിസഹവും ഉത്തരവാദിത്വബോധത്തോടു കൂടിയതുമായ ഒരു തീരുമാനം ആയിരിക്കുന്നത് എന്തുകൊണ്ട്? (5) ഗുരുതരമായ രക്തനഷ്ടം ഉണ്ടാകുമ്പോൾ ഡോക്ടർമാർ ഏതു രണ്ടു സംഗതികൾക്ക് അടിയന്തിര ശ്രദ്ധ നൽകുന്നു? (6) രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സാരീതികളിൽ ഉൾപ്പെട്ടിരിക്കുന്ന നാലു തത്ത്വങ്ങൾ ഏവ? (7) ഡോക്ടർമാർക്ക് എങ്ങനെ (എ) രക്തനഷ്ടം പരമാവധി കുറയ്ക്കാനും (ബി) ചുവന്ന രക്താണുക്കൾ പരിരക്ഷിക്കാനും (സി) രക്തത്തിന്റെ ഉത്പാദനം ഉത്തേജിപ്പിക്കാനും (ഡി) നഷ്ടമായ രക്തം വീണ്ടെടുക്കാനും കഴിയും? (8) എന്താണ് (എ) ഹീമോഡൈലൂഷൻ (ബി) സെൽ സാൽവേജ്? (9) രക്തപ്പകർച്ചയ്ക്കു പകരം സ്വീകരിക്കുന്ന ഏതൊരു മാർഗത്തെയും കുറിച്ചു നിങ്ങൾ എന്ത് അറിഞ്ഞിരിക്കണം? (10) വലുതും സങ്കീർണവുമായ ശസ്ത്രക്രിയകൾ രക്തപ്പകർച്ച കൂടാതെ നിർവഹിക്കാൻ സാധിക്കുമോ? (11) ഡോക്ടർമാർക്കിടയിൽ ക്രിയാത്മകമായ എന്തു പ്രവണത ദൃശ്യമായിക്കൊണ്ടിരിക്കുന്നു?
ഈ വീഡിയോയിൽ അവതരിപ്പിച്ചിട്ടുള്ള ചില ചികിത്സകൾ സ്വീകരിക്കണോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടെയും ബൈബിൾ പരിശീലിത മനസ്സാക്ഷി അനുസരിച്ചു തീരുമാനിക്കേണ്ട സംഗതിയാണ്. നിങ്ങൾക്കും മക്കൾക്കുംവേണ്ടി, ഏതു ചികിത്സാരീതികൾ സ്വീകരിക്കണമെന്നതു സംബന്ധിച്ച് നിങ്ങൾ ഒരു തീരുമാനം എടുത്തിട്ടുണ്ടോ? അതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ അഡ്വാൻസ് ഹെൽത്ത് കെയർ ഡയറക്റ്റിവ് പൂരിപ്പിച്ചിട്ടുണ്ടോ? ഇത്തരം കാര്യങ്ങളെക്കുറിച്ചു കൂടുതലായി അറിയാൻ വീക്ഷാഗോപുരത്തിന്റെ 2004 ജൂൺ 15, 2000 ഒക്ടോബർ 15 ലക്കങ്ങളിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്ന പംക്തി ശ്രദ്ധാപൂർവം അവലോകനം ചെയ്യുക. എന്നിട്ട്, നമ്മുടെ രാജ്യ ശുശ്രൂഷയുടെ 2006 നവംബർ ലക്കത്തിലെ “രക്തത്തിന്റെ ഘടകാംശങ്ങളുടെയും എന്റെതന്നെ രക്തം ഉൾപ്പെടുന്ന വൈദ്യനടപടികളുടെയും കാര്യത്തിൽ ഞാൻ എന്തു തീരുമാനമെടുക്കണം?” എന്ന അനുബന്ധത്തിലെ വർക്ക്ഷീറ്റ് ഉപയോഗിച്ച് ഏതെല്ലാം ഘടകാംശങ്ങളും വൈദ്യനടപടികളും നിങ്ങൾ സ്വീകരിക്കും അല്ലെങ്കിൽ നിരസിക്കും എന്നു തീരുമാനിക്കുക. നിങ്ങൾ എടുത്ത തീരുമാനം അഡ്വാൻസ് ഹെൽത്ത് കെയർ ഡയറക്റ്റിവിൽ കൃത്യമായി രേഖപ്പെടുത്തുക. അടിയന്തിര സാഹചര്യം ഉണ്ടാകുന്നപക്ഷം ബന്ധപ്പെടേണ്ട വ്യക്തികളെയും അതുപോലെതന്നെ സാക്ഷികളല്ലാത്ത കുടുംബാംഗങ്ങളെയും നിങ്ങളുടെ തീരുമാനങ്ങൾ അറിയിച്ചിരിക്കണം.
[3-ാം പേജിലെ ചതുരം]
• നിങ്ങൾക്കും മക്കൾക്കുംവേണ്ടി, ഏതു ചികിത്സാരീതികൾ സ്വീകരിക്കണമെന്നതു സംബന്ധിച്ച് നിങ്ങൾ ഒരു തീരുമാനം എടുത്തിട്ടുണ്ടോ?
• അടിയന്തിര സാഹചര്യങ്ങൾ മുന്നിൽകണ്ടുകൊണ്ട് പൂരിപ്പിച്ച അഡ്വാൻസ് ഹെൽത്ത് കെയർ ഡയറക്റ്റിവ് നിങ്ങൾ എപ്പോഴും കൈയിൽ കരുതാറുണ്ടോ?