നിങ്ങൾ അത് നീട്ടിവെക്കുകയാണോ?
സ്നാനമേറ്റ സാക്ഷികൾക്കുള്ള ഡിപിഎ കാർഡ് നിങ്ങൾ പൂരിപ്പിച്ചിട്ടുണ്ടോ? അതോ അത് നീട്ടിവെച്ചിരിക്കുകയാണോ? “നാളെത്തേതു നിങ്ങൾ അറിയുന്നില്ലല്ലോ” എന്ന് നമ്മുടെ ജീവിതത്തെക്കുറിച്ച് യാക്കോബ് പറഞ്ഞതു വളരെ സത്യമാണ്. അതുകൊണ്ടുതന്നെ, ഒരു അടിയന്തിര സാഹചര്യത്തിൽ നിങ്ങൾക്കു സ്വീകാര്യമായിരിക്കുന്ന വൈദ്യനടപടികളെയും ചികിത്സകളെയുംകുറിച്ച് നേരത്തേതന്നെ എഴുതിവെക്കുന്നത് അതിപ്രധാനമാണ്. (യാക്കോ. 4:14; പ്രവൃ. 15:28, 29) ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കുന്നതിനാണ് രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സ—രോഗിയുടെ ആവശ്യങ്ങളും അവകാശങ്ങളും നിറവേറ്റുന്നു (ഇംഗ്ലീഷ്) എന്ന വീഡിയോ നിർമിച്ചിരിക്കുന്നത്. അതു കാണുക, എന്നിട്ട് പഠിച്ച കാര്യങ്ങൾ പിൻവരുന്ന ചോദ്യങ്ങളുടെ സഹായത്തോടെ പ്രാർഥനാപൂർവം പുനരവലോകനം ചെയ്യുക.—കുറിപ്പ്: ശസ്ത്രക്രിയയുടെ ഹ്രസ്വ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഈ വീഡിയോ കാണാൻ കൊച്ചുകുട്ടികളെ അനുവദിക്കണമോയെന്ന് മാതാപിതാക്കൾ ചിന്തിച്ചു തീരുമാനിക്കണം.
(1) വൈദ്യശാസ്ത്ര രംഗത്തുള്ള ചിലർ രക്തപ്പകർച്ചയെക്കുറിച്ച് പുനർവിചിന്തനം ചെയ്യുന്നത് എന്തുകൊണ്ട്? (2) രക്തപ്പകർച്ച കൂടാതെ നടത്താവുന്ന സങ്കീർണമായ ശസ്ത്രക്രിയകൾക്ക് മൂന്ന് ഉദാഹരണങ്ങൾ നൽകുക. (3) ലോകവ്യാപകമായി എത്ര ഡോക്ടർമാരും ശസ്ത്രക്രിയാവിദഗ്ധരും രക്തപ്പകർച്ച കൂടാതെ രോഗികളെ ചികിത്സിക്കാനുള്ള മനസ്സൊരുക്കം പ്രകടിപ്പിച്ചിട്ടുണ്ട്? അപ്രകാരം ചെയ്യാൻ അവർ സന്നദ്ധരായിരിക്കുന്നത് എന്തുകൊണ്ട്? (4) അടുത്തകാലത്ത് ആശുപത്രികളിൽ നടത്തിയ പഠനങ്ങൾ രക്തത്തിന്റെ ഉപയോഗം സംബന്ധിച്ച് എന്തു വെളിപ്പെടുത്തിയിരിക്കുന്നു? (5) രക്തപ്പകർച്ചയോടു ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഏവ? (6) രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സാരീതികളുടെ പ്രയോജനങ്ങൾ സംബന്ധിച്ച് അനേകം വിദഗ്ധർ ഏതു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നു? (7) എന്താണ് വിളർച്ചയ്ക്കു (anemia) കാരണം? മനുഷ്യർക്ക് അത് എത്രത്തോളം താങ്ങാൻ കഴിയും? ഈ കുറവു പരിഹരിക്കാൻ എന്തു ചെയ്യാനാകും? (8) ഒരു രോഗിയുടെ ശരീരത്തിൽ അരുണ രക്താണുക്കളുടെ ഉത്പാദനം എങ്ങനെ ത്വരിതപ്പെടുത്താം? (9) ശസ്ത്രക്രിയയുടെ സമയത്തുള്ള രക്തനഷ്ടം കുറയ്ക്കാൻ എന്തെല്ലാം ചെയ്തുവരുന്നു? (10) രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സാരീതികൾ, കുട്ടികളിലും അതുപോലെ ജീവനു ഭീഷണിയുള്ള അടിയന്തിര സാഹചര്യങ്ങളിലും ഫലപ്രദമാണോ? (11) ഉത്തമ വൈദ്യശുശ്രൂഷയുടെ സുപ്രധാന നൈതിക തത്ത്വങ്ങളിൽ ഒന്ന് എന്താണ്? (12) ക്രിസ്ത്യാനികൾ രക്തരഹിത ചികിത്സാരീതികൾ സംബന്ധിച്ച് നേരത്തേതന്നെ തിരഞ്ഞെടുപ്പു നടത്തേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? നമുക്ക് ഇത് എങ്ങനെ ചെയ്യാൻ കഴിയും?
ഈ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്ന ചികിത്സകളിൽ ചിലത് സ്വീകരിക്കണോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടെയും ബൈബിൾ പരിശീലിത മനസ്സാക്ഷിയനുസരിച്ചു തീരുമാനിക്കേണ്ട സംഗതിയാണ്. നിങ്ങൾക്കും മക്കൾക്കുംവേണ്ടി, ഏതു ചികിത്സാരീതികൾ സ്വീകരിക്കണമെന്നതു സംബന്ധിച്ച് നിങ്ങൾ ഒരു തീരുമാനമെടുത്തിട്ടുണ്ടോ? ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ വീക്ഷാഗോപുരത്തിന്റെ 2004 ജൂൺ 15, 2000 ഒക്ടോബർ 15 ലക്കങ്ങളിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്ന പംക്തിയും നമ്മുടെ രാജ്യശുശ്രൂഷയുടെ 2006 നവംബർ ലക്കത്തിലെ “രക്തത്തിന്റെ ഘടകാംശങ്ങളുടെയും എന്റെതന്നെ രക്തം ഉൾപ്പെടുന്ന വൈദ്യ നടപടികളുടെയും കാര്യത്തിൽ ഞാൻ എന്തു തീരുമാനമെടുക്കണം?” എന്ന അനുബന്ധവും കാണുക. നിങ്ങളുടെ ആരോഗ്യ-പരിപാലന പ്രതിനിധികളെയും (Health-care agents) സാക്ഷികളല്ലാത്ത കുടുംബാംഗങ്ങളെയും നിങ്ങളുടെ തീരുമാനങ്ങൾ അറിയിച്ചിരിക്കണം.