നിങ്ങളുടെ ജീവിതത്തിൽ എന്തിനാണ് മുൻഗണന?
1 വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും നിർമിക്കുന്നതുപോലുള്ള ധർമപ്രവൃത്തികൾക്ക് നിരവധി മതസംഘടനകൾ ഊന്നൽ നൽകുന്നു. യഹോവയുടെ സാക്ഷികൾ ‘നന്മ ചെയ്യാനും അവർക്കുള്ളവ പങ്കുവയ്ക്കാനും മറക്കുന്നില്ലെങ്കിലും’ ആളുകളെ ആത്മീയമായി സഹായിക്കുന്നതിനാണ് അവർ മുൻഗണന നൽകുന്നത്.—എബ്രാ. 13:16, ഓശാന ബൈബിൾ.
2 ഒന്നാം നൂറ്റാണ്ടിലെ മാതൃക: യേശു തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത് ധാരാളം നന്മപ്രവൃത്തികൾ ചെയ്തു. എന്നാൽ സത്യത്തിനു സാക്ഷ്യം വഹിക്കുക എന്നതായിരുന്നു അവന്റെ പ്രമുഖ വേല. (ലൂക്കൊ. 4:43; യോഹ. 18:37; പ്രവൃ. 10:38) “ആകയാൽ നിങ്ങൾ പുറപ്പെട്ടു, . . . ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന് യേശു തന്റെ ശിഷ്യന്മാരോടു കൽപ്പിച്ചു. (മത്താ. 28:19, 20) തന്നിൽ വിശ്വാസം അർപ്പിക്കുന്നവർ താൻ തുടങ്ങിവെച്ച വേല അധികം വിപുലമായ അളവിൽ ചെയ്യുമെന്ന് യേശു സൂചിപ്പിച്ചു. (യോഹ. 14:12) യേശു മുൻഗണന നൽകിയത് പ്രസംഗവേലയ്ക്കാണ്, കാരണം രക്ഷാമാർഗം കണ്ടെത്താൻ അത് ആളുകളെ സഹായിക്കുന്നു.—യോഹ. 17:3.
3 പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള “നിർബന്ധം” തന്റെമേൽ കിടക്കുന്നു എന്ന് അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു. അവഗണിച്ചു കളയരുതാത്ത ഒരു കർത്തവ്യമായി അവൻ അതിനെ വീക്ഷിച്ചു. (1 കൊരി. 9:16, 17) തന്റെ ശുശ്രൂഷ നിറവേറ്റുന്നതിനായി എന്തു ത്യാഗം ചെയ്യാനും പീഡനം സഹിക്കാനും പ്രതികൂല സാഹചര്യങ്ങളെ നേരിടാനും അവൻ സന്നദ്ധനായിരുന്നു. (പ്രവൃ. 20:22-24) സമാനമായ ഒരു മനോഭാവം തന്നെയായിരുന്നു അപ്പൊസ്തലനായ പത്രൊസിനും അവന്റെ സഹകാരികൾക്കും ഉണ്ടായിരുന്നത്. തടവും മർദനവും അവരെ തളർത്തിയില്ല, അവർ “വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു.”—പ്രവൃ. 5:40-42.
4 നമ്മെ സംബന്ധിച്ചോ? രാജ്യ സുവാർത്താ ഘോഷണത്തിനും ശിഷ്യരാക്കൽ വേലയ്ക്കും ജീവിതത്തിൽ നാം മുൻഗണന നൽകുന്നുണ്ടോ? ആളുകളെ “ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി” കാണുമ്പോൾ യേശുവിനെപ്പോലെ നമുക്കും അവരിൽ യഥാർഥ താത്പര്യം തോന്നുന്നുണ്ടോ? (മത്താ. 9:36) ഈ ദുഷ്ടവ്യവസ്ഥിതിക്ക് ഇനി അധികനാൾ ശേഷിച്ചിട്ടില്ല എന്ന് ഇപ്പോഴത്തെ ലോകസംഭവങ്ങളും ബൈബിൾ പ്രവചനവും വളരെ വ്യക്തമായി സൂചിപ്പിക്കുന്നു. പ്രസംഗ പ്രവർത്തനത്തിന്റെ പ്രാധാന്യം മനസ്സിൽ അടുപ്പിച്ചുനിറുത്തുന്നത് സതീക്ഷ്ണം പ്രസംഗം തുടരുന്നതിനു നമ്മെ പ്രേരിപ്പിക്കും.
5 നിങ്ങളുടെ സാഹചര്യങ്ങൾ വിലയിരുത്തുക: വ്യക്തിപരമായ സാഹചര്യങ്ങൾക്കു കൂടെക്കൂടെ മാറ്റം വരാവുന്നതുകൊണ്ട് പ്രസംഗവേലയിലെ നമ്മുടെ പങ്കു വർധിപ്പിക്കത്തക്കവണ്ണം പൊരുത്തപ്പെടുത്തലുകൾ വരുത്താൻ കഴിയുമോ എന്ന് ഇടയ്ക്കിടെ പരിചിന്തിക്കുന്നതു നല്ലതായിരിക്കും. 1950-കൾ മുതൽ 70-കൾ വരെയുള്ള കാലഘട്ടത്തിൽ സാധാരണ പയനിയറായി സേവിച്ച ഒരു സഹോദരിക്ക് അനാരോഗ്യം നിമിത്തം പയനിയറിങ് നിറുത്തേണ്ടിവന്നു. എന്നിരുന്നാലും കുറെ കഴിഞ്ഞപ്പോൾ സഹോദരിയുടെ ആരോഗ്യം മെച്ചപ്പെട്ടു. അടുത്തയിടെ സഹോദരി തന്റെ സാഹചര്യം പുനർവിചിന്തനം ചെയ്യുകയും പയനിയറിങ് പുനരാരംഭിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു. 90-ാം വയസ്സിൽ പയനിയർ സേവനസ്കൂളിൽ പങ്കെടുത്തപ്പോൾ സഹോദരിക്കുണ്ടായ സന്തോഷത്തെ കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ! നിങ്ങളെ സംബന്ധിച്ചോ? നിങ്ങൾക്ക് ലൗകിക ജോലിയിൽനിന്നു വിരമിക്കാനുള്ള സമയം അടുത്തുവരികയാണോ? അല്ലെങ്കിൽ ഉടൻതന്നെ നിങ്ങളുടെ ലൗകിക വിദ്യാഭ്യാസം പൂർത്തിയാകുമോ? മാറിവരുന്ന അത്തരം സാഹചര്യത്തിൽ നിങ്ങൾക്കു പയനിയറിങ് ചെയ്യാൻ കഴിയുമോ?
6 മാർത്ത ‘പലവിധ ശുശ്രൂഷകളിൽ മുഴുകിയിരിക്കുന്നതു’ കണ്ടിട്ട് കാര്യാദികൾ ലളിതമാക്കിയാൽ അവൾക്കു മഹത്തായ പ്രതിഫലങ്ങൾ കൊയ്യാമെന്ന് യേശു ദയാപൂർവം അവളോടു പറഞ്ഞു. (ലൂക്കൊ. 10:40-42, പി.ഒ.സി. ബൈബിൾ) നിങ്ങൾക്കും ജീവിതം ലളിതമാക്കാൻ കഴിയുമോ? വാസ്തവത്തിൽ, ഭർത്താവിനും ഭാര്യയ്ക്കും ഒരു ലൗകിക ജോലിയുടെ ആവശ്യം ഉണ്ടോ? പൊരുത്തപ്പെടുത്തലുകൾ വരുത്തിയാൽ ഒരാളുടെ വരുമാനംകൊണ്ട് കുടുംബത്തിനു ജീവിക്കാൻ കഴിയുമോ? ശുശ്രൂഷയിൽ കൂടുതലായ പങ്കുണ്ടായിരിക്കുന്നതിന് പൊരുത്തപ്പെടുത്തലുകൾ വരുത്തിയതു നിമിത്തം അനേകർ ആത്മീയമായി പ്രയോജനം അനുഭവിച്ചിട്ടുണ്ട്.
7 യേശുവും അവന്റെ അപ്പൊസ്തലന്മാരും വെച്ച മാതൃക നമുക്ക് ഏവർക്കും പിൻപറ്റാം. രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുകയെന്ന ജീവത്പ്രധാന വേലയിൽ പൂർണമായ പങ്കുണ്ടായിരിക്കാൻ നാം ചെലുത്തുന്ന ആത്മാർഥ ശ്രമങ്ങളുടെമേൽ യഹോവയുടെ അനുഗ്രഹം ഉണ്ടായിരിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—ലൂക്കൊ. 9:57-62.