ക്രിസ്തീയ ശുശ്രൂഷ—നമ്മുടെ മുഖ്യ വേല
1 നമുക്കെല്ലാം, ചെയ്യേണ്ടതായ വ്യത്യസ്ത ജോലികളുണ്ട്. കുടുംബത്തിനുവേണ്ടി കരുതുക എന്നത് ഒരു ദിവ്യ നിബന്ധനയാണ്. (1 തിമൊ. 5:8) എന്നിരുന്നാലും, ഈ ദിവ്യ നിബന്ധന നിറവേറ്റുന്നതിനായി നാം ചെയ്യുന്ന കാര്യങ്ങൾ രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയെക്കാളും പ്രാധാന്യം ഉള്ളതായിത്തീരാൻ പാടില്ല.—മത്താ. 24:14; 28:19, 20.
2 “മുമ്പെ . . . രാജ്യം അന്വേഷി”ക്കുന്നതിൽ യേശു നമുക്കായി ഒരു മാതൃകവെച്ചു. (മത്താ. 6:33; 1 പത്രൊ. 2:21) ഭൗതികമായി ഒന്നുംതന്നെ ഇല്ലായിരുന്നെങ്കിലും തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിൽ അവൻ പൂർണമായും മുഴുകിയിരുന്നു. (ലൂക്കൊ. 4:43; 9:58; യോഹ. 4:34) ഏത് സാഹചര്യത്തിലും സാക്ഷ്യം നൽകാനായി അവൻ കഠിനശ്രമം ചെയ്തു. (ലൂക്കൊ. 23:43; 1 തിമൊ 6:13, NW) കൊയ്ത്തുവേലയിൽ തന്നെപ്പോലെതന്നെ അതീവ താത്പര്യം ഉള്ളവരായിരിക്കാൻ യേശു തന്റെ ശിഷ്യന്മാരെ ഉദ്ബോധിപ്പിച്ചു.—മത്താ. 9:37, 38.
3 ഇന്ന് യേശുവിനെ അനുകരിക്കൽ: ക്രിസ്തീയ ശുശ്രൂഷയെ കേന്ദ്രീകരിച്ചുള്ള ഒരു ലളിതമായ ജീവിതം നയിക്കാൻ യത്നിച്ചുകൊണ്ട് നമുക്ക് യേശുവിന്റെ മാതൃക അനുകരിക്കാൻ കഴിയും. അടിസ്ഥാന ജീവിതാവശ്യങ്ങൾക്കുള്ള വക നമുക്ക് ഉണ്ടെങ്കിൽ, കൂടുതൽക്കൂടുതൽ ഭൗതിക വസ്തുക്കൾ വാരിക്കൂട്ടുന്നതിന് എതിരെയുള്ള ബൈബിൾ ബുദ്ധിയുപദേശത്തിന് നമുക്കു ചെവികൊടുക്കാം. (മത്താ. 6:19, 20; 1 തിമൊ. 6:8) പ്രസംഗവേലയിലെ നമ്മുടെ പങ്ക് വർധിപ്പിക്കാനുള്ള വഴികൾ തേടുന്നത് ഭൗതിക വസ്തുക്കൾ സമ്പാദിക്കുന്നതിനെക്കാൾ എത്രയോ മെച്ചമാണ്! നാം വെല്ലുവിളിപരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നപക്ഷം രാജ്യസുവാർത്ത പ്രസംഗിക്കുക എന്ന നമ്മുടെ മുഖ്യ ഉത്തരവാദിത്വത്തെ മൂടിക്കളയാൻ ജീവിതത്തിലെ ഉത്കണ്ഠകളെ അനുവദിക്കാതിരുന്നുകൊണ്ട്, യേശുവിനെപ്പോലെ നമുക്കു കഠിനശ്രമം ചെയ്യാം.—ലൂക്കൊ. 8:14; 9:59-62.
4 അനേകം ഉത്തരവാദിത്വങ്ങൾ ഉള്ളവർപോലും പ്രസംഗവേലയ്ക്കു മുൻഗണന നൽകുന്നു. വലിയൊരു കുടുംബവും ഉത്തരവാദിത്വമുള്ള ജോലിയും ഉള്ള ഒരു ക്രിസ്തീയ മൂപ്പൻ ഇങ്ങനെ പറയുന്നു: “ഞാൻ ശുശ്രൂഷയെ എന്റെ ജീവിതവൃത്തിയായി വീക്ഷിക്കുന്നു.” ഒരു പയനിയർ സഹോദരി പറയുന്നു: “വിജയപ്രദമായ ഒരു ലൗകിക ജോലിയെക്കാളും വളരെയേറെ വിലയേറിയതാണ് പയനിയറിങ്.”
5 നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെ ആയിരുന്നാലും, നമുക്ക് യേശുവിന്റെ മാതൃക പിൻപറ്റാം. എങ്ങനെ? ക്രിസ്തീയ ശുശ്രൂഷയെ നമ്മുടെ മുഖ്യ വേലയാക്കിക്കൊണ്ട്.