ശുശ്രൂഷയിൽ ക്രിസ്തുവിനെ അനുകരിക്കുക
1 നമുക്ക് അനുകരിക്കാനായി ശുശ്രൂഷയിൽ യേശു നല്ലൊരു മാതൃകവെച്ചു. ദൈവത്തോടും മനുഷ്യരോടുമുള്ള ആഴമായ സ്നേഹം നിരവധി സന്ദർഭങ്ങളിലും വിധങ്ങളിലും അവൻ പ്രകടമാക്കി. അവൻ സൗമ്യരെ സത്യം പഠിപ്പിക്കുകയും സ്നേഹപൂർവം പല ദയാപ്രവൃത്തികളും ചെയ്തുകൊണ്ട് ക്ലേശിതരെയും പീഡിതരെയും സഹായിക്കുകയും ചെയ്തു.—മത്താ. 9:35.
2 യേശുവിന്റെ മാതൃകയും ഉപദേശങ്ങളും: രാഷ്ട്രീയ കാര്യാദികളിൽ ഏർപ്പെട്ടുകൊണ്ടോ സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള മനുഷ്യക്ഷേമ പ്രവർത്തനങ്ങളിൽ മുഴുകിക്കൊണ്ടോ യേശു തന്റെ ലക്ഷ്യത്തിൽനിന്നു വ്യതിചലിച്ചില്ല. സദുദ്ദേശ്യത്തോടെയുള്ള മറ്റേതെങ്കിലും പ്രവർത്തനങ്ങളും തന്റെ മുഖ്യവേലയെക്കാൾ പ്രാധാന്യമുള്ളതായിത്തീരാൻ അവൻ അനുവദിച്ചില്ല. (ലൂക്കൊ. 8:1) മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾക്കുള്ള നിലനിൽക്കുന്ന ഏക പരിഹാരം ദൈവരാജ്യമാണെന്ന സുവാർത്ത പ്രസംഗിക്കുന്നതിൽ അവൻ ശ്രദ്ധകേന്ദ്രീകരിച്ചു. യേശുവിനു പ്രധാനപ്പെട്ട ഒരു വേലയാണു ചെയ്യാനുണ്ടായിരുന്നത്, അതിനുള്ള സമയം പരിമിതവുമായിരുന്നു. യേശു തങ്ങളോടൊപ്പം കുറെക്കാലംകൂടെ ഉണ്ടായിരുന്നെങ്കിലെന്ന് കഫർന്നഹൂമിലുള്ളവർ ആഗ്രഹിച്ചെങ്കിലും അവൻ ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “ഞാൻ അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിനു നാം അവിടേക്കു പോക; ഇതിന്നായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നത്.”—മർക്കൊ. 1:38.
3 ശിഷ്യന്മാർക്കു പരിശീലനം നൽകിയശേഷം “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ” എന്ന വ്യക്തമായ നിർദേശം കൊടുത്തുകൊണ്ട് യേശു അവരെ പറഞ്ഞയച്ചു. (മത്താ. 10:7) രാജ്യതാത്പര്യങ്ങൾക്കു ജീവിതത്തിൽ പ്രഥമസ്ഥാനം നൽകണമെന്ന് അവൻ തന്റെ അനുഗാമികളെ പഠിപ്പിച്ചു. (മത്താ. 6:33) സ്വർഗാരോഹണത്തിനു തൊട്ടുമുമ്പുള്ള അവന്റെ വാക്കുകൾ, ശിഷ്യന്മാർ ചെയ്യേണ്ടിയിരുന്നത് എന്താണെന്നു വ്യക്തമാക്കി. “ആകയാൽ നിങ്ങൾ പുറപ്പെട്ടു, . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ,” അവൻ പറഞ്ഞു.—മത്താ. 28:19, 20.
4 ദൈവരാജ്യത്തിന്റെ പ്രാധാന്യം: യേശുവിന്റെ മുഖ്യ ചർച്ചാവിഷയം ദൈവരാജ്യമായിരുന്നു; ആ മാതൃക പിൻപറ്റാൻ അവൻ ശിഷ്യന്മാരെ ഉദ്ബോധിപ്പിക്കുകയും ചെയ്തു. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മനുഷ്യശ്രമങ്ങൾക്കു വിജയിക്കാനാവില്ല. (യിരെ. 10:23) ദൈവനാമം വിശുദ്ധീകരിക്കാനും മനുഷ്യവർഗത്തിനു നിലനിൽക്കുന്ന ആശ്വാസം കൈവരുത്താനും ദൈവരാജ്യത്തിനു മാത്രമേ കഴിയൂ. (മത്താ. 6:9, 10) “സകലമ്ലേച്ഛതകളുംനിമിത്തം നെടുവീർപ്പിട്ടു കരയുന്ന” ആളുകളെ രാജ്യസത്യങ്ങൾ പഠിപ്പിക്കുന്നത്, ഇപ്പോൾ സന്തുഷ്ടവും വിജയപ്രദവുമായ ഒരു ജീവിതം നയിക്കാനും ആശ്രയയോഗ്യവും സുനിശ്ചിതവുമായ ഒരു ഭാവി പ്രത്യാശ ഉണ്ടായിരിക്കാനും അവരെ സഹായിക്കും.—യെഹെ. 9:4.
5 ദൈവരാജ്യത്തിന്റെ സുവാർത്താ പ്രസംഗത്തിൽ യേശു ഇപ്പോഴും സജീവപങ്കു വഹിക്കുന്നു, അക്കാര്യത്തിൽ തന്റെ പിന്തുണയുണ്ടെന്നു നമുക്ക് ഉറപ്പുനൽകുകയും ചെയ്യുന്നു. (മത്താ. 28:20) നമ്മുടെ ശുശ്രൂഷ യേശു നമുക്കായി വെച്ച മാതൃകയുമായി എത്രത്തോളം യോജിപ്പിലാണ്? (1 പത്രൊ. 2:21) ശുശ്രൂഷയിൽ അവൻ വെച്ച മാതൃകയോട് അടുത്തുപറ്റിനിൽക്കാൻ നിർണായകമായ ഈ അന്ത്യനാളുകളിൽ നമുക്കു കഴിവിന്റെ പരമാവധി പ്രവർത്തിക്കാം!