നമ്മുടെ ആരാധനാസ്ഥലം നമുക്കു നല്ല നിലയിൽ സൂക്ഷിക്കാം
1. രാജ്യഹാളിന്റെ ഉദ്ദേശ്യമെന്ത്?
1 ലോകമൊട്ടാകെ യഹോവയുടെ സാക്ഷികളുടെ 94,000-ത്തിലധികം സഭകളുണ്ട്. മിക്ക സഭകളും ബൈബിൾ പഠിക്കാനും ക്രിസ്തീയ സഹവാസത്തിനുമായി രാജ്യഹാളുകളിൽ കൂടിവരുന്നു. ഒരു പ്രദേശത്തെ സത്യാരാധനയുടെ കേന്ദ്രമാണ് രാജ്യഹാൾ.
2. രാജ്യഹാൾ വൃത്തിയായും ഭംഗിയായും സൂക്ഷിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
2 ക്രമമായി പട്ടികപ്പെടുത്തിയ ശുചീകരണം: രാജ്യഹാൾ നല്ല നിലയിൽ സൂക്ഷിക്കാൻ നാം ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ വിശുദ്ധ സേവനത്തിന്റെ ഒരു സുപ്രധാന ഭാഗമാണ്. നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 61-2 പേജുകൾ ഇപ്രകാരം പറയുന്നു:“രാജ്യഹാളിനു സാമ്പത്തിക സഹായം ചെയ്യുന്നതു മാത്രമല്ല, അത് ശുചിയായും ഭംഗിയായും കേടുപോക്കിയും സൂക്ഷിക്കുന്നതിനു സ്വമേധയാ സേവിക്കുന്നതും ഒരു പദവിയാണെന്നു സഹോദരങ്ങൾ വിചാരിക്കണം. രാജ്യഹാളിന്റെ അകവും പുറവും യഹോവയുടെ സംഘടനയെ ഉചിതമായി പ്രതിനിധാനം ചെയ്യുന്ന വിധത്തിലുള്ളത് ആയിരിക്കണം.” ആഴ്ചയിൽ പല തവണ രാജ്യഹാൾ ഉപയോഗിക്കുന്നതുകൊണ്ട് അതു ക്രമമായി വൃത്തിയാക്കുകയും കേടുപോക്കി പരിപാലിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. സാധാരണമായി രാജ്യഹാളിൽ കൂടിവരുന്ന സഭയിൽനിന്നോ സഭകളിൽനിന്നോ ഉള്ള സ്വമേധയാ സേവകരാണ് ഇക്കാര്യങ്ങൾ ചെയ്യുന്നത്. ബൈബിൾ കാലങ്ങളിലേതു പോലെ, ഇന്ന് യഹോവയുടെ ദാസന്മാരായിരിക്കുന്ന നാം നമ്മുടെ ആരാധനാസ്ഥലത്തിന്റെ “അററകുററം തീർത്തു നന്നാക്കുവാൻ” ശുഷ്കാന്തി കാണിക്കണം.—2 ദിന. 34:10.
3. രാജ്യഹാൾ ശുചീകരണം സംഘടിപ്പിക്കപ്പെടുന്നത് എങ്ങനെ, ഇതിൽ പങ്കെടുക്കാൻ ആർക്കെല്ലാം പദവിയുണ്ട്?
3 രാജ്യഹാളിന്റെ പ്രതിവാര ശുചീകരണത്തിനുള്ള ഒരു പട്ടിക നോട്ടീസ് ബോർഡിൽ ഇടേണ്ടതാണ്. ശുചീകരണത്തോടുള്ള ബന്ധത്തിൽ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക പിൻപറ്റിക്കൊണ്ട് ആഴ്ചതോറും ഓരോ പുസ്തകാധ്യയന കൂട്ടവും മാറിമാറി രാജ്യഹാൾ ശുചീകരണം നടത്തേണ്ടതാണ്. രാജ്യഹാൾ വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കാനുള്ള പ്രതിവാര ശുചീകരണ ക്രമീകരണത്തിൽ ആരോഗ്യസ്ഥിതി അനുവദിക്കുന്ന ഏവരും പങ്കെടുക്കേണ്ടത് ആവശ്യമാണ്. മാതാപിതാക്കളുടെ മേൽനോട്ടത്തിൽ കുട്ടികളെയും അതിൽ ഉൾപ്പെടുത്താനാകും. അങ്ങനെ ഈ പദവിയോടു വിലമതിപ്പു കാണിക്കാൻ അവരെ പഠിപ്പിക്കാൻ കഴിയും. ഒന്നിലധികം സഭകൾ ഒരു രാജ്യഹാൾ ഉപയോഗിക്കുമ്പോൾ നല്ല സഹകരണം ഉണ്ടായിരിക്കേണ്ടതാണ്. അങ്ങനെ, നമ്മുടെ ആരാധനയുടെ ഈ സുപ്രധാന വശത്തിനായി കരുതാനുള്ള ഉത്തരവാദിത്വം ഏതാനും ചിലരുടെ മേൽ മാത്രം വന്നുചേരുന്നത് ഒഴിവാക്കാൻ സാധിക്കും.
4. രാജ്യഹാൾ ശുചീകരണത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്തൊക്കെയാണെന്നു സഭ അറിയാൻ തക്കവണ്ണം എന്തു ചെയ്യണം?
4 സാധിക്കുമെങ്കിൽ ശുചീകരണ സാമഗ്രികൾ വെച്ചിരിക്കുന്നിടത്തുതന്നെ, ചെയ്യേണ്ട കാര്യങ്ങളുടെ ഒരു പട്ടിക പതിക്കാൻ ശ്രമിക്കുക. അടിച്ചുവാരുക, കസേരകൾ തുടയ്ക്കുക, ജനാലകൾ വൃത്തിയാക്കുക, മാസിക-സാഹിത്യ കൗണ്ടറുകളിലെ പൊടി തുടയ്ക്കുക, ചവറ്റുകുട്ട കാലിയാക്കുക, നിലം തുടയ്ക്കുക, ചില്ലുകൾ വൃത്തിയാക്കുക എന്നിങ്ങനെ ഓരോ ആഴ്ചയിലും ചെയ്യേണ്ട കാര്യങ്ങൾ അതിൽ പട്ടികപ്പെടുത്തിയിരിക്കണം. തടിയുപകരണങ്ങൾ പോളീഷ് ചെയ്യൽ, കസേര, കർട്ടൻ തുടങ്ങിയവ കഴുകൽ, ലൈറ്റും ഫാനുമൊക്കെ തുടയ്ക്കൽ എന്നിങ്ങനെ ചില ജോലികൾ അത്ര കൂടെക്കൂടെ ചെയ്യേണ്ടതില്ലായിരിക്കാം. ശുചീകരണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ എല്ലാം കുട്ടികളുടെ കൈയെത്താത്തിടത്ത് വെക്കേണ്ടതും അവയുടെ പേരും ഓരോന്നും ഉപയോഗിക്കേണ്ട വിധവും സംബന്ധിച്ചുള്ള ഒരു ചുരുക്ക വിവരണം ഉൾപ്പെടുത്തിയ ഒരു ലേബൽ അവയിൽ പതിക്കേണ്ടതുമാണ്.
5. സുരക്ഷ എത്ര പ്രധാനമാണ്, ഏതെല്ലാം കാര്യങ്ങൾ ഇടയ്ക്കിടെ പരിശോധിച്ചുകൊണ്ടിരിക്കണം? (4-ാം പേജിലെ ചതുരം കാണുക.)
5 രാജ്യഹാളിലെ സുരക്ഷ അതീവ പ്രാധാന്യം അർഹിക്കുന്നു. (ആവ. 22:8) അപകടങ്ങൾ സംഭവിക്കാതെ തടയുന്നതിന് ഇടയ്ക്കിടെ പരിശോധിച്ചുകൊണ്ടിരിക്കേണ്ട ചില സംഗതികളുടെ ഒരു പട്ടിക 4-ാം പേജിലെ ചതുരത്തിൽ കൊടുത്തിരിക്കുന്നു.
6. രാജ്യഹാൾ പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എങ്ങനെയാണു സംഘടിപ്പിക്കുന്നത്?
6 രാജ്യഹാൾ നല്ല നിലയിൽ പരിപാലിക്കൽ: രാജ്യഹാൾ നല്ല നിലയിൽ പരിപാലിക്കുന്നതിൽ നേതൃത്വം എടുക്കേണ്ടത് മൂപ്പന്മാരുടെ സംഘമാണ്. സാധാരണഗതിയിൽ, ഒരു മൂപ്പനെയോ ശുശ്രൂഷാദാസനെയോ വേല സംഘടിപ്പിക്കുന്നതിനായി നിയമിക്കുന്നു. രാജ്യഹാളിന്റെ ദൈനംദിന നടത്തിപ്പ് അദ്ദേഹമാണ് സംഘടിപ്പിക്കുന്നത്. അതു വൃത്തിയാക്കിയിട്ടുണ്ടെന്നും കേടുപോക്കിയിട്ടുണ്ടെന്നും രാജ്യഹാളിൽ ശുചീകരണത്തിന് വേണ്ടതെല്ലാം ആവശ്യത്തിന് ഉണ്ടെന്നും അദ്ദേഹം ഉറപ്പാക്കുന്നു. ഹാളിലും പരിസരത്തും അപകടം വരുത്തിവെക്കുന്ന യാതൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. എന്നാൽ രണ്ടോ അതിലധികമോ സഭകൾ ഒരു രാജ്യഹാൾ ഉപയോഗിക്കുമ്പോൾ, രാജ്യഹാളും വസ്തുവകകളും സംബന്ധിച്ച കാര്യങ്ങൾ നോക്കി നടത്തുന്നതിന് മൂപ്പന്മാരുടെ സംഘങ്ങൾ ഒരു നടത്തിപ്പു കമ്മിറ്റിയെ നിയമിക്കുന്നു. ഈ കമ്മിറ്റി മൂപ്പന്മാരുടെ സംഘങ്ങളുടെ മാർഗനിർദേശത്തിൻ കീഴിലാണ് പ്രവർത്തിക്കുന്നത്.
7. (എ) രാജ്യഹാൾ നല്ല നിലയിലാണെന്ന് ഉറപ്പുവരുത്താൻ വർഷംതോറും എന്തു ചെയ്യേണ്ടതുണ്ട്? (ബി) ഇടയ്ക്കിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളേവ? (5-ാം പേജിലെ ചതുരം കാണുക.)
7 വർഷത്തിൽ ഒരിക്കൽ മുഴു രാജ്യഹാളും വിശദമായി പരിശോധിക്കേണ്ടതുണ്ട്. ശ്രദ്ധ ആവശ്യമായ എന്തെങ്കിലും കാര്യങ്ങൾ കാണുന്നെങ്കിൽ അതു സംബന്ധിച്ചു വേണ്ടത് ചെയ്യുന്നു എന്ന് മൂപ്പന്മാർ ഉറപ്പു വരുത്തണം. ആവശ്യമായ കേടുപോക്കലിനും മറ്റും സഹായിക്കുന്നതിൽ പങ്കുചേരാൻ പ്രസാധകരെ ക്ഷണിക്കാവുന്നതാണ്. ചെറിയ കേടുപാടുകൾ പോലും പരിഹരിക്കുന്ന കാര്യത്തിൽ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. കാലതാമസം വരുത്താതെ കാര്യങ്ങൾ പെട്ടെന്നു ചെയ്തു തീർക്കുകയും വേണം.
8. ഒരു കോൺട്രാക്ടറെ വിളിക്കേണ്ട ആവശ്യം വരുന്നെങ്കിൽ ഏതു നടപടിക്രമങ്ങൾ പിൻപറ്റേണ്ടതുണ്ട്?
8 സഭാ പണം ജ്ഞാനപൂർവം ഉപയോഗിക്കൽ: രാജ്യഹാളിലും പരിസരത്തും ചെയ്യേണ്ട ജോലിയിൽ അധികവും ചെയ്യുന്നത് സ്വമേധയാ സേവകരാണ്. അവരുടെ ആത്മത്യാഗപരമായ ശ്രമങ്ങൾ സ്നേഹത്തിന്റെ ഒരു മികച്ച പ്രകടനമാണ്, കൂടാതെ അത് ചെലവുകൾ വളരെയധികം കുറയ്ക്കുകയും ചെയ്യുന്നു. എന്നാൽ രാജ്യഹാളിന് അകത്തും പുറത്തും വിപുലമായ ഒരു പുതുക്കിപ്പണി നടത്തുന്നതിനായി ഒരു കോൺട്രാക്ടറെ വിളിക്കേണ്ടത് ആവശ്യമായി വരുന്നെങ്കിലോ? ആദ്യംതന്നെ, ചെയ്യേണ്ട ജോലിയോ ആവശ്യമായ സാധനങ്ങളോ അല്ലെങ്കിൽ ഇവ രണ്ടുമോ അടങ്ങിയ ഒരു വിശദമായ ലിസ്റ്റ് മൂപ്പന്മാർ ഉണ്ടാക്കുന്നു. ഈ ലിസ്റ്റിന്റെ ഓരോ കോപ്പി പല കമ്പനികൾക്കോ വ്യക്തികൾക്കോ നൽകുന്നു. അവർ ഇതിനെ അടിസ്ഥാനമാക്കി ഓരോ എസ്റ്റിമേറ്റ് തയ്യാറാക്കുന്നു. എസ്റ്റിമേറ്റുകൾ ലഭിച്ചു കഴിയുമ്പോൾ മൂപ്പന്മാർക്ക് അതിൽനിന്ന് ഏറ്റവും നല്ലത് തിരഞ്ഞെടുക്കാൻ കഴിയും. ജോലി ചെയ്തുതരാമെന്നോ സാധനങ്ങൾ ഒരു നിശ്ചിത വിലയ്ക്കു നൽകാമെന്നോ ഒരു സഹോദരൻ പറയുന്നെങ്കിലും ഈ നടപടിക്രമങ്ങൾ എല്ലാം പാലിക്കേണ്ടതാണ്.
9. സഭയുടെ പണം ഉചിതമായി കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താൻ എന്തു ചെയ്യുന്നു?
9 ഒന്നിൽ കൂടുതൽ സഭകൾ രാജ്യഹാൾ ഉപയോഗിക്കുമ്പോൾ നടത്തിപ്പുകമ്മറ്റി ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് സൂക്ഷിക്കുകയും ഓരോ മാസത്തെയും കണക്ക് റിപ്പോർട്ടുകൾ മൂപ്പന്മാരുടെ ഓരോ സംഘത്തിനും നൽകുകയും വേണം. അങ്ങനെ, പണം എങ്ങനെ ചെലവഴിക്കുന്നു എന്നതു സംബന്ധിച്ച് മൂപ്പന്മാർ ബോധവാന്മാരായിരിക്കും. സഭയുടെ പണം ഉചിതമായി കൈകാര്യം ചെയ്യുന്നതിൽ മൂപ്പന്മാർക്ക് ഉത്തരവാദിത്വമുണ്ട്.
10. വിപുലമായ ഒരു കേടുപോക്കലോ പുതുക്കിപ്പണിയലോ ആവശ്യമായി വരുന്നെങ്കിൽ എന്തു ചെയ്യേണ്ടതുണ്ട്?
10 വിപുലമായ കേടുപോക്കലും പുതുക്കിപ്പണിയലും: രാജ്യഹാളിന്റെ നടത്തിപ്പും കേടുപോക്കലുമായി ബന്ധപ്പെട്ട് വിപുലമായ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് നടത്തിപ്പു കമ്മിറ്റിക്കു തോന്നുന്നെങ്കിൽ കമ്മിറ്റി ഇക്കാര്യം മൂപ്പന്മാരുടെ സംഘങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നു. വിപുലമായ കേടുപോക്കലും പുതുക്കിപ്പണിയലും വേണമെന്നു തീരുമാനിക്കുകയോ അതിനുള്ള സഹായം പ്രസ്തുത രാജ്യഹാളിൽ കൂടിവരുന്ന സഭ(കൾ)ക്കു പുറത്തുനിന്ന് വേണ്ടിവരുമെന്നു തോന്നുകയോ ചെയ്യുന്നപക്ഷം മൂപ്പന്മാർ ബ്രാഞ്ച് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. സാധ്യമാകുന്നിടത്ത്, ഒന്നിലധികം സഭകൾ തങ്ങളുടെ പണവും വിഭവങ്ങളും ഒന്നിച്ചു കൂട്ടുന്നതു നല്ലതാണ്. അവർക്ക് ഒരുമിച്ച് നിലവിലുള്ള ഹാൾ വലുപ്പം കൂട്ടുന്നതിനോ വലിയ ഒരെണ്ണം പണിയുന്നതിനോ കഴിഞ്ഞേക്കും. അത് ഇപ്പോഴും ഭാവിയിലും പല സഭകൾക്കും പ്രയോജനം ചെയ്യും.
11. രാജ്യഹാളിൽ യോഗങ്ങൾക്കു കൂടിവരുന്നതിനുള്ള പദവിയോട് നമുക്ക് എങ്ങനെ വിലമതിപ്പ് പ്രകടിപ്പിക്കാം?
11 രാജ്യഹാളിൽ ഒന്നിച്ചു കൂടിവരാനുള്ള പദവി നാമെല്ലാം എത്രമാത്രം വിലമതിക്കുന്നു! ഈ കൂടിവരവുകളെ അവഗണിക്കുകയോ ലാഘവത്തോടെ കരുതുകയോ ചെയ്യാൻ നാം ഒരിക്കലും ആഗ്രഹിക്കില്ല. രാജ്യഹാൾ പരിപാലിക്കുന്നതിൽ പൂർണമായി പങ്കുപറ്റിക്കൊണ്ട് നമ്മുടെ പ്രോത്സാഹനത്തിനായുള്ള ഈ ക്രമീകരണത്തിന്റെ സുഗമമായ നടത്തിപ്പിൽ എല്ലാവർക്കും ഭാഗഭാക്കുകളാകാൻ കഴിയും. ഇത് സത്യാരാധനയ്ക്കു പ്രശംസയും യഹോവയുടെ നാമത്തിനു മഹത്ത്വവും കൈവരുത്തും. നമ്മുടെ ആരാധനാസ്ഥലം നല്ല നിലയിൽ പരിപാലിക്കാൻ നമുക്ക് ദൃഢചിത്തരായിരിക്കാം.
[4-ാം പേജിലെ തലവാചകം]
സുരക്ഷ ഉറപ്പുവരുത്തുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
◻ അഗ്നിശമന ഉപകരണങ്ങൾ എളുപ്പത്തിൽ എടുക്കാവുന്ന രീതിയിൽ വെക്കണം, അത് പ്രവർത്തനക്ഷമമാണെന്ന് വർഷംതോറും പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണം.
◻ പുറത്തേക്കുള്ള വഴിയും ഗോവണിപ്പടികളും വ്യക്തമായി അടയാളപ്പെടുത്തിയിരിക്കണം, എളുപ്പം കണ്ടുപിടിക്കാൻ കഴിയണം, അവിടെ നല്ല വെളിച്ചം ഉണ്ടായിരിക്കണം, കൈവരികൾ ബലവത്തായിരിക്കണം.
◻ സാധനങ്ങൾ സൂക്ഷിക്കുന്ന മുറികളും ടോയ്ലറ്റുകളും അടുക്കും ചിട്ടയും വൃത്തിയുമുള്ളതായി സൂക്ഷിക്കണം, എളുപ്പം തീപിടിക്കുന്ന വസ്തുക്കളോ വ്യക്തിപരമായ സാധനങ്ങളോ ചപ്പുചവറുകളോ അവിടെ ഉണ്ടായിരിക്കരുത്.
◻ മേൽക്കൂരയും പാത്തികളും ക്രമമായി പരിശോധിക്കുകയും വൃത്തിയാക്കുകയും ചെയ്യണം.
◻ നടപ്പാതകളിലും വാഹനങ്ങൾ പാർക്കു ചെയ്യുന്ന സ്ഥലത്തും ആവശ്യത്തിനു വെളിച്ചം ഉണ്ടായിരിക്കണം, തെന്നുകയോ തട്ടിവീഴുകയോ ചെയ്യാനിടയാക്കുന്ന ഒന്നും അവിടെ ഉണ്ടായിരിക്കരുത്.
◻ ഇലക്ട്രിക്, വെന്റിലേഷൻ സംവിധാനങ്ങൾ പരിശോധിക്കുകയും നല്ല രീതിയിൽ സൂക്ഷിക്കുകയും ചെയ്യണം.
◻ ഏതുതരം ചോർച്ചയും പെട്ടെന്നു തന്നെ അടയ്ക്കണം, അല്ലാത്തപക്ഷം ഈർപ്പം മൂലം ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകും.
◻ ആരും സ്ഥലത്ത് ഇല്ലാത്ത സമയങ്ങളിൽ കെട്ടിടം അടച്ചു പൂട്ടി സൂക്ഷിക്കേണ്ടതാണ്.
[5-ാം പേജിലെ തലവാചകം]
കെട്ടിടവും പരിസരവും വസ്തുവകകളും പരിപാലിക്കൽ
◻ പുറംഭാഗം: മേൽക്കൂര, ചുവർ, പെയിന്റ്, ജനാലകൾ, രാജ്യഹാളിന്റെ പുറത്തുള്ള ബോർഡ് എന്നിവ നല്ല നിലയിലാണോ സൂക്ഷിച്ചിരിക്കുന്നത്?
◻ പരിസരം: രാജ്യഹാൾ പരിസരം നല്ല നിലയിൽ പരിപാലിച്ചിട്ടുണ്ടോ? നടപ്പാതയും മതിലും മുറ്റവുമൊക്കെ നല്ല നിലയിലാണോ?
◻ ഉൾഭാഗം: കാർപ്പെറ്റ്, കർട്ടനുകൾ, കസേരകൾ, ഫിക്സ്ചറുകൾ (ഇലക്ട്രിക് ലൈറ്റ് ഫിക്സ്ചറുകൾ, പ്ലമിങ് ഫിക്സ്ചറുകൾ) പെയിന്റ് ഇവയെല്ലാം നല്ല നിലയിലാണോ?
◻ ഉപകരണങ്ങൾ: ലൈറ്റുകൾ, ശബ്ദസംവിധാനം, ഫാൻ, വെന്റിലേഷൻ ക്രമീകരണങ്ങൾ തുടങ്ങിയവ നന്നായി പ്രവർത്തിക്കുന്നുണ്ടോ?
◻ ടോയ്ലെറ്റ് സൗകര്യങ്ങൾ: ടോയ്ലെറ്റുകൾ വൃത്തിയുള്ളവയും ദുർഗന്ധം വമിക്കാത്തവയും നന്നായി പ്രവർത്തിക്കുന്നവയും ആണോ?
◻ സഭയുടെ നിയമ രേഖകൾ: കോർപ്പറേഷൻ രേഖകൾ കൃത്യതയുള്ളതും കാലാനുസൃതമായി പുതുക്കി സൂക്ഷിക്കുന്നവയും ആയിരിക്കണം. വസ്തുവക സംബന്ധിച്ച പ്രമാണങ്ങളും നികുതി അടച്ച രസീതും മറ്റ് പ്രധാന രേഖകളും അടുക്കും ചിട്ടയോടും കൂടി ഫയൽ ചെയ്തു സൂക്ഷിച്ചിട്ടുണ്ടോ?