യുവജനങ്ങളേ, ഭാവിക്കായി നല്ല ഒരു അടിസ്ഥാനം ഇടുവിൻ
1. ക്രിസ്തീയ യുവജനങ്ങൾ ശക്തമായ വിശ്വാസം വളർത്തിയെടുക്കേണ്ടത് എന്തുകൊണ്ട്?
1 നിങ്ങൾ ഏറ്റവുമധികം പ്രാധാന്യം നൽകുന്നത് എന്തിനാണ്? നിങ്ങളുടെ ചിന്ത എന്തിനെ കുറിച്ചാണ്? നിങ്ങളുടെ മുഖ്യ താത്പര്യങ്ങൾ വർത്തമാനകാല കാര്യങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നുവോ അതോ അവ ഭാവിയിലേക്കു കടന്നുചെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടോ? (മത്താ. 6:24, 31-33; ലൂക്കൊ. 8:14) അബ്രാഹാമിന്റെയും മോശെയുടെയും കാര്യത്തിൽ കാണാവുന്നതുപോലെ, ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ ആശ്രയിച്ചു പ്രവർത്തിക്കുന്നതിന് ശക്തമായ വിശ്വാസം ആവശ്യമാണ്. (എബ്രാ. 11:8-10, 24-26) അത്തരം വിശ്വാസം വളർത്തിയെടുക്കാനും “വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം” ഇടാനും നിങ്ങൾക്ക് എങ്ങനെ സാധിക്കും?—1 തിമൊ. 6:19.
2. യോശീയാ രാജാവിന്റെ മാതൃകയിൽനിന്ന് നാം എന്തു പഠിക്കുന്നു?
2 യഹോവയെ അന്വേഷിക്കുക: നിങ്ങൾ കുടുംബത്തോടൊപ്പം ആത്മീയ പ്രവർത്തനങ്ങളിൽ ക്രമമായി പങ്കെടുക്കുന്നുണ്ടെങ്കിൽ അതു ശ്ലാഘനീയമാണ്. എങ്കിലും അത്തരം ഒരു ചര്യ സ്വാഭാവികമായി ശക്തമായ വിശ്വാസം ഉത്പാദിപ്പിച്ചുകൊള്ളും എന്നു കരുതരുത്. “ദൈവപരിജ്ഞാനം” കണ്ടെത്തുന്നതിന്, നിങ്ങൾ വ്യക്തിപരമായി യഹോവയെ അന്വേഷിക്കണം. (സദൃ. 2:3-5; 1 ദിന. 28:9) യുവരാജാവായ യോശീയാവ് അപ്രകാരം ചെയ്തു. ആത്മീയ വളർച്ചയ്ക്ക് അനുകൂലമല്ലാഞ്ഞ ചുറ്റുപാടിലാണ് വളർന്നതെങ്കിലും, 15 വയസ്സായപ്പോൾ “അവൻ തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി.”—2 ദിന. 34:3.
3. ഇന്നത്തെ യുവ ക്രിസ്ത്യാനികൾക്ക് എങ്ങനെ യഹോവയെ അന്വേഷിക്കാൻ കഴിയും?
3 നിങ്ങൾക്ക് എങ്ങനെ യഹോവയെ അന്വേഷിക്കാൻ കഴിയും? നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങളെ ശ്രദ്ധാപൂർവം പരിശോധിച്ചുകൊണ്ടും അത് യഥാർഥത്തിൽ സത്യമാണെന്ന് ‘സ്വയം ഉറപ്പുവരുത്തി’ക്കൊണ്ടും. (റോമ. 12:2, NW) ദൃഷ്ടാന്തത്തിന്, രക്തത്തെ കുറിച്ച് ബൈബിൾ എന്തു പറയുന്നു എന്നു വിശദീകരിക്കാനോ, ദൈവരാജ്യം 1914-ൽ സ്വർഗത്തിൽ വാഴ്ച ആരംഭിച്ചു എന്നു തെളിയിക്കാനോ നിങ്ങൾക്കു കഴിയുമോ? ‘സത്യത്തിന്റെ സൂക്ഷ്മപരിജ്ഞാനം’ നേടുന്നത് ഭാവിക്കായി ഒരു നല്ല അടിസ്ഥാനം ഇടുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു.—1 തിമൊ. 2:3, 4.
4. സ്നാപനമേറ്റിട്ടില്ലാത്ത പ്രസാധകർക്ക് തങ്ങളുടെ അഭിവൃദ്ധി എങ്ങനെ പ്രകടമാക്കാൻ കഴിയും?
4 ദൈവത്തിനായുള്ള യോശീയാവിന്റെ അന്വേഷണത്തിന് നല്ല ഫലം ഉണ്ടായി. അവന് 20 വയസ്സ് തികയുന്നതിനു മുമ്പുതന്നെ, ദേശത്തുനിന്നു വ്യാജാരാധന തുടച്ചുനീക്കാൻ അവൻ ധീരതയോടെ നടപടി സ്വീകരിച്ചു. (2 ദിന. 34:3-7) സമാനമായി, നിങ്ങളുടെ ആത്മീയ അഭിവൃദ്ധി നിങ്ങളുടെ പ്രവർത്തനത്തിൽ ദൃശ്യമായിത്തീരും. (1 തിമൊ. 4:15) നിങ്ങൾ സ്നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകൻ ആണെങ്കിൽ, നിങ്ങളുടെ ശുശ്രൂഷയുടെ ഗുണമേന്മ വർധിപ്പിക്കാൻ പരിശ്രമിക്കുക. കേവലം സാഹിത്യം സമർപ്പിക്കുന്നതുകൊണ്ട് തൃപ്തിപ്പെടരുത്. ബൈബിൾ ഉപയോഗിക്കാനും ആളുകളുമായി ന്യായവാദം ചെയ്യാനും കണ്ടെത്തിയ താത്പര്യം വളർത്തിയെടുക്കാനും ലക്ഷ്യംവെക്കുക. (റോമ. 12:7) ആത്മീയമായി വളരാൻ ഇതു നിങ്ങളെ സഹായിക്കും.
5. സ്നാപനമേറ്റ ക്രിസ്ത്യാനികൾക്ക് തങ്ങളുടെ ശുശ്രൂഷ വിപുലപ്പെടുത്താൻ എന്തെല്ലാം അവസരങ്ങളുണ്ട്?
5 ഏറ്റവും നല്ലത് യഹോവയ്ക്കു നൽകുക: സ്നാപനമേറ്റുകൊണ്ട് യഹോവയ്ക്കുള്ള നിങ്ങളുടെ സമർപ്പണം പ്രതീകപ്പെടുത്തുമ്പോൾ, നിങ്ങൾ ദൈവത്തിന്റെ ഒരു നിയമിത ശുശ്രൂഷകൻ ആയിത്തീരുന്നു. (2 കൊരി. 3:5, 6) യഹോവയെ മുഴുസമയം സേവിക്കാനുള്ള അവസരങ്ങൾ ഇതു നിങ്ങൾക്കു തുറന്നുതരുന്നു. ഇതിൽ പയനിയറിങ്, ബെഥേൽ സേവനം, സഞ്ചാരവേല എന്നിവ ഉൾപ്പെടുന്നു. കൂടാതെ, മറ്റൊരു ഭാഷ പഠിച്ചെടുക്കുന്നതോ ആവശ്യം അധികമുള്ളിടത്തു സേവിക്കുന്നതിനായി മാറിത്താമസിക്കുന്നതോ നിങ്ങളുടെ ശുശ്രൂഷ വിപുലപ്പെടുത്തുന്നതിനുള്ള മറ്റു മാർഗങ്ങളാണ്.
6. ഭാവിയിലേക്ക് നല്ല ഒരു അടിസ്ഥാനം ഇടാൻ നമുക്കെല്ലാം എങ്ങനെ സാധിക്കും?
6 ഈ സേവന പദവികൾക്കായി തങ്ങളെത്തന്നെ ലഭ്യമാക്കാൻ എല്ലാവർക്കും സാധിക്കുകയില്ല എന്നതു ശരിയാണ്. എങ്കിലും നമുക്ക് ഓരോരുത്തർക്കും നമ്മുടെ ഏറ്റവും നല്ലത് യഹോവയ്ക്കു നൽകാൻ സാധിക്കും. (മത്താ. 22:37) നിങ്ങളുടെ സാഹചര്യം എന്തുതന്നെ ആയിരുന്നാലും, യഹോവയെ സേവിക്കുന്നത് നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമാക്കുക. (സങ്കീ. 16:5) അങ്ങനെ ചെയ്യുകവഴി ഭാവിയിലേക്ക് ഒരു നല്ല അടിസ്ഥാനം ഇടുകയായിരിക്കും നിങ്ങൾ ചെയ്യുന്നത്.