യേശുവിന്റെ മാനസികഭാവം പകർത്തുക
1 ദൈവപുത്രനെ നാം ഒരിക്കലും കണ്ടിട്ടില്ലെങ്കിലും യേശുവിന്റെ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും ലിഖിത രേഖയിലൂടെ നാം യഥാർഥത്തിൽ അവനെ സ്നേഹിക്കാൻ ഇടവന്നിരിക്കുന്നു. (1 പത്രൊ. 1:8) തന്റെ പിതാവിനെ അനുസരിച്ചുകൊണ്ട് അവൻ ഉന്നതമായ സ്വർഗീയ പദവി ഉപേക്ഷിച്ച് ഭൂമിയിലേക്കു വന്നു. ഒരു മനുഷ്യൻ എന്ന നിലയിൽ അവൻ നിസ്സ്വാർഥം മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്യുകയും മനുഷ്യരാശിക്കുവേണ്ടി തന്റെ ജീവൻ നൽകുകയും ചെയ്തു. (മത്താ. 20:28) ദൈവവചനം നമ്മെ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “ക്രിസ്തുയേശുവിലുള്ള ഭാവം [“മാനസികഭാവം,” NW] തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.” നമുക്ക് അവന്റെ ആത്മത്യാഗ മനോഭാവം എങ്ങനെ പകർത്താൻ കഴിയും?—ഫിലി. 2:5-8.
2 ക്ഷീണം തോന്നുമ്പോൾ: പൂർണനായിരുന്നെങ്കിലും യേശുവിനും ക്ഷീണം അനുഭവപ്പെട്ടു. ‘വഴി നടന്നു ക്ഷീണിച്ചിരുന്ന’ ഒരവസരത്തിൽ അവൻ ഒരു ശമര്യക്കാരി സ്ത്രീക്കു നല്ലൊരു സാക്ഷ്യം നൽകി. (യോഹ. 4:6) ക്രിസ്ത്യാനികളിൽ പലരും ഇന്ന് സമാനമായ ഒരു വെല്ലുവിളിയെ അഭിമുഖീകരിക്കുന്നു. അഞ്ചോ ആറോ ദിവസത്തെ ആയാസകരമായ ജോലിക്കു ശേഷം വാരാന്തത്തിൽ പ്രസംഗവേലയിൽ ഏർപ്പെടാനുള്ള ശക്തി തങ്ങൾക്കില്ല എന്നു തോന്നിയേക്കാം. എന്നാൽ നാം ക്രമമായി ക്രിസ്തീയ ശുശ്രൂഷയിൽ ഏർപ്പെടുന്നെങ്കിൽ അത് ആത്മീയ നവോന്മേഷം പ്രദാനം ചെയ്യുന്നതായി നാം കണ്ടെത്തും.—യോഹ. 4:32-34.
3 മറ്റൊരു സന്ദർഭത്തിൽ യേശുവും ശിഷ്യന്മാരും അൽപ്പം വിശ്രമിക്കാനായി ഒരു വിജന പ്രദേശത്തേക്കു പോയി. എന്നാൽ ഇതറിഞ്ഞ് ഒരു വലിയ ജനക്കൂട്ടം അവർക്കു മുമ്പെ അവിടെ എത്തിച്ചേർന്നു. ഈർഷ്യ തോന്നുന്നതിനു പകരം യേശു “അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചുതുടങ്ങി.” (മർക്കൊ. 6:30-34) സമാനമായ മനോഭാവം ഉണ്ടായിരിക്കുന്നത് ബൈബിളധ്യയനങ്ങൾ തുടങ്ങുകയും തുടരുകയും ചെയ്യുന്നതിന് ആവശ്യമാണ്. അതിനു സ്ഥിരോത്സാഹത്തോടു കൂടിയ പരിശ്രമവും ആളുകളോടു യഥാർഥ സ്നേഹവും വേണം. നിങ്ങൾക്ക് ഇപ്പോൾ ഒരു ബൈബിളധ്യയനം ഇല്ലെങ്കിൽ ഒരെണ്ണം കണ്ടെത്തുന്നതിനുള്ള ശ്രമം ഉപേക്ഷിച്ചുകളയരുത്.
4 ആത്മീയ താത്പര്യങ്ങൾ ഒന്നാമതുവെക്കുക: സഹായ പയനിയറിങ് ചെയ്യുന്നത് ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മെ സഹായിക്കും. ഒരു യുവസഹോദരി എഴുതി: “എന്റെ കൂട്ടുകാരികളിൽ ഒരാളുടെ അമ്മ ഒരു മാസത്തേക്ക് അവരോടൊപ്പം സഹായ പയനിയറിങ് ചെയ്യാൻ ഞങ്ങൾ ഇരുവരെയും പ്രോത്സാഹിപ്പിച്ചു. അങ്ങനെ ചെയ്തതിൽ ഞാൻ വളരെ സന്തുഷ്ടയാണ്. സഹോദരങ്ങളെ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു എന്നതായിരുന്നു ഒരു നേട്ടം, പെട്ടെന്നുതന്നെ അവർ എനിക്കു കുടുംബാംഗങ്ങളെപ്പോലെ ആയിത്തീർന്നു. അതോടൊപ്പം യഹോവയെ കുറിച്ചു മറ്റുള്ളവരോടു സംസാരിക്കാനും അത്ഭുതകരമായ രാജ്യ സത്യത്തെ കുറിച്ച് അവരെ പഠിപ്പിക്കാനും ലഭിച്ച കൂടുതലായ അവസരങ്ങളും ഞാൻ ആസ്വദിച്ചു. ഇതെല്ലാം എന്നെ യഹോവയോടും അവന്റെ സംഘടനയോടും കൂടുതൽ അടുപ്പിച്ചു.”—സങ്കീ. 34:8.
5 നമ്മുടെ അപൂർണ ജഡവും യഹോവയെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹവും തമ്മിൽ നടക്കുന്ന പോരാട്ടത്തെ നാമെല്ലാം അഭിമുഖീകരിക്കുന്നു. (റോമ. 7:21-23) തനിക്കു ബുദ്ധിമുട്ട് വരുത്തുന്ന യാതൊന്നും ചെയ്യാൻ തയ്യാറല്ല എന്ന ലോകത്തിലെ ആളുകളുടെ മനോഭാവം നാം തീർച്ചയായും ഒഴിവാക്കണം. (മത്താ. 16:22, 23) ഇക്കാര്യത്തിൽ വിജയിക്കുന്നതിനു തന്റെ പരിശുദ്ധാത്മാവിനാൽ നമ്മെ സഹായിക്കാൻ യഹോവയ്ക്കു കഴിയും. (ഗലാ. 5:16, 17) ദൈവത്തിന്റെ നീതിനിഷ്ഠമായ പുതിയ ലോകത്തിലേക്കുള്ള നമ്മുടെ വിടുതലിനായി കാത്തിരിക്കവേ, രാജ്യ താത്പര്യങ്ങളും മറ്റുള്ളവരുടെ താത്പര്യങ്ങളും നമ്മുടെ താത്പര്യങ്ങൾക്കുപരി വെച്ചുകൊണ്ട്, നമുക്കെല്ലാം യേശുവിന്റെ മാനസികഭാവം പകർത്തുന്നവരായിരിക്കാം.—മത്താ. 6:33; റോമ. 15:1-3.
[അധ്യയന ചോദ്യങ്ങൾ]
1. യേശു എന്തു മാനസികഭാവമാണ് പ്രകടമാക്കിയത്?
2. പല ക്രിസ്ത്യാനികളും ഏതു വെല്ലുവിളി നേരിടുന്നു, അതിനെ അതിജീവിക്കാൻ എന്തിന് അവരെ സഹായിക്കാൻ കഴിയും?
3. പഠിപ്പിക്കുന്നതിലുള്ള യേശുവിന്റെ മനസ്സൊരുക്കം നമുക്ക് എങ്ങനെ പകർത്താം?
4. യേശുവിന്റെ മാനസികഭാവം അനുകരിക്കാൻ സഹായ പയനിയറിങ്ങിന് സഹായിക്കാൻ കഴിയുന്നതെങ്ങനെ?
5. യേശുവിന്റെ മാനസികഭാവം പകർത്താൻ നാം തുടർച്ചയായി പരിശ്രമിക്കേണ്ടത് എന്തുകൊണ്ട്?