സഹിഷ്ണുതയ്ക്കു പ്രതിഫലം ലഭിക്കുന്നു
1 “നിങ്ങൾ ക്ഷമകൊണ്ടു [അതായത്, സഹിഷ്ണുതയാൽ] നിങ്ങളുടെ പ്രാണനെ നേടും.” (ലൂക്കൊ. 21:19) ‘ലോകാവസാനം’ അഥവാ ഈ വ്യവസ്ഥിതിയുടെ സമാപനം സംബന്ധിച്ച യേശുവിന്റെ പ്രവചനത്തിന്റെ ഭാഗമാണ് ഈ വാക്കുകൾ. വിശ്വസ്തത മുറുകെ പിടിക്കവേ നാം പല പരിശോധനകൾ നേരിടേണ്ടിവരും എന്ന് അതു വ്യക്തമാക്കുന്നു. എന്നാൽ യഹോവയുടെ ശക്തിയാൽ നമുക്ക് എല്ലാവർക്കും ‘അവസാനത്തോളം സഹിച്ചു നിൽക്കാനും’ ‘രക്ഷിക്കപ്പെടാനും’ കഴിയും.—മത്താ. 24:3, 13; ഫിലി. 4:13.
2 പീഡനം, ആരോഗ്യ പ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട്, വൈകാരിക ക്ലേശം എന്നിവയെല്ലാം ഓരോ ദിവസത്തെയും ദുരിതപൂർണമാക്കിയേക്കാം. ഒപ്പം, യഹോവയോടുള്ള നമ്മുടെ നിർമലത തകർക്കാൻ സാത്താൻ അഹോരാത്രം ശ്രമിക്കുകയാണ് എന്നതും നാം മറന്നുകളയരുത്. ഓരോ ദിവസവും സ്വർഗീയ പിതാവിനോടുള്ള വിശ്വസ്തതയിൽ നാം നിലനിൽക്കുമ്പോൾ യഹോവയെ നിന്ദിക്കുന്നവനു മറുപടി കൊടുക്കുന്നതിൽ നാം നമ്മുടെ പങ്ക് നിർവഹിക്കുകയാണ്. പരിശോധനകൾ നേരിടുമ്പോൾ നാം പൊഴിക്കുന്ന “കണ്ണുനീർ” യഹോവ മറക്കുന്നില്ല എന്നത് എത്ര ആശ്വാസദായകമാണ്! ആ കണ്ണുനീർ അവനു വിലപ്പെട്ടതാണ്. നമ്മുടെ വിശ്വസ്തത അവന്റെ ഹൃദയത്തെ വളരെയധികം സന്തോഷിപ്പിക്കുന്നു.—സങ്കീ. 56:8; സദൃ. 27:11.
3 പരിശോധനകളാൽ ശുദ്ധീകരിക്കപ്പെടുന്നു: ദുർബലമായ വിശ്വാസമോ, അഹങ്കാരമോ അസഹിഷ്ണുതയോ പോലുള്ള വ്യക്തിത്വ വൈകല്യങ്ങളോ നമുക്ക് ഉണ്ടെങ്കിൽ അവ വെളിപ്പെടുത്താൻ കഷ്ടത പര്യാപ്തമാണ്. തിരുവെഴുത്തുവിരുദ്ധമായ മാർഗങ്ങളിലൂടെ പരിശോധനകളിൽനിന്ന് ഒഴിഞ്ഞുമാറാനോ അവ അവസാനിപ്പിക്കാനോ ശ്രമിക്കുന്നതിനു പകരം ദൈവവചനം ബുദ്ധിയുപദേശിക്കുന്നതുപോലെ, ‘സഹിഷ്ണുതയെ അതിന്റെ പ്രവൃത്തി തികയ്ക്കാൻ’ (NW) നാം അനുവദിക്കണം.’ എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ പരിശോധനകൾ വിശ്വസ്തതയോടെ സഹിക്കുന്നത് “തികഞ്ഞവരും സമ്പൂർണ്ണരും” ആയിത്തീരാൻ നമ്മെ സഹായിക്കും. (യാക്കോ. 1:2-4) ന്യായയുക്തത, സമാനുഭാവം, കരുണ തുടങ്ങിയ അമൂല്യ ഗുണങ്ങൾ നട്ടുവളർത്താൻ സഹിഷ്ണുതയ്ക്കു നമ്മെ സഹായിക്കാൻ കഴിയും.—റോമ. 12:15.
4 പരിശോധിക്കപ്പെട്ട വിശ്വാസം: നാം പരിശോധനകൾ സഹിച്ചുനിൽക്കുമ്പോൾ നമ്മുടെ വിശ്വാസം പരിശോധിക്കപ്പെട്ട് മാറ്റുള്ളതെന്നു തെളിയുന്നു, അതാകട്ടെ ദൈവദൃഷ്ടിയിൽ അത്യന്തം മൂല്യമുള്ള ഒരു സംഗതിയാണ്. (1 പത്രൊ. 1:6, 7) അത്തരം വിശ്വാസം, ഭാവിയിൽ പരിശോധനകൾ ഉണ്ടാകുമ്പോൾ പിടിച്ചുനിൽക്കാൻ നമ്മെ സജ്ജരാക്കുന്നു. കൂടുതലായി, നമ്മുടെമേൽ ദൈവാംഗീകാരം ഉണ്ടെന്നു തിരിച്ചറിയാൻ നമുക്കു കഴിയുന്നു. അതു നമ്മുടെ പ്രത്യാശയെ ശക്തിപ്പെടുത്തുകയും അതിനെ കൂടുതൽ യഥാർഥമാക്കിത്തീർക്കുകയും ചെയ്യും.—റോമ. 5:3-5.
5 സഹിഷ്ണുതയ്ക്കുള്ള പരമമായ പ്രതിഫലം യാക്കോബ് 1:12-ൽ എടുത്തുപറഞ്ഞിരിക്കുന്നു: “പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.” അതുകൊണ്ട്, യഹോവ “തന്നെ സ്നേഹിക്കുന്നവർക്കു” സമൃദ്ധമായി പ്രതിഫലം കൊടുക്കുമെന്നുള്ള ഉത്തമ വിശ്വാസത്തോടെ, അവനോടുള്ള ഭക്തിയിൽ നമുക്ക് അചഞ്ചലരായി നിലകൊള്ളാം.